നന്മയുടെ റാണി (ഭാഗം മൂന്ന്)

ക്ഷേമങ്ങളുടെ തൊട്ടിലില്‍..

സുബൈദാ റാണിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ ഭര്‍ത്താവ് ഖലീഫാ ഹറൂന്‍ അല്‍ റഷീദിന് വല്ലാത്ത ഒരു സഹായമായിരുന്നു. ഭര്‍ത്താവുമായി രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനും പ്രജകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഖലീഫയെ പ്രോത്‌സാഹിപ്പിക്കുവാനും എപ്പോഴും ഈ വലംകൈ ഉണ്ടായിരുന്നു. ക്ഷേമ ഐശ്വര്യങ്ങളുടെ കാര്യത്തില്‍ ചരിത്രം വേറിട്ടടയാളപ്പെടുത്തിയ അബ്ബാസികളിലെ ഏററവും ശ്രദ്ധേയനായഭരണാധികാരിയായിരുന്നു അദ്ദേഹം.
ഇരുപത്തിരണ്ടാം വയസ്സിലാണ് ഹാറൂന്‍ അല്‍ റഷീദ് ഖലീഫയായി അവരോധിതനായത്. അബ്ബാസികളുടെ സുവര്‍ണ്ണ ഘട്ടം ഇവിടെ ആരംഭിക്കുന്നു. ഇക്കാലത്ത് ക്ഷേമവും ഐശ്വര്യവും മാത്രമല്ല വൈജ്ഞാനികവും സാമൂഹികവുമായ വന്‍ മുന്നേററങ്ങള്‍ ഇസ്‌ലാമിക ലോകത്തിനുണ്ടായി. സാഹിത്യവും കലകളും വിഷയീഭവിക്കാത്ത ഒരു ചര്‍ച്ചയും ഒരു വീട്ടിലുമുണ്ടായിരുന്നില്ല എന്നാണ് ചരിത്രത്തിന്റെ കാഴ്ച. ബാഗ്ദാദില്‍ അദ്ദേഹം സ്ഥാപിച്ച ബൈത്തുല്‍ ഹിക്മ ഒരു സര്‍വ്വകലാശാല പോലെയുള്ളതായിരുന്നു. ലോകത്തെ അന്യഭാഷാ കൃതികള്‍ കണ്ടെത്തി അവ അറബിയിലേക്ക് മൊഴിമാററം നടത്തുവാന്‍ നൂറു കണക്കിന് പണ്‍ഡിതരെ അദ്ദേഹം ബൈത്തുല്‍ ഹിക്മയില്‍ നിയമിച്ചു. ഉയര്‍ന്ന ശമ്പളം അവര്‍ക്കു പ്രതിഫലമായി നല്‍കുകയും ചെയ്തു.
ആര്‍ഭാടം നിറഞ്ഞതായിരുന്നുവെങ്കിലും ദൈവഭയത്തില്‍ നനഞ്ഞുകിടക്കുന്നതായിരുന്നു ഹാറൂന്‍ അല്‍ റഷീദിന്റെ ജീവിതം. മതകാര്യങ്ങളില്‍ നിഷ്ഠ പാലിക്കുകയും മതപണ്‍ഡിതരെയും വലിയ വ്യക്തിത്വങ്ങളേയും ബഹുമാനിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. ഓരോ ദിവസവും നൂറ് റക്അത്ത് സുന്നത്തു നിസ്‌കരിക്കുകയും ഒരോ ദിവസവും ആയിരം ദിര്‍ഹം വീതം പാവങ്ങള്‍ക്ക് ധര്‍മ്മം നല്‍കുകയും പതിവുണ്ടായിരുന്നു അദ്ദേഹത്തിന്. അതോടെപ്പം തന്നെ ജിഹാദികമായ ആവേശവും അദ്ദേഹത്തില്‍ നിറഞ്ഞുനിന്നു. ഒരു വര്‍ഷം ജിഹാദിനും അടുത്ത വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനും എന്ന ക്രമമായിരുന്നു അദ്ദേഹത്തിന്. ഹജ്ജിനു പോകുമ്പോള്‍ നൂറു പണ്‍ഡിതന്‍മാരെ സ്വന്തം ചിലവില്‍ ഒപ്പം കൊണ്ടുപോകുകയും ചെയ്യും. ഈ ആത്മീയ ജീവിതത്തിലും ഒരു സജീവ സാന്നിദ്ധ്യമായി സുബൈദാ റാണിയുണ്ടായിരുന്നു കൂടെ.
ഇബ്‌നുസ്സിമാക്, ഇമാം കസാഈ, ഖാദീ അബൂയൂസുഫ് തുടങ്ങിയ ആ കാലത്തിന്റെ പ്രമുഖരും അതീവ വിശുദ്ധരുമായ ഒരു കൂട്ടം മഹാന്‍മാര്‍ ഹാറൂന്‍ അല്‍ റഷീദിനെ ഭരണത്തില്‍ അകമ്പടി സേവിച്ചു. വലിയ കര്‍മ്മശാസ്ത്രജ്ഞനായിരുന്ന അബൂ യൂസുഫായിരുന്നു മുഖ്യ ന്യായാധിപന്‍. ആത്മീയ വിചാരവും അതുവഴി ലഭിക്കുന്ന മാനസിക സമാധാനവും ഇത്രക്കുമേല്‍ കളിയാടുകയും ജനങ്ങളെല്ലാം അതീവ സംതൃപ്തരാവുകയും ചെയ്ത ഈ ഘട്ടം ഇത്തരം സാന്നിദ്ധ്യങ്ങള്‍ കൊണ്ടാണ് ചരിത്ര ശ്രദ്ധ നേടിയത്.
അതേസമയം ഇസ്‌ലാമിന്റെയും അബ്ബാസികളുടെയും എതിരാളികള്‍ക്ക് ഒരു പേടിസ്വപ്നവുമായിരുന്നു അദ്ദേഹം. അക്കാലത്തെ ഏററവും വലിയ എതിരാളികള്‍ റോമക്കാര്‍ തന്നെയായിരുന്നു. ഇവര്‍ക്കെതിരെ നടന്ന റോമാ യുദ്ധം ചരിത്രപ്രസിദ്ധമാണ്. റോമക്കാരുടെ ശല്യത്തിനു അറുതിവരുത്തുകയും ഏഷ്യാ മൈനറിലും സിറിയന്‍ അതിര്‍ത്തികളിലും പട്ടാള ബാരക്കുകള്‍ സ്ഥാപിക്കുകയും ചെയ്തത് ഹാറൂന്‍ അല്‍ റഷീദായിരുന്നു. ഈ യുദ്ധങ്ങള്‍ക്ക് അദ്ദേഹം നേരിട്ടായിരുന്നു നേതൃത്വം നല്‍കിയിരുന്നത്.
ഹാറൂന്‍ റഷീദിനെ റോമക്കാര്‍ക്കെതിരെ ഇത്രക്കുമേല്‍ പ്രകേപിപ്പിച്ചത് റോമന്‍ നിലപാടുകളായിരുന്നു. അബ്ബാസികളുടെ അധീനതയിലുള്ള റോമന്‍ നഗരങ്ങള്‍ ബാഗ്ദാദിന് കരം കൊടുത്തുവന്നിരുന്നു. ഹാറൂന്‍ അല്‍ റഷീദ് ഭരണാധികാരിയായതോടെ അവരതു നിറുത്തുകയും ഇനി കരം തരില്ല എന്നു പറയുവാന്‍ ധാര്‍ഷ്ഠ്യം കാണിക്കുകയുമായിരുന്നു. മാത്രമല്ല അവരുടെ നേതാവ് സഗൂറ തങ്ങളിതുവരെ തന്ന കരം തിരിച്ചുതരണമെന്ന് ഖലീഫാ ഹാറൂന്‍ അല്‍ റഷീദിനോട് ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി. അതിനു ഖലീഫ നല്‍കിയ മറുപടി ഇതായിരുന്നു:
 'റോമന്‍ പട്ടീ, ഇതിനു മറുപടി നീ വായിക്കുകയല്ല, അനുഭവിക്കുകയാണ് ചെയ്യുക'. 
ഇതിനെ തുടര്‍ന്നുണ്ടായ ശക്തമായ ഏററുമുട്ടലുകളില്‍ റോം പരാജയപ്പെടുകയും കപ്പം തരാന്‍ സമ്മതിക്കുകയും ചെയ്തു. അങ്കാറ തുടങ്ങിയ നഗരങ്ങള്‍ മുസ്‌ലിംസേന തിരിച്ചുപിടിക്കുകയുമുണ്ടായി.
ഭരണം കാര്യക്ഷമമാക്കുവാന്‍ മന്ത്രിമാരെ നിയമിച്ചുതുടങ്ങിയത് അബ്ബാസികളും അവരിലെ സച്ചരിതനായ ഭരണാധികാരി ഹാറൂന്‍ അല്‍ റഷീദുമാണ്. ഇതോടെ ഭരണം കാര്യക്ഷമമായി എന്നു മാത്രമല്ല അധികാരം വികേന്ദ്രീകൃതവുമായി. യഹ്‌യ അദ്ദേഹത്തിന്റെ പുത്രന്‍മാര്‍ ഫദ്ല്‍, ജഅ്ഫര്‍ എന്നിവരായിരുന്നു പ്രധാനപ്പെട്ട മന്ത്രമാര്‍. ഇവര്‍ ബര്‍മക് എന്നു പേരായ ഒരാളുടെ മക്കളായിരുന്നു. ഇറാനിലെ പേര്‍ഷ്യന്‍ വംശജരായിരുന്നു ഇവര്‍. പില്‍കാലത്ത് ചരിത്രത്തില്‍ വായിക്കുന്ന ബര്‍മക്കുകള്‍ ഇവരാണ്. മന്ത്രിമാര്‍ ഒരു ഭാഗത്തും സുബൈദാ റാണിയെന്ന ഭാര്യ മറുഭാഗത്തും ഹാറൂന്‍ അല്‍ റഷീദിന്റെ വലയും ഇടതും സജീവമായതോടെ ബാഗ്ദാദ് തിളങ്ങുവാന്‍ തുടങ്ങി.
സുബൈദാ റാണിക്ക് ഹാറൂന്‍ അല്‍ റഷീദിന്റെ മനസ്സിന്റെ എല്ലാ അറയും അറിയാം. അദ്ദേഹത്തിന്റെ സ്‌നേഹമസൃണമായ സാന്നിദ്ധ്യം റാണിയുടെ മനസ്സിനെ പുഷ്പിണിയാക്കി. എപ്പോഴും ചിരിച്ചും കളിച്ചും മക്കളെ ഓമനിച്ചും അവരുടെ കൊട്ടാരം ഹര്‍ഷപുളകിതമായി. എല്ലാം പക്ഷെ, ആത്മീയതയുടെ അതിരുകള്‍ക്കുള്ളില്‍ മാത്രമായിരുന്നു. മകന്‍ അമീന്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിക്കൊണ്ടിരിക്കുകയാണ്. അക്കാര്യത്തില്‍ സഹായിക്കുവാന്‍ ഈ ഉമ്മക്കു കഴിയും. ഖുര്‍ആന്‍ അവര്‍ക്കും ഏതാണ്ട് മനപ്പാഠമാണല്ലോ. താന്‍ പ്രസവിച്ചതല്ലെങ്കിലും മഅ്മൂനും സമര്‍ഥനായി വളരുകയാണ്. തന്റെ സ്വന്തം മകന്‍ ഒരു പണത്തൂക്കം എല്ലായ്‌പോഴും മുന്നില്‍ നില്‍ക്കണമെന്നാണ് റാണിയുടെ ഉള്ളിലെ മോഹം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter