സ്ത്രീധനത്തിന് കര്‍മ്മശാസ്ത്രപരമായി സാധുതയുണ്ടോ?

സ്ത്രീധനത്തിന്റെ കര്‍മ്മശാസ്ത്രവശം അപഗ്രഥനം ചെയ്യുന്ന ലേഖനപരമ്പരയുടെ രണ്ടാം ഭാഗം സ്ത്രീധനത്തിന്റെ ഇസ്‍ലാമിക കാഴ്ചപ്പാട് വിശദമാക്കുന്ന ഈ ലേഖനത്തിന്റെ ആദ്യഭാഗത്തെ ഇങ്ങനെ സംഗ്രഹിക്കാം. 1. പൂര്‍വ്വീക പണ്ഡിതരുടെ അഭിപ്രായത്തില്‍ സ്ത്രീധനമെന്നാല്‍ വിവാഹസമയത്ത് വരന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാത്രമല്ല. പില്‍ക്കാല ജീവിതത്തില്‍ നേര്‍ക്കുനേരെയോ അല്ലാതെയോ ഭാര്യയില്‍നിന്ന് ഭര്‍ത്താവിന് ലഭിക്കുന്ന ധനം അഥവാ മൂല്യം കൂടിയാണ്. സമൂഹത്തില്‍ വിവിധ രൂപ-ഭാവങ്ങളില്‍ നിലനില്‍ക്കുന്ന ഈ സമ്പ്രദായം, അതായത് ധനപ്രാപ്തിക്ക് വേണ്ടി വേളി കഴിക്കുന്നത് വിമര്‍ശനീയമായി (മദ്മൂം) ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ പറയുന്നു. 2. നബി തിരുമേനി (സ്വ) പ്രിയപുത്രിമാര്‍ക്ക് വിവാഹവേളകളില്‍ നല്കിയിട്ടുള്ള ആഭരണ-ഉപകരണങ്ങള്‍ ഹദീസിന്റെ നസ്സ്വില്‍ കാണുന്നതുപോലെ കേവലം ഉപഹാരങ്ങള്‍(ഹദ്‍യകള്‍) മാത്രമായിരുന്നു. അവിടുത്തെ ജാമാതാക്കള്‍ ഇത്തരം ഡിമാന്റുകള്‍ മുന്നോട്ട് വെക്കുന്നില്ല. 3. വിവാഹമെന്ന ഇടപാടിലോ അതിന് മുമ്പോ മഹ്റല്ലാത്ത ഒരു മൂല്യമോ മുതലോ കൈമാറാനുള്ള ആരുടെയെങ്കിലും തീരുമാനം ശരീഅത്ത് അംഗീകരിക്കാത്തതും അതിന് നിയമസാധുതയില്ലാത്തതുമാണ്. അങ്ങനെ കൈമാറുന്നതിനായുള്ള ഉടമ്പടിയും തീരുമാനവും ഒരു കച്ചവടത്തിന്റെ സ്വഭാവത്തെയാണ് കാണിക്കുന്നത്. ഇനി വിഷയവുമായി ബന്ധപ്പെട്ട മറ്റു തലങ്ങള്‍ ശ്രദ്ധിക്കാം. സ്ത്രീധനത്തെ അതീവ കാര്‍ക്കശ്യത്തോടെ സമീപിക്കണമെന്നും സാധ്യമാണെങ്കില്‍ അത് നിഷിദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ആശിക്കുന്ന നല്ലൊരു വിഭാഗം പണ്ഡിതന്മാരുണ്ട്. നിലനില്ക്കുന്ന സാമൂഹ്യസാഹചര്യത്തെ മാനവികതയുടെ പക്ഷത്ത് നിന്ന് നിരീക്ഷിക്കാനും ദീനീ സംസ്കാരത്തിന്റെ പൈതൃകം സമ്പൂര്‍ണ്ണമായി സ്വാംശീകരിച്ചുകൊണ്ട് അത്യാവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തുറക്കാനുമുള്ള യജ്ഞമാണ് അവരുടേത്. പ്രസ്തുത കാഴ്ചപ്പാടില്‍ സ്ത്രീധന സമ്പ്രദായവും അതിന്റെ പരിണിത ഫലങ്ങളും പ്രാഥമികമായിത്തന്നെ ശരീഅത് വ്യവസ്ഥിതിക്കും അതിനോടനുബന്ധമായി നികാഹ് എന്ന ഇസ്‍ലാമിക സംവിധാനത്തിനും എതിരാണ്. സ്ത്രീധനത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യമായി ചര്‍ച്ചക്ക് വരേണ്ടുന്ന സംഗതി ശരീഅതിന്റെ ലക്ഷ്യത്തെപ്പറ്റിയാണ്. ശരീഅത് ഉണ്ടായത് എന്തിനാണെന്ന് നിദാനശാസ്ത്രത്തില്‍ കൃത്യമായി വിശദീകരിച്ചിരിക്കുന്നു. ഉദാഹരണത്തിന് ഇമാം ശാത്വിബി ഇങ്ങനെ രേഖപ്പെടുത്തുന്നു. പരിശുദ്ധ ദീനിന്റെ അനുശാസനകള്‍, സൃഷ്ടികളിലൂടെ പുലര്‍ന്നുപോരേണ്ടുന്ന അതിന്റെ ഉദ്ദേശ സംരക്ഷണത്തിനുവേണ്ടിയുള്ളതാണ്. ഈ ഉദ്ദേശങ്ങളെ മൂന്ന് വിഭാഗമായി തരംതരിക്കാവുന്നതാണ്- അനിവാര്യമായതും ആവശ്യമായതും ആലങ്കാരികമായതും. അനിവാര്യമായതെന്നാല്‍ പരിശുദ്ധ ദീനിന്റെയും ദുന്‍യാവിന്റെയും മസ്‍ലഹതുകള്‍ നിലനിന്നുപോരുന്നതിന് അത്യന്താപേക്ഷിതമായതെന്നര്‍ത്ഥം. അതായത്, ശരീഅതിന്റെ അനുശാസനങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഐഹിക നന്മകള്‍ വ്യവസ്ഥാപിതമായി നിലനില്‍ക്കുമായിരുന്നില്ല. മനുഷ്യജീവിതം വിജയത്തിനുപകരം പരാജയ-സംഘര്‍ഷങ്ങളില്‍ എത്തിച്ചേരുമായിരുന്നു. ഈ അനിവാര്യതയെ അഞ്ച് ഘടകങ്ങളായി ശരീഅത്ത് അതിന്റെ നിയമവ്യാഖ്യാനത്തിലൂടെ സംരക്ഷിച്ചുപോരുന്നു. മതം, വ്യക്തിത്വം, സന്തതി പാരമ്പര്യം, ധനം, ബുദ്ധി എന്നിവയാണത്. പൂര്‍വ്വീകമായ എല്ലാ ശരീഅത്തുകളും ഈ കാര്യങ്ങള്‍ സംരക്ഷിച്ചുനിലനിര്‍ത്തിപ്പോന്നിരുന്നതായി പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. (1) നാളിതുവരെ ഉണ്ടായിത്തീര്‍ന്നിട്ടുള്ള ശരീഅതുകള്‍ മുഴുവന്‍ മനുഷ്യജീവിതത്തിന്റെ മതപരവും ഐഹികവുമായ സ്വസ്ഥതയും സ്വഛന്ദതയും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ജന്മം കൊണ്ടതെന്ന് സുദീര്‍ഘമായി എഴുതി സമര്‍ത്ഥിക്കുക്കയാണദ്ദേഹം. ശരീഅതിന്റെ പൊതുവായ ഈ ഉദ്ദേശ്യം, പരിശുദ്ധ കര്‍മ്മശാസ്ത്രം ഓരോ അധ്യായങ്ങളിലും ഒളിച്ചും തെളിച്ചും വരച്ചുവെക്കുകയാണ് ചെയ്യുന്നത്. ഒരു പക്ഷേ, അതിവിശദമായ വിധിവിലക്കുകളേക്കാള്‍, കര്‍മ്മശാസ്ത്രത്തിന്റെ പഠിതാക്കലെ ക്രാന്തദര്‍ശികളാക്കുന്നത് മസാലിഹ്-മഖാസ്വിദുകളെപ്പറ്റിയുള്ള ആ വിവരണങ്ങളായിരിക്കും. കാരണം, ഫിഖ്ഹിന്റെ സ്വഭാവങ്ങളെ പറ്റി ഏറിയും കുറഞ്ഞും തങ്ങളുടേതായ അനുമാനങ്ങളും മുന്‍കരുതലുകളുമെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നത് ആ മര്‍മ്മങ്ങളാണ്.ഒരു ഉദാഹരണത്തിന് വേണ്ടി പറഞ്ഞാല്‍, മഹാനായ ഇബ്നുഹജര്‍ (റ)വിന്റെ തുഹ്ഫ കര്‍മ്മശാസ്ത്രപരമായ സുദീര്‍ഘ വിവരണങ്ങള്‍ക്കൊപ്പം നിദാനശാസ്ത്രത്തിന്റെ ചര്‍ച്ചാമേഖലയായ, മഖാസ്വിദുകള്‍, ഉസ്വൂല്‍ ഇലലുകള്‍ തുടങ്ങിയ പ്രമാണങ്ങളാല്‍ സമൃദ്ധമാണ്. വിവാഹത്തിന്റെ കാര്യത്തില്‍, ശരീഅത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും ഏതൊക്കെയാണെന്ന് നമ്മുടെ ഫിഖ്ഹീഗ്രന്ഥങ്ങള്‍ പ്രസ്തുത അധ്യായത്തില്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ആദ്യമായി, മനുഷ്യന്റെ ലൈംഗിക പ്രവൃത്തികളെ ശരീഅത് രണ്ടായി തരംതിരിച്ചിരിക്കുന്നു. ഒന്ന് നികാഹും രണ്ടാമത്തേത് സിഫാഹും. വിവിധ ചരിത്ര സന്ദര്‍ഭങ്ങളില്‍ നിലനിന്നിരുന്ന, ശരീഅത് അംഗീകരിക്കാത്തതും വ്യത്യസ്ത രൂപത്തിലുള്ളതുമായ ലൈംഗിക പ്രവര്‍ത്തനമാണ് സിഫാഹ്. അത്തരം ലൈംഗിക വൃത്തികേടുകള്‍ നിഷിദ്ധമാക്കുന്നതോട് കൂടി സന്താനോല്‍പാദനത്തിന്റെ ഏകവും അനുവദനീയവുമായ മാര്‍ഗ്ഗമാണ്, ശരീഅതിനെ സംബന്ധിച്ചിടത്തോളം നികാഹ്. അനുവദനീയമാണെന്നതിനാല്‍ ഐഛികം മാത്രമെന്ന് ധരിക്കരുതെന്നും പവിത്രമായ ലക്ഷ്യങ്ങളോടെ അത് (നികാഹ്) നടത്തിപ്പോരുമ്പോള്‍ പ്രതിഫലാര്‍ഹമായ മഹനീയ കര്‍മ്മമായിത്തീരുമെന്നും ഇമാം നവവി(റ)യുടെ ഫത്‍വ ഉദ്ധരിച്ചുകൊണ്ട് തുഹ്ഫ പറയുന്നതുകാണാം. അതിനാല്‍ സ്വഭാവം കൊണ്ട് വ്യവഹാരമാണെങ്കില്‍തന്നെയും ഇബാദത്തിനോട് താദാത്മ്യപ്പെടുന്ന കാര്യത്തില്‍ സമാനതയില്ലാത്തത് എന്ന് നികാഹിനെ വിശകലനം ചെയ്തിരിക്കുന്നു തുഹ്ഫ.(2) നികാഹിന് നിയമാവിഷ്കാരം നല്‍കുമ്പോള്‍ ശരീഅത് പരിഗണിച്ചിട്ടുള്ള സാമൂഹികവും ശാരീരികവും ലൈംഗികവുമായ വശങ്ങളെ ഫിഖ്ഹ് വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യവംശത്തിന്റെ വര്‍ദ്ധനവ്, ലൈംഗിക ആസ്വാദനം, സ്നേഹ-സഹകരണങ്ങള്‍ക്കുവേണ്ടി കുടുംബങ്ങളുടെ ഒത്തുചേരല്‍, ആശയപരമായ ഐക്യം, ഇണകളുടെ സേവന-സാന്ത്വനങ്ങള്‍ (3) തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ത്തന്നെ, ഭര്‍ത്താവിന്റെ സാമ്പത്തികമായ നേട്ടത്തെപ്പറ്റി ഗ്രന്ഥങ്ങള്‍ തികഞ്ഞ മൌനത്തിലാണ്. നികാഹിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍ ഇത്രയും കാര്യങ്ങളില്‍ നിര്‍ണ്ണിതവും നിക്ഷിപ്തവുമാണെന്ന് കര്‍മ്മശാസ്ത്രം അവസാനവാക്ക് പറഞ്ഞിട്ടില്ലെന്ന് താര്‍ക്കിക യുക്തിയോട് കൂടി എതിര്‍വാദം ഉന്നയിക്കാവുന്നതാണ്. പക്ഷേ, നമ്മെ സംബന്ധിച്ചിടത്തോളം ഒരാളുടെ അഥവാ ഭാര്യയുടെ, ഭാര്യാപിതാവിന്റെ ധനം ചോദിച്ചും നിര്‍ബന്ധിച്ചും വാങ്ങുന്നതിന്, ഉപയോഗിക്കുന്നതിന് ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍കൂടി ന്യായം കണ്ടെത്തേണ്ടിയിരിക്കുന്നു. അതാണല്ലോ, അടിസ്ഥാനപ്രശ്നം. വിവാഹം എന്ന സാമൂഹികവും ലൈംഗികവുമായ ആവശ്യത്തെ സാമ്പത്തിക തൃഷ്ണയോടുകൂടി ദുരുപയോഗം ചെയ്യുന്നതിനെതിരെ കര്‍മ്മശാസ്ത്രം ജാഗരൂഗമാണ് എന്ന് തന്നെയാണ് കാണാന്‍ കഴിയുന്നത്. ഈ വിഷയം നേര്‍ക്കുനേരെ ചര്‍ച്ചക്ക് വരുന്ന സന്ദര്‍ഭമാണ് സ്ത്രീകള്‍ അധികമായി മഹ്റ് ചോദിക്കുന്ന (മുഗാലാത്ത് ഫില്‍മഹ്റ്) വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍. സൂറത് നിസാഇലെ വാക്യം 20 എത്ര വലിയ ധനം മഹ്റായി നല്‍കിയാലും (ഖിന്‍ത്വാറ് എന്ന പദമാണ് വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളത്. പ്രസ്തുത പദത്തെപ്പറ്റിയുള്ള ബൃഹദാഖ്യാനങ്ങള്‍ക്ക് തഫ്സീറുകള്‍ പരതാം) വിവാഹമോചനം നടത്തിയാല്‍ അത് തിരിച്ചുവാങ്ങരുതെന്ന് വിശുദ്ധ ഖുര്‍ആന്‍ നിഷ്കകര്‍ശിക്കുന്നു. മഹ്റ് വര്‍ദ്ധിപ്പിക്കുന്ന രീതിക്കെതിരെ ഉമര്‍(റ) സംസാരിച്ചപ്പോള്‍, ഈ ആയതിന്റെ പ്രത്യക്ഷമായ അര്‍ത്ഥം പിടിച്ചുകൊണ്ടാണ് ഒരു ഖുറൈശി സ്ത്രീ ചോദ്യം ചെയ്തത്. സ്ത്രീയുടെ അഭിപ്രായം ശരിയും പുരുഷന്‍റേത് തെറ്റുമായിരിക്കുന്നു, എല്ലാവര്‍ക്കും ഉമറിനേക്കാള്‍ വിവരമുണ്ട് തുടങ്ങിയ പരാമര്‍ശങ്ങളാണ് ആ സദസ്സില്‍ വെച്ച് ഉമര്‍(റ) നടത്തിയതായി നിരവധി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണുന്നതും. പക്ഷേ, മഹ്റിനെപ്പറ്റിയുള്ള അഭിപ്രായത്തില്‍, മഹാനായ ഉമര്‍(റ)ന് സത്യമായും പിഴവ് പറ്റിയിട്ടുണ്ടോ? വിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാതാക്കളും ഫുഖഹാഉം ഈ വിഷയത്തില്‍ എന്ത് നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ളത്?. പ്രസ്തുത ആയതിന്റെ വ്യാഖ്യാനങ്ങളും ഈ സംഭവം വിവരിക്കുന്ന ഹദീസ് ഗ്രന്ഥങ്ങളും ശ്രദ്ധിക്കുമ്പോള്‍ മനസ്സിലാകുന്നത്, 400 ദിര്‍ഹമില്‍ ഉയര്‍ന്ന മഹ്റിനെ നിര്‍ണ്ണിതപ്പെടുത്തിയതില്‍നിന്ന് പിന്മാറുക മാത്രമാണ് ഉമര്‍(റ) ചെയ്തിട്ടുള്ളത് എന്നാണ്. ഒരു ഭരണാധിപന്‍ ഏകപക്ഷീയമായി മാര്‍ക്കറ്റില്‍ വില നിശ്ചയിച്ചാല്‍ അതിന് നിയമസാധുതയില്ലാത്തത് പോലെത്തന്നെ. അതേ സമയം, നിയന്ത്രണമില്ലാത്ത വിധം മഹ്റ് ഉയര്‍ത്തരുതെന്ന അഭിപ്രായം തന്നെയാണ് ഏകകണ്ഠമായി നമ്മുടെ ഫുഖഹാഅ് (ഉമര്‍(റ)വിന്റെ ഉദ്ദേശ്യത്തിന് സമാനമായിത്തന്നെ) പറഞ്ഞ് വെച്ചിട്ടുള്ളത്. ഇമാം റാസിയാകട്ടെ, ഒരു പടി കൂടി മുന്നോട്ട് കടന്ന് പ്രസ്തുത ആയതില്‍ (നിസാഅ് 20) മഹ്റിന്റെ വര്‍ദ്ധനവിന് അനുകൂലമായ സാക്ഷ്യപ്പെടുത്തല്‍ തന്നെ ഇല്ലെന്നും പ്രസ്തുത പരാമര്‍ശം ഒരു സാങ്കല്പിക നിബന്ധന (അണ്‍റിയല്‍ കണ്ടീഷന്‍) മാത്രമാണെന്നും പറഞ്ഞുവെച്ചിരിക്കുന്നു.(4) തുഹ്ഫയാകട്ടെ, ഉമര്‍(റ)ന്റെ ഒരു പരാമര്‍ശം ഇപ്രകാരമുദ്ധരിക്കുന്നു, മഹ്റ് വര്‍ദ്ധനകൊണ്ട് ഐഹികമായ ആദരണീയതയോ ഭക്തിയോ ലഭ്യമാകുമെങ്കില്‍ നബി (സ്വ) ആ കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുമായിരുന്നുവെന്നും (5) മുഗ്നിയില്‍ ഉര്‍വ എന്നവരുടെ പരാമര്‍ശമായി, സ്ത്രീയുടെ ഒന്നാമത്തെ ശാപം അവളുടെ മഹ്റ് വര്‍ദ്ധനയാണെന്നും ചേര്‍ത്തിരിക്കുന്നു. (6) ചുരുക്കത്തില്‍, മഹ്റ് വര്‍ദ്ധന നല്ലതല്ലെന്നും കറാഹതാണെന്നും കിതാബുകള്‍ വിശദമാക്കുന്നു. വിവാദമില്ലാത്തതും സര്‍വ്വാംഗീകൃതവുമായ ഈ മഹ്റ് വിഷയത്തെ സ്ത്രീധന വിഷയത്തിലേക്ക് കൊണ്ടുവന്നത് ഒരൊറ്റ ഉദ്ദേശ്യത്തോടുകൂടിയാണ്. മഹ്റിന്റെ വര്‍ദ്ധനവ് എന്തുകൊണ്ട് പാടില്ല എന്ന് ഫിഖ്ഹ് വ്യക്തമാക്കുന്നത് നമ്മുടെ കണ്ണ് തുറപ്പിക്കുന്നത് തന്നെ. സ്ത്രീകളുടെ മഹ്റ് നിങ്ങള്‍ വര്‍ദ്ധിപ്പിക്കരുത് എന്ന ഉമര്‍(റ)വിന്റെ പരാമര്‍ശത്തിന് നിഹായ ഇങ്ങനെ വ്യാഖ്യാനം നല്‍കുന്നു. അതായത്, സ്ത്രീകളുടെ സ്വാഭാവിക മഹ്റില്‍ കൂടുതല്‍ ആവശ്യപ്പെട്ട് ഭര്‍ത്താക്കന്മാര്‍ക്ക് പ്രയാസം വരാവുന്ന രീതിയില്‍ വര്‍ദ്ധിപ്പിക്കരുത് എന്ന് താല്‍പര്യം. (7) ശര്‍വ്വാനിയിലും ഇത് തന്നെ ആവര്‍ത്തിച്ചിരിക്കുന്നു (8) വിവാഹം എന്ന ഇടപാടിന്റെ സുതാര്യതയും ലാളിത്യവും നഷ്ടപ്പെടുത്താവുന്ന രീതിയില്‍, വരന്ന് സാമ്പത്തിക പ്രതിസന്ധി വരുത്തുന്ന രൂപത്തില്‍ മഹ്റ് വര്‍ദ്ധിപ്പിക്കാന്‍ പാടില്ലെന്ന് പറയുന്നതിനെ, അതേ ന്യായത്തെ സ്ത്രീധനവിഷയത്തിലേക്കും ബാധകമാക്കിയെടുക്കാന്‍ കഴിയില്ലേ? ഈ ചോദ്യത്തിന് മറുപടി പറയേണ്ടത് മദ്ഹബിന്റെ അടിസ്ഥാനത്തില്‍ ഫത്‍വകള്‍ നല്‍കാന്‍ യോഗ്യതയുള്ളവരാണ്. കാരണം, ഒരു ഫത്‍വ നല്കാന്‍ കെല്‍പുള്ള മുജ്തഹിദായ മുഫ്തിയുടെ റോള്‍ എന്തായിരിക്കുമെന്ന് ഇമാം നവവി(റ) ശറഹുല്‍മുഹദ്ദബില്‍ രേഖപ്പെടുത്തിയിരിക്കുന്നു(9). മുജ്തഹിദായ മുഫ്തി എന്ന് ഇമാം നവവി(റ) പറയുന്നത് ആരെപ്പറ്റിയാണ് എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. മദ്ഹബിലെ നഖ്‍ലുകള്‍ അഥവാ ഉദ്ധരണികള്‍ കൃത്യമായി മനസ്സിലാക്കുകയും എന്നാല്‍ അതിനാവശ്യമായ തെളിവുകള്‍ നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന പണ്ഡിതനെയാണ് ഇമാം നവവി ഉദ്ദേശിക്കുന്നത്. അതായത്, വിഷയ സംബന്ധമായ വിധികള്‍ അദ്ദേഹത്തിനറിയാം. എന്നാല്‍ ആ വിധികളിലേക്ക് നയിച്ച ശറഈ തെളിവുകളെ പൂര്‍ണ്ണമായി വിശകലനം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇത്രയും ചെയ്യാന്‍ കഴിയാത്തവര്‍ ഫത്‍വയേ നല്‍കരുതെന്നും കേവലം ഗ്രന്ഥങ്ങളുടെ ഉദ്ധരണികള്‍ മാത്രം പകര്‍ത്തിയെഴുതുന്നവര്‍ മുഫ്തിയാകില്ലെന്നും അദ്ദേഹം തന്നെ സമര്‍ത്ഥിക്കുന്നുണ്ട്(10). അദ്ദേഹം പറയുന്ന കാരണം, ഒന്നോ രണ്ടോ അതില്‍ കൂടുതലോ ഗ്രന്ഥങ്ങളെ മാത്രം നോക്കിയാല്‍ മദ്ഹബിലെ പ്രബലാഭിപ്രായം മനസ്സിലായിക്കൊള്ളണമെന്നില്ല എന്നത്രെ. ഈ കാലഘട്ടത്തില്‍ പണ്ഡിതന്മാര്‍ക്കിടയിലുള്ള രാഷ്ട്രീയപരവും മറ്റുമായ വിവാദങ്ങള്‍ക്കുപകരം കഴിഞ്ഞ തലമുറയിലുണ്ടായിട്ടുള്ള വിവാദങ്ങള്‍ മിക്കവാറും ഫത്‍വകള്‍ സംബന്ധമായിരുന്നു. രണ്ടു പണ്ഡിതന്മാര്‍ രണ്ട് രീതിയില്‍ ഫത്‍വകള്‍ നല്‍കിയിരുന്ന സംഭവങ്ങള്‍ നിരവധിയുണ്ടായിരുന്നു. ഈ രണ്ടാളുകളും ഒരേ കിതാബുകള്‍ അവലംബിക്കുമ്പോള്‍ തന്നെ ഫത്‍വകളില്‍ വന്നിരുന്ന വ്യത്യാസം പൌരാണികരുടെ അഭിപ്രായങ്ങളെ തങ്ങളുടെ പക്കലുള്ള ന്യായാന്യായങ്ങള്‍ക്ക് വിധേയമായി നിര്‍ദ്ധാരണം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് വ്യക്തം. ഫത്‍വകളുടെ കഥകളില്‍നിന്ന് നമുക്ക് സ്ത്രീധനത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് മടങ്ങിവരാം. അറേബ്യന്‍ സമൂഹങ്ങളില്‍ സ്ത്രീകള്‍ മഹ്റ് വര്‍ദ്ധിപ്പിച്ചുകൊണ്ട് വിവാഹം ചെയ്യാനുദ്ദേശിക്കുന്ന യുവാക്കളെ പ്രതിസന്ധിയിലാക്കുന്നതിനെ, അതു സംബന്ധിച്ച ശറഈ കാഴ്ചപ്പാടിനെ, കേരളീയ അഥവാ ഭാരതീയ സമൂഹങ്ങളില്‍, പുരുഷധനമായ അഥവാ പുരുഷന് കിട്ടുന്നതായ സ്ത്രീധനത്തിലേക്കും അതിന്റെ വിധികളിലേക്കും ബാധകമാക്കാന്‍ കഴിയുമോ എന്നതാണ് വിഷയം. dowry2 തീര്‍ച്ചയായും മഹ്റിന്റെ മതപരമായ അംഗീകാരവും സ്റ്റാറ്റസും സ്ത്രീധനത്തിന് കിട്ടാന്‍പോകുന്നില്ല എന്ന് നമുക്കറിയാം. കാരണം, മഹ്റില്ലാതെ വിവാഹത്തിന് തന്നെ സാധുതയില്ല. പരിശുദ്ധ ഖുര്‍ആന്‍ മഹ്റിനെപ്പറ്റി ഇങ്ങനെ പറയുന്നു, സ്ത്രീകള്‍ക്ക് അവരുടെ മഹ്റുകള്‍ നിങ്ങള്‍ മനസ്സംതൃപ്തിയോടെ നല്‍കുക. (നിസാഅ് 4). ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ള നിഹ്‍ല എന്ന ബഹുമുഖ അര്‍ത്ഥതലങ്ങളുള്ള വാക്കിന്റെ പരിമിതമായ തര്‍ജ്ജമയാണ് മനസംതൃപ്തിയോടെ എന്നത്. തഫ്സീര്‍ ബൈളാവിയില്‍, പകരം യാതൊന്നും പ്രതീക്ഷിക്കാതെയും മനപ്പൊരുത്തത്തോടുകൂടിയും എന്നാണ് (عن طيب نفس بلا توقع عوض) അര്‍ഥം നല്‍കീട്ടുള്ളത്. ഈ ഭാഗത്ത് ഇമാം റാസിയുടെ വ്യാഖ്യാനവും ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നത്, മഹ്റ് പ്രതിഫലേഛയില്ലാതെ പുരുഷന്റെ ഔദാര്യവും സ്ത്രീക്ക് പ്രത്യേകമായുള്ള അല്ലാഹുവിന്റെ ഔദാര്യവുമാണ് എന്നത്രെ. പുരുഷന്റെ ഔദാര്യമെന്ന് പറയുന്നത്, മഹ്റിന് പകരമായി സ്ത്രീയില്‍നിന്ന് യാതൊന്നും അവന്‍ സ്വീകരിക്കുന്നില്ല എന്നാകുന്നു. ലൈംഗികബന്ധം അനുവദനീയമാകുകയെന്നാല്‍ സ്ത്രീ ശരീരത്തിന്റെ ഉടമാവകാശം കൈക്കലാക്കുക എന്ന് അര്‍ഥമില്ല. വീണ്ടും അല്ലാഹുവിന്റെ ഔദാര്യമെന്ന് പറയുമ്പോള്‍, വിവാഹത്തിന്റെ രണ്ട് പ്രയോജനങ്ങളായ സന്താനോല്പാദനവും ലൈംഗികബന്ധവും രണ്ട് പേര്‍ക്കും -സ്ത്രീക്കും പുരുഷന്നും- സമ്മിശ്രമാണ്. എന്നിട്ടും പുരുഷനോട് സ്ത്രീക്ക് മഹ്റ് കൊടുക്കാന്‍ ശരീഅത് പറയുന്നു. മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളില്‍ സ്ത്രീധനത്തെ ചില താരതമ്യങ്ങള്‍ക്ക് വിധേയമാക്കാറുണ്ട്. ഉദാഹരണത്തിന്, വിവാഹ നിശ്ചയസമയത്ത്, വരന്റെ പക്ഷത്ത്നിന്നുള്ളവര്‍ ഞങ്ങള്‍ പത്ത് പവന്‍ മഹ്റ് കൊണ്ടുവരുമെന്ന് പറയാറുണ്ട്. ഇതിന്റെ വ്യംഗ്യാര്‍ത്ഥം നൂറുപവന്‍ ആഭരണമായി പെണ്ണിന് നല്‍കണമെന്നാണ്. ഈ കാര്യത്തില്‍ വിസമ്മതമുണ്ടെങ്കില്‍ തങ്ങളുടെ നിലപാട് എന്താണെന്ന് സ്ത്രീയുടെ പക്ഷം വ്യക്തമാക്കുകയാണ് പതിവ്. ഉദാഹരണത്തിന്, നിങ്ങള്‍ മഹ്റ് എത്ര കൊണ്ടുവന്നാലും ഞങ്ങള്‍ ഇത്രയേ നല്‍കുകയുള്ളൂ, മൂത്തമകള്‍ക്ക് ഇത്രയാണ് നല്‍കിയത് തുടങ്ങിയ എതിര്‍വാദങ്ങളുയര്‍ത്തുന്നു. മഹ്റ് സ്ത്രീധനത്തിന്‍റെ പ്രതീകമായി വരുന്നതുപോലെത്തന്നെ, വിലകൂടിയ വിവാഹവസ്ത്രങ്ങളും മഹ്റും വാങ്ങുന്നതിനുള്ള ഒരു പരിഹാരമായും സ്ത്രീധനത്തെ വിലയിരുത്താറുണ്ട്. സത്യത്തില്‍ ഇങ്ങനെയൊരു കാഴ്ചപ്പാട് വച്ചുപുലര്‍ത്താന്‍ ശരീഅത് സമ്മതിക്കുന്നുണ്ടോ?. നിങ്ങള്‍ക്ക് ശേഷിയുണ്ടെങ്കില്‍ വിവാഹം കഴിക്കുക എന്നാണ് നബി(സ്വ) പറഞ്ഞിട്ടുള്ളത്(11). ഇവിടെ ബാഅത് എന്ന പദത്തിന് ഫിഖ്ഹ് അര്‍ത്ഥം നല്കീട്ടുള്ളത്, വിവാഹ ആവശ്യങ്ങള്‍ക്കുള്ള ചെലവും ലൈംഗിക ശേഷിയുമെന്ന് കാണുന്നു(12). കുറേകൂടി വിശദമായി അഥവാ, സ്ത്രീക്ക് വേണ്ടി പാര്‍പ്പിടം, ആഹാരം, വസ്ത്രം തുടങ്ങിയ ജീവസന്ധാരണത്തോടും നിത്യോപയോഗത്തോടും ബന്ധപ്പെട്ട കാര്യങ്ങളെ പൊതുവായി ഉഹ്ബത് അഥവാ സജ്ജീകരണം എന്നും ഫിഖ്ഹ് വിളിച്ചുപോരുന്നു. അപ്പോള്‍ ഒരാള്‍ക്ക് മഹ്റോ അനുബന്ധമായ ചെലവുകളോ വഹിക്കാന്‍ കഴിയാതെ വന്നാല്‍ എന്തുചെയ്യണം? . വിവാഹത്തിന്റെ അധ്യായത്തിന്റെ ആരംഭത്തില്‍തന്നെ കര്‍മ്മശാസ്ത്രം ഈ വിഷയം ചര്‍ച്ചക്കെടുക്കുന്നു. നബി(സ്വ) നിര്‍ദ്ദേശിച്ചിട്ടുള്ളത് പോലെ അവന്‍ വ്രതമെടുത്തുകൊണ്ട് രതിയുടെ അഭിനിവേശത്തിന് പരിഹാരം തേടണം. അങ്ങനെ പരിഹരിക്കപ്പെടുന്നില്ലെങ്കിലോ? . യാതൊരു കാരണവശാലും അവന്‍ ഷണ്ഡീകരണത്തിലേക്ക് നീങ്ങരുതെന്ന് ഫിഖ്ഹ് പറയുന്നു. തന്റെ കൈവശം സ്ത്രീക്ക് മഹ്റായി യാതൊന്നും നല്‍കാനില്ല എന്ന് പറഞ്ഞ സഹ്‍ലുബ്നുസഅദില്‍ അന്‍സ്വാരി(റ) എന്ന സ്വഹാബിയോട് നബി പറഞ്ഞ മറുപടി പ്രസിദ്ധമായ ഹദീസ് ഗ്രന്ഥങ്ങളിലൊക്കെയുണ്ട്. ഒരു ഇരുമ്പു മോതിരമെങ്കിലും കിട്ടുമോ എന്ന് അന്വേഷിക്കുക. അതായത്, മഹ്റായി ഭാര്യക്ക് കൊടുക്കാന്‍ പറ്റുന്ന എന്തെങ്കിലും തരാനുണ്ടോ എന്ന് ജനങ്ങളോട് ചോദിക്കുകയെന്ന് താല്പര്യം(13). ഈ വിഷയത്തില്‍ ഫിഖ്ഹ് ക്രമം നിശ്ചയിച്ചിട്ടുള്ളത് ഇപ്രകാരമാണെന്ന് തോന്നുന്നു. ഒരാള്‍ക്ക് മഹ്റും അനുബന്ധ ചെലവുകളും ഏറ്റെടുത്ത് വിവാഹം ചെയ്യാന്‍ കഴിയാതെ വന്നാല്‍ വ്രതമനുഷ്ഠിച്ച് തന്റെ അഭിനിവേശം ശമിപ്പിക്കുക. അതുകൊണ്ട് പരിഹാരമായില്ലെങ്കില്‍, മരുന്നും മറ്റും കഴിച്ച് ഷണ്ഡീകരണത്തിലേക്ക് പോകാതെ, വിവാഹം ചെയ്യുകയും സ്ത്രീക്ക് കൊടുക്കാവുന്ന മഹ്റ് സ്വമേധയാ (ദിമ്മത്തില്‍) ഏറ്റെടുക്കുകയും ചെയ്യുക. അതിനും ഭാര്യ തയ്യാറായില്ലെങ്കില്‍, മറ്റുള്ളവരില്‍നിന്ന് കടമായി സ്വീകരിക്കാനോ മറ്റുവല്ല മാര്‍ഗ്ഗങ്ങളും അവലംബിക്കാനോ അവനോട് ആവശ്യപ്പെടാം(14). എന്നാല്‍ കടം വാങ്ങാമെന്ന് പറയുമ്പോള്‍തന്നെ, ഒരാള്‍ കടം വാങ്ങുന്നതും ഉപയോഗിക്കുന്നതും വളരെ ശ്രദ്ധിച്ചുവേണമെന്ന് ഫിഖ്ഹ് പറയുന്നു. സ്ത്രീധനം, വരന്‍ ബന്ധുവീട്ടില്‍നിന്ന് വാങ്ങുന്ന കടമാണെന്ന് കരുതുന്നവരുണ്ട് എന്ന് തോന്നുന്നു. ഏതെങ്കിലും ഒരു ഫിഖ്ഹീ ഗ്രന്ഥത്തിന്റെ പ്രാഥമികവായനയില്‍ തന്നെ തള്ളിക്കളയാന്‍ മാത്രം ബാലിശമാണെന്ന് ആ വാദമെന്ന് തോന്നുന്നു. നിര്‍ണ്ണിതമായ സാഹചര്യത്തില്‍ തിരിച്ചുനല്‍കാമെന്നുള്ള ഉറപ്പോടുകൂടെയും അനിവാര്യമായ സാഹചര്യത്തിലും മാത്രമേ കടം വാങ്ങാന്‍ പാടുള്ളൂവെന്നും അല്ലാത്തപക്ഷം നിഷിദ്ധമാണെന്നും ഫിഖ്ഹ് വ്യക്തമായി പറഞ്ഞുവെച്ചിരിക്കുന്നു(15). സ്ത്രീധനത്തെപറ്റിയുള്ള ശരീഅതിന്റെ കാഴ്ചപ്പാട് കുറച്ച് കൂടി വിശദീകരണമര്‍ഹിക്കുന്നു. അതിലേക്ക്പ്രവേശിക്കും മുമ്പ് ഇതുവരെയെഴുതിയത് ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്, സ്ത്രീധനസമ്പ്രദായം ശരീഅതിന്റെ പൊതുവായതും നികാഹിന്റെ പ്രത്യേകമായതുമായ മഖാസിദ്-മസാലിഹുകള്‍ക്ക് നിരക്കുന്നതാണെന്ന് പറയാന്‍ വയ്യ. രണ്ട്, സാമ്പത്തിക ബാധ്യതകള്‍ വരാവുന്ന രീതിയില്‍ വൈവാഹിക ഇടപാടിനെ സങ്കീര്‍ണ്ണമാക്കാന്‍ ഫിഖ്ഹിന് താല്പര്യമില്ല. മൂന്ന്, സാമ്പത്തികമായ നിര്‍വ്വാഹമില്ലായ്മ സ്ത്രീധനത്തിന് ന്യായീകരണമാകുന്നില്ല. (ലേഖനം അവസാനിക്കുന്നില്ല) 1. അല്‍മുവാഫഖാത്: 2/17-20 2. തുഹ്ഫ: 7/181, 183 3. وفائدته حفظ النسل وتفريغ ما يضر حبسه واستيفاء اللذة والتمتع – تحفة: 7/183 ومقاصده لا تنحصر في الوطء بل بحث جمع ندبه لحاجة صلة وتآس وخدمة ـ تحفة: 7/186 ان المقصود من النكاح التناسل المتوقف على الوطء ـ جمل: 8/223 اتصال القبائل لأجل التعاضد والمعاونة واجتماع الكلمة ـ مغني: 3/127 4. റാസി: 10/12, ഇബ്നുകസീര്‍ : 1/422, ഖുര്‍തുബി: 5/66 5. തുഹ്ഫ: 7/276 6. മുഗ്നി: 3/127 7. നിഹായ: 5/409 8. തുഹ്ഫ: 7/376 9. ശറഹുല്‍മുഹദ്ദബ്: 1/77 10. ശറഹുല്‍മുഹദ്ദബ്: 7/81 11. من استطاع منكم الباءة فليتزوج ـ 12. هي مؤن النكاح وقدرة الجماع ـ جمل: 3/119 13. اي اطلب من الناس شيئا تجعله صداقا ـ حاشية الجمل: 4/240 14. ഹാശിയതുല്‍ജമല്‍: 3/119 15. ഫത്ഹുല്‍മുഈന്‍: 341

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter