നാഥനെ അറിയുക; നാമങ്ങളിലൂടെ

അല്ലാഹുവിനെക്കുറിച്ചുള്ള പഠനങ്ങളും മനനങ്ങളുമാണല്ലോ ഇസ്ലാമിലെ സുപ്രധാന കർമം. അതാണ് ഏറ്റവും മഹത്തരമായ ശാസ്ത്രമെന്ന് മഹാനായ ഇബ്‌നുൽ ഖയ്യിം പറഞ്ഞു വെച്ചിട്ടുണ്ട്. ഏതൊരു ശാസ്ത്രത്തിന്റെയും മാഹാത്മ്യം അതിന്റെ പ്രതിപാദ്യവിഷയങ്ങളടിസ്ഥാനമാക്കിയായിരിക്കും, എങ്കിൽ അല്ലാഹു തന്നെ പ്രതിപാദിക്കപ്പെടാനേറ്റവുമർഹൻ. സ്രഷ്ടാവിനെ തിരിച്ചറിയുകയെന്നത് സൃഷ്ടിക്ക് അതിപ്രധാനമത്രെ.

ഇസ്ലാമിക വിശ്വാസമനുസരിച്ച് അല്ലാഹുവിനെ അറിയുക എന്നാൽ അവന്റെ ഉണ്മയിലുള്ള വിശ്വാസം മാത്രമല്ല, മറിച്ച് അവന്റെ ദൈവിക സാന്നിധ്യത്തിന്റെ സ്വഭാവങ്ങളും വിശേഷണങ്ങളും ഗ്രഹിക്കുക എന്നതു കൂടിയാണ്.
എന്നാൽ അദൃശ്യനായ, ഇന്ദ്രിയഗോചരമല്ലാത്ത, അനിർവചനീയമായ ഒരു ദൈവത്തിന്റെ സ്വഭാവം എങ്ങനെ ഉൾകൊള്ളാനാകും?. ഈ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് ഇമാം ഇബ്‌നു അറബി പറയുന്നു: അല്ലാഹുവിനെ കണ്ടെത്തേണ്ട സ്ഥാനം, അല്ലെങ്കിൽ നാം കണ്ടെത്തുന്നത് അവനാണെന്ന് നമുക്ക് സ്ഥിരീകരിക്കാൻ കഴിയുന്ന സ്ഥലമാണ് ദിവ്യ സാന്നിധ്യം(അൽ ഹള്‌റത്തുൽ ഇലാഹിയ്യ). ഈ ദിവ്യസാന്നിധ്യം മൂന്ന് കാര്യങ്ങളിലധിഷ്ഠിതമാണ്. അല്ലാഹുവിൽ മാത്രം കുടികൊള്ളുന്ന ദൈവിക സത്ത(ദാത്ത്), ദൈവികസത്തയും ദൈവേതരവസ്തുക്കളും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്ന ബന്ധമെന്ന് വിശേഷിപ്പിക്കാവുന്ന ദൈവികവിശേഷണങ്ങൾ, നാമങ്ങൾ(സ്വിഫാത്ത്), പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളെയും അവയിൽ നിന്ന് പ്രകടമാകുന്ന എല്ലാ കാര്യങ്ങളെയും കുറിക്കുന്ന ദൈവിക പ്രവർത്തനങ്ങൾ (അഫ്ആൽ) എന്നിവയാണവ.

ഈ വീക്ഷണാടിസ്ഥാനത്തിൽ, അല്ലാഹുവിനെക്കുറിച്ചുള്ള ഒരു തികഞ്ഞ ധാരണക്കുള്ള മാർഗം ദൈവികസത്തയെയും വിശേഷണങ്ങളെയും പ്രവർത്തനങ്ങളെയും പഠനത്തിന് വിധേയമാക്കുക എന്നതാണ്. അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളെക്കുറിച്ചുള്ള പഠനം തന്നെ ഈ മൂന്ന് മേഖലകളെയും സമഗ്രമായി ഉൾകൊള്ളുന്നുണ്ട്. ഇസ്ലാമിക പണ്ഡിതന്മാർ അല്ലാഹുവിന്റെ നാമങ്ങളെ മൂന്ന് തരത്തിൽ വിഭജിച്ചതായി കാണാം. എന്തല്ല അല്ലാഹു എന്ന് വ്യക്തമാക്കുന്ന നാമങ്ങൾ(ഇവ അല്ലാഹുവിന്റെ സത്തയെ കുറിക്കുന്നു), എന്താണ് അല്ലാഹു എന്ന് വ്യക്തമാക്കുന്ന നാമങ്ങൾ (ഇത് അല്ലാഹുവിന്റെ വിശേഷങ്ങളുടെ നാമങ്ങൾ), പ്രപഞ്ചവുമായി അല്ലാഹു എങ്ങനെ ബന്ധപ്പെടുന്നു എന്നതിനെ കുറിക്കുന്ന നാമങ്ങൾ(ഇത് അല്ലാഹുവിന്റെ പ്രവർത്തനങ്ങളുടെ നാമങ്ങൾ).

അതിനാൽ അല്ലാഹുവിന്റെ നാമങ്ങളെക്കുറിച്ചുള്ള പഠനം അതിപ്രധാനമാണ്. ദൈവികജ്ഞാനത്തിലേക്കുള്ള ആരംഭത്തെ പ്രതിപാദിച്ചു കൊണ്ട് ഇബ്‌നുൽ ഖയ്യിം ഇപ്രകാരം പറയുന്നത് കാണാം. ''അല്ലാഹുവിന്റെ ഗുണവിശേഷങ്ങൾ അറിയുകയും വിശ്വസിക്കുകയും അവയുടെ സത്യങ്ങൾ തെളിയിക്കുകയും അവയുമായി ഹൃദയബന്ധം സ്ഥാപിക്കുകയും ചെയ്യലാണ് അവനിലേക്കുള്ള പാതയുടെ തുടക്കവും മധ്യവും ഒടുക്കവും''
ഇസ്‌ലാമിക മതഗ്രന്ഥങ്ങളിൽ അല്ലാഹുവിന്റെ നാമങ്ങളും ഗുണവിശേഷങ്ങളും സുപ്രധാന സ്ഥാനം വഹിക്കുന്നുണ്ട്. ഖുർആനിൽ മിക്ക പേജുകളിലും ദൈവികനാമങ്ങൾ ആവർത്തിക്കപ്പെടുന്നു. അർറഹീം(കരുണാമയൻ) എന്ന നാമം 227 തവണയും അർറഹ്‌മാൻ(പരമദയാലു)എന്ന നാമം 170 തവണയും അൽഗഫൂർ(ഏറെ പൊറുക്കുന്നവൻ) 91 തവണയും ഖുർആനിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
അനേകമിടങ്ങളിലായി അല്ലാഹുവിന്റെ നാമങ്ങളെ പഠിക്കാൻ ഖുർആൻ പ്രേരണ നൽകുന്നുമുണ്ട്. ഏകദേശം 30 ഖുർആനിക സൂക്തങ്ങൾ അവസാനിക്കുന്നത് അല്ലാഹുവിന്റെ വിശേഷങ്ങൾ പഠിക്കാനുള്ള ആഹ്വാനവുമായിട്ടാണ്.

'നിങ്ങൾ അറിഞ്ഞിരിക്കുക അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു' (അൽ ബഖറ 209), 'അല്ലാഹു നിരാശ്രയനും സ്തുത്യർഹനുമാണെന്ന് ഗ്രഹിച്ചു കൊള്ളുക' (അൽ ബഖറ 267), 'അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു'(അൽ ബഖറ 244), 'ഏഴ് ആകാശങ്ങളും തതുല്യമായി ഭൂമിയും സൃഷ്ടിച്ചത് അല്ലാഹുവാണ്. അവക്കിടയിൽ ദൈവശാസനമിറങ്ങുന്നു, അവൻ സർവവിഷയത്തിനും കഴിവുറ്റവനാണെന്നും ഏതു കാര്യവും സമഗ്രമായി അറിയുന്നുവെന്നും നിങ്ങൾ ഗ്രഹിച്ചിരിക്കാൻ വേണ്ടി'(അത്വലാഖ് 12) തുടങ്ങിയ സൂക്തങ്ങൾ ചില ഉദാഹരണങ്ങൾ മാത്രം.
പ്രവാചകാധ്യാപനങ്ങളിലും ദൈവികനാമപഠനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നത് കാണാം. അല്ലാഹുവിന് 99 നാമങ്ങളുണ്ട്, അത് ഗ്രഹിച്ചവൻ സ്വർഗസ്ഥനാണെന്ന ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസ് (സ്വഹീഹ് മുസ്‌ലിം 2677) ഇതിനുദാഹരണമാണ്.

ഖുർആനിൽ ആവർത്തിക്കപ്പെട്ട അറിയുക(വഅ്‌ലമൂ), ഹദീസിൽ പ്രതിപാദിക്കപ്പെട്ട തിട്ടപ്പെടുത്തുക (അഹ്‌സ്വാ) എന്നീ പദങ്ങൾ ഏറെ ശ്രദ്ധേയമാണ്. കേവല ഹൃദിസ്ഥമാക്കലിനപ്പുറം മേൽനാമങ്ങളുടെ ആഴമേറിയ അറിവ് നേടുകയും അവ വിശ്വാസിയുടെ ഹൃദയങ്ങളിൽ സ്വാധീനം ചെലുത്തുകയും സ്രഷ്ടാവിനോടുള്ള ബന്ധം അത് വഴി സുദൃഢമാക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കപ്പടുന്നത്.
ഡോ. ജെഫ്രി ലാങ് തന്റെ Even Angels Ask എന്ന ഗ്രന്ഥത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: ''ദൈവികനാമങ്ങൾ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ അനന്തമായ ദീപ്തിയിലേക്കുള്ള ഒരു മാർഗമാണ്. എല്ലാത്തിന്റെയും ആത്യന്തിക ഉറവിടത്തിലേക്കുള്ള വഴിയിൽ തങ്ങളുടെ ആത്മാക്കളുടെ മറനീക്കാനും അവയെ നവീകരിക്കാനും വിശ്വാസികൾ ശ്രമിക്കുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം മനസ്സിലാക്കണമെങ്കിൽ ദൈവികനാമങ്ങളെ കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതമാണ്''.

അല്ലാഹുവിനെക്കുറിച്ച് പൂർണ്ണമായ ധാരണ ലഭിക്കാൻ, അല്ലാഹുവിന്റെ സത്തയും ഗുണവിശേഷങ്ങളും നാം അംഗീകരിക്കുന്നതോടൊപ്പം അവന്റെ സൃഷ്ടികളിൽ അവൻ എങ്ങനെ പ്രത്യക്ഷപ്പെടുന്നുവെന്നും ചിന്തിക്കേണ്ടതുണ്ട്. പ്രപഞ്ചവും അതിലെ മുഴുവൻ സൃഷ്ടികളും അല്ലാഹുവിന്റെ പ്രവർത്തനങ്ങളുടെ (അഫ്ആൽ) പ്രതിഫലനമാണ്, പ്രപഞ്ചത്തെയും അതിന്റെ മുഴുവൻ സൃഷ്ടികളെയും അടുത്തറിയുന്നത് നമ്മെ അല്ലാഹുവിലേക്ക് അടുപ്പിക്കും.
ക്ലാസിക്കൽ ഇസ്ലാമിക ദാർശനിക ഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവും ചിന്തകനുമായ  വില്യം സി ചിറ്റിക് പറയുന്നു. ''പ്രപഞ്ചത്തെക്കുറിച്ചുള്ള കൃത്യമായ അവബോധമില്ലാത്തിടത്തോളം അല്ലാഹു ഈ പ്രപഞ്ചവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കൽ അസാധ്യമാണ്. അദ്ദേഹം രേഖപ്പെടുത്തുന്നത് കാണാം: ''അല്ലാഹുവുമായുള്ള ബന്ധം നമുക്ക് ഗ്രഹിക്കാവതല്ലെങ്കിൽ  അല്ലാഹുവിന്റെ നാമങ്ങൾ ബുദ്ധിപരമാകുന്നില്ല, പ്രപഞ്ചം എന്ന അവന്റെ പ്രകടനത്തിന്റെ (അൽമളാഹിർ) സ്ഥാനം സുഗ്രാഹ്യമാകുമ്പോൾ മാത്രമേ ഈ ബന്ധം നമുക്ക് വ്യക്തമാകൂ. ഉദാഹരണത്തിന് അല്ലാഹു എന്ന നാമം വിരൽ ചൂണ്ടുന്നത് പ്രപഞ്ചത്തിലേക്കും അതുൾകൊള്ളുന്ന സർവവസ്തുക്കളിലേക്കുമാണ്. രാജാവ്, പരമാധികാരി എന്ന നാമങ്ങൾ പോലെ. അതിനാൽ ഈ നാമം അല്ലാഹുവിന്റെ സത്തക്കപ്പുറം അവന്റെ സ്ഥാനത്തെയാണ് ദ്യോതിപ്പിക്കുന്നത്.''

അപ്രകാരം, ദിവ്യനാമങ്ങളുടെയും വിശേഷണങ്ങളുടെയും അർത്ഥത്തെ ആഴത്തിൽ മനസിലാക്കാൻ, പ്രപഞ്ചത്തിന്റെ ഉത്ഭവം, പരിണാമം, പ്രപഞ്ചത്തിന്റെ ആത്യന്തികമായ ഭാഗധേയം എന്നിവയെക്കുറിച്ച് ശാസ്ത്രീയമായ പഠനം ആരംഭിക്കേണ്ടതുണ്ട്.
ഈ വീക്ഷണാടിസ്ഥാനത്തിലാണ് അല്ലാഹ് എന്ന ഭാഗം അല്ലാഹുവിന്റെ സുന്ദരനാമങ്ങളിൽ (അസ്മാഉൽ ഹുസ്‌നാ) കേന്ദ്രീകരിച്ചത്. സ്രഷ്ടാവിനെ അറിയാനുള്ള സൃഷ്ടിയുടെ ശ്രമമെന്നോണം അല്ലാഹുവിന്റെ നാമങ്ങളുടെ അർത്ഥങ്ങളും വിവക്ഷകളും നാം അന്വേഷിക്കുന്നു. പ്രപഞ്ചപരിപാലകൻ, സ്രഷ്ടാവ് തുടങ്ങിയ ദൈവികപരമാധികാരത്തിന്റെ യുക്തിയും സാധുതയും പരിശോധിക്കുന്നു. ദൈവികാസ്തിത്വത്തെ നിഷേധിക്കാനായി സന്ദേഹവാദികളും നാസ്തികരും മുന്നോട്ട് വെക്കുന്ന വാദങ്ങളുടെ നിരർത്ഥകതയും വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നു.

ഈ ചർച്ചകൾ അല്ലാഹുവിന്റെ വിശേഷണങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചക്ക് സഹായകമേകുമെന്ന് പ്രതീക്ഷിക്കുന്നു, വിശ്വാസിയുടെ ബോധ്യം ഊട്ടിയുറപ്പിക്കാനും അവിശ്വാസികളുടെ മിഥ്യാധാരണകൾ പുനർപരിശോധിക്കാനും പ്രേരകമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter