സിന്ധിന്റെ നായകന്‍ 2 (രണ്ടാം ഭാഗം)

ബാല്യം, കൗമാരം.

ഹിജ്‌റ 75ല്‍ ഹജ്ജാജ് ബിന്‍ യൂസുഫിനെ ഖലീഫാ അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ ഇറാഖിന്റെ ഗവര്‍ണ്ണറായി നിശ്ചയിച്ചു. ഖുര്‍ആന്‍ അധ്യാപനം കൊണ്ട് വയര്‍മടക്കുകള്‍ നിവരാതെ വന്നപ്പോള്‍ അന്നം തേടി ഡമാസ്‌കസിലെത്തിയതായിരുന്നു ഹജ്ജാബ് ബിന്‍ യൂസുഫ്. സേനയിലായിരുന്നു ആദ്യം ജോലി തരപ്പെട്ടത്. അത് ഒരു പിടിവള്ളിയായിരുന്നു. ക്രൂരതകാട്ടിയും ഇടിച്ചുകയറിയും ഹജ്ജാജ് ആ അവസരം ഉപയോപ്പെടുത്തി. 
നാടുനീളെ ശത്രുക്കളുണ്ടായിരുന്ന അമവികള്‍ക്ക് ഇത്തരമൊരാളെ വേണമായിരുന്നു. അവര്‍ ഹജ്ജാജില്‍ നോട്ടമിട്ടു. തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് ഇയാളെ പററും എന്ന് ഉദ്യോഗസ്ഥന്‍മാര്‍ക്കും അവര്‍ വഴി ഖലീഫക്കും തോന്നി. അങ്ങനെ ഹജ്ജാജ് വളര്‍ന്നു. ഉദ്യോഗങ്ങളില്‍ വേഗം വേഗം കയററം കിട്ടി. അവസാനം ഇറാഖിന്റെ ഗവര്‍ണറായിരിക്കുകയാണ്. അക്കാലത്ത് ഹജ്ജാജിനെ പോലെ ഒരാള്‍ക്ക് കിട്ടാവുന്നതില്‍ വെച്ച് ഏററവും വലിയ സ്ഥാനം.
അമവികളുടെ ഉറക്കം കെടുത്തുന്ന ഒന്നാമത്തെ സ്ഥലം ഇറാഖാണ്. അവിടെ കൂഫ, ബസ്വറ എന്നീ നഗരങ്ങളില്‍ നിന്നാണ് ഉണ്ടായ ഫിത്‌നകളെല്ലാം ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് കാരുണ്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഹജ്ജാജിനെ അവര്‍ അവിടെ ഗവര്‍ണ്ണറാക്കിയിരിക്കുന്നതും. മുറിച്ചു മാറേറണ്ടതിനെ ഹജ്ജാജ് മുറിച്ചുമാററും. ഇത് ഹജ്ജാജിനുമറിയാം. അതിനാല്‍ കൂഫ, ബസ്വറ എന്നീ തന്ത്രപ്രധാനമായ പ്രവിശ്യകളില്‍ നല്ല പ്രവിശ്യാ ഭരണാധികാരികളെ തന്നെ നിയമിക്കണം എന്നുണ്ടായിരുന്നു ഹജ്ജാജിന്. മേലധികാരിയായ താന്‍ ഒരല്‍പം ക്രൂരനാണെങ്കില്‍ പോലും തന്റെ കീഴിലുള്ളവര്‍ വളരെ മാന്യന്‍മാരായിരിക്കണമെന്നുണ്ടായിരുന്നു.
ബസ്വറയിലേക്ക് ഹജ്ജാജ് കണ്ടെത്തിയത് സ്വന്തം പിതൃവ്യനായ ഖാസിം ബിന്‍ മുഹമ്മദ് അസ്സഖഫീയെയായിരുന്നു. അഥവാ മുഹമ്മദ് ബിന്‍ ഖാസിമിന്റെ പിതാവിനെ. അതിനാല്‍ പിതാവിനോടൊപ്പം മൂന്നാം വയസ്സില്‍ തന്നെ ബസ്വറയിലേക്ക് മാറേണ്ടിവന്നൂ മുഹമ്മദ് ബിന്‍ ഖാസിമിനും മാതാവിനും. അവിടെ അമീറീന്റെ കൊട്ടാരത്തിലായിരുന്നു മുഹമ്മദ് ബിന്‍ ഖാസിമിന്റെ ശൈവവ-കൗമാരങ്ങള്‍.
വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങള്‍ പിന്നിടുമ്പോഴും മുഹമ്മദ് ബിന്‍ ഖാസിം തന്റെ നാടായ ത്വാഇഫിനെ മറന്നു. അവിടെയുള്ള തന്റെ അടിവേരുകള്‍ മറന്നു. പിതൃവ്യര്‍, പിതാമഹന്‍മാര്‍, ബന്ധുക്കള്‍ എല്ലാവരും ഒരു മങ്ങിയ ചിത്രം മാത്രമായി ആ പിഞ്ചു മനസ്സില്‍. അതേ സമയം തന്റെ ലോകം വലിയ കൊട്ടാരവും അതിലെ പരിചാരകരും വലിയ വലിയ സന്ദര്‍ശകരും മാത്രമായി. വലിയ വീട്ടിലെ വലിയ കുട്ടിയായി മുഹമ്മദ് ബിന്‍ ഖാസിം ബസ്വറയില്‍ വളര്‍ന്നു.
ത്വാഇഫിലായിരുന്നുവെങ്കില്‍ മുഹമ്മദ് ബിന്‍ ഖാസിമിനെ സ്വാധീനിച്ചിരിക്കുക അവിടത്തെ കൃഷിയായിരിക്കാം. അല്ലെങ്കില്‍ അവിടത്തെ അധികാരവും പാരമ്പര്യങ്ങളുമായിരിക്കാം. അല്ലെങ്കില്‍ ഇസ്‌ലാമിക വികാരങ്ങളായിരിക്കാം. അങ്ങനെ അദ്ദേഹം ശൈവത്തിന്റെ പടവുകള്‍ കയറി ഒരു കര്‍ഷകനോ ഖുര്‍ആന്‍ അധ്യാപകനോ നാട്ടുമൂപ്പനോ ഒക്കെ ആയേക്കാം. ഇവിടെ ബസ്വറയില്‍ പക്ഷെ, കുട്ടിയായ അദ്ദേഹത്തിന് കേള്‍ക്കാനുള്ളത് രാഷ്ട്രീയമായിരുന്നു. വിഭാഗീയതകളുടെ കഥകളായിരുന്നു. കാണാനുള്ളത് ആഭ്യന്തര കലഹങ്ങളായിരുന്നു.
ഇറാഖില്‍ ഖവാരിജുകള്‍ കൊന്നും കൊലവിളിച്ചും മുന്നേറുകയാണ്. അമവികളുടെ നയങ്ങളെ പരസ്യമായി ചോദ്യം ചെയ്യുന്നവരുടെ പേക്കൂത്തുകള്‍ ഒരു ഭാഗത്ത്. മറെറാരു ഭാഗത്ത് ശബീബ് ബിന്‍ യസീദ് ശൈബാനിയുടെ മുന്നേററങ്ങള്‍. മറെറാരു ഭാഗത്ത് അസാരിഖുകളുമായി ഏററുമുട്ടലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഹല്ലബ് ബിന്‍ അബീ സ്വുഫ്‌റയുടെ നീക്കങ്ങള്‍. അങ്ങനെ ചെറുതും വലുതുമായ ആഭ്യന്തര കലഹങ്ങള്‍.
ഇറാഖിനുമപ്പുറത്താവട്ടെ ആവേശകരമായ കാഴ്ചകളാണ്. ഒരു ഭാഗത്ത് റോമാ സാമ്രാജ്യവുമായുള്ള മല്‍പ്പിടുത്തങ്ങള്‍. മറുഭാഗത്ത് തുര്‍ക്കികളുമായി അവരുടെ രാജാവ് റത്ബീലിനെതിരെയുള്ള യുദ്ധങ്ങളും നയതന്ത്രങ്ങളും. അതോടൊപ്പം ഇന്നും ജ്വലിച്ചുനില്‍ക്കുന്ന മഹാവിജയങ്ങളായ ശാമിലേയും ഈജിപ്തിലേയും ഖുറാസാനിലേയും തുര്‍ക്കുമാനിസ്ഥാനിലേയും വിജയങ്ങളുടെ പുകളുകളും. ശാമില്‍ പടവെട്ടി മുന്നേറുന്ന ഖാലിദ് ബിന്‍ വലീദും ഈജിപ്ത് കീഴടക്കുന്ന അംറ് ബിന്‍ ആസ്വും പേര്‍ഷ്യ കീഴടക്കുന്ന സഅ്ദ് ബിന്‍ അബീ വഖാസും സ്‌പെയിന്‍ കീഴടക്കുന്ന ത്വാരിഖ് ബിന്‍ സിയാദുമൊക്കെ നേടിയ മഹാവിജയങ്ങളായിരുന്നു ആ കുട്ടിക്ക് കേള്‍ക്കാനുണ്ടായിരുന്ന കഥകള്‍. 
അവയില്‍ നിന്നെല്ലാം ആ കുഞ്ഞുമനസ്സ് സ്വീകരിച്ചത് ഇസ്‌ലാമിക ജിഹാദിന്റെ വികാരങ്ങളായിരുന്നു. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വേണ്ടി പൊരുതുന്നത് ഒരു ആവേശമായി ആ മനസ്സ് കണ്ടു. മനസ്സിനുള്ളില്‍ ആ വികാരം അദ്ദേഹം നട്ടു. ഓമനിച്ച് ലാളിച്ച് അതിനെ വളര്‍ത്തി.
ഹജ്ജാജ് ബിന്‍ യൂസുഫ് ഇടക്കിടെ പിതൃവ്യനായ ഖാസിമിനെ കാണാന്‍ വരും. ഖാസിമിന്റെ വീട്ടില്‍ ഹജ്ജാജിന്റെ ശ്രദ്ധ പതിഞ്ഞ ഒരു കാര്യം വളര്‍ന്നുവരുന്ന മുഹമ്മദ് ബിന്‍ ഖാസിമിന്റെ മുഖമായിരുന്നു. ആ മുഖത്ത് ഒരു തെളിച്ചമുണ്ട്. ധീരതയുടെയും നിശ്ചയദാര്‍ഢ്യത്തിന്‍േറയും ലാഞ്ജനയുണ്ട്. ഹജ്ജാജ് ബിന്‍ യൂസുഫിന് ആ കുട്ടിയെ ഇഷ്ടമായി. പന്ത്രണ്ടു വയസ്സോളം മാത്രം പ്രായമാകുമ്പോള്‍ ഹജ്ജാജ് തന്റെ മനസ്സില്‍ ആ നാമം കുറിച്ചിട്ടു. മുഹമ്മദ് ബിന്‍ ഖാസിമിന്റെ നാമം.
ഇതിനിടെ ഹജ്ജാജ് ബിന്‍ യൂസുഫ് പുതിയ ഒരു നഗരം സ്ഥാപിക്കുവാന്‍ തീരുമാനിച്ചു. തന്റെ അധികാര പരിധിയില്‍ പുതിയ ഒരു നഗരം. ഭരണസിരാകേന്ദ്രം പുതിയ നഗരത്തിലേക്ക് മാറും. പ്രധാന സൈനിക താവളം അവിടെയായിരിക്കും. പ്രധാനപ്പെട്ട അമീറുമാരുടെയെല്ലാം വാസവും പ്രവര്‍ത്തനവും ഇനി അവിടെയായിരിക്കും. വാസിഥ് എന്നാണ് പുതിയ നഗരത്തിന്റെ പേര്‍. ആ കാലത്തെ എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും അവിടെ ഒരുക്കുന്നുണ്ട്. വലിയ തുകയാണ് പുതിയ നഗരത്തിന്റെ നിര്‍മ്മാണത്തിനായി ഖലീഫാ അബ്ദുല്‍ മലിക് ബിന്‍ മര്‍വ്വാന്‍ അനുവദിച്ചിരിക്കുന്നത്. 
ഹജ്ജാജ് തന്നെയാണ് നഗരനിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. നാട്ടില്‍ പ്രത്യേകിച്ചും ഇറാഖില്‍ പുതിയ നഗരത്തിനെതിരെ കടുത്ത പ്രതിഷേധങ്ങളുണ്ട്. പ്രധാനമായും കൂഫക്കാരും ബസ്വറക്കാരും പുതിയ ഒരു നഗരം വരുന്നത് ഇഷ്ടപ്പെടുന്നില്ല. അവരുടെ എതിര്‍പ്പുകളെ ഹജ്ജാജ് തീരെ ഗൗനിക്കുന്നേയില്ല. നഗരത്തിന്റെ പണി തീര്‍ന്നതും ഖാസിം ബിന്‍ മുഹമ്മദും കുടുംബവും അങ്ങോട്ടുമാറി. അതോടെ മുഹമ്മദ് ബിന്‍ ഖാസിം വാസിഥിലെത്തി. ഇനി ഇവിടെയാണ് വളരുന്നത് ഈ പന്ത്രണ്ടുകാരന്‍.
ബസ്വറയില്‍ പല വര്‍ഗക്കാരായ ജനങ്ങളെ കണ്ടുവളര്‍ന്ന മുഹമ്മദിന് വാസിത്വില്‍ നിരാശയായിരുന്നു ഉണ്ടായിരുന്നത്. ശക്തമായ കാവലിനുള്ളില്‍ ഹജ്ജാജിന്റെ കുടുംബാംഗങ്ങള്‍ മാത്രം കഴിയുന്ന സാഹചര്യം മടുപ്പുളവാക്കി. എങ്കിലും അധികാരകേന്ദ്രത്തോട് ഒന്നുകൂടി അടുത്തുനില്‍ക്കുന്നതിന്റെ സൗകര്യം മുഹമ്മദിനെ ആകര്‍ഷിച്ചു. അധികം വൈകാതെ ചില ഇമ്പമുള്ള വാര്‍ത്തകളെത്തി. യസീദ് ബിന്‍ മഹല്ലബ് നൈസുക് കോട്ട കീഴടക്കിയ വാര്‍ത്ത വലിയ വികാരത്തിലായിരുന്നു ആ കുട്ടി കേട്ടത്. അധികം വൈകിയില്ല മറെറാരു വാര്‍ത്ത കേട്ടു. അബ്ദുല്ലാഹി ബിന്‍ അബ്ദുല്‍ മലികിന്റെ നേതൃത്വത്തിലുള്ള സേന റോമാ സാമ്രാജ്യത്തിന്റെ കുഞ്ചിക സ്ഥാനങ്ങള്‍ കീഴടക്കിയെന്നതായിരുന്നു അത്. ഈ വാര്‍ത്തകളോരോന്നും ആ കുഞ്ഞുമനസ്സില്‍ ഇസ്‌ലാമിക ജിഹാദിന്റെ വികാരങ്ങള്‍ പാകി. ആ മനസ്സ് പറഞ്ഞു: 'എനിക്കും പോകണം, ഇസ്‌ലാമിനു വേണ്ടിയുള്ള ജിഹാദിന്..'.
അങ്ങനെ മനസ്സു പറയുമ്പോള്‍ തന്റെ പ്രായം മുഹമ്മദ് ഗൗനിച്ചതേയില്ല. പ്രായത്തില്‍ കവിഞ്ഞ ആത്മവിശ്വാസം ആ കുട്ടി നേടിക്കഴിഞ്ഞിരുന്നു. കുതിരപ്പുറത്തിരുന്ന് യുദ്ധക്കളങ്ങളിലൂടെ പറക്കുവാന്‍ കുട്ടി പഠിച്ചുകഴിഞ്ഞിരുന്നു. ആയോധന കലകളില്‍ അസാധാരണമായ പാഠവം നേടിക്കഴിഞ്ഞിരുന്നു. അതുകൊണ്ടെല്ലാം മുഹമ്മദ് ബിന്‍ ഖാസിം പ്രായത്തെ അവഗണിച്ചു.
പ്രായപൂര്‍ത്തിയിലെത്തിയതോടെ മുഹമ്മദ് ബിന്‍ ഖാസിം പടച്ചട്ടയണിഞ്ഞു. ആയുധങ്ങള്‍ അണിഞ്ഞു. ഒരു യോധാവായി രംഗത്തിറങ്ങിയ മുഹമ്മദിനെ ആദ്യമായി സൈനിക സേവനത്തിന് പടക്കളത്തിലേക്കയച്ചത് ഹജ്ജാജ് ബിന്‍ യൂസുഫായിരുന്നു. ഹജ്ജാജിന്റെ ശത്രുവായിരുന്ന അബ്ദുറഹ്മാന്‍ ബിന്‍ അശ്അസിനെതിരെ നടന്ന യുദ്ധനീക്കത്തിലായിരുന്നു മുഹമ്മദ് ബിന്‍ ഖാസിമിന്റെ ആദ്യ അരങ്ങേററം. പിന്നെ ദീറുല്‍ ജമാജിം എന്ന സംഘട്ടനത്തില്‍ ഹജ്ജാജിന്റെ കീഴില്‍ മറെറാരു അവസരവും. യുദ്ധക്കളത്തിലെ കന്നിക്കാരന്‍ അസാമാന്യമായ യുദ്ധപാഠവം കാണിക്കുന്നത് എല്ലാവരിലും കൗതുകമുയര്‍ത്തി. 
ആ യുദ്ധങ്ങളൊന്നും പക്ഷെ, ജയിച്ചോ തോറേറാ എന്നു പറയാനാകാത്ത യുദ്ധങ്ങളായിരുന്നു. വെറും സംഘട്ടനങ്ങളായി അവ കലാശിച്ചു. അതിനാല്‍ തന്നെ അവയില്‍ ധീരത കാട്ടിയവര്‍ ശ്രദ്ധിക്കപ്പെട്ടില്ല. മുഹമ്മദ് ബിന്‍ ഖാസിമെന്ന കുമാരനെ പക്ഷെ പലരും ശ്രദ്ധിച്ചു. എന്നാല്‍ മുഹമ്മദ് ബിന്‍ ഖാസിം സംതൃപ്തനായിരുന്നില്ല. അദ്ദേഹം ചിന്തിച്ചു. എന്താണ് ഈ സംഘട്ടനങ്ങളുടെ അര്‍ഥം. ആര്‍ക്കുവേണ്ടിയാണ് ഈ സംഘട്ടനങ്ങള്‍?. ഇത് തീര്‍ത്തും അല്ലാഹുവിന് വേണ്ടിയുള്ളതാണ് എന്നു പറയുവാന്‍ കഴിയുമോ?. ഇബ്‌നുല്‍ അശ്അസിനെ കൊന്നിട്ട് മുസ്‌ലിംകള്‍ക്ക് എന്തുനേട്ടം കിട്ടാനാണ്?. മുഹമ്മദ് ബിന്‍ മൂസായേയോ അബ്ദു റബ്ബഹുവിനെയോ ബുജൈര്‍ ബിന്‍ വര്‍ഖാഇനേയോ കൊന്നിട്ട് മുസ്‌ലിംകള്‍ക്ക് എന്തു കിട്ടാനാണ്?. ഒന്നും കിട്ടാനില്ല. കിട്ടാനുള്ളത് ഖലീഫക്കു മാത്രമാണ്. കിട്ടാനുള്ളത് ഹജ്ജാജ് ബിന്‍ യൂസുഫിനു മാത്രമാണ്. കാരണം അവരെ അവരുടെ മാത്രം കണ്ണിലെ കരടുകളാണല്ലോ.
അതേ സമയം ഇസ്‌ലാമിക ജിഹാദിന്റെ രണഭേരി അതിര്‍ത്തികളില്‍ നിന്ന് മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. അമവികള്‍ക്ക് നാട്ടില്‍ എന്തുപോരായ്മകളുണ്ടെങ്കിലും അവയെയൊക്കെ മറച്ചുപിടിക്കുന്ന മുന്നേററങ്ങളാണ് അവര്‍ ഇസ്‌ലാമിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാം വെറുതെ ഭൂമി പിടിച്ചടക്കുക മാത്രമല്ലല്ലോ, ആ ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് മാന്യമായ ഇഹലോക ജീവിതവും സുരക്ഷിതമായ അനന്ത്യ പരലോക ജീവിതവും ഉറപ്പുവരുത്തി അവിടെ സംസ്‌കരണം നിര്‍വ്വഹിക്കുകയാണ്. കേവലം ഭൂമി പിടിച്ചടക്കി അതിരുകള്‍ വികസിപ്പിക്കലല്ല ഇസ്‌ലാമിലെ ജിഹാദ്.
അമവികളുടെ ജിഹാദീ സേനയില്‍ ഉന്നതരായ താബിഉകളും സ്വാലിഹീങ്ങളുമാണ് പങ്കെടുക്കുന്നത്. അവരില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ക്ക് വല്ലാത്തൊരു വൈകാരിക ലഹരിയാണ്. ഖുതൈബ ബിന്‍ മുസ്‌ലിം തുര്‍ക്കിയില്‍ നിന്നാരം'ിച്ച മുന്നേററം ഏതാണ്ട് ചൈന വരെ എത്തിനില്‍ക്കുകയാണ്.മസ്‌ലമ ബിന്‍ അബ്ദുല്‍ മലികും സഹോദരങ്ങളും റോമാ സാമ്രാജ്യത്തിലൂടെ മുന്നേറുകയാണ്.
ആ മനസ്സ് സടകുടഞ്ഞു.അദ്ദേഹം പറഞ്ഞു: 'വേണ്ട, ഈ ആഭ്യന്തര പ്രശ്‌നങ്ങളിലേക്ക് ഇറങ്ങേണ്ട. അതില്‍ യാതൊരു അര്‍ഥവുമില്ല. തനിക്ക് ഇസ്‌ലാമിനു വേണ്ടി ജിഹാദ് ചെയ്യണം. മുസ്‌ലിംകള്‍ക്കുവേണ്ടി ജിഹാദ് ചെയ്യണം.'. അതിനുള്ള ഒരു അവസരത്തിനായി കൗമാരത്തിന്റെ വാതില്‍ക്കല്‍ മുഹമ്മദ് ബിന്‍ ഖാസിം പ്രാര്‍ഥനയോടെ കാത്തുനിന്നു. അംറ് ബിന്‍ ആസ്വിനും ത്വാരിഖ് ബിന്‍ സിയാദിനും സഅ്ദ് ബിന്‍ അബീ വഖാസിനും ഖുതൈബ ബിന്‍ മുസ്‌ലിമിനും വന്നതുപോലെ തന്റെയും അവസരം എന്ന പ്രതീക്ഷയില്‍.(തുടരും)

പ്രധാന അവലംബം:
ബത്വലുസ്സിന്ധ്. മുഹമ്മദ് അബ്ദുല്‍ ഗനീ ഹസന്‍ (ദാറുല്‍ മആരിഫ്, കൈറോ, ഈജിപ്ത്.)



 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter