സിന്ധിന്റെ നായകന്‍ 3   ചിന്തകളിലേക്ക് സിന്ധ്...

ചിന്തകളിലേക്ക് സിന്ധ്...

സിന്ധിനെ കുറിച്ച് മുഹമ്മദ് ബിന്‍ ഖാസിം ബസ്വറയില്‍ വെച്ച് ധാരാളം കേട്ടിട്ടുണ്ട്. അവിടെ ഏറെ വിചിത്രങ്ങളായ ജനജീവിതമാണുള്ളത് എന്നും അദ്ദേഹം കേട്ടിട്ടുണ്ട്. അവിടെ കണ്ടതിനെയൊക്കെ ആരാധിക്കുന്ന പതിവുണ്ട്. ആരാധനകളും അചാര-അനുഷ്ഠാനങ്ങളുമെല്ലാം ഏറെ കൗതുകകരവും വിചിത്രവുമാണ്. അവിടെ നിന്നും ഇവിടെ നിന്നുമായി കടന്നുവന്ന ആദര്‍ശ ആശയങ്ങള്‍ എങ്ങിനെയോ എവിടെയോ ഒക്കെ വെച്ച് കൂട്ടുപിണഞ്ഞതാവാം ഇതിനു കാരണം. ഏകവും പരമമവുമായ സത്യങ്ങള്‍ അങ്ങനെ അവരില്‍ നിന്ന് കൈവിട്ടുപോയിരിക്കണം. എന്നാല്‍ അവിടത്തെ ജനങ്ങളാണെങ്കിലോ പച്ചവെള്ളം പോലെ നിഷ്‌കളങ്കരും നിസ്വാര്‍ഥരുമാണ്.
അതുമാത്രമല്ല സിന്ധിന്റെ പ്രത്യേകതകള്‍. കാര്‍ഷിക സമൃദ്ധമാണ് അവരുടെ ഭൂമി.വന്‍ കാടുകളും മരങ്ങളും ഭൂമിയുടെ ജീവന്‍ നിലനിറുത്തുന്ന നദികളും അവിടെയുണ്ട്. മനോഹരങ്ങളായ ഗ്രാമങ്ങളേക്കാള്‍ അതിമനോഹരങ്ങളായ പട്ടണങ്ങള്‍. അമൂല്യമായ വ്യജ്ഞനങ്ങള്‍ ആ മണ്ണിന്റെ അനുഗ്രഹങ്ങളാണ്. സിന്ധ് ഇന്ത്യന്‍ ഉപഭൂഖണ്‍ഡം എന്ന ഒരു വലിയ മേഖലയുടെ പ്രവേശനകവാടമാണ്. പലരില്‍ നിന്നുമായി എപ്പോഴോ കേട്ട വര്‍ണ്ണനകള്‍ കേട്ടപാടെ പതിഞ്ഞതാണ് മുഹമ്മദ് ബിന്‍ ഖാസിമിന്റെ മനസ്സില്‍.
കേട്ടപ്പോള്‍ തന്നെ മനസ്സില്‍ പതിഞ്ഞ ചിത്രങ്ങള്‍ മുഹമ്മദ് ബിന്‍ ഖാസിമിന്റെ മനസ്സില്‍ മങ്ങിക്കിടപ്പുണ്ട്. അപ്പോഴാണ് സിന്ധ് അമവീ രാഷ്ട്രീയത്തില്‍ ഒരു കൊള്ളിയാനായി മിന്നിക്കടന്നുവന്നത്. അതും ഹജ്ജാജ് ബിന്‍ യൂസുഫിന്റെ മുമ്പില്‍. അങ്ങകലെ സിന്ധിന്റെ ഏതോ അറയില്‍ നിന്നും ഒരു വിളിയാളം ഉയര്‍ന്നു. അത് പരവശയായ ഏതാനും സ്ത്രീകളുടെ ശബ്ദമായിരുന്നു.
മുസ്‌ലിംകള്‍ക്ക് എന്നാല്‍ സന്ധ് തീരെ അപരിചിതമല്ല. വടക്കേ ഇന്ത്യയിലും കിഴക്കന്‍ പാക്കിസ്ഥാനിലുമായി പരന്നുകിടക്കുകയായിരുന്ന അന്നത്തെ സിന്ധ് ഈ മേഖലയിലെ ഒരു വലിയ രാജ്യമായിരുന്നു. ഈ രാജ്യവുമായി ഇസ്‌ലാമിക ചരിത്രം ആദ്യമായി മുഖാമുഖം നില്‍ക്കുന്നത് രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലത്താണ്. അദ്ദേത്തിന്റെ കാലത്തുനടന്ന ഖാദിസിയ്യാ യുദ്ധവേളയിലായിരുന്നു ഇത്.
ഇസ്‌ലാമിക ചരിത്രത്തിലെ ഏററവും നിര്‍ണ്ണായകമായ ഒരു അധ്യായമാണ് ഖാദിസിയ്യാ യുദ്ധം. സഅ്ദ് ബിന്‍ അബീ വഖാസ്(റ)വിന്റെ നേതൃത്വത്തില്‍ പേര്‍ഷ്യക്കെതിരെ നടന്ന യുദ്ധമായിരുന്നു ഇത്. യൂഫ്രട്ടീസ് നദിക്കപ്പുറത്തേക്ക് ഇസ്‌ലാമിക മുന്നേററത്തെ വിജയകരമായി എത്തിച്ചത് ഈ മുന്നേററമാണ്. പേര്‍ഷ്യക്കാര്‍ക്ക് അവരുടെ തലസ്ഥാനമായ മദാഇന്‍ പേലും രക്ഷിക്കുവാനായില്ല ഈ യുദ്ധത്തില്‍.
അന്ന് പേര്‍ഷ്യയെ മുസ്‌ലിംകള്‍ക്കെതിരെ സഹായിച്ചവരുടെ കൂട്ടത്തില്‍ സിന്ധുമുണ്ടായിരുന്നു. സിന്ധിലെ രാജാവ് മുസ്‌ലിംകള്‍ക്കെതിരെ പേര്‍ഷ്യയെ സഹായിച്ചു. ഈ സഹായത്തില്‍ സ്വത്തും ഭടന്‍മാരും പെടുന്നു. ഇതു മുസ്‌ലിം സേന മനസ്സിലാക്കിയിരുന്നു. അതിനു പ്രതികാരം ചെയ്യേണ്ട ആലോചനകള്‍ ഉണ്ടായി എങ്കിലും അന്ന് അതുണ്ടായില്ല. പിന്നെ മൂന്നാം ഖലീഫ ഉസ്മാന്‍(റ)വിന്റെ കാലത്ത് ബസ്വറായിലെ ഗവര്‍ണര്‍ അബ്ദുല്ലാഹി ബിന്‍ ആമിറിന്റെ നേതൃത്വത്തില്‍ സിന്ധിനെതിരെ ചില നീക്കങ്ങളുണ്ടായി. അതും അന്ന് പൂര്‍ണ്ണമായിരുന്നില്ല. 
എങ്കിലും സിന്ധില്‍ അക്കാലത്ത് മുസ്‌ലിംകള്‍ സാന്നിധ്യമറിയിക്കുകയുണ്ടായി. സിന്ധിലെ കാര്യങ്ങള്‍ അബ്ദുല്ലാഹി ബിന്‍ സിവാറിനെയായിരുന്നു ഖലീഫ ഏല്‍പ്പിച്ചിരുന്നത്. പക്ഷേ, സിന്ധുമായി ഏററവും അടുത്തു കിടക്കുന്ന അന്നത്തെ പേര്‍ഷ്യയുമായി നിരന്തര യുദ്ധങ്ങളില്‍ വ്യാപൃതരായിരുന്നു മുസ്‌ലിംകള്‍. ഹിജ്‌റ 31ല്‍ അവസാന പേര്‍ഷ്യന്‍ ചക്രവര്‍ത്തി യസ്ദഗിര്‍ദ് വധിക്കപ്പെട്ടപ്പോള്‍ മാത്രമായിരുന്നു ആ തലവേദന അവസാനിച്ചത്. അതിനുശേഷം പിന്നെയും കാര്യമായ ശ്രദ്ധ പതിയാതെ കിടക്കുകയായിരുന്നു സിന്ധ്.
അതേ സമയം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്‍േറയും തീരപ്രദേശങ്ങളിലെല്ലാം മുസ്‌ലിംകളുണ്ടായിരുന്നു. വ്യാപാര യാത്രകളിലൂടെയായിരുന്നു പ്രധാനമായും ഇവിടങ്ങളില്‍ ഇസ്‌ലാം എത്തിയത്. പക്ഷെ അവര്‍ അവിടങ്ങളിലെല്ലാം വെറും അറബി വ്യാപാരികളായി മാത്രമാണ് അറിയപ്പെട്ടിരുന്നതും പരിഗണിക്കപ്പെട്ടിരുന്നതും. ഒരു സാമൂഹ്യ ശക്തിയായി അറിയപ്പെട്ടിരുന്നില്ല. തെക്കേ ഇന്ത്യയിലും സിലോണിലുമെല്ലാം ഈ സ്വ'ാവത്തിലാണ് മുസ്‌ലിംകള്‍ ജീവിതം തുടങ്ങിയത് എന്നു ചരിത്രവായനകള്‍ സൂചിപ്പിക്കുന്നു.
അറബികള്‍ കച്ചവടക്കാരായിരുന്നു. ദീര്‍ഘമായ കടല്‍യാത്രകള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പൊതുവെ വരണ്ടതും കാര്‍ഷിക സമൃദ്ധമല്ലാത്തതുമായ അവരുടെ നാടിനു വേണ്ട ഉല്‍പ്പന്നങ്ങള്‍ തേടിയുള്ളതായിരുന്നു ഈ യാത്രകള്‍. അങ്ങനെയുണ്ടായ യാത്രകളില്‍ അവരില്‍ ചിലര്‍ക്കെങ്കിലും അവര്‍ പോകുന്ന സ്ഥലങ്ങളുമായി ചില ആത്മബന്ധങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. 
ചിലര്‍ക്ക് ഈ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയിത്തീര്‍ന്നിട്ടുണ്ടാകാം. വിവാഹബന്ധങ്ങള്‍ വരെയുള്ള ആകര്‍ഷണങ്ങളും ബാധ്യതകളും സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകുന്നതില്‍ നിന്നും തടഞ്ഞിരിക്കണം. ഈ പ്രദേശങ്ങളിലെ അറബി അടിവേരുകള്‍ക്ക് അത്തരമൊരു വ്യാഖ്യാനമുണ്ട്. കേരളം, തമിഴ്‌നാട്, ഹൈദരാബാദ്, സിലോണ്‍ എന്ന ശ്രീലങ്ക തുടങ്ങിയ നാടുകളില്‍ ഈ അര്‍ഥത്തിലുള്ള ബന്ധങ്ങള്‍ ധാരാളമായി കാണാം.
അതേ സമയം ഇങ്ങനെ ഇവിടെ തമ്പടിച്ചവര്‍ അവരുടെ ആദര്‍ശത്തെ പ്രബോധനം ചെയ്യുംവിധമായിരുന്നു ജീവിച്ചത്. ഇസ്‌ലാമിക മൂല്യങ്ങള്‍ അവരുടെ ജീവിതങ്ങളിലൂടെ അവര്‍ ജീവിക്കുന്ന സമൂഹങ്ങളിലേക്കൊഴുകി. അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളുമൊന്നുമില്ലാത്തതും തികച്ചും മാന്യമായതുമായ ഇസ്‌ലാമിക ജീവിതരീതിയോട് ആ നാടുകളില്‍ ആകര്‍ഷണമുണ്ടായി. ഏെത്തം മുതല്‍ അര്‍ഥശൂന്യമായ അനുഷ്ഠാനങ്ങളും വിചിത്രമായ ആചാരാങ്ങളും കൊണ്ട് പൊറുതിമുട്ടുകയായിരുന്ന ആ നാടുകളിലെ ജനങ്ങള്‍ക്ക് ഈ ജീവിതരീതി ഒരു പ്രതീക്ഷയായി. അങ്ങനെ ഇസ്‌ലാം വളരെ വ്യാപകമായി അല്ലെങ്കില്‍ പോലും നബിതിരുമേനിയുടെ കാലം മുതല്‍ക്കേ ഇവിടങ്ങളിലൊക്കെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഇങ്ങനെ ചില കുടുംബങ്ങളോ ചെറിയ കൂട്ടങ്ങളോ ഇന്ത്യയിലും സിന്ധിലും പികിസ്ഥാനിലും ശ്രീലങ്കയിലുമൊക്കെയുണ്ടായിരുന്നു.
ഇക്കാലത്ത് സിലോണില്‍ ഏതാനും മുസ്‌ലിം കുടുംബങ്ങള്‍ ജീവിച്ചിരുന്നു. ഒരു സമൂഹമായിത്തീരുവാന്‍ മാത്രം എണ്ണമില്ലാത്ത ഈ കുടുംബങ്ങളില്‍ പല കാരണങ്ങളിലൂടെ പ്രധാന പുരുഷന്‍മാര്‍ മരണപ്പെട്ടുപേയി. അതോടെ കുടുംബത്തിലെ സ്ത്രീകളും കുട്ടികളും തനിച്ചായി. എന്നാല്‍ ശ്രീലങ്കയിലെ തങ്ങളുടെ പൂര്‍വ്വമതത്തിലേക്ക് തിരിച്ചുപോകുവാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നതുമില്ല. ഇതോടെ വളരെ കഷ്ടത്തിലായി ഇവരുടെ ജീവിതം. ഇതറിഞ്ഞ അവിടത്തെ രാജാവ് ഈ സ്ത്രീകളെയും കുട്ടികളേയും അവരുടെ അധികാരം നിലനില്‍ക്കുന്ന ഇറാഖിലേക്ക് അയക്കുവാന്‍ തീരുമാനിച്ചു. ഒരു കപ്പലില്‍ കയററി അവരെ ഇറാഖിലേക്ക് അയക്കുവാനായിരുന്നു തീരുമാനം.
അതിലൂടെ രണ്ടു ലക്ഷ്യങ്ങള്‍ രാജാവിനുണ്ടായിരുന്നിരിക്കണം. തന്റെ പ്രജകളിലെ ഒരു കൂട്ടം അശരണരോടുള്ള അനുകമ്പ തന്നെയാണ് അവയിലൊന്ന്. രണ്ടാമത്തേത് ഇറാഖുമായി ഒരു ബന്ധം സ്ഥാപിക്കുക എന്നതാണ്. ലോകത്താകമാനം മുന്നേററം നടത്തിക്കൊണ്ടിരിക്കുകയാണ് അമവികളും അറബികളും. അവരുമായി ഒരു നല്ല ബന്ധം സ്ഥാപിക്കുന്നത് നല്ലതാണെന്ന് രാജാവിന് തോന്നിയിരിക്കണം. ഇന്നല്ലെങ്കില്‍ നാളെ അവര്‍ തന്റെ നാട്ടിന്റെ അതിര്‍ത്തിയിലെത്തിയാല്‍ അത് ഉപകാരപ്പെടും.
ഈ മുന്നേററങ്ങളില്‍ പലതിന്‍േറയും ചുക്കാന്‍ ഇറാഖിലെ ഗവര്‍ണ്ണര്‍ ഹജ്ജാജ് ബിന്‍ യൂസുഫിന്റെ കയ്യിലാണ് എന്നും രാജാവിനറിയാം. അതിനാല്‍ ഈ സംഘത്തിന്റെ കയ്യില്‍ ഗവര്‍ണ്ണര്‍ക്കായി വിലകൂടിയ പല സമ്മാനങ്ങള്‍ കൂടെ രാജാവ് കൊടുത്തയക്കുന്നുണ്ട്. അങ്ങനെ കാരുണ്യവും നയതന്ത്രവും ഒരേ പോലെ ലക്ഷ്യം വെക്കുന്നതാണ് രാജാവിന്റെ പദ്ധതി.
തീരുമാനിച്ചതു പോലെ സ്ത്രീകളെയും കുട്ടികളേയും കയററിയ കപ്പല്‍ ശ്രീലങ്കയില്‍ നിന്നും പ്രയാണമാരംഭിച്ചു. കപ്പലിന് സിന്ധിന്റെ സമുദ്രാതിര്‍ത്തിയിലൂടെയായിരുന്നു ഇറാഖിലെ ബസ്വറ തുറമുഖത്തേക്ക് പോകേണ്ടിയിരുന്നത്. കപ്പല്‍ ദൈബല്‍ തുറമുഖത്തെത്തിയതും കടല്‍കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുത്തു. അവര്‍ക്ക് ഏറെ സന്തോഷകരമായ രണ്ടു വിഭവങ്ങളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. സുന്ദരികളായ സ്ത്രീ രത്‌നങ്ങളും വിലപിടിപ്പുള്ള സമ്മാനങ്ങളും. കടല്‍കൊള്ളക്കാര്‍ സ്ത്രീകളെയും കുട്ടികളേയും പിടിച്ചുകൊണ്ടുപോയി.
ഒരു ആണ്‍തുണയില്ലാത്തതിന്റെ പേരില്‍ അവര്‍ നന്നേ വിഷമിച്ചു. കാപാലികരുടെ വിളയാട്ടങ്ങള്‍ക്ക് നിന്നുകൊടുക്കുകയല്ലാതെ മറെറാന്നും ചെയ്യുവാന്‍ അവര്‍ക്കാകുമായിരുന്നില്ല. അവരുടെ മനസ്സുകള്‍ തേങ്ങി. കഴിയും വിധം അവര്‍ ചെറുത്തുനിന്നു. ശാപങ്ങളുരുവിട്ടു വാവിട്ടു കരഞ്ഞു. പക്ഷേ, അതൊന്നും ആരും കേള്‍ക്കുമായിരുന്നില്ല.
വാര്‍ത്താ സംവിധാനങ്ങള്‍ വളരെ പരിമിതമായിരുന്ന അക്കാലത്ത് ഒരല്‍പ്പം കാലമെടുത്തു വിവരം ബസ്വറയില്‍ ഹജ്ജാജിന്റെ ചെവിയിലെത്തുവാന്‍. മുസ്‌ലിം സഹോദരിമാര്‍ ആക്രമിക്കപ്പെട്ടത് ഹജ്ജാജിനെ ഞെട്ടിച്ചു. കടുത്ത പ്രതികാര വാജ്ഞയില്‍ പേശികള്‍ വലിഞ്ഞുമുറുകി. ഹജ്ജാജ് കാര്യങ്ങള്‍ നന്നായി ഗ്രഹിച്ചു. കപ്പല്‍ ആക്രമിക്കപ്പെട്ടിരിക്കുന്നത് ദൈബല്‍ തുറമുഖത്തിനടുത്തുവെച്ചാണ്. ദൈബല്‍ സിന്ധിലെ രാജാവ് ദാഹിറിന്റെ ഭരണപ്രദേശമാണ്. അതിനാല്‍ ഇതിനു സമാധാനം പറയേണ്ടത് ദാഹിര്‍ രാജാവാണ്. കടല്‍കൊള്ളക്കാരെ പിടികൂടി ശിക്ഷിക്കുവാനും മുസ്‌ലിം സഹോദരിമാരെ മോചിപ്പിക്കുവാനും ഉടനടി ഒരു സംഘത്തെ സിന്ധിലേക്കയക്കുവാന്‍ ഹജ്ജാജ് തീരുമാനിച്ചു.
മുഖം നോക്കാതെ നടപടികളെടുക്കുന്ന പ്രകൃതക്കാരനായിരുന്നു ഹജ്ജാജ് എങ്കിലും നയതന്ത്രങ്ങള്‍ക്ക് അദ്ദേഹം സാധ്യതയും സാധുതയും കല്‍പ്പിക്കുമായിരുന്നു. സമാധാനപരമായി ചര്‍ച്ചകളിലൂടെ പരിഹാരം കാണുവാന്‍ കഴിയാതെ വരുമ്പോഴേ ഹജ്ജാജ് ആയുധമെടുക്കാറുള്ളൂ. വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ പ്രത്യേകിച്ചും. അതിനാല്‍ ഒരു നയതന്ത്ര പ്രതിനിധി സംഘത്തെ സിന്ധിലേക്ക് അദ്ദേഹം നിയോഗിച്ചു.
സംഘം ഹജ്ജാജിന്റെ ദൂതുമായി പുറപ്പെട്ടു. അവര്‍ ദാഹിര്‍ രാജാവിനെ മുഖം കാണിച്ചു. കാര്യങ്ങള്‍ അദ്ദേത്തെ ബോധിപ്പിച്ചു. തങ്ങളുടെ സഹോദരിമാരെ മോചിപ്പിക്കണമെന്നും കടല്‍കൊള്ളക്കാരെ പിടികൂടി ശിക്ഷിക്കണമെന്നും ഉള്ള ഹജ്ജാജിന്റെ ആവശ്യം അവര്‍ ദാഹിറിനു മുമ്പില്‍ സമര്‍പ്പിച്ചു. പക്ഷെ ദാഹിര്‍ മറുപടിയായി കൈമലര്‍ത്തുകയായിരുന്നു. കടല്‍കൊള്ളക്കാരെ പിടികൂടുവാനോ അവരെ തടയുവാനോ തനിക്കുകഴിയില്ലെന്നും അവര്‍ തന്റെ അധികാരപരിധിയില്‍ ഒതുങ്ങുന്നവരല്ലെന്നും ദാഹിര്‍ പറഞ്ഞു.
ഈ മറുപടി കേട്ടതും ഹജ്ജാജിന്റെ കോപം വര്‍ദ്ധിച്ചു. ഒരു സൈനിക നടപടിയല്ലാതെ ഇനി നയതന്ത്രങ്ങള്‍ക്കു സ്ഥാനമില്ല എന്ന് ഹജ്ജാജിന് മനസ്സിലായി.
ഒരു സൈനിക സംഘത്തെ ഹജ്ജാജ് ദൈബലിലേക്ക് നിയോഗിച്ചു. ഇബ്‌നു നബ്ഹാന്‍ എന്ന പടയാളിയായിരുന്നു സംഘത്തലവന്‍. സംഘം ദൈബലിലെത്തി. കടല്‍കൊള്ളക്കാരുമായി ഏററുമുട്ടി. പക്ഷെ ഇബ്‌നു നബ്ഹാന്‍ വിജയത്തിലെത്തും മുമ്പ് ദയനീയമായി കൊല്ലപ്പെട്ടു. അതോടെ ആ നിയോഗം പരാചയപ്പെട്ടു.
ഹജ്ജാജിന്റെ വാശി വര്‍ദ്ധിച്ചു. അദ്ദേഹം ഒമാനില്‍ നിന്നുള്ള ബുദൈല്‍ എന്ന ഭടന്റെ നേതൃത്വത്തില്‍ വീണ്ടും ഒരു ദൗത്യസംഘത്തെ ദൈബലിലേക്കയച്ചു. അതും വിജയിച്ചില്ല. ബുദൈലും ദൗത്യശ്രമത്തിനിടെ കൊല്ലപ്പെട്ടു. ഹജ്ജാജിന്റെ കോപം ഇതോടെ പാരമ്യത്തിലെത്തി.
ദൂതും ദൗത്യസംഘവുമൊന്നും മതിയാവില്ല തങ്ങളുടെ സഹോദരിമാരെ മോചിപ്പിക്കാനും ദാഹിറിന്റെ നിസ്സംഗതക്ക് മറുപടി നല്‍കുവാനും എന്ന് ഹജ്ജാജിന് മനസ്സിലായി. ക്രൂരനായ ഒരു ഗവര്‍ണ്ണറാണെങ്കിലും നയതന്ത്രങ്ങളും മാന്യമായ ദൂതുകളുമെല്ലാം ഹജ്ജാജിന്റെ സംസ്‌കാരങ്ങളില്‍ പെട്ടതാണ്. അതെല്ലാം നടത്തിക്കഴിഞ്ഞു. പക്ഷേ, ഒന്നും വിജയം കണ്ടില്ല. ഇനി ഒരു സൈനിക നീക്കമല്ലാതെ മറെറാരു വഴിയുമില്ല.ഹജ്ജാജിന്റെ മനസ്സ് ആ ആലോചനകളിലേക്ക് കടന്നു.
കടന്നുചെന്ന് വെട്ടിപ്പിടിക്കുകയല്ല ഇസ്‌ലാമിന്റെ രീതി. ന്യായങ്ങള്‍ പരസ്യമായി അവഗണിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യപ്പെടുമ്പോള്‍ അതിനെതിരെ പ്രതികരിക്കുകയാണ്. അതു ചെയ്യുന്നില്ലെങ്കില്‍ ഒരു സമൂഹമായി ജീവിക്കുവാന്‍ കഴിയില്ല.അതു ചെയ്യാതിരിക്കുന്നത് ഭീരുത്വവും ഷണ്‍ഢത്വവുമാണ്. അതാണ് സിന്ധിന്റെ ന്യായം. പ്രതികരിക്കുമ്പോഴാകട്ടെ, അതു പൂര്‍ണ്ണവും കാര്യക്ഷമവുമായിരിക്കുകയും വേണം. ഒരു പാട് ബാധ്യതകളും ചിലവുകളും വഹിച്ച് രാജ്യങ്ങള്‍ കടന്നുപോയി ഒരു ലക്ഷ്യം നേടാന്‍ ശ്രമിക്കുമ്പോള്‍ അത് പരാചയപ്പെടാതിരിക്കുവാന്‍ എല്ലാ കരുതലും വേണം. അതിനാല്‍ സിന്ധിലേക്കുള്ള മുന്നേററം എല്ലാ ഒരുക്കങ്ങളോടും കൂടിയായിരിക്കണം. ഹജ്ജാജ് ബിന്‍ യൂസുഫ് കണക്കുകൂട്ടലുകളിലേക്ക് കടന്നു.(തുടരും)

പ്രധാന അവലംബം:
ബത്വലുസ്സിന്ധ്. മുഹമ്മദ് അബ്ദുല്‍ ഗനീ ഹസന്‍ (ദാറുല്‍ മആരിഫ്, കൈറോ, ഈജിപ്ത്.)


*
 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter