മതഭ്രഷ്ട് (രിദ്ദത്ത്)
മതഭ്രഷ്ട് അവിശ്വാസത്തിന്റെ ഇനങ്ങളില്‍ വെച്ചേറ്റവും നികൃഷ്ടമാണ്. ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹുവിനോട് പങ്ക് ചേര്‍ത്തവര്‍ക്ക് അവന്‍ പൊറുക്കുകയില്ല നിശ്ചയം. അതല്ലാത്തതിനെ ഉദ്ദേശിച്ചവര്‍ക്കവന്‍ പൊറുത്തുകൊടുക്കും. വല്ലവരും അല്ലാഹുവിനോട് പങ്ക് ചേര്‍ത്താല്‍ സ്വര്‍ഗ്ഗം അവന്ന് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു.’ മഹാനായ അബുദ്ദര്‍ദാഇ(റ)നോട് നബി ÷ ഇപ്രകാരം വസ്വിയ്യത്ത് ചെയ്യുകയുണ്ടായി: അല്ലാഹുവിനോട് നീ പങ്ക് ചേര്‍ക്കരുത്, ഓര്‍മ്മയോടുകൂടി ഫര്‍ള് നമസ്‌കാരം പാഴാക്കരുത്. കള്ള് കുടിക്കുകയുമരുത്.
കാഫിറാകുന്ന കാര്യങ്ങള്‍
മുസ്‌ലിമായ ഒരു വ്യക്തി കാഫിറാകണമെന്ന് തീരുമാനിച്ചാലും കാഫിറാകുന്നതിനെ മറ്റൊരു കാര്യത്തിനോട് ബന്ധിച്ചാലും- ആ കാര്യം ഉണ്ടാകാന്‍ സാദ്ധ്യതയില്ലാത്തതാണെങ്കിലും- ഉടനടി അവന്‍ കാഫിറാകുന്നതാണ്. ആകാശം ഭൂമി മുതലായ സൃഷ്ടികള്‍ അനാദികാലം മുതല്‍ ഉള്ളതാണെന്ന് വിശ്വസിക്കുക, അല്ലാഹുവിന്റെ വിശേഷണങ്ങളാണെന്ന് സ്ഥിരപ്പെട്ട അറിവ് കഴിവ് മുതലായവ നിഷേധിക്കുക, അവനില്ലാത്ത വിശേഷണങ്ങളായ നിറം മുതലായവ അവന്നുണ്ടെന്ന് വിശ്വസിക്കുക, അഞ്ചുനേരത്തെ നമസ്‌കാരത്തിലുപരി മറ്റു നമസ്‌കാരം ഫര്‍ളുണ്ടെന്നോ റമളാന്‍ അല്ലാത്ത മാസങ്ങളില്‍ നോമ്പ് നിര്‍ബന്ധമാണെന്നോ വിശ്വസിക്കുക ഇവയെല്ലാം മതഭ്രഷ്ടിന്നു കാരണമായിത്തീരും.
യഹൂദികളും ക്രിസ്ത്യാനികളും കാഫിറാണോ അല്ലയോ എന്ന് സംശയിക്കുക, ബിംബങ്ങള്‍ സൂര്യന്‍ മുതലായവക്ക് വണക്കമായി സുജൂദ് ചെയ്യുക. ക്രിസ്തീയ വേഷത്തില്‍ അവരോടൊന്നിച്ച് കനീസകളിലേക്ക് പോകുക, എന്നിവ മതഭ്രഷ്ടിന്റെ കാരണങ്ങളില്‍ പെട്ടതാകുന്നു. ഖുര്‍ആന്‍, മതഗ്രന്ഥങ്ങള്‍, അല്ലാഹുവിന്റെയോ മലക്കുകളുടെയോ നബിമാരുടെയോ നാമങ്ങള്‍ എഴുതിയ വസ്തുക്കള്‍ എന്നിവ മൂക്കട്ട, തുപ്പുനീര് തുടങ്ങിയ മ്ലേച്ഛതകളില്‍ ഇടലും പള്ളിയില്‍ നജസ് പുരട്ടലും മതവ്യതിയാനത്തിന് ഇടവരുത്തും. ഖുര്‍ആനില്‍ പേരുപറഞ്ഞ ഒരു നബിയെപ്പറ്റി അങ്ങനെ ഒരു നബിയില്ലെന്ന് പറയുക, നബിമാരില്‍ അവതരിച്ച ഏതെങ്കിലും ഒരു ഗ്രന്ഥത്തെയോ അതിലുള്ള ഒരു സൂക്തത്തെയോ നിഷേധിക്കുക, ഒരു സുന്നത്തിനെ സുന്നത്തല്ലെന്നോ ഹറാമിനെ ഹറാമല്ലെന്നോ ഹലാലിനെ ഹലാലല്ലെന്നോ പറയുക എന്നിവയെല്ലാം കാഫിറാകുന്ന കാര്യങ്ങളാണ്.
സുന്നത്താണെന്നോ അനുവദനീയമാണെന്നോ ഹറാമാണെന്നോ പണ്ഡിതന്മാര്‍ ഏകോപിച്ചഭിപ്രായപ്പെട്ടതും ദീനില്‍ പരസ്യമായി അറിയപ്പെട്ടതുമായിരിക്കണം പ്രസ്തുത കാര്യങ്ങള്‍. അവ നിഷേധിക്കുന്നവര്‍ കാഫിറാകും. ഉദാഹരണമായി ഫര്‍ള് നമസ്‌കാരത്തിലെ ഒരു റക്അത്ത്, റമളാനിലെ നോമ്പ്, റവാത്തിബ് (ഫര്‍ളിന്റെ മുമ്പും പിമ്പുമുള്ള) സുന്നത്തുകള്‍, പെരുന്നാള്‍ നമസ്‌കാരം, സ്വവര്‍ഗ്ഗസംഭോഗം, വ്യഭിചാരം, കള്ളു കുടിക്കല്‍, ആര്‍ത്തവക്കാരിയെ ഭോഗിക്കല്‍, ഒരു മുസ്‌ലിമിനെ മര്‍ദ്ദിക്കല്‍, ചുങ്കം വാങ്ങല്‍, പലിശ, കൈക്കൂലി, വുളുവില്ലാതെ നമസ്‌കരിക്കല്‍, കച്ചവടം, നികാഹ് എന്നീ കാര്യങ്ങളില്‍ നിര്‍ബന്ധമായത് നിര്‍ബന്ധമല്ലെന്നും അനുവദനീയമായത് അനുവദനീയമല്ലെന്നും അനുവദനീയമല്ലാത്തത് അനുവദനീയമാണെന്നും പറഞ്ഞാല്‍ അവന്‍ ഇസ്‌ലാമില്‍ നിന്നും പുറത്തുപോകും.
നരകവും സ്വര്‍ഗ്ഗവും ഇല്ലെന്നുപറയുക, ഒരു നബിയേയോ മലക്കിനേയോ കളവാക്കുകയോ ചീത്തപറയുകയോ നിസ്സാരമാക്കുകയോ ചെയ്യുക, ആഇശ(റ)യെ സംബന്ധിച്ച് വ്യഭിചാരാരോപണം നടത്തുക, താന്‍ സ്വയം നബിയാണെന്ന് വാദിക്കുക, മുസ്‌ലിമാകാന്‍ വന്ന ഒരാള്‍ക്ക് ശഹാദത്ത് ചൊല്ലിക്കൊടുക്കാന്‍ വിസമ്മതിക്കുക, അല്ലെങ്കില്‍ അല്‍പം കഴിയട്ടെ എന്ന് പറയുക, നബിയേക്കാള്‍ ഒരു വലിയ്യിന്ന് ശ്രേഷ്ഠതയുണ്ടെന്ന് പറയുക, നമ്മുടെ നബി ക്ക് ശേഷം മറ്റൊരു നബി വരാമെന്നു കരുതുക, അല്ലാഹുവിനെ ബാഹ്യമായ കണ്ണ് കൊണ്ട് ഇഹലോകത്തു വെച്ചു കണ്ടുവെന്നോ അല്ലാഹുവുമായി താന്‍ നേരിട്ടു സംസാരിച്ചുവെന്നോ പറയുക, തനിക്ക് ഹറാമ് ഹലാല് എന്ന വ്യത്യാസമന്യേ എല്ലാം അനുവദിക്കപ്പെട്ടിരിക്കുന്നു, ഒന്നും നിര്‍ബന്ധമില്ലാത്ത പദവിയിലേക്ക് താന്‍ ഉയര്‍ന്നിരിക്കുന്നു എന്ന് പറയുക ഇതു കൊണ്ടെല്ലാം കഫിറാകും.
അല്ലാഹുവിന്റെയോ നബിയുടെയോ നാമം, അല്ലാഹുവിന്റെ കല്‍പനകള്‍, നിരോധനങ്ങള്‍, സന്തോഷമറിയിക്കല്‍, താക്കീതുകള്‍ എന്നിവയെ പരിഹസിക്കുന്നത് കൊണ്ടും കാഫിറായിത്തീരും. അല്ലാഹുവിന്റെ നാമത്തെയോ വിശേഷണങ്ങളെയോ നിസ്സാരമാക്കി കാണുക, ഖുര്‍ആനെ മാറ്റിമറിക്കുക, അതില്‍ കൂട്ടുകയോ കുറക്കുകയോ ചെയ്യുക, കള്ള് കുടിക്കുമ്പോഴോ വ്യഭിചരിക്കുമ്പോഴോ പരിഹാസരൂപത്തില്‍ ബിസ്മി ചൊല്ലുക എന്നിവ കൊണ്ടും കാഫിറാകുന്നതാണ്. അല്ലാഹുവും റസൂലും എന്നോട് കല്‍പിച്ചാലും ഞാനത് പ്രവര്‍ത്തിക്കുകയില്ലെന്ന് ധിക്കാരപരമായി പറയുക, മാത്സര്യബുദ്ധിയോടെയോ പരിഹാസമായോ സ്വര്‍ഗ്ഗം എനിക്ക് നല്‍കിയാലും ഞാന്‍ അതില്‍ കടക്കുകയില്ലെന്നു പറയുക മുതലായവയും കുഫ്‌റിന്റെ കാരണങ്ങളാകുന്നു.
ഒരു നബിയോ മലക്കോ സാക്ഷി പറഞ്ഞാലും ഞാനത് വിശ്വസിക്കുകയില്ല എന്ന് പറയുക, ബാങ്കിനെ നിസ്സാരമാക്കുക, അതിനെ മണിയടിക്കുന്നതിനോടോ കുഴല്‍ വിളിക്കുന്നതിനോടോ ഉപമിക്കുക, ബാങ്ക് കൊടുക്കുന്നയാള്‍ പറയുന്നതെല്ലാം കളവാണെന്ന് പറയുക, അന്ത്യനാളിനെ ഞാന്‍ ഭയപ്പെടുന്നില്ലെന്ന് പറയുക, എന്ത് മഹ്ശര്‍ എന്ത് നരകം എന്നിങ്ങനെ പരിഹസിക്കുക, ദോഷം ചെയ്തതിനെസ്സംബന്ധിച്ചു എന്ത് ദോഷം എന്ത് ശര്‍അ് എന്ന് അവഹേളിക്കുക, വിജ്ഞാനത്തിന്റെ സദസ്സിനെസ്സംബന്ധിച്ചു എന്ത് അറിവിന്റെ സദസ്സ് എന്ന് പറയുക, ഇല്‍മിനെക്കാള്‍ ഉത്തമം അപ്പക്കഷ്ണമാണെന്ന് പറയുക തുടങ്ങിയവയും രിദ്ദത്തിന്റെ കാരണങ്ങളില്‍ പെടും.
കുഫ്‌രിയ്യത്തിനെ ആഗ്രഹിക്കുക, ഒരിക്കലും അനുവദനീയമല്ലാത്ത ഒരു കാര്യത്തെസ്സംബന്ധിച്ചു അതിനെ നിഷിദ്ധമാക്കിയില്ലെങ്കില്‍ നന്നായിരുന്നേനെ എന്നാഗ്രഹിക്കുക, അല്ലാഹു അക്രമം ചെയ്യുന്നവനാണെന്നും ചുങ്കം മുതലായവ വാങ്ങല്‍ ഭരണകര്‍ത്താക്കള്‍ക്കനുവദനീയമാണെന്നും പറയുക, കാഫിറിന്റെ മതത്തെ സ്‌നേഹിച്ചു അവന്റെ വേഷവിധാനങ്ങള്‍ സ്വീകരിക്കുക, ഈമാന്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ‘എന്ത് ഈമാന്‍, എനിക്കറിഞ്ഞു കൂടാ’ എന്ന് നിസ്സാരമാക്കി പറയുക, ഹ. സിദ്ദീഖ്, ഉമര്‍(റ) എന്നിവരെ അസഭ്യം പറയുക എന്നിവയും ഇങ്ങനെത്തന്നെ.
നല്ല കാര്യം കൊണ്ട് എന്താണ് നീ ഉപദേശിക്കാത്തത് എന്ന് ചോദിച്ച ഒരാളോട് ഈ ‘ഇല്ലാത്ത കാര്യങ്ങള്‍ ഉപദേശിക്കാന്‍ എനിക്കെന്ത് കാര്യം’ എന്നോ ഒരു സുന്നത്തായ കാര്യത്തെ നിസ്സാരമാക്കിക്കൊണ്ട് ‘ഞാനത് ചെയ്യുകയില്ല’ എന്നോ പറയുക, നിഷിദ്ധമായ ഒരു കാര്യം ചെയ്തവനോട് , നീ ചെയ്തത് വളരെ നന്നായി എന്ന് പ്രതികരിക്കുക, ഭാര്യമാരോടുള്ള പ്രേമാധിക്യത്താല്‍ നീ അല്ലാഹുവിനേക്കാളും റസൂലിനേക്കാളും എനിക്കിഷ്ടപ്പെട്ടവളാണ് എന്ന് പറയുക, ഒരു മുസ്‌ലിമിനെ കാഫിര്‍ എന്ന് മറ്റര്‍ത്ഥങ്ങളൊന്നും കരുതാതെ വിളിക്കുക(കാഫിര്‍ എന്നതിന്ന് മറച്ചു വെക്കുന്നവര്‍ എന്നും മറ്റും അര്‍ത്ഥമുണ്ട്) എന്നിവകൊണ്ടും കാഫിറാകും.
നമസ്‌കാരം നോമ്പ് മുതലായ പരസ്യമായ ആരാധനകള്‍ രഹസ്യമായ ആരാധനകളാണെന്നോ തനിക്ക് വഹ്‌യ് (ദിവ്യസന്ദേശം) ലഭിക്കാറുണ്ടെന്നോ മരണത്തിന്നു മുമ്പുതന്നെ ഹൂറുല്‍ഈനു(സ്വര്‍ഗ്ഗീയ സ്ത്രീകള്‍)മായി സമ്പര്‍ക്കമുണ്ടാകുമെന്നോ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച് അതിലെ പഴങ്ങള്‍ ഭുജിക്കാറുണ്ടെന്നോ പറഞ്ഞവനും കാഫിറാണ്. നബിത്വപദവി ആരാധനയും ഹൃദയശുദ്ധിയും കൊണ്ട് ലഭ്യമാക്കാവുന്നതാണെന്ന് പറയുക, ചെയ്യാത്ത ഒരു കാര്യത്തെസ്സംബന്ധിച്ച് ‘ഞാന്‍ അക്കാര്യം ചെയ്തു, അതിന്ന് അല്ലാഹു സാക്ഷിയാണ്’ എന്ന് പറയുക, ഇന്ന നക്ഷത്രം കാരണമായിട്ടാണ് മഴ വര്‍ഷിക്കുന്നത് എന്ന് വിശ്വസിക്കുക, നബി തങ്ങള്‍ കറുത്ത ആളാണെന്നും ഖുറൈശി അല്ലെന്നും നബി മക്കയില്‍ നബിയായി അവതരിച്ചതോ, മദീനയില്‍ വെച്ച് പരലോകം പൂകിയതോ എനിക്കറിയുകയില്ലെന്നും പറയുക. ഇവയെല്ലാം കാഫിറാകുന്ന കാര്യങ്ങളാണ്.
Leave A Comment