ബഹുഭാര്യത്വം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇസ്‌ലാമിന് മുമ്പുള്ള മിക്ക സമൂഹങ്ങളിലും മതങ്ങളിലും ബഹുഭാര്യത്വം നിലവിലുണ്ടായിരുന്നു. ഭാര്യമാര്‍ എത്രവരെ ആകാം എന്നതിന് ഒരു നിബന്ധനയുമുണ്ടായിരുന്നില്ല. ഇഷ്ടം പോലെ എത്രയുമാവാം എന്നതായിരുന്നു സ്ഥിതി. പ്രവാചകന്റെ ആഗമനത്തിന് തൊട്ടു മുമ്പുള്ള അറബ് സമൂഹത്തിലും ഇതേ അവസ്ഥ തന്നെയായിരുന്നു നിലനിന്നിരുന്നത്. ഇതിന് പല ദൂഷ്യഫലങ്ങളും ഉണ്ടായിത്തുടങ്ങി. സ്ത്രീപീഡനങ്ങള്‍ക്കും പലവിധ സാമൂഹ്യ ദൂഷ്യങ്ങള്‍ക്കും അത് കാരണമായിത്തീരുകയും ചെയ്തു. അനിയന്ത്രിതമായ ബഹുഭാര്യത്വത്തിന് കടിഞ്ഞാണിട്ടില്ലെങ്കില്‍ നീതി പുലരുകയില്ലെന്ന് വന്നുചേര്‍ന്നു. മദ്യപാനം, വ്യഭിചാരം, ചൂതാട്ടം തുടങ്ങിയ പലതരം സാമൂഹ്യ ദൂഷ്യങ്ങളെയും നിരോധിച്ച ഇസ്‌ലാം അനിയന്ത്രിതമായ ബഹുഭാര്യത്വത്തിനും നിരോധനം കല്‍പ്പിച്ചു. ഇക്കാര്യം പരിശുദ്ധ ഖുര്‍ആന്‍ വെട്ടിത്തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 'നിങ്ങള്‍ക്ക് നന്നായിത്തോന്നുന്ന സ്ത്രീകളെ രണ്ട് വീതമോ മൂന്ന് വീതമോ നാല് വീതമോ നിങ്ങള്‍ വിവാഹം ചെയ്തുകൊള്ളുക.' (അന്നിസാഅ്) നാലില്‍ കൂടുതലാക്കുവാന്‍ പാടില്ല എന്ന ധ്വനി. നാലില്‍ കൂടുതല്‍ ഭാര്യമാര്‍ ഒരാള്‍ക്കും പാടില്ലെന്നത് ഇസ്‌ലാമില്‍ സ്ഥിരീകൃതമായ നിയമമാണ്.

നാലു ഭാര്യമാര്‍ വരെ ആവാമെന്ന് അനുവദിച്ചിട്ടുണ്ടെങ്കിലും അതിന് ശക്തമായ ഒരു നിബന്ധന വെച്ചിട്ടുണ്ട് ഇസ്‌ലാം. അവര്‍ക്കിടയില്‍ തുല്യനീതി പുലര്‍ത്തണമെന്നതാണത്. ആഹാരം, വസ്ത്രം, മറ്റു ഉപകരണങ്ങള്‍ എന്നിവയെല്ലാം എല്ലാ ഭാര്യമാര്‍ക്കും തുല്യമായി നല്‍കണം. അളവിലും ഗുണമേന്‍മയിലും തുല്യമായിരിക്കണം. ഇതിന്നു പുറമെ സഹവാസത്തിലും തുല്യത പാലിക്കണം. ഓരോ ഭാര്യമാരുടെ കൂടെ താമസിക്കുന്നതും ഒരേക്രമത്തിലായിരിക്കണം, ഒരേ മാനത്തിലായിരിക്കണം. ഇതിനൊന്നും സാധിക്കാത്തവര്‍ക്ക് ബഹുഭാര്യത്വം പാടില്ല. ഒറ്റ ഭാര്യയെ വെച്ച് തൃപ്തിപ്പെടുകയാണ് അവന്‍ വേണ്ടത്.

അല്ലാഹു പറയന്നു: 'നീതി പുലര്‍ത്താന്‍ കഴിയുകയില്ലെന്ന് നിങ്ങള്‍ക്ക് ഭയം തോന്നിയാല്‍, ഒരൊറ്റ സ്ത്രീയെ മാത്രം (വിവാഹം കഴിച്ചുകൊള്ളുക). അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഉടമപ്പെട്ട സ്ത്രീകളെ സ്വീകരിച്ചുകൊള്ളുക.''(അന്നിസാഅ്)

തുല്യനീതി പുലര്‍ത്താന്‍ കഴിയാത്തവര്‍ക്ക് ഒരൊറ്റ ഭാര്യ മാത്രേ പാടുള്ളൂ എന്ന ഇസ്‌ലാമിന്റെ വിധി അതുല്യമാണ്. ചരിത്രത്തിലെ ഒരു വഴിത്തിരിവാണിത്. സ്ത്രീകള്‍ക്ക് നല്‍കപ്പെട്ട മഹത്തായ പദവിയുമാണ്. തുല്യനീതിയുടെ ഭാഗമാണ് പത്‌നിമാരുമായുള്ള സഹവാസത്തില്‍ സമത്വം പാലിക്കുക എന്ന് പറഞ്ഞുവല്ലോ. എന്നാല്‍ ഏതെങ്കിലും ഒരു പത്‌നി തനിക്കുള്ള ഈ അവകാശം മറ്റൊരു സഹപത്‌നിക്കു വേണ്ടി സ്വമേധയാ വിട്ടുകൊടുക്കുകയാണെങ്കില്‍ ഇത് ഭര്‍ത്താവിന് സ്വീകരിക്കാവുന്നതാണ്. അനന്തരം രണ്ടാളുകളുടെയും സഹവാസകാലം ഒരാളില്‍ തന്നെ ചെലവഴിക്കാവുന്നതുമാണ്. റസൂലുല്ലാഹി(സ)യുടെ ഭാര്യയായ സൗദ ബീവി(റ) തന്റെ സഹവാസകാലം സഹപത്‌നിയായ ആയിശ(റ)വിനുവേണ്ടി ഒഴിഞ്ഞുകൊടുത്തിരുന്നു.(ബുഖാരി, മുസ്‌ലിം).

പത്‌നിമാര്‍ക്കിടയില്‍ സമത്വം പാലിക്കേണ്ടത് ഭര്‍ത്താവിന്റെ കടമയാണെന്ന് നാം കണ്ടുകഴിഞ്ഞു. കഴിവിന്റെ പരമാവധി  ഈ കടമ നിറവേറ്റലാവശ്യമാണ്. പെരുമാറ്റത്തിലും സ്‌നേഹപ്രകടനങ്ങളിലും പോലും ഇതാവശ്യമാണ്. എന്നാല്‍ മനസ്സിനകത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന സ്‌നേഹം മനുഷ്യന്റെ നിയന്ത്രണത്തിന് അധീനമാകാതെ വന്നേക്കാം. അങ്ങനെ വന്നുപോയാല്‍ അതൊരു തെറ്റായി കണക്കാക്കുകയില്ല. ഹൃദയത്തിനകത്ത് സ്ഥിതി ചെയ്യുന്ന സ്‌നേഹ വ്യത്യാസം പൊറുക്കപ്പെടുന്നതാണ്.

അല്ലാഹു പറയുന്നു: ''എത്ര തന്നെ ആഗ്രഹിച്ചെങ്കിലും ഭാര്യമാര്‍ക്കിടയില്‍(മാനസികമായി) സമത്വം പാലിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. എന്നാല്‍, ഒരുവളിലേക്ക് മുഴുവനായി നിങ്ങള്‍ ചായുകയും (മറ്റവളെ) കെട്ടിയിടപ്പെട്ട നിലയിലാക്കി കളയുകയും ചെയ്യരുത്.'' (അന്നിസാഅ് : 129)

മനഃപൂര്‍വ്വമല്ലാതെ വന്നുചേരുന്ന സ്‌നേഹവ്യത്യാസങ്ങളുടെ അവസരങ്ങളിലും സഹവാസത്തിലും പെരുമാറ്റങ്ങളിലും തുല്യത പാലിക്കലാവശ്യമാണെന്ന് ചുരുക്കം. ഇത്രയും വിവരിച്ചതില്‍നിന്ന് ഒരു കാര്യം സ്പഷ്ടമാണ്. പലവിധ നിയന്ത്രണങ്ങളും നിബന്ധനകളും ചുമത്തിക്കൊണ്ടെങ്കിലും ബഹുഭാര്യത്വം ഇസ്‌ലാമില്‍ അനുവദിച്ചിട്ടുണ്ട് എന്നതാണ് ആ കാര്യം. യാതൊരു സാഹചര്യത്തിലും ബഹുഭാര്യത്വം അനുവദിച്ചിട്ടില്ല എന്നോ അനുവദിക്കാന്‍ പാടില്ലാ എന്നോ പറയുന്നത് ഇസ്‌ലാമിക വീക്ഷണമല്ല. ബഹുഭാരത്വം ഏത് നിലയിലും നീചവും നിഷിദ്ധവുമാണെന്ന് ചിലര്‍ വാദിക്കാറുണ്ട്. അവരോട് ചുവടുപിടിച്ചുകൊണ്ട് മുസ്‌ലിം അഭ്യസ്ഥവിദ്യരും ഗ്രന്ഥകര്‍ത്താക്കളും അതേറ്റുപറയാറുമുണ്ട്. പാശ്ചാത്യ സംസ്‌കാരത്തിനോടും ഓറിയന്റലിസ്റ്റുകളുടെ വാദങ്ങളോടുമുള്ള മാനസിക അടിമത്വമാണതിന് കാരണം. അല്ലാഹു ഖുര്‍ആനിലോ നബിചര്യകളിലോ 'സ്വഹാബ'ത്തിന്റെ ജീവിതങ്ങളിലോ ഇമാമുളുടെ ഗ്രന്ഥങ്ങളിലോ യാതൊരു തെളിവും അതിന്നു അനുകൂലമായി കിട്ടുകയില്ല. ശുദ്ധമായ സംസ്‌കാരവും സദാചാരനിഷ്ഠമായ സാമൂഹ്യക്രമവും എക്കാലവും നിലനിര്‍ത്തണമെന്നതില്‍ പ്രതിബദ്ധതയുള്ള ഇസ്‌ലാമിന് ബഹുഭാര്യത്വം അനുവദിക്കാതിരിക്കുവാന്‍ ഒരു കാരണവുമില്ല.

 

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter