ദൈവവിശ്വാസം ഇസ്‌ലാമില്‍

ദൈവം എന്നത്‌ മനുഷ്യ പ്രകൃതിയുടെ ഒരനിവാര്യാന്യേഷണമാണ്‌. ഒരു ജന്മവാസന പോലെ ദൈവവിശ്വാസം മനുഷ്യനിലുണ്ട്‌. മനുഷ്യാരംഭം മുതല്‍ ഇന്നേവരെയുളള ബഹുഭൂരിപക്ഷം മനുഷ്യരും ഏതെങ്കിലും തരത്തിലുളള ദൈവവിശ്വാസം വെച്ചുപുലര്‍ത്തുന്നവരാണ്‌. ജനസമ്പര്‍ക്കമില്ലാത്ത ഒരു വനപ്രദേശത്ത്‌ ജനിച്ച്‌ വളരുന്ന കുട്ടിയും ആരും പറഞ്ഞ്‌ കൊടുക്കാതെ ദൈവവിശ്വാസത്തിലേക്കെത്തുന്നതായി നാമറിയുന്നു. അത്‌കൊണ്ട്‌ തന്നെ സ്രഷ്‌ടാവില്‍ സ്വയം അര്‍പ്പിക്കാനുളള മനഷ്യന്റെ താല്‌പര്യമാണ്‌ ദൈവവിശ്വാസം എന്നത്‌. മനുഷ്യന്‍ പ്രകൃത്യാ ബലഹീനനാണ്‌. പലര്‍ക്കും വിധേയപ്പെട്ടു കൊണ്ടാണ്‌ അവന്‍ ജീവിതം തുടങ്ങുന്നത്‌. തന്നേക്കാള്‍ ശക്തിയും കഴിവുമുളളവരില്‍ നിന്ന്‌ അവന്‍ സദാ സഹായം തേടിക്കൊണ്ടിരിക്കുന്നു. മാതാപിതാക്കള്‍, സഹോദരന്‍മാര്‍, ഗുരുനാഥന്‍മാര്‍ തുടങ്ങി എല്ലാവരില്‍ നിന്നും. എന്നാല്‍ പല വിഷയങ്ങളിലും അവര്‍ക്ക്‌ പരിമിതികളുണ്ടെന്ന്‌ അവന്‍ തിരിച്ചറിയുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അവരല്ലാത്ത മറ്റൊരു ശക്തി തനിക്ക്‌ പിന്തുണയും സംരക്ഷണവും നല്‍കുന്നതായി അവന്‌ ബോധ്യപ്പെടുന്നു.

ഒരു ചെറിയ വസ്‌തുവിനെ പോലും പുതുതായി ഉണ്ടാക്കാന്‍ കഴിയില്ലെന്ന്‌ മനുഷ്യന്‍ തന്നെ സമ്മതിക്കുന്നു. നാഥനില്ലാതെ ഒരു കുടുംബത്തിനോ, നേതാവില്ലാതെ ഒരു സമൂഹത്തിനോ, ഭരണാധികാരിയില്ലാതെ ഒരു രാഷ്‌ട്രത്തിനോ നിലനില്‍ക്കാന്‍ കഴിയില്ലെന്ന്‌ നാം അറിയുന്നു. എന്നാല്‍ നാം കാണുന്ന വിശാലമായ ഈ പ്രപഞ്ചത്തേയും അതിലെ സകല വസ്‌തുക്കളേയും ആദിയില്‍ സൃഷ്‌ടിച്ചതാരാണ്‌?, എണ്ണിയാല്‍ ഒടുങ്ങാത്ത പ്രപഞ്ച പ്രതിഭാസങ്ങളെ വര്‍ഷങ്ങളായി സംരക്ഷിക്കുകയും അതിനെ വ്യവസ്ഥാപിതമായി പരിപാലിക്കുകയും ചെയ്യുന്നതാരാണ്‌?, ഇവക്ക്‌ സ്രഷ്‌ടാവും പരിപാലകനും ആവശ്യമില്ലേ?. നമുക്ക്‌ ചുറ്റുമുളള പ്രകൃതി പ്രതിഭാസങ്ങള്‍-ഭൂമി, ആകാശം, സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍ തുടങ്ങിയവയെല്ലാം എന്ത്‌മാത്രം കൃത്യനിഷ്‌ഠയോടെയും അനുസരണയോടെയുമാണ്‌ അവയുടെ ധര്‍മങ്ങള്‍ നിര്‍വഹിച്ച്‌ കൊണ്ടിരിക്കുന്നത്‌. അവക്കിടയില്‍ പരസ്‌പര പൊരുത്തവും കൃത്യമായ ആസൂത്രണവും നാം കാണുന്നു. നമ്മുടെ ജീവിതത്തെ പൂര്‍ണമായോ ഭാഗികമായോ സ്വാധീനിക്കാന്‍ അവക്ക്‌ കഴിവുളളതായി നാം മനസ്സിലാക്കുന്നു. ഇവയെല്ലാം സ്വയംഭൂവാണെന്നും ഇവക്കിടയിലെ കൃത്യതയും നിയന്ത്രണവും കേവലം യാദൃച്ഛികം മാത്രമാണെന്നും വിലയിരുത്താന്‍ നമുക്കെങ്ങനെ കഴിയും? പ്രപഞ്ചവും സര്‍വ്വ വസ്‌തുക്കളും ഒരു മൂലപദാര്‍ത്ഥത്തില്‍ നിന്ന്‌ പരിണമിച്ചുണ്ടായതെന്ന്‌ വാദിക്കുന്ന തത്വശാസ്‌ത്രവും പരിണാമവാദവും ആദി പദാര്‍ത്ഥവും ആദ്യ ജീവകോശവും എങ്ങനെയുണ്ടായി എന്ന്‌ വിശദീകരിക്കുന്നില്ല. നിര്‍ജീവ പദാര്‍ത്ഥത്തില്‍ നിന്ന്‌ ജീവനും ചിന്തയും വികാരവുമുളള വസ്‌തുക്കളുണ്ടായി എന്ന അവരുടെ വാദം ആധുനിക ജീവശാസ്‌ത്രം തന്നെ തളളിക്കളയുകയുണ്ടായി.

പ്രപഞ്ചത്തെ ചൂഴ്‌ന്ന്‌ നില്‍ക്കുന്ന ഭൗതിക-രാസ-ജൈവ നിയമങ്ങളും മറ്റു ശാക്തിക ഘടകങ്ങളും ഭൂമിയില്‍ ജീവന്റെ നിലനില്‍പ്‌ സാധൂകരിക്കാനെന്നോണം വളരെ കൃത്യമായ അളവിലാണ്‌ സംവിധാനിക്കപ്പെട്ടിരിക്കുന്നത്‌ എന്ന പുതിയ കണ്ടെത്തല്‍ പ്രപഞ്ചത്തിന്റെ ഉല്‍ഭവവും അതിലെ സങ്കീര്‍ണതകളും കേവലം യാദൃച്ഛികം മാത്രമാണെന്ന വാദത്തെ തീര്‍ത്തും നിഷേധിക്കുന്നതാണ്‌. ദൈവവിശ്വാസമെന്നത്‌ പലരും പറയുന്നത്‌ പോലെ വര്‍ഗസമരത്തിന്റെ സന്തതിയായിരുന്നില്ല. ചൂഷകരുടെ ചൂഷണത്തിനുളള ഉപാധിയുമായിരുന്നില്ല. കാരണം മനുഷ്യചരിത്രത്തിലെ അത്തരം സംഘര്‍ഷങ്ങള്‍ക്കെല്ലാം എത്രയോ മുമ്പ്‌ തന്നെ ദൈവവിശ്വാസമുണ്ടായിരുന്നു. ഇനി പ്രകൃതിശക്തികളോടുളള മനുഷ്യന്റെ ഭയത്തില്‍ നിന്നും വിധേയത്വത്തില്‍ നിന്നും ഉല്‍ഭവിച്ചതാണെന്ന വാദവും ശരിയല്ല. കാരണം ചരിത്രത്തിലറിയപ്പെടുന്ന വിശുദ്ധ പുരുഷന്‍മാരും മറ്റു മതബോധമുളള വ്യക്തിത്വങ്ങളും ലോകംകണ്ട ഏറ്റവും വലിയ ധീരന്‍മാരും മനഃശക്തിയുളളവരുമായിരുന്നു. ചുരുക്കത്തില്‍, സങ്കീര്‍ണത നിറഞ്ഞ മനുഷ്യശരീരവും, ആകാശം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, രാത്രി, പകല്‍, സമുദ്രം, കര, കാറ്റ്‌, മഴ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളുടെ ആസൂത്രിതമായ രൂപകല്‍പനയും വ്യവസ്ഥാപിതമായ നിയന്ത്രണവും ഏതൊരാളെയും ദൈവത്തിലേക്ക്‌ എത്തിക്കാന്‍ മാത്രം പര്യാപ്‌തമാണ്‌. ദൈവത്തെ അംഗീകരിക്കുന്നവനും അല്ലാത്തവനും പ്രകൃതിയിലൂടെ ദൈവത്തെ അറിയുകയും പല കാര്യങ്ങളിലും ദൈവത്തെ ആശ്രയിക്കുകയും ചെയ്യുന്നുണ്ട്‌. ദൈവ നിരാസത്തിലൂടെ ഒരു വ്യക്തി ദൈവത്തിന്‌ നല്‍കേണ്ട ആദരവും വിധേയത്വവും മറ്റാര്‍ക്കെങ്കിലും നല്‍കുകയോ അല്ലെങ്കില്‍ സ്വയം ദൈവമായി ചമയുകയോ ആണ്‌ ചെയ്യുന്നത്‌. (നാഥന്റെ മാര്‍ഗം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter