അറബുവസന്തത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍‍ ഒബാമയോ റൂംനിയോ?
(മിഡിലീസ്റ്റ് കറസ്പോണ്ടന്റായ റോബര്‍ട്ട് ഫിസ്ക് ഇന്‍ഡിപെന്ഡന്റിലെഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം. പുതിയ അറബ് ജനതയെയാണ് വരാനിരിക്കുന്ന പ്രസിഡണ്ടിന് അഭിമുഖീകരിക്കാനുള്ളതെന്ന് ലേഖകന്‍.)))  width=കഴിഞ്ഞയാഴ്ച മുതല്‍‍ അറബ് രാജ്യങ്ങള്‍‍‍‍ അമേരിക്കന്‍‍ പ്രസിഡണ്ടു തെരഞ്ഞെടുപ്പില്‍‍‍ ആരെ പിന്തുണക്കണമെന്ന് ചിന്തിച്ചു തുടങ്ങി കാണണം. മുസ്ലിംകളെയും ഇസ്ലാമിനെയും മുന്‍നിറുത്തി ഒബാമയെ തന്നെയായിരിക്കും അവര്‍ പിന്തുണക്കുക. എന്നാല്‍ എതിര്‍‍സ്ഥാനാര്‍ഥിയായ റൂംനിയേക്കാള്‍‍ പ്രതീക്ഷകളുടെ ഒരു തരി പോലും ഒബാമയും പ്രദാനം ചെയ്യുന്നില്ലെന്നതാണ് പച്ചപ്പരമാര്‍‍‍ഥം. ഏരിയല്‍ ഷാരോണിന് വെസ്റ്റുബാങ്കില്‍ അധിനിവേശം നടത്താനുള്ള സമ്മതം നല്‍കിയാണ് പണ്ട് ജോര്‍ജ്ബുഷ് ഇറാഖ് ആക്രമിക്കാനായി ഇറങ്ങിപ്പുറപ്പെട്ടത്. ഒബാമ തന്റെ ഭരണകാലത്ത് ഇറാഖില്‍ നിന്ന് പുറത്ത്ചാടിയെന്നത് ശരിതന്നെ. പക്ഷേ, പാക്-അഫ്ഗാന്‍ അതിര്‍ത്തികളില്‍ മിസൈല്‍ ആക്രമണങ്ങള്‍ ശക്തമാകുന്നതാണ് നാം കണ്ടത്. ഫലസ്തീന്‍ പ്രശ്നത്തില്‍‍ ഇടപെടല്‍‍‍‍ പാടില്ലെന്ന് നെതന്യാഹു പറഞ്ഞപ്പോള്‍ അനുസരണ ശീലനായ നായയെ പോലെ വാലാട്ടി അതു കേട്ടുനിന്ന അമേരിക്കന്‍‍‍ പ്രസിഡണ്ടുമാരുടെ പട്ടികയിലാണ് ഒബാമയുമുള്ളത്. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൌണ്‍സിലെടുത്ത സമാധാനശ്രമങ്ങളെ ഇസ്റായേല്‍‍ എതിര്‍ത്തപ്പോള്‍‍‍ പോലും എതിര്‍ത്തൊരു വാക്കു പറഞ്ഞില്ല ഏറെ പ്രതീക്ഷ തന്നു ഭരണത്തിലേറിയ ബാറക് ഒബാമ. പലസ്തീനികള്‍ക്ക് സമാധാനശ്രമങ്ങളിലൊന്നും താത്പര്യമില്ലെന്നാണ് മിറ്റ് റൂംനിയുടെ വ്യക്തിപരമായ അഭിപ്രായം. അത് പരസ്യമായി പറയുകയും ചെയ്തു അദ്ദേഹം, കാരണം വിശദീകരിക്കാനായിട്ടില്ലെങ്കിലും. മാസാച്യുസെറ്റ്സിലെ ഗവര്‍ണറായിരിക്കെ 2005 ല്‍ പള്ളികളുടെ നിര്‍മാണം തടസ്സപ്പെടുത്തിയതിന്റെ പേരില്‍ പ്രശസ്തനായതും ഇതേ റൂംനിയായിരുന്നു. അതുകൊണ്ട് പുതിയ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അറബുരാജ്യങ്ങള്‍ക്ക് നല്ല ഭാവി വരട്ടെയെന്ന് ആശംസിക്കാനെ വകയുള്ളൂ. വരാനിരിക്കുന്ന പ്രസിഡണ്ടിനും മിഡിലീസ്റ്റ് വിഷയത്തില്‍ സ്വന്തമായി പോളിസി രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യമൊന്നും ഉണ്ടാകില്ലെന്നത് വ്യകതമാണ്. കാലങ്ങളായി ഇസ്രായേലുമായി തുടരുന്ന സ്നേഹവായ്പുകള്‍ അപ്പടി തന്നെ തുടരുകയാവും പുതിയ അദ്ദേഹവും ചെയ്യുക. ഇസ്രായേല്‍ ഇറാനെ ആക്രമിക്കുകയും അതുവഴി അമേരിക്ക പുതിയൊരു മിഡിലീസ്റ്റ് യുദ്ധത്തിന് രംഗത്ത് വരികയും ചെയ്യാത്ത കാലത്തോളം ഇതങ്ങനെയൊക്കെ തന്നെയാവും കാര്യങ്ങളുടെ തുടര്‍‍ച്ച. എന്നാല്‍ ചരിത്രത്തിലാദ്യമായി വരുന്ന പ്രസിഡണ്ടിന് കൈകാര്യം ചെയ്യാനുള്ളത് പുതിയ ഒരു അറബ്/മുസ്ലിം ലോകത്തെയാണെന്നത് വിസ്മരിക്കാനാവില്ല. ആത്മാഭിമാനത്തെ കുറിച്ചുള്ള ബോധമാണ് അറബ് ജനതയെ മൊത്തം ഈയടുത്ത് വിപ്ലവത്തിന്റെ തെരുവിലിറക്കിയത്. അറബേതര ലോകത്തെ മുസ്ലിംകളും അതിലവര്‍ക്ക് കൂട്ടുനിന്നു. മിഡിലീസ്റ്റിലെ ജനത ഇനി തങ്ങളുടെ ഇഷ്ടങ്ങള്‍ അംഗീകരിക്കപ്പെടണമെന്ന് മുറവിളി കൂട്ടുകയായിരുന്നു ഈ പ്രതിഷേധങ്ങളിലത്രയും. രാജ്യത്തെ ഭരണകര്‍ത്താക്കള്‍ വഴി വാഷിംഗ്ടണിലെ ഏമാന്മാര്‍ക്ക് ഓശാന പാടാന്‍ തങ്ങളെ കിട്ടില്ലെന്ന് വിളിച്ചു പറയുക മാത്രമായിരുന്നു അവര്‍. ഹിലാരിയിക്കാര്യം മനസ്സിലാക്കിയുട്ടുണ്ടെന്ന് തോന്നുന്നില്ല. ഒബാമയോ. അറിയില്ല. റൂംനിക്ക് ഇസ്രായേലൊഴികെ ഈ പ്രദേശത്തെ മറ്റു രാജ്യങ്ങളുടെ മാപ്പ് വരക്കാന് പോലുമുള്ള പ്രാഥമികയറിവ് കാണില്ല. അറബ് ജനത ജനാധിപത്യത്തിന് വേണ്ടി പ്രതിഷേധിക്കുന്നുവെന്നാണ് പാശ്ചാത്യരാജ്യങ്ങള്‍‍ ധരിച്ചുവെച്ചിരിക്കുന്നത്. അത് അത്ര ശരിയല്ല. മാനുഷ്യാവകാശങ്ങള്‍ക്കും ആത്മാഭിമാനത്തിനും വേണ്ടിയുളളത് മാത്രമായിരുന്നു ഈ സമരങ്ങള്‍‍. തങ്ങളുടെ രാജ്യത്ത് താനിഷ്ടപ്പെടുന്നവരോട് ഇഷ്ടപ്പെടുന്നതെന്തും തുറന്ന് പറയാനുള്ള അവകാശം നേടിയെടുക്കുകയായിരുന്നു അവയുടെ ലക്ഷ്യം. ഭരണാധികാരികള്‍ സ്വകാര്യസ്വത്തു പോലെ തങ്ങളുടെ രാജ്യത്തെ ദുരുപയോഗം ചെയ്യുന്നത് കാണുമ്പോള്‍ സ്വാഭാവികമായും പൊട്ടിപ്പുറപ്പെട്ടു തുടങ്ങുന്ന സമരം. അത്രമാത്രം. അപ്പോഴും സമരങ്ങളുടെ പോക്ക് അത്ര ശുഭകരമല്ലെന്നതു നാം മറന്നുകൂടാ. വിപ്ലവാനന്തര ഈജിപ്ത് നാം പ്രതീക്ഷിച്ച പോലെയല്ലിപ്പോള്‍ മുന്നോട്ട് പോകുന്നത്. ഏത് സമയവും ഇല്ലാതാകാവുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് നിലവില്‍‍ ലിബിയയുടെ സ്ഥാനം. സിറിയയും മറിച്ചൊരു പ്രതീക്ഷ പകരുന്നില്ല. എന്നാല്‍ ഈ സമരങ്ങള്‍ വിജയിച്ചുകഴിഞ്ഞ ഒരു ഇടമുണ്ട്. തങ്ങളുടെ ഇ്ഷടങ്ങള്‍ക്കും ഇംഗിതങ്ങള്‍ക്കുമെതിരെ നിന്ന് ഭരണാധികാരികള്‍‍ മോസ്കോയുടെയും വാഷിംഗ്ടണിന്റെയും വാലാട്ടികളാവുന്നത് ഇനിയും തുടരാനനുവദിക്കില്ലെന്ന് ഈ വിപ്ലവങ്ങള്‍ തീര്‍ത്തു പറഞ്ഞു കഴിഞ്ഞു. ആ തീര്‍പ്പിനായിരുന്നു ഈ വിപ്ലങ്ങള്‍‍‍ കൊടിനാട്ടിയത്. സാംസ്കാരിക മൂല്യച്യുതിയിലകപ്പെട്ടവരാണെന്ന റൂംനിയുടെ വാദത്തിന് നേരെ തിരിച്ചാണ് സത്യത്തില്‍ അറബ് ജനത. അറബ് വിപ്ലവം വളരെ സാവധാനം തുടരുന്ന ഒരു പ്രതിഭാസമാണ്. അതു പൂര്‍ത്തിയാകുമ്പോഴേക്ക് ഈ ലേഖനത്തിന്റെ വായനക്കാരിലധികവും ജീവിതത്തിന്റെ അസ്തമയം കണ്ടു കഴിഞ്ഞിരിക്കും. അറബുരാജ്യത്തെ ഭരണാധികാരികള്‍ എന്തു ചെയ്യണമെന്ന് വാഷിംഗടണും ലണ്ടനും തീരുമാനിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. എനിക്ക് തോന്നുന്നു, പലപ്പോഴും ഫലസ്തീനികളുടെ നിലവിലെ ദുര്‍ഗതിയില്‍ മനമുരികിയാണ് അറബ് ജനത മേല്‍പറഞ്ഞ തരത്തിലുള്ള ഒരു സമരത്തിനിറങ്ങിയത് തന്നെ. തങ്ങളുടെ എന്നതിലേറെ തങ്ങളുടെ സഹോദരങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ ഭരണകര്‍ത്താക്കള് കാണിക്കുന്ന അമാന്തമാണ് മുല്ലപ്പൂവിപ്ലവത്തെ ഒരു രാജ്യത്ത് നിന്ന് അതേ സംസ്കാരത്തിന്റെ വക്താക്കളായ പല രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചത്. വിപ്ലവം കൊണ്ട് ഇതുവരെയും, തുടര്‍ന്നും, ഒരു മെച്ചവും ലഭിക്കാത്തവര്‍ ഫലസ്തീനികളാണെന്നതാണ് അറബുവസന്തത്തിലെ ഏറ്റവും വലിയ വിരോധാഭാസം. സ്വന്തമായി ഒരു രാജ്യം സ്ഥാപിക്കാനാവശ്യമായ ഭൂമി പോലും കൈവശമില്ലാത്തവരാണ് ഫലസ്തീനികളിന്ന്. വിശ്വാസം വരുന്നില്ലെങ്കില്‍ ഇസ്രായേലിലേക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്ത് വെസ്റ്റ്ബാങ്ക് സന്ദര്‍ശിക്കുക. ഒരര്‍ഥത്തില്‍‍‍‍ ഭാവിയിലെ അമേരിക്കന്‍‍‍ പ്രസിഡണ്ടുമാര്‍‍‍‍‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഫലസ്തീന്‍‍ വിഷയമായിരിക്കും, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter