വിവാഹമോചനം,  അനന്തര കര്‍മങ്ങള്‍

ഥലാഖ് തത്വജ്ഞാനികളില്‍ അഗ്രഗണ്യനായ ഇബ്‌നുസീന വിവാഹമോചന കാര്യത്തില്‍ ഇപ്രകാരം അഭിപ്രായപ്പെട്ടതായി കാണുന്നു: വിട്ടുപിരിയുന്നതിനു എന്തെങ്കിലുമൊരു വഴി ഉണ്ടായേതീരൂ; കാരണം അതിലേക്കുള്ള എല്ലാ മര്‍ഗങ്ങളും അടച്ചുകളഞ്ഞാല്‍ പലവിധ തകര്‍ച്ചകളുമുണ്ടായേക്കും. ജീവിതം തന്നെ ദുസ്സഹമായെന്നുവരും.

ജീവിതം ദുസ്സഹമായി വരുമ്പോള്‍ രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമെന്ന നിലക്കാണ് ഇസ്‌ലാമില്‍ 'ത്വലാഖ്' അനുദനീയമാക്കിവെച്ചിരിക്കുന്നത്. അതുകൊണ്ടാണ് റസൂല്‍(സ) ഇങ്ങനെ പറഞ്ഞത്: 'അനുവദിച്ചിട്ടുണ്ടെങ്കിലും അല്ലാഹുവിന് വളരെ ഏറെ കോപമുള്ള കാര്യമാണ് ത്വലാഖ .്' (അബൂദാവൂദ്) വരന്റെ കയ്യിലാണ് ത്വലാക്കിന്റെ താക്കോല്‍. തന്റെ ഭാര്യയുമായി യോജിച്ചു പോകാനുള്ള എല്ലാ മര്‍ഗങ്ങളും അടഞ്ഞുപോയാല്‍ ജീവിതത്തിന്റെ എന്നെന്നേക്കുമുള്ള തകര്‍ച്ചയില്‍നിന്നു കരകയറുന്നതിനുവേണ്ടി അവന്നതുപയോഗിക്കാവുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കഴിവതും പെണ്ണിനെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

'ഇദ്ദ' കാലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആര്‍ത്തവം, പ്രസവരക്തമൊഴുക്ക് എന്നിവ കഴിഞ്ഞ് സംയോഗം നടക്കുന്നതിന് മുമ്പുള്ള ശുദ്ധിക്കാലമാണ്. ത്വലാഖിനെ തുടര്‍ന്ന് സ്ത്രീ ആചരിക്കേണ്ട 'ഇദ്ദാ' കാലത്തിന്റെ ദൈര്‍ഘ്യം ഏറ്റവും കുറഞ്ഞുകിട്ടുവാന്‍വേണ്ടിയാണ് ഇങ്ങനെ കല്‍പ്പിച്ചിരിക്കുന്നത്. വിവാഹമോചിതയാകുന്ന സ്ത്രീയോട് കാണിക്കേണ്ട ഒരനുകമ്പയാണിതെന്ന കാര്യത്തില്‍ സംശയമില്ല. ഖുര്‍ആനില്‍ പറയുന്നു: ''(ഒരു ഭാര്യയെ ത്വലാഖ് ചൊല്ലിയ) സ്ഥാനത്ത് മറ്റൊരു ഭാര്യയെ സ്വീകരിക്കുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവങ്കില്‍ അവരില്‍ ഒരാള്‍ക്ക് (വിടുത്തിയ ഭാര്യക്ക്) സമ്പത്തിന്റെ കൂമ്പാരം തന്നെ നിങ്ങള്‍ കൊടുത്തിട്ടുണ്ടെങ്കിലും അതില്‍നിന്ന് യാതൊന്നും തിരിച്ചുവാങ്ങരുത്. വ്യക്തമായ കുറ്റവും അക്രമവുമായ മാര്‍ഗത്തില്‍ നിങ്ങളത് തിരിച്ചുവാങ്ങുകയോ? എങ്ങനെയാണ് നിങ്ങളത് തിരിച്ചുവാങ്ങുക?  നിങ്ങള്‍ (വിവാഹിതരായിക്കൊണ്ട്) അന്യോന്യം ഒട്ടിപ്പിടിച്ച് സല്ലപിക്കുകയും അവര്‍ നിങ്ങളില്‍നിന്നു ശക്തമായ കരാറ് (നികാഹ് ബന്ധം) വാങ്ങുകയും ചെയ്തിരുന്നുവല്ലോ.'' (അന്നിസാഅ്: 20,21)

ഈ ഖുര്‍ആന്‍ വാക്യങ്ങള്‍ ഒന്നു മനസ്സിരുത്തി ചിന്തിച്ചുനോക്കുക. ത്വലാഖ് ചൊല്ലി തീര്‍ക്കുന്ന സ്ത്രീയോട് എത്രയധികം വിശാലമനസ്‌കതയും കാരുണ്യവും പുലര്‍ത്തണമെന്നാണിവിടെ ശാസിക്കുന്നത്. എത്ര ആകര്‍ശകമായ ശൈലിയിലാണ് ഖുര്‍ആന്‍ അത് പരാമര്‍ശിക്കുന്നത്!  പോരാ, ത്വലാഖ് ചൊല്ലി പിരിച്ചയക്കുന്ന പെണ്ണിനു ഇനിയും ആനുകൂല്യം ചെയ്യേണ്ടതുണ്ട്. മതാഅ് കൊടുക്കണം. അതല്‍പ്പം വിവരിക്കാം.

മതാഅ് പുരുഷന്റെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയമായ 'ത്വലാഖ്' വല്ലാത്തൊരു മാനസികാസ്വാസ്ഥ്യം സ്ത്രീയില്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. വിവാഹം കഴിഞ്ഞ് ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്ത ശേഷമാണെങ്കില്‍ ഈ അസ്വാസ്ഥ്യം (ഈഹാഷ്) വളരെ വ്യക്തമായും സംഭവിക്കുന്നതാണ്. ഇതിനു ഒരു പരിഹാരമുണ്ടാക്കേണ്ടതുകൂടി വിവാഹമോചനം നടത്തിയ വരന്നു കടമയാണ്. അവന്‍ അവള്‍ക്ക് അനുയോജ്യമായ ഒരു തുക നല്‍കണം. അതാണ് മതാഅ്.

അല്ലാഹു കല്‍പ്പിക്കുന്നത് കാണുക: ''വിവാഹമുക്തരായ സ്ത്രീകള്‍ക്ക് ന്യായമായ വിഭവം (മതാഅ്) നല്‍കേണ്ടതാണ്. സുക്ഷ്മതയുള്ളവരുടെ (മുത്തഖീങ്ങളുടെ) ബാധ്യതയാണിത്.''(അല്‍ബഖറ : 241) ഇരു വിഭാഗങ്ങളുടെയും അവസ്ഥാ വിശേഷങ്ങളും കഴിവുകളും കണക്കിലെടുത്ത് ഒരു ഒത്തുതീര്‍പ്പിലെത്തി തുക കണക്കാക്കികൊള്ളണം. തര്‍ക്കം വന്നാല്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത് ഖാസി തുക നിശ്ചയിച്ചുകൊടുക്കണം. ഈ വിഷയത്തില്‍ ഇനിയും ചില വിശദീകരണങ്ങള്‍ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. അവയൊക്കെ ഉദ്ധരിച്ച് ലേഖനം ദീര്‍ഘിപ്പിക്കുന്നില്ല.

ഷാബാനു കേസില്‍ സുപ്രീം കോടതിയുടെ വിധിക്കു പിന്നാലെ ഇന്ത്യയിലാകെ കോളിളക്കം സൃഷ്ടിച്ചത് വയനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. 'മതാഅ്' എന്നതിനു വിവാഹമുക്തയായ വധുവിന് ശേഷിച്ച ജീവിതകാലം മുഴുവനോ മറ്റൊരു വരനെ സ്വീകരിക്കുന്നതു വരെയോ വരന്‍ ജീവിതച്ചെലവ് (ജീവനാംശം) നല്‍കണമെന്ന് വ്യാഖ്യാനിച്ചതിനാലാണ് ആ കോളിളക്കമുണ്ടായത്. ഇന്ത്യയിലെ മുസ്‌ലിംകളൊന്നടങ്കം അതിനെതിരെ ശബ്ദമുയര്‍ത്തി. അത്തരം ഒരു നിയമം ഇസ്‌ലാമിലില്ലല്ലോ. ഇദ്ദാകാലം കഴിയും വരെയുള്ള ചെലവിന് മാത്രമാണല്ലോ വിവാഹ മുക്ത വധുവിന് ചെലവിനത്തില്‍ അവകാശമുള്ളൂ. അവള്‍ക്ക് അവകാശമുള്ള മതാഅ് ജീവിതച്ചെലവല്ല. വിവാഹ വേര്‍പാട്മൂലം അവള്‍ക്കുണ്ടാകുന്ന മനഃക്ലേശത്തിനു ശമനം വരുത്താനുള്ള ഒരു തുക ലഭ്യമാകുന്നതിനാണ് അവള്‍ക്കവകാശമുള്ളത്. അത് അതിന്റെ മുറകളനുസരിച്ച് നല്‍കണം. അതാണ് ഇസ്‌ലാം വിധിക്കുന്നത്. പുരുഷന് ത്വലാഖ് ചൊല്ലാനുള്ള അധികാരമുണ്ടെങ്കിലും എന്തെല്ലാം കടമ്പകള്‍ അതിനോടൊപ്പം വന്നുചേരുന്നു എന്ന കാര്യം നമുക്ക് മനസ്സിലായി. ഇനി ദാമ്പത്യ ജീവിതത്തിലുണ്ടായേക്കാവുന്ന പിണക്കങ്ങള്‍ എത്രമാത്രം  സൂക്ഷിക്കേണ്ടതുണ്ട് എന്ന കാര്യം ചിന്തിക്കാം.

പിണക്കം അല്ലാഹു പറയുന്നു: ''ഇനി അവര്‍ രണ്ടുപേര്‍ക്കുമിടയില്‍ പിളര്‍പ്പുണ്ടായേക്കുമെന്ന് നിങ്ങള്‍ ഭയപ്പെട്ടാല്‍ അവന്റെ കുടുംബത്തില്‍നിന്നും അവളുടെ കുടുംബത്തില്‍ നിന്നും ഓരോ വിധികര്‍ത്താക്കളെ നിങ്ങള്‍ നിയോഗിക്കുക. അവര്‍ രണ്ടു പേരും വധൂവരന്‍മാര്‍ക്കിടയില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കണമെന്ന് ഉദ്ദേശിക്കുകയാണെങ്കില്‍ അല്ലാഹു ആ ദമ്പതികള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കും. അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനമുള്ളവനുമാണ്.'' (അന്നിസാഅ്: 35)

പിണക്കത്തിന്റെ എല്ലാ വശങ്ങളും പഠിച്ചു യോജിപ്പിലെത്തിക്കാന്‍ നിയുക്തരായ വിധികര്‍ത്താക്കള്‍ പരമാവധി പരിശ്രമിക്കേണ്ടതാണ്. അല്ലാഹുവിന്റെ തൗഫീഖ് അതിന്റെ കൂടെയുണ്ടാകും. ഇനി അപൂര്‍വ്വമായി വഴക്ക് തീര്‍ന്നില്ലെന്നുവരാം. എന്തെങ്കിലും താല്‍പര്യം വെച്ചുകൊണ്ടു വരന്‍ 'ത്വലാഖ്' ചൊല്ലാന്‍ സമ്മതിച്ചില്ലെന്നുവരാം. ഇത്തരം സാഹചര്യത്തില്‍ വധു വലിയ കഷ്ടത്തിലകപ്പെട്ടുപോകും. ഇത് ഒഴിവാക്കാന്‍ വേണ്ടി ദമ്പതികളുടെ അനുവാദം കൂടാതെ തന്നെ രണ്ടു വിധികര്‍ത്താക്കള്‍ക്ക് ഈ വിവാഹബന്ധം വേര്‍പ്പെടുത്തുവാനുള്ള അധികാരമുണ്ടോ? ഇല്ലെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. മേല്‍പറഞ്ഞ രണ്ടാളുകള്‍ വകീലുകളുടെ പദവി അര്‍ഹിക്കുന്ന മധ്യസ്ഥന്‍മാര്‍ മാത്രമാണ്.  അതിനാല്‍ വരന്‍ ത്വലാഖിനു കൂടി ഏല്‍പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ അവര്‍ക്ക് വിവാഹബന്ധം വേര്‍പ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ. കാരണം, ത്വലാഖ് വരന്റെ സ്വന്തമായ അധികാരമാണ്.  അതില്‍ വേറൊരാള്‍ക്കും മേല്‍കോയ്മയില്ല.  ഇതാണ് ശാഫിഈ മദ്ഹബിലെ പ്രഭലാഭിപ്രായത്തിന്റെ വിശദീകരണം.  എന്നാല്‍ മേല്‍പറഞ്ഞ രണ്ടാളുകള്‍ വിധികര്‍ത്താക്കള്‍ തന്നെയാണെന്നും വിവാഹബന്ധം കക്ഷികളുടെ അനുവാദമില്ലാതെ തന്നെ വേര്‍പ്പെടുത്താന്‍ അവര്‍ക്ക് അധികാരമുണ്ടെന്നുമുള്ള ഒരു പക്ഷവും ശാഫിഈ മദ്ഹബിലുണ്ട്. ''അവര്‍ രണ്ടുപേരും (വധൂവരന്‍മാരുടെ) വക്കീലുകളാണ്. ഒരഭിപ്രായത്തില്‍ ഹാക്കിമില്‍നിന്ന് അധികാരം നല്‍കപ്പെട്ടവരാണ്.'' (മിന്‍ഹാജ്) ഇമാം മാലിക്(റ)വിന്റെ മദ്ഹബില്‍ മേല്‍പറഞ്ഞ രണ്ടാളുകള്‍ സ്വതന്ത്രാധികാരമുള്ള വിധികര്‍ത്താക്കള്‍ തന്നെയാണ്.

മാലിക്(റ)വും അനുചരന്‍മാരും പറഞ്ഞു: ''വധൂവരന്മാരില്‍ നിന്ന് ഏല്‍പ്പിക്കല്‍ കൂടാതെയും അവരുടെ അനുവാദം കൂടാതെയും (വിവാഹബന്ധം) വേര്‍പ്പെടുത്തുന്നതിലും ഒരുമിച്ചു നിര്‍ത്തുന്നതിലും അവരുടെ (മധ്യസ്ഥന്‍മാരുടെ) വാക്കുകള്‍ നടക്കുന്നതാണ്.'' (ഇബ്‌നു റുഷുദ്-ബിദായത്തുല്‍ മുജ്) രണ്ട് ഹുക്മുകളെ പരാമര്‍ശിക്കുന്ന ആയത്തിന്റെ വ്യാഖ്യാന ത്തില്‍ റാസീ ഇമാം എഴുതുന്നു: വധൂവരന്‍മാരുടെ അനുവാദം കൂടാതെ തന്നെ ഇരു പേര്‍ക്കും നിര്‍ബന്ധമാകുന്ന കല്‍പ്പന പുറപ്പെടുവിക്കാന്‍ മധ്യസ്ഥന്മാര്‍ക്ക് അവകാശമുണ്ടോ? ശാഫിഈ(റ)വിന് ഇതില്‍ രണ്ടഭിപ്രായങ്ങളുണ്ട്. ഒന്ന്, ഉണ്ട് എന്നാണ്. രണ്ട്, അധികാരമില്ല  എന്നാണ്. അബൂഹനീഫ(റ)വിന്റെ അഭിപ്രായം അതാണ്. (ഫഖ്‌റു റാസി-തഫ്‌സീറുല്‍ കബീര്‍). പ്രതിഫലം കൊടുത്ത് വിവാഹമോചനം പരസ്പരസ്‌നേഹത്തിന്റെയും സന്തോഷത്തോടുകൂടിയുള്ള സഹകരണത്തിന്റെയും അടിത്തറയില്‍ ഉറപ്പിച്ചു നിര്‍ത്തിയ ബന്ധമാണ് വൈവാഹിക ജീവിതം. ഇതു തകര്‍ന്നുപോകാതിരിക്കുവാന്‍ വേണ്ടിയുള്ള എല്ലാ സുരക്ഷാ ഏര്‍പ്പാടുകളും ഇസ്‌ലാം ചെയ്തുവെച്ചത് നാം കണ്ടുകഴിഞ്ഞു. ചില സന്ദര്‍ഭങ്ങളില്‍ അവയെല്ലാം നിശ്ഫലമായെന്നുവരും. വധൂവരന്‍മാര്‍ക്ക് ഒന്നിച്ചു മൂന്നോട്ടു പോകാന്‍ യാതൊരു സാധ്യതയുമില്ലാതെ എല്ലാ മാര്‍ഗങ്ങളും അടഞ്ഞുപോയെന്നു വരാം. അത്തരം സാഹചര്യങ്ങളില്‍ രക്ഷപ്പെടുവാനുള്ള മാര്‍ഗമാണ് വിവാഹമോചനം. പിണക്കം ചിലപ്പോള്‍ രണ്ടു ഭാഗത്ത് നിന്നുമാകാം.

അല്ലെങ്കില്‍ വരന്റെ ഭാഗത്ത് നിന്നു മാത്രമാകും. ഇങ്ങനെയുണ്ടാകുമ്പോള്‍ ത്വലാഖ് അതിന്റെ മാര്‍ഗമായുണ്ടല്ലോ. എന്നാല്‍, മറ്റുചില വസരങ്ങളില്‍ അനിഷ്ടം വധുവിന്റെ ഭാഗത്ത് നിന്നു മാത്രമായിരിക്കും. വരന്‍ അവളെ സ്‌നേഹിക്കുന്നു. എല്ലാ ബാധ്യതകളും നിറവേറ്റിക്കൊണ്ട് ദാമ്പത്യബന്ധം തുടരാന്‍ സന്നദ്ധമാവുകയും ചെയ്യുന്നു. പക്ഷേ, വധു അതിന്നുവഴങ്ങുന്നില്ല. അവള്‍ക്ക് ആ ബന്ധം നിലനിര്‍ത്തുവാന്‍ ആവുന്നേയില്ല. ഈ സാഹചര്യത്തില്‍ വരന് പ്രതിഫലം നല്‍കി വിവാഹമോചനം തേടുന്നതിനു വിരോധമില്ല. ആ വാതില്‍ ഇസ്‌ലാം തുറന്നുവെച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു: ''ദമ്പതികള്‍ അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുകയില്ലെന്നു നിങ്ങള്‍ ഭയന്നാല്‍ അന്നേരം (വിവാഹമോചനം നേടുവാന്‍ വേണ്ടി) അവള്‍ സ്വമനസ്സാലെ ധനം നല്‍കുന്നതില്‍ അവര്‍ക്ക് കുറ്റമൊന്നുമില്ല.'' (അല്‍ ബഖറ 229)  ഈ ദ്രവ്യം നല്‍കുന്നതിലോ സ്വീകരിക്കുന്നതിലോ തെറ്റില്ലെന്നു പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മഹ്‌റിന് പറ്റുന്ന എല്ലാ മൂല്യങ്ങളും ഈ മോചനമൂല്യമാകാനും പറ്റുന്നതാണ്.

വിവാഹം ദുര്‍ബലപ്പെടുത്തല്‍ ഫസ്ഖ് (വിവാഹം ദുര്‍ബലപ്പെടുത്തല്‍) പല തരത്തിലുണ്ട്. വധു നടത്തുന്ന ഫസ്ഖിനെപ്പറ്റി മാത്രമാണ് ഇവിടെ വിവരിക്കുന്നത്. ഇക്കാലത്ത് നമുക്കിടയില്‍ പ്രചാരത്തിലുള്ളത് മിക്കവാറും അത്തരത്തിലുള്ള ഫസ്ഖുകള്‍ മാത്രമാണ്. അതുതന്നെ രണ്ടു തരത്തിലുണ്ട്. ഒന്ന്) ഭര്‍ത്താവ് ദരിദ്രനും ഭാര്യക്ക് ജീവിതച്ചെലവ് നല്‍കാന്‍ കഴിവില്ലാത്തവനുമായിത്തീര്‍ന്നതിനാല്‍ ഭാര്യ നടത്തുന്ന വിവാഹമോചനം.

രണ്ട്) ഭര്‍ത്താവില്‍ കാണപ്പെട്ട ദൂഷ്യങ്ങള്‍ കാരണം ഭാര്യ നടത്തുന്ന വിവാഹമോചനം. ആദ്യം ചെലവിന്റെ കാര്യമെടുക്കാം. വിവാഹം നടക്കുന്നതോടുകൂടി ഭാര്യ ഫലത്തില്‍ ഭര്‍ത്താവിന്റെ അധീനവലയത്തിലായി എന്ന് മുമ്പ് നാം വിവരിച്ചുവല്ലോ. അക്കാരണത്താല്‍ തന്നെ അവളുടെ മുഴുവന്‍ ജീവിതച്ചെലവും നല്‍കേണ്ട ബാധ്യത ഭര്‍ത്താവില്‍ നിക്ഷിപ്തമാവുകയും ചെയ്തു. ഭര്‍ത്താവ് ദരിദ്രനും ജോലി ചെയ്തു മതിയായ കൂലി സമ്പാദിക്കുവാന്‍ കഴിയാത്തവനുമായാല്‍ ഭാര്യ എന്തു ചെയ്യും? അവളുടെ ജീവിതം എങ്ങനെ മുനോട്ടു പോകും? ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ സമ്മതമില്ലെങ്കിലും  ജീവനാംശം അന്വേഷിച്ച് പകല്‍സമയത്ത് പുറത്തിങ്ങിപ്പോകുവാന്‍ അവകാശമുണ്ട്. രാത്രിയില്‍ വീട്ടിലേക്ക് തിരിച്ചെത്തണമെന്നു മാത്രം. അവള്‍ക്ക് സ്വന്തമായി ധനമുണ്ടെങ്കിലും വീട്ടിനകത്തിരുന്ന് ജോലി ചെയ്തു സമ്പാദിക്കുവാന്‍ അവസരമുണ്ടെങ്കിലും പുറത്തിറങ്ങിപ്പോകാന്‍ അവള്‍ക്കുള്ള ഈ അവകാശം നിഷേധിക്കപ്പെടുന്നില്ല. അവനു അവളെ വിലക്കാന്‍പാടുള്ളതുമല്ല. കാരണം, അവള്‍ക്ക് ജീവിതച്ചെലവ് നല്‍കല്‍ അവന്റെ ബാധ്യതയാണ്. അതവന് കഴിയുന്നില്ലല്ലോ. (ഫത്ഹുല്‍ മുഈന്‍)

ഈ സാഹചര്യത്തില്‍ ഇതിനേക്കാള്‍ മേലെയുള്ള അവകാശം കൂടി ഇസ്‌ലാം വധുവിനു നല്‍കുന്നു. ഈ വിവാഹബന്ധം തന്നെ ദുര്‍ബലപ്പെടുത്തി ഭര്‍ത്താവിനെ ഉപേക്ഷിക്കുക എന്നതാണ് ആ അവകാശം. വേണമെങ്കില്‍ വധുവിന് അത് ഉപയോഗപ്പെടുത്താം. അല്ലെങ്കില്‍ കഴിവില്ലാത്ത ഭര്‍ത്താവിനെ തൃപ്തിപ്പെട്ടുകൊണ്ട് ജീവിതം തുടര്‍ന്നുപോവുകയുമാവാം. പക്ഷേ, ഒരു കാര്യം ശ്രദ്ധേയമാണ്. വധുവിനു വിവാഹന്ധം വേര്‍പ്പെടുത്തണമെങ്കില്‍ ഒരു ന്യായാധിപന്റെ (ഖാളിയുടെ) മുമ്പാകെ പ്രശ്‌നം സമര്‍പ്പിച്ച് ഖാളിയുടെ സമ്മതം നേടിയ ശേഷം മാത്രമേ അത് സാധ്യമാവുകയുള്ളൂ. നിക്കാഹ്, ത്വലാഖ് എന്നിവയ്‌ക്കൊന്നും ഖാളിയുടെ അനുമതി വേണ്ടതില്ലെങ്കിലും ഈ ഫസ്ഖിന്റെ കാര്യം അങ്ങനെയല്ല. ഇതിന്ന് വിധികര്‍ത്താവിന്റെ അനുമതി അനിവാര്യമാണ്. ഇന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഇതിനെ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. നാട്ടുകാര്‍ തെരഞ്ഞെടുത്ത ഖാളിയുടെ അനുമതി ഉണ്ടായാലും പോരാ, മറിച്ച് സര്‍ക്കാര്‍ കോടതിയില്‍ കേസ് കൊടുത്ത് അനുകൂലമായ കോടതിവിധി കൂടി വധു സമ്പാദിക്കണം. അതിനു ശേഷം മാത്രമെ പുനര്‍വിവാഹം പാടുള്ളൂ. ഇതാണ് സര്‍ക്കാര്‍ നയമം.

സ്ത്രീകള്‍ അബലകളും വികാരജീവികളുമാണല്ലോ. അവര്‍ പലപ്പോഴും തത്രപ്പെട്ട് വല്ലതും ചെയ്‌തേക്കാം. പിന്നീടത് അവര്‍ക്കു തന്നെ വലിയ ദോഷമായി ഭവിക്കുകയും ചെയ്യും. ഇത് ഇല്ലാതാക്കാനായിരിക്കണം ഇവിടെ കോടതി ഇടപെടുന്നത്. സ്ത്രീ സംരക്ഷണത്തിന്റെ ഭാഗ മാണിതെന്നു പറയാം.

ഭര്‍ത്താവിലുള്ള ന്യൂനത കാരണം വിവാഹമോചനം ഗൗരവതരങ്ങളായ ന്യൂനതകള്‍ കാരണവും വധുവിന് വരനെ ഒഴിവാക്കാന്‍ അവകാശമുണ്ട്. പക്ഷേ, എന്തൊക്കെ ന്യൂനതകളാണ് അവയെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ തിട്ടപ്പെടുത്തി പറഞ്ഞിട്ടുണ്ട്. അവയില്‍ അപ്പുറം പറ്റുകയില്ല. എല്ലാ ന്യൂനതകളും രോഗങ്ങളും കാരണമായി ഫസ്ഖ് പറ്റുകയില്ലെന്ന് സാരം. ശണ്‍ഠത, ലിംഗഛേദം, ഭ്രാന്ത്, കുഷ്ഠ രോഗം, വെള്ളപ്പാണ്ട് രോഗം എന്നിവ ഫസ്ഖിന് കാരണമായി എടുത്തുപറഞ്ഞവയാണ്. ഇപ്പറഞ്ഞ ദൂഷ്യങ്ങള്‍ കാരണമായി വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോഴും ഖാളിയെ സമീപിക്കല്‍ അനിവാര്യമാണെന്നത് സ്മരണീയമാണ്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter