ധൂര്‍ത്തും സ്ത്രീ ധനവും

വിവാഹം കഴിഞ്ഞാല്‍ വീട്ടില്‍ കൂടുന്ന സമ്പ്രദായം നമ്മുടെ ഇടയില്‍ നിലവിലുണ്ടല്ലോ. പണ്ടുകാലത്തും അതുണ്ടായിരുന്നു. വധൂവരന്‍മാര്‍ക്കു വേണ്ടി ഒരു അറ തയ്യാറാക്കുകയും ആവശ്യമായ സാധനങ്ങള്‍ അതിലൊരുക്കുകയും  ചെയ്യുന്നു. ഇസ്‌ലാം ഇതിനെ വിരോധിച്ചിട്ടില്ല. നബി(സ)യുടെ കാലത്ത് തന്നെ ഇത് നടപ്പിലുണ്ടായിരുന്നു. പക്ഷേ, ലളിതമായിരുന്നു ആ ചടങ്ങ് എന്നുമാത്രം. അലി(റ)വിനെ ഉദ്ധരിച്ചു 'നസാഈ' നിവേദനം ചെയ്യുന്നു: അലി(റ) പറയുകയുണ്ടായി- ഒരു ശീല, ഒരു പാത്രം, ഇദ്കാര്‍ (ഒരുതരം പുല്ല്) നിറച്ച ഒരുതലയണ എന്നിവ ഫാത്തിമ(റ)വിന് റസൂലുല്ലാഹ്(സ) നല്‍കി.''

കാലോചിതവും ലളിതവുമായി ചെയ്യപ്പെടുന്ന ഇത്തരം കാര്യങ്ങളൊന്നും ഇസ്‌ലാമില്‍ വിരോധിക്കപ്പെടുന്നില്ല. എന്നാലിക്കാലത്ത് ഇതൊക്കെ അതിരുകടന്നു അമിതവ്യയത്തിലേക്കും ധൂര്‍ത്തിലേക്കുമെത്തുന്നു. അമിതമായ ധനവ്യയത്തില്‍ സമുദായത്തിന് അസഹ്യമായ വിഷമങ്ങള്‍ ഉണ്ടാകുന്നു. ചില അറബു നാടുകളില്‍ അമിതമായ 'മഹര്‍' കാരണം പുരുഷ വിഭാഗം വിഷമിക്കുമ്പോള്‍ നമ്മുടെ നാടുകളില്‍ അസഹ്യമായ സ്ത്രീധന സമ്പ്രദായം കാരണം സ്ത്രീയുടെ കുടുംബം വിഷമത്തിലാകുന്നു. പുറമെ അനാവശ്യങ്ങളായ ആഘോഷങ്ങളും ആര്‍ഭാടങ്ങളും കാരണം ഇരു വിഭാഗവും സാമ്പത്തിക വിഷമങ്ങള്‍ അനുഭവിക്കുന്നു. സാമൂഹ്യമായ കീറാമുട്ടികളില്‍ കുടുങ്ങുന്നു. ഇതിനൊക്കെ പരിഹാരമെന്താണ്? സമൂഹത്തെ ബോധവത്ക്കരിക്കുകയും ഇസ്‌ലാമികമായ ലാളിത്യത്തിലേക്ക് ജനങ്ങളെ കരകയറ്റുകയും ചെയ്യുകയാണ് പരിഹാരമാര്‍ഗം. എന്നാല്‍, ആരാണ് ഇതിനുവേണ്ടി മുന്നോട്ടു വരിക. വിവാഹിതരാണെങ്കില്‍ മിക്കവരും വേണ്ടുവോളം സ്ത്രീധനം സ്വീകരിച്ചു കഴിഞ്ഞവരായിരിക്കും. അവിവാഹിതരാണെങ്കിലോ കൂടുതല്‍ സ്ത്രീധനം എവിടെനിന്നു ലഭിക്കുമെന്ന അന്വേഷണത്തിലുമായിരിക്കും. ധനവാന്മാരെന്നോ ദരിദ്രരെന്നോ വ്യത്യാസം ഇക്കാര്യത്തില്‍ കാണുന്നില്ല. പഠിച്ചവരും പഠിക്കാത്തവരും അതില്‍ ഒരുപോലെയാണ്. ശക്തമായ ബോധവത്കരണത്തിന് വേണ്ടി പണ്ഡിതന്‍മാരും നേതാക്കളും നിരന്തരം ഒന്ന് പ്രവര്‍ത്തിച്ചാല്‍ ഇതിന് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

വധുവിന് ചെലവ് നല്‍കല്‍

വിവാഹം നടക്കലോടുകൂടി വധു വരന്റെ അധീനവലയത്തില്‍ വന്നുചേരുന്നു. വരന്റെ പല അവകാശങ്ങളും വകവെച്ചുകൊടുക്കല്‍ അവള്‍ക്ക് നിര്‍ബന്ധമാവുകയും ചെയ്യുന്നു. ശാരീരികമായി ബന്ധപ്പെടുവാന്‍ അവന്‍ ആഗ്രഹിക്കുമ്പോള്‍ അവളത് അനുസരിക്കണം. അവന്റെ വീട്ടില്‍ അവള്‍ ഉറച്ച് നില്‍ക്കണം. അനുവാദമില്ലാതെ വീടുവിട്ടിറങ്ങാന്‍ പാടില്ല. ഇതിന്നു പകരമായി വരന് വന്നുചേരുന്ന ബാധ്യതയാണ് വധുവിന്റെ ജീവിതച്ചെലവ് വഹിക്കുക എന്നതും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ പല ആവശ്യങ്ങളും ഭര്‍ത്താവ് നിറവേറ്റിക്കൊടുക്കണം. 'മഹര്‍' നല്‍കുന്നതിനു പുറമെയാണിത്. വിവാഹബന്ധം നിലനില്‍ക്കുന്ന കാലത്തെല്ലാം ചില നിബന്ധനകള്‍ക്ക് വിധേയമായി ഭര്‍ത്താവ് ഭാര്യയുടെ ചെലവുകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കണം. വിശദവിവരങ്ങള്‍ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ വേണ്ടപോലെ സ്ഥലം പിടിച്ചിട്ടുണ്ട്. അവയെല്ലാം ഒരു ലേഖനത്തില്‍ വിവരിക്കുക പ്രയാസമാണ്. ചുരുക്കത്തില്‍, ഒരു കാര്യം ശ്രദ്ധേയമാണ്. ഇസ്‌ലാമിലെ വൈവാഹിക നിമയമങ്ങള്‍ മനസിലാക്കുമ്പോള്‍ സ്ത്രീ പുരുഷബന്ധം എപ്രകാരമാണ് ഇസ്‌ലാം സംവിധാനം ചെയ്തിട്ടുള്ളതെന്ന് സ്പഷ്ടമാകും. സ്ത്രീ അബലയാണ്. പുരുഷന്‍ അവള്‍ക്ക് സംരക്ഷണം നല്‍കണം. സ്ത്രീ വിധേയയാണ്; പുരുഷന്‍ മേധാവിയും. വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: ''പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാണ്; അവരില്‍ (മനുഷ്യരില്‍) ചിലര്‍ക്ക് (പുരുഷന്‍മാര്‍ക്ക്) ചിലരെക്കാള്‍ (സ്ത്രീകളെക്കാള്‍) ചില വിശേഷങ്ങള്‍ അല്ലാഹു നല്‍കിയതുകൊണ്ടാണത്. പുറമെ പുരുഷന്‍മാര്‍ തങ്ങളുടെ ധനങ്ങളില്‍നിന്ന് ചെലവ് ചെയ്യുന്നതിനാലുമാണ്.'' (അന്നിസാഅ് : 34)

ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് ചെലവ് കൊടുക്കുവാന്‍ ബാധ്യസ്ഥരാണെന്നുള്ള നിയമം പൊതുവെ തര്‍ക്കമില്ലാത്തെ ഒരു കാര്യമാണ്. ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക് ചെലവ് നല്‍കാന്‍ ബാധ്യസ്ഥകളാണെന്നോ ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ ചെലവ് നല്‍കേണ്ടതില്ലെന്നോ ആരും വാദിച്ചതായി കാണുകയില്ല. ലൈംഗികാസ്വാദനം പോലെയുള്ള വിഷയങ്ങളില്‍ സ്ത്രീപുരുഷന്‍മാര്‍ തുല്യന്മാരാണെന്നും അതിനാല്‍ ഒരാള്‍ മറ്റേ ആള്‍ക്ക് ചെലവ് നല്‍കേണ്ടതില്ലെന്നും യുക്തിവാദികള്‍ പോലും വാദിക്കുന്നതായി കേട്ടിട്ടില്ല. പുരുഷന് സ്ത്രീയുടെ കാര്യത്തില്‍ മേലധികാരമില്ലെന്നു വാദിക്കുന്നത് പ്രകൃതിക്ക് നിരക്കാത്ത ഒരു വാദഗതി ആയതുകൊണ്ടാണിത്. ഇത് സ്ത്രീകള്‍ക്ക് അടിമത്വം കല്‍പ്പിക്കലോ അവരെ പുരുഷന്‍മാരുടെ വേലക്കാരികളാക്കുകയോ ചെയ്യലല്ലെന്ന് ഓര്‍ക്കണം. നേരെമറിച്ച് സ്ത്രീക്ക് പുരുഷന്‍മാര്‍ സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമാണ്. കൂടാതെ, പ്രകൃതിദത്തമായ സ്ഥാനങ്ങള്‍ സ്ത്രീകളെ ഒതുക്കിനിര്‍ത്തലുമാണ്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter