ഭാര്യമാരുടെ അവകാശങ്ങള്‍

ഭാര്യമാര്ക്ക് ഭര്‍ത്താക്കന്മാരോട് ബാധ്യതകള്‍ ഉള്ളതുപോലെ അവര്‍ക്ക് പല അവകാശങ്ങളുമുണ്ട്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവ ഭാര്യമാരുടെ അവകാശങ്ങളാണ്. ഇവ കിട്ടിയില്ലെങ്കില്‍ കണക്കുകൂട്ടി വകവെച്ച് വാങ്ങാനുള്ള അവകാശവും അവര്‍ക്കുണ്ട്. കടബാധ്യതകള്‍ പോലെ ഏതവസരത്തിലും അത് വാദിച്ചു വാങ്ങാന്‍ അവള്‍ക്ക് കഴിയും. അബൂസുഫ്‌യാന്‍(റ)വിന്റെ ഭാര്യ ഹിന്ദ് ഒരിക്കല്‍ റസൂല്‍(സ)യുടെ അരികില്‍ വന്നു ഇപ്രകാരം പരാതിപ്പെട്ടു: ''അബൂസുഫ്‌യാന്‍ ലുബ്ധനായ ആളാണ്. എനിക്കും എന്റെ കുട്ടിക്കും അദ്ദേഹം ചെലവ് നല്‍കുന്നില്ല. അദ്ദേഹം അറിയാതെ ഞാന്‍ എടുത്ത് കളയുന്നത് മാത്രം എനിക്ക് കിട്ടുന്നു.''

ഇതു കേട്ടപ്പോള്‍ റസൂല്‍(സ) പ്രതിവതിച്ചതിങ്ങനെയാണ്: ''നിനക്കും നിന്റെ കുഞ്ഞിനും ന്യായമായും വേണ്ടിവരുന്നതു നീ എടുത്തുകൊള്ളുക.''(ബുഖാരി, മുസ്‌ലിം)ഇതിന്നുപുറമെ ഭാര്യമാരുമായി നല്ല നിലയില്‍ സഹവാസം പുലര്‍ത്തല്‍ ഭര്‍ത്താക്കന്മാരുടെ കടമയാണ്. ഏത് സമയത്തും സല്‍സ്വഭാവത്തിലും അവരുടെ മനസിനെ സന്തോഷിപ്പിക്കുന്ന നിലയിലും പെരുമാറണം. അല്ലാഹു കല്‍പിക്കുന്നു: ''അവരോട് നല്ല നിലയില്‍ നിങ്ങള്‍ സഹവാസം നിലനിര്‍ത്തുക. (വല്ലപ്പോഴും) നിങ്ങള്‍ക്ക് അവരോട് വെറുപ്പുണ്ടായാല്‍ (നിങ്ങൡ് സഹിക്കേണ്ടതാണ് കാരണം) നിങ്ങള്‍ ഒരു കാര്യത്തെ വെറുക്കുകയും (അതേസമയം) അല്ലാഹു നിങ്ങള്‍ക്ക് അതില്‍ ധാരാളം നന്മകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്‌തെന്നു വരാം.'' (അന്നിസാ 19)

ചിലപ്പോഴൊക്കെ ഭാര്യമാരില്‍ കാണുന്ന അപാകതകള്‍ അവഗണിക്കണം. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ചില സ്വഭാവങ്ങള്‍ അവരില്‍ കണ്ടേക്കാം. അതേ അവസരം നിങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റൊരു സ്വഭാവം അവരില്‍ ഉണ്ടെന്നുവരും. നബി(സ) പറഞ്ഞിരിക്കുന്നു: ''വിശ്വാസിയായ ഒരു പുരുഷന്‍ വിശ്വാസിനിയായ സ്ത്രീയോട് വെറുപ്പു കാണിക്കരുത്. അവളില്‍നിന്നു ഒരു സ്വഭാവത്തെ വെറുക്കുന്നുവെങ്കില്‍ മറ്റൊരു സ്വഭാവത്തെ തൃപ്തിപ്പെട്ടന്നുവരും.'' (ഹദീസ്)

ഭാര്യമാരെ ആദരിക്കണം ഭാര്യമാര്‍ അടിമസ്ത്രീകളോ വേലക്കാരികളോ അല്ല, ഒന്നിച്ച് കഴിയേണ്ട സഹധര്‍മിണികളാണ്. അവരെ ദ്രോഹിക്കുകയോ നിന്ദിക്കുകയോ ചെയ്യരുത്. റസൂലുല്ലാഹി(സ)യോട് ഒരിക്കല്‍ ഭര്‍ത്താവിന് ഭാര്യയോടുള്ള കടമ എന്താണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി തങ്ങള്‍ ഇപ്രകാരം പ്രസ്താവിച്ചു: ''നീ തിന്നുന്നുവെങ്കില്‍ അവളെയും തീറ്റുക, നീ ഉടുക്കുകയാണെങ്കില്‍ അവളെയും ഉടുപ്പിക്കുക. അവളെ മുഖത്തടിക്കകരുത്; അവളെ അവഹേളിക്കരുത്; അവളോട് (വല്ലപ്പോഴും) അകന്നുനില്‍ക്കണമെന്നു വന്നാല്‍ അത് വീട്ടില്‍ മാത്രമായിരിക്കണം.'' (ഹദീസ്)

സംരക്ഷണം നല്‍കല്‍ ഭാര്യമാര്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തവും ഭര്‍ത്താക്കന്‍മാരില്‍ അര്‍പ്പിതമാണ്. ആഹാര വസ്ത്രാദി സാധനങ്ങള്‍ക്ക് ഏര്‍പ്പാട് ചെയ്തുകൊടുക്കണം. ഭാര്യയുടെ ശരീരത്തിനും ധനത്തിനും അതില്‍ സംരക്ഷണം ഉണ്ടായിരിക്കണം. അവള്‍ക്ക് മാനഭംഗം വന്നുപോകാത്ത ചുറ്റുപാടൊരുക്കണം. വരന്‍മാര്‍ വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിതൊക്കെ. സഅദുബ്‌നു ഉബാദ(റ) പറഞ്ഞു: ''എന്റെ ഭാര്യയോടൊപ്പം (ഒരന്യ)പുരുഷനെ ഞാന്‍ കണ്ടാല്‍ വാളിന്റെ വായ്ത്തല കൊണ്ട് തന്നെ അവനെ വെട്ടിക്കളയുന്നതാണ്.'' ഇത് കേട്ട റസൂല്‍(സ) പറഞ്ഞു: ''സഅദിന്റെ ദേശ്യം നിങ്ങള്‍ കണ്ടില്ലേ? അതിലുപരി ദേശ്യമുള്ളവനാണ് ഞാന്‍. എന്നേക്കാള്‍ ദേശ്യമുണ്ട് അല്ലാഹുവിന്. അതുകൊണ്ട് തന്നെയാണ് ബാഹ്യവും ആന്തരികവുമായ എല്ലാ ദുഷിച്ച പ്രവര്‍ത്തനങ്ങളെയും അല്ലാഹു വിരോധിച്ചിരിക്കുന്നത്.'' (ബുഖാരി)

ആഗ്രഹം നിറവേറ്റിക്കൊടുക്കണം ഭാര്യയുടെ ലൈംഗിക ആഗ്രഹം നിറവേറ്റിക്കൊടുക്കലും ഭര്‍ത്താവിന്റെ കടമയാണ്. അവളെ അവിഹിതബന്ധത്തിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യമുണ്ടാക്കുവാന്‍ പാടില്ല. ഈ വിഷയത്തില്‍ മഹാനായ ഇമാം ഗസ്സാലി(റ) വിവരിച്ച കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഗസ്സാലി (റ) പറഞ്ഞു: ''നാലു ദിവസത്തില്‍ ഒരിക്കല്‍ ഭാര്യയുമായി (ലൈംഗിക) ബന്ധം പുലര്‍ത്തേണ്ടതാവശ്യമാണ്. ന്യായമായ രീതിയാണിത്. കാരണം, നാലു ഭാര്യമാരെ സ്വീകരിക്കല്‍(ശറഇല്‍) അനുവദനീയമാണല്ലോ. അതിനാല്‍ ഇത്രയും നീട്ടിക്കൊണ്ടുപോകല്‍ അവകാശമായി. എന്നാല്‍ അവളുടെ ആവശ്യത്തിനനുസരിച്ചും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടതുമാണ്. കാരണം, ലൈംഗിക സുരക്ഷ വധുവിനു നല്‍കേണ്ടത് വരന്റെ കടമയാണ്. എന്നാല്‍ (നീതിന്യായ) കോടതി വഴി സ്ഥാപിച്ചെടുക്കാന്‍ സാധിക്കുന്നതല്ല സംയോഗമെന്നതു വേറെ കാര്യം. ആ മാര്‍ഗം പ്രയാസകരമായതുകൊണ്ടാണത്.'' ലൈംഗിക ബന്ധം പുലര്‍ത്തുന്നില്ലെന്ന കാരണത്താല്‍ വധുവിന് വിവാഹം ഫസ്ഖ് ചെയ്യാനുള്ള അവകാശമില്ലെന്നാണ് ഒടുവിലത്തെ വാചകത്തിന്റെ സൂചന.

എന്നാല്‍, ഭാര്യമാരെ സംതൃപ്തരാക്കല്‍ ഭര്‍ത്താക്കന്മാരുടെ കടമയാണെന്ന കാര്യം വിസ്മരിച്ചുപോകരുത്. അങ്ങനെ വരുന്നത് പല അപകടങ്ങള്‍ക്കും വഴിതെളിയിക്കുമെന്നു തീര്‍ച്ച. സരസമായ ഒരു സഭവം ഇവിടെ കുറിക്കട്ടെ: 'ഒരിക്കല്‍ ഒരു സ്ത്രീ ഖലീഫ ഉമര്‍(റ)വിന്റെടുത്ത് വന്നു ഇപ്രകാരം പറഞ്ഞു: ഓ അമീറുല്‍ മുഅ്മിനീന്‍, എന്റെ ഭര്‍ത്താവ് പകലെല്ലാം നോമ്പെടുക്കുന്നു; രാത്രികളിലെല്ലാം നിസ്‌കാരവും. അദ്ദേഹത്തെ ആവലാതിപ്പെടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അദ്ദേഹം അല്ലാഹുവിന് വഴിപ്പെടുകയാണല്ലോ ചെയ്യുന്നത്!! ഇതു കേട്ടപ്പോള്‍ ഉമര്‍(റ) പ്രതിവചിച്ചതിങ്ങനെയാണ്: ''ഹാ, എത്ര നല്ല ആളാണ് നിന്റെ ഭര്‍ത്താവ്.'' സ്ത്രീ താന്‍ പറഞ്ഞ വാക്യം തന്നെ ആവര്‍ത്തിക്കുവാന്‍ തുടങ്ങി. ഉമര്‍(റ) പറഞ്ഞ മറുപടിയും ആവര്‍ത്തിച്ചു. അന്നേരം അരികത്തുണ്ടായിരുന്ന കഅബുല്‍ അസാദീ(റ) പറയുകയുണ്ടായി: ''ഓ... അമീറുല്‍ മുഅ്മിനീന്‍, തന്റെ ഭര്‍ത്താവ് തന്നോടൊപ്പം ഉറക്കറ പങ്കുവെക്കുന്നില്ലെന്ന് പരാതിപ്പെടുകയാണ് ഈ സ്ത്രീ ചെയ്യുന്നത്.'' അന്നേരം ഉമര്‍(റ) കഅബിനോട് പറഞ്ഞത്, എങ്കില്‍ നിങ്ങള്‍ തന്നെ ഈ പ്രശ്‌നത്തിന് വിധി പറയുക എന്നാണ്. അന്നേരം കഅബ്(റ) ആ സ്ത്രീയുടെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി വിചാരണ ചെയ്തു. ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. കഅബ്(റ) വിധി പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് നാലു ഭാര്യമാരെ അനുവദിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ മൂന്നു ദിവസം നിനക്ക് 'ആരാധനയില്‍' തന്നെ കഴിഞ്ഞുകൂടാം. (നാലാം ദിവസം ഭാര്യയോടൊപ്പമുണ്ടാകണം.)''  ഇതു കേട്ട ഉമര്‍(റ) പറഞ്ഞു: ''ഓ, കഅബ്, നിങ്ങുടെ ഗൃഹണ ശേഷിയും വിധിയുമെല്ലാം വളരെ കേമം! ഞാനിതാ ബസറയിലെ ന്യായാധിപനായി നിങ്ങളെ നിശ്ചയിച്ചിരിക്കുന്നു. വേഗം പോയിക്കൊള്ളുക.''(അല്‍ഗിഫാരി).

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter