റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

 

 


റോഹിങ്ക്യന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിരാശജനകമാണെന്നും റോഹിങ്ക്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ജീവന് ഭീഷണിയുള്ള സ്വന്തം രാജ്യത്തേക്ക് തങ്ങളെ മടക്കി അയയ്ക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് അഭയാര്‍ഥികളില്‍ തന്നെ ചിലര്‍ നല്‍കിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഏകദേശം 40,000 ത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ പകുതിയോളം പേര്‍ക്ക് യു.എന്‍.എച്ച്.ആര്‍.സിയുടെ അഭയാര്‍ഥി കാര്‍ഡുള്ളവരാണ് ഇവരെയടക്കം നാടുകടത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു കഴിഞ്ഞ ദിവസം പറഞ്ഞത്. യു.എന്നുമായുള്ള കരാര്‍ പ്രകാരം അഭയാര്‍ഥികളെ സംരക്ഷിക്കാന്‍ കടമയുള്ള രാജ്യമാണ് ഇന്ത്യ.


ആഭ്യന്തര സഹമന്ത്രിയുടെ വ്യാജപ്രചാരണങ്ങള്‍ ഇന്ത്യയില്‍ ഇവര്‍ക്ക് നേരേയുള്ള ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മ്യാന്‍മറില്‍ നടക്കുന്ന മനുഷ്യവകാശധ്വംസനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട യു.എന്‍ തന്നെ ഇക്കാര്യത്തില്‍ പരാജയപ്പെടുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യ ഇക്കാര്യത്തില്‍ അഭയാര്‍ഥികള്‍ക്കനുകുലമായി രംഗത്ത് വന്ന് മറ്റുള്ള രാഷ്ട്രങ്ങള്‍ക്ക് മാതൃകയാകേണ്ടതായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ഇക്കാര്യത്തില്‍ വളരെ നേരത്തെ തന്നെ അഭയാര്‍ഥികള്‍ക്കായി സഹായം ചെയ്തിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, ജമ്മു എന്നിവടങ്ങളിലെ അഭയാര്‍ഥി ക്യാംപുകള്‍ സന്ദര്‍ശിക്കുകയും ആവശ്യമുള്ള ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം ലീഗ് ദേശീയ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് പ്രതിനിധികള്‍ ഇന്ത്യയിലുള്ള യു.എന്‍. പ്രതിനിധികളെ ഉടന്‍ തന്നെ കാണുന്നതാണെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter