ദിവ്യാത്ഭുതങ്ങള്‍: സംഭവ്യതയും ചരിത്രക്ഷമതയും

മനുഷ്യ വര്‍ഗത്തിനെ ദൈവികവഴിയിലേക്ക്‌ ക്ഷണിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ടവരാണ്‌ പ്രവാചകവൃന്ദം. ഒരു സുപ്രഭാതത്തില്‍ ഞാന്‍ ദൈവദൂതനാണെന്നും നിങ്ങള്‍ ഏകനായ ദൈവത്തില്‍ വിശ്വസിക്കണമെന്നും പ്രവാചകര്‍ വിളിച്ചു പറയുമ്പോള്‍ മനുഷ്യസഹജമായ നിഷേധ ഭാവത്തോടെയാണ്‌ പൊതുവേ സ്വീകരിക്കപ്പെടുക. ഇത്തരം സ്വാഭാവിക സാഹചര്യങ്ങളില്‍ നിന്ന്‌ മാറി പ്രവാചകത്വം വാദിക്കുന്ന വ്യക്തി യാഥാര്‍ത്ഥനായ ദൂതന്‍ തന്നയെന്ന്‌ സ്ഥാപിക്കാനുള്ള ദൈവിക വരദാനങ്ങളാണ്‌ മുഅ്‌ജിസത്തുകള്‍. അവിശ്വാസികള്‍ക്കും സന്ദേഹികള്‍ക്കും വിശ്വസിക്കാനുള്ള തെളിവും വിശ്വാസികള്‍ക്ക്‌ വിശ്വാസദൃഢീകരണത്തിനുള്ള മാര്‍ഗവുമാണ്‌ മുഅ്‌ജിസത്തുകള്‍ തുറന്നിടുന്നത്‌. 

സത്യത്തിലേക്കുള്ള പാതകള്‍ വ്യത്യസ്‌തമാണ്‌. ലക്ഷ്യമൊന്നാണെങ്കിലും പല വഴികളുലൂടെ സത്യത്തെ പുല്‍കാം. ഒരേരാരുത്തരുടെയും ആന്തരികവും മാനസികവും ബൗദ്ധികവുമായ ഉള്‍ക്കാഴ്‌ച്ചകള്‍ക്കനുസരിച്ച്‌ അവ വ്യത്യസ്‌തമാവാമെന്ന്‌ ഇബ്‌നുല്‍ ഖയ്യിം അല്‍ജൗസി തന്റെ മിഫ്‌താഹു ദാറുസ്സആദയില്‍ വ്യക്തമാക്കുന്നുണ്ട്‌. ഉപരിസൂചിതമായ പ്രസ്‌താവനക്ക്‌ അദ്ദേഹം അഞ്ച്‌ വിഭാഗങ്ങളെ ഉദാഹരിക്കുകയും ചെയ്യുന്നു. സ്വതസിദ്ധമായ വിശുദ്ധി കൊണ്ട്‌ സത്യം സ്വീകരിച്ചവരാണ്‌ അവരില്‍ ഒന്നാമത്തെ കൂട്ടര്‍. അബൂബക്കര്‍(റ) ഈ വിഭാഗക്കാരനാണെന്ന്‌ അദ്ദേഹം പ്രസ്‌താവിക്കുന്നു. സത്യപ്രചാരകന്റെ വിശുദ്ധമായ സ്വഭാവവൈശിഷ്‌ട്യങ്ങളില്‍ ആകൃഷ്ടരായി സത്യത്തിലെത്താം. ഖദീജത്തുല്‍ കുബ്‌റാ ഈ ഗണത്തിലാണ്‌ പെടുന്നത്‌. മൂന്നാമതൊരു കൂട്ടര്‍ ദിവ്യാത്ഭുതങ്ങള്‍ ദര്‍ശിച്ചോ അറിഞ്ഞോ വിശ്വസിക്കുന്നവരാണ്‌. നാലാമത്തവര്‍ പ്രവാചകന്റെ വിജയങ്ങളും സാഫല്യവും കണ്ട്‌ വിശ്വസിക്കുന്നവരും അഞ്ചാമത്തവര്‍ തങ്ങളുടെ നേതാക്കളെ തുടര്‍ന്ന്‌ വിശ്വസിക്കുന്നവരുമാണ്‌ എന്നദ്ദേഹം തുടര്‍ന്നെഴുതുന്നു.

ദിവ്യാത്ഭുതങ്ങള്‍ക്ക്‌ സാക്ഷികളായാലും വിശ്വസിക്കാത്ത, തങ്ങളുടെ പ്രാക്തനമായ വിശ്വാസങ്ങളില്‍ തന്നെ തുടരുന്നവരുമുണ്ടെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വര്‍ഗത്തില്‍ നിന്നും ഒരു വാതില്‍ തുറന്ന്‌ കൊടുത്താലും അവര്‍ അവിശ്വസിക്കുകയും തങ്ങളുടെ കണ്ണുകള്‍ക്ക്‌ തെറ്റിയെന്നും മതിഭ്രമം വന്നുവെന്നും ന്യായീകരിക്കുകയും ചെയ്യുമെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. വിവിധ കാലങ്ങളിലുള്ള ഇത്തരം മുഅ്‌ജിസത്ത്‌ നിഷേധത്തെ ഖുര്‍ആന്‍ വ്യാപകമായി ഉദ്ധരിക്കുന്നുണ്ട്‌. പരമയാഥാര്‍ത്ഥ്യത്തെ നഗ്നനേത്രങ്ങള്‍ കൊണ്ട്‌ ദര്‍ശിച്ചാലും അവര്‍ നാസ്‌തികരായി തന്നെ തുടരുമെന്ന്‌ ചുരുക്കം. സന്ദേഹവാദികളും നാസ്‌തികരും അന്ന്‌ മുതലേയുണ്ടെന്നര്‍ത്ഥം. 

പക്ഷേ, ഇന്ന്‌ അസാധരണമാം വിധം ഈ പ്രവണത കൂടിയിരിക്കുന്നു. വിശിഷ്യാ, പോസ്റ്റ്‌ മോഡേണ്‍ കാലത്ത്‌ മതങ്ങള്‍ക്കെതിരെയും പാരമ്പര്യം, അഭൗമമായ പ്രതിഭാസങ്ങള്‍ തുടങ്ങിയവയെയും നിഷേധഭാവത്തോട്‌ കൂടെ നോക്കിക്കാണുന്നത്‌ വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‌ വ്യക്തമാണ്‌. ജ്ഞാനോദയത്തിന്‌ ശേഷം ലോകവ്യാപകമായ തെറ്റിദ്ധാരണകളാണ്‌ ഇതിന്റെ പ്രധാന കാരണങ്ങള്‍. അഭൗതികത യുക്തിസഹമല്ലെന്നും ചരിത്രപരമായി തന്നെ തെളിയിക്കാനാവില്ലെന്നുമാണ് അവരുടെ വാദങ്ങള്‍. അവയെ നമുക്കൊന്ന് പരിശോധിക്കാം.

ദിവ്യാത്ഭുതങ്ങളുടെ സംഭവ്യത

ലോകത്തെ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണെന്നതിനാല്‍ തന്നെ ദിവ്യാത്ഭുതങ്ങളുടെ സംഭവ്യത അനായാസം തെളിയിക്കാം. ദൈവമാണ്‌ ഈ ലോകത്തിന്റെ സ്രഷ്ടാവെന്നും പരിപാലകനെന്നും രൂപകല്‍പ്പകനെന്നും വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ ദിവ്യാത്ഭുതങ്ങളെ നിഷേധിക്കാനാവില്ല. ഈ ഘടനയും ചട്ടങ്ങളും തന്നിഷ്ടപ്രകാരം വികസിപ്പിച്ച പടച്ചവന്‌ പ്രകൃത്യതീതമായ കാര്യങ്ങള്‍ ചെയ്യുന്നതിലെന്ത്‌ തടസ്സമാണുള്ളത്‌. ഈ പ്രാപഞ്ചിക നിയമങ്ങളെ സൃഷ്ടിച്ച ദൈവം ഈ വ്യവസ്ഥക്ക്‌ പുറത്തുള്ള ഒരാളാവണം. അപ്പോള്‍ പിന്നെ തന്നിഷ്ടപ്രകാരം ദൈവത്തിന്‌ പ്രാപഞ്ചികമല്ലാത്തതുമാവാം. അങ്ങനെ വരുമ്പോള്‍ ദിവ്യാത്ഭുതങ്ങളെ നിഷേധിക്കാന്‍ ദൈവനിഷേധികള്‍ക്ക്‌ മാത്രമാണ്‌ സാധ്യത. ദൈവത്തില്‍ വിശ്വാസമില്ലാത്തവരും ദൈവം പ്രാപഞ്ചികതയില്‍ ഇടപെടുന്നില്ലെന്ന് വിശ്വസിക്കുന്നവരും ആയവര്‍ക്ക് അഭൗതികമായ ഇടപെടലുകളെ നിഷേധിക്കാം. ജ്ഞാനോദയ കാലം വരെ ക്രിസ്‌ത്യന്‍ വിശ്വാസികള്‍ക്കിടയില്‍ അഭൗതികമായ ഇടപെടലുകളെ കുറിച്ചും ദിവ്യാത്ഭുതങ്ങളെ കുറിച്ചും സന്ദേഹമുണ്ടായിരുന്നില്ല. ജ്ഞാനോദയാനന്തരം രൂപപ്പെട്ട തീക്ഷ്ണമായ ഭൗതികവാദവും നാസ്‌തികതയും വിശ്വാസികള്‍ക്കിടയില്‍ കൂടുതല്‍ സന്ദേഹം സൃഷ്ടിച്ചു. പ്രകൃതിയെ ബാഹ്യമായ ഇടപെടലുകളില്‍ നിന്നും മുക്തമായ അടഞ്ഞ ഘടനയാക്കി വിശദീകരിക്കുകയും പ്രകൃതി നിയമങ്ങള്‍ ദൈവത്തില്‍ നിന്നും വിഘടിച്ചു പോയതാണെന്ന സൈദ്ധാന്തിക അടിത്തറ പാകുകയും ചെയ്‌തു.

പ്രകൃതി നിയമത്തിന്‌ വിരുദ്ധമായ എല്ലാ പ്രതിഭാസങ്ങളെയും ശാസ്‌ത്രവിരുദ്ധമെന്ന ലേബലില്‍ സമൂഹത്തില്‍ അവതരിപ്പിക്കുന്നതില്‍ ഭൗതികവാദികള്‍ക്കുള്ള പങ്ക്‌ ചെറുതല്ല. ഇതിന്റെ മുന്‍നിരയിലുണ്ടായിരുന്നത് രണ്ട്‌ ധിഷണാശാലികളായ തത്വചിന്തകരായിരുന്നു. ഡച്ച്‌ റാഷനലിസ്റ്റ്‌ ആയിരുന്ന ബറുച്ച്‌ സ്‌പിനോസയും സകോട്ടിഷ്‌ എംപിരിസിസ്റ്റ്‌ ആയിരുന്ന ഡേവിഡ്‌ ഹ്യൂമും. രണ്ട്‌ പേരും വ്യത്യസ്‌തമായ വാദങ്ങളായിരുന്നു സ്വീകരിച്ചതെങ്കിലും ലോജിക്കല്‍ ഫാലസി, ഫാക്‌ച്വല്‍ എറേഴ്‌സ്‌ എന്നിവ കൊണ്ട്‌ സമ്പന്നമായിരുന്നു ഇരുവരുടേയും വാദങ്ങള്‍. സ്‌പിനോസയുടെ തിയോളജിക്കല്‍-പൊളിറ്റിക്കല്‍ ട്രീറ്റീസ്‌ എന്ന പുസ്‌തകത്തില്‍ പ്രാക്തനമായൊരു ജനതയുടെ ബൗദ്ധിക ശോഷണത്തിന്റെ അവശിഷ്ടങ്ങളാണ്‌ ദിവ്യാത്ഭുതങ്ങളെന്ന് വാദിക്കുന്നുണ്ട്. 

എന്നാല്‍ സ്വവിരുദ്ധമായ വാദങ്ങളായിരുന്നു സ്‌പിനോസയുടേത്‌. ജന്മനാ അന്ധനായ ഒരാള്‍ക്ക്‌ കാഴ്‌‌ച്ച ശക്തി നല്‍കുക, മരിച്ചവരെ ജീവിപ്പിക്കുക, ചന്ദ്രന്‍ പിളരുകയും പഴയപടിയാവുകയും ചെയ്യുക തുടങ്ങിയ പ്രകൃതി നിയമങ്ങള്‍ക്ക്‌ വിരുദ്ധമായ പ്രതിഭാസങ്ങളില്‍ സ്‌പിനോസയുടെ പക്ഷം വളരെ രസകരമാണ്‌. പ്രകൃതിയെ കുറിച്ചുള്ള നമ്മുടെ ജ്ഞാനം അപൂര്‍ണ്ണമാണെന്നും അതിനാല്‍ ഉപരിസൂചിതമായ പ്രതിഭാസങ്ങളെ അടിസ്ഥാനമാക്കി നമ്മള്‍ പ്രകൃതി നിയമത്തെ മാറ്റി മനസ്സിലാക്കണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ആധുനിക തത്വചിന്ത സ്‌പിനോസയെ തള്ളിക്കളയുകയാണ്‌ ചെയ്യുന്നത്‌. അത്ഭുതങ്ങള്‍ സംഭവിക്കുന്നത്‌ മുഖേന പ്രകൃതിയുടെ മൗലികമായ നിയമങ്ങള്‍ മാറ്റിയെഴുതപ്പെടണമെന്നത്‌ അപസിദ്ധാന്തമാണെന്നാണ് അധുനിക ശാസ്‌ത്രത്തിന്റെ വീക്ഷണം.
സ്‌പിനോസ മേല്‍പ്പറഞ്ഞ വാദത്തിന്‌ പുറമെ മറ്റൊരു രീതിയില്‍ ദിവ്യാത്ഭുതങ്ങളുടെ അസംഭവ്യതയെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്‌ കാണാം. ക്വാസി തിയോളജിക്കല്‍ കം ഓണ്ടോളജിക്കല്‍ എന്ന ഈ വാദം പരസ്‌പര വിരുദ്ധമായ നിരവധി സിദ്ധാന്തങ്ങളടങ്ങിയതാണ്‌. ദൈവം പ്രകൃതി നിയമങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നുവെന്ന്‌ ആരെങ്കിലും ഉറച്ച്‌ വിശ്വസിക്കുന്നുവെങ്കില്‍ അത്‌ ദൈവം അവന്റെ തന്നെ പ്രകൃതിക്കെതിരെ പ്രവര്‍ത്തിച്ചു എന്ന്‌ പറയാന്‍ നിര്‍ബന്ധിതനാവും. ഈ വാദം സ്‌പിനോസയുടെ ദൈവസങ്കല്‍പ്പത്തിന്‌ വിരുദ്ധമാണ്‌. സ്‌പിനോസയുടെ സങ്കല്‍പപ്രകാരം ദൈവം പ്രകൃതിയല്ലാതെ മറ്റൊന്നുമല്ല. സ്‌പിനോസയുടേത്‌ നാസ്‌തികരില്‍ വ്യത്യസ്‌തമായ ഒന്നല്ലെന്ന്‌ ചുരുക്കം. അതടിസ്ഥാനത്തില്‍ പ്രകൃതി ദൈവമാണെന്നിരിക്കെ പ്രകൃതി വിരുദ്ധമായ ഒന്ന്‌ സംഭവിക്കുന്നതെങ്ങനെ. ഇങ്ങനെ അസംബന്ധവും അബദ്ധ ജഢിലവുമായ നിരവധി വാദങ്ങളാണ്‌ സപിനോസ ഉയര്‍ത്തുന്നത്‌. മറിച്ച്‌, എല്ലാ ഉണ്മയുടെയും സ്രഷ്ടാവായ ദൈവം പരമാധികാരിയാവുമ്പോള്‍ ദൈവത്തിന്‌ താന്‍ നിര്‍മ്മിച്ച നിയമങ്ങളെ മാറ്റുന്നതിനോ ലംഘിക്കുന്നതിനോ യുക്തിപരമായി യാതൊരു തടസ്സവുമില്ലെന്ന് പറയേണ്ടിവരും. 

അദ്ദേഹം തുടരുന്നു: ഇനി അഥവാ, ദിവ്യാത്ഭുതങ്ങള്‍ യഥാര്‍ത്ഥമായിരുന്നുവെങ്കില്‍ അത്‌ ധ്വനിപ്പിക്കുന്നത്‌ ദൈവം ദൂഷ്യങ്ങളും പിശകുകളും നിറഞ്ഞ ഒരു ലോകത്തെയാണ്‌ സൃഷ്ടിച്ചതെന്നാണ്‌. അത്‌ കൊണ്ടാണല്ലോ ദൈവം പലവട്ടം അഴിച്ചുപണി നടത്തുന്നത്‌. ഇത്‌ സ്‌പിനോസയുടെ മുന്‍വാദങ്ങളുമായി എതിരാകുന്നുവെന്ന്‌ മാത്രമല്ല സ്‌പിനോസയെ ഒരു നിസ്സാരപ്രതിയോഗിയാക്കി മാറ്റുകയും ചെയ്യുന്നു.
ദൈവം അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്‌ പ്രകൃതിയെ ക്രമപ്പെടുത്താനോ അഴിച്ചുപണി നടത്താനോ ആണ്‌ എന്ന പരിമിതമായ യുക്തി (രാഹിത്യം)യില്‍ നിന്നാണ്‌ സ്‌പിനോസ ഈ വാദമുയര്‍ത്തുന്നത്‌. സ്‌പിനോസയുടെ വാദങ്ങളുടെ ബലഹീനത ഇതില്‍നിന്നെല്ലാം വ്യക്തമാണ്‌. 

ഇന്‍ക്വയറി കണ്‍സേണിങ്ങ്‌ ഹ്യൂമന്‍ അണ്ടര്‍സ്റ്റാന്റിങ്ങ്‌ എന്ന പുസ്‌തകത്തില്‍ ഡേവിഡ്‌ ഹ്യൂമും ദിവ്യാത്ഭുതങ്ങളുടെ ശാസ്ത്രീയ സാധ്യതയെയും സംഭവ്യതയെയും വിശാലമായി ചര്‍ച്ച ചെയ്യുന്നുണ്ട്‌. അദ്ദേഹത്തിന്റെ ഈ കൃതി, സ്‌പിനോസയേക്കാള്‍ അല്‍പം പരിഷ്‌കൃതമായിരുന്നുവെന്ന്‌ മാത്രമല്ല സന്ദേഹ വാദികള്‍ക്കും ഭൗതികവാദികള്‍ക്കും കൂടി ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായിരുന്നു എന്ന് പറയാം. പ്രകൃതിയുടെ ഏകീകൃതമായ രീതിക്ക്‌ നമുക്ക്‌ മുന്നില്‍ തന്നെ തെളിവുകളുണ്ടെന്നിരിക്കെ ഏത്‌ അലൗകികമായ സംഭവങ്ങളെയും നിഷേധിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന്‌ അദ്ദേഹം വാദിക്കുന്നു. കാരണം, അത്‌ പ്രകൃതിയുടെ തെളിയിക്കപ്പെട്ട നിയമങ്ങളെ ലംഘിക്കുന്നതാണെന്നത്‌ തന്നെ. 

അതോടൊപ്പം ദിവ്യാത്ഭുതങ്ങള്‍ക്ക്‌ ചരിത്രപരമായ തെളിവുകളില്ലെന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍ ഇസ്‍ലാമിന്റെ അനിഷേധ്യമായ കൈമാറ്റരീതി ഇതിന്‌ അപവാദമുയര്‍ത്തുന്നു. ഒരേ മതക്കാര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടുവെന്നും അദ്ദേഹം തുടര്‍ന്ന്‌ വാദിക്കുന്നു. ഈ വാദങ്ങള്‍ കൊണ്ടെത്തിക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ ചരിത്രജ്ഞാനത്തെ നിഷേധിക്കുന്നതിലേക്കാണ്‌. ചരിത്രപഠനത്തിന്‌ അടിസ്ഥാനങ്ങളാണ്‌ അഭിപ്രായഭിന്നതകളെന്നത്‌ എല്ലാവരും അംഗീകരിക്കുന്നതാണല്ലോ. അനുഭവവാദിയായിരുന്ന ഡേവിഡ്‌ ഹ്യൂമിന്റെ എംപിരിക്കല്‍ ശാസ്‌ത്രം ചരിത്രപരമായ ഉദ്ധരണികളേക്കാള്‍ മികച്ചു നില്‍ക്കുന്നുവെന്നതിനാല്‍ അദ്ദേഹത്തിന്‌ ചരിത്രത്തെ നിഷേധിക്കേണ്ടി വരുന്നു.

അത്ഭുതങ്ങളുടെ യാഥാര്‍ത്ഥ്യം ആത്യന്തികമായി ദൈവിക യാഥാര്‍ത്ഥ്യത്തിന്റെ ഒരു വിപുലീകരണമാണ്. ദൈവം പ്രകൃതിയുടെ ഉജ്ജ്വലമായ നിയമങ്ങളിലൂടെ അവന്റെ അസ്‌തിത്വവും മഹത്വവും തെളിയിച്ചു. അത്‌ പോലത്തന്നെ അവന്റെ സര്‍വ്വശക്തിയും അവന്റെ ദൂതന്മാരുടെ സമഗ്രതയിലൂടെയും തെളിയിക്കപ്പെടുന്നു. പ്രകൃതി നമ്മളനുഭവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വിവരണം മാത്രമാണ്‌. പ്രകൃതിയുടെ സ്രഷ്ടാവിനെ തന്റെ ഹിതപ്രകാരം അതിന്നതീതമായി അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതില്‍ യുക്തിപരമായി തെറ്റൊന്നുമില്ലെന്ന്‌ മേല്‍വിവരണങ്ങളില്‍ നിന്നും ലഭ്യമാവും.


ദിവ്യാത്ഭുതങ്ങളുടെ സ്വീകാര്യതയും ചരിത്രക്ഷമതയും

യുക്തിഭദ്രമാണ്‌ മുഅജിസത്തുകളെന്ന്‌ വ്യക്തമാക്കിയ സ്ഥിതിക്ക്‌ ഇനി മു്‌ജിസത്തുകളുടെ ചരിത്രപരത കൂടി തെളിയിക്കേണ്ടതുണ്ട്‌. വിവേകമുള്ള ഒരു മനുഷ്യനും യാതൊരു സന്ദേഹവുമില്ലാതെ ഒരു അത്ഭുതത്തെയും പ്രാഥമികമായി വിശ്വസിക്കില്ല. കൃത്യമായ തെളിവുകളില്‍ സൂക്ഷ്‌മപരിശോധന നടത്തിയതിന്‌ ശേഷം മാത്രമേ വിശ്വസിക്കുകയുള്ളൂ. അല്ലെങ്കില്‍ അത്‌ വിശ്വാസയോഗ്യമായ ഒരാളെ പിന്തുടര്‍ന്നാവണം. ഇക്കാലത്ത്‌ മിക്കയാളുകളും തങ്ങള്‍ ഹ്യൂമിയന്‍സോ (ഡേവിഡ്‌ ഹ്യൂമിന്റെ വാദത്തോട്‌ താദാത്മ്യം പുലര്‍ത്തുന്നവര്‍) താത്വിക ഭൗതികവാദികളോ (ഡോഗ്മാറ്റിക്‌ നാച്യുറലിസ്റ്റ്‌) ആണെന്ന്‌ തിരിച്ചറിയുന്നില്ല. തങ്ങള്‍ അനുഭവിച്ചത്‌ മാത്രമേ വിശ്വസിക്കൂ എന്ന വാശിയുള്ളവരാണിവര്‍. ചരിത്രപരമായ ഉദ്ധരണികളെ അവര്‍ നിഷേധിക്കുന്നു. ഈ വാദഗതി പ്രകാരം ലോകത്തെ ഒട്ടു മിക്ക വിജ്ഞാനങ്ങളെയും അവര്‍ നിഷേധിക്കേണ്ടി വരും. യുക്തിയും സന്തുലിതമായ വിവേകവുമുള്ളവര്‍ ഉദ്ധരണികളെ പ്രമാണമായി അംഗീകരിക്കുന്നു എന്നതാണ് വസ്തുത. 

ഇസ്‍ലാമിക ജ്ഞാന സമ്പ്രദായത്തില്‍ വേറിട്ട രീതിശാസ്‌ത്രം പുലര്‍ത്തുന്ന ശാഖയാണ്‌ ഇല്‍മുല്‍ ഹദീസ്‌. പ്രവാചകരുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ശാഖയാണിതെന്നതിനാല്‍ ദിവ്യാത്ഭുതങ്ങളുടെ ചരിത്രപരത ഹദീസിലൂടെ തെളിയിക്കാം.


വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്‌ ഹദീസിന്റെ കൈമാറ്റങ്ങളില്‍ നടക്കുന്നത്‌. സംശയലേശമന്യെ കൃത്യമായ ഒരു ശ്രേണിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഹദീസുകളെ മാത്രമാണ്‌ ആധികാരികമെന്ന് ഗണിക്കുന്നത്. ഇതിന്‌ ഇസ്‌നാദ്‌ എന്ന്‌ പറയപ്പെടുന്നു. ഒരു ഹദീസ്‌ ആധികാരികത നേടിയാലും വീണ്ടും മുതവാതിറെന്നും ആഹാദെന്നും ഇനം തിരിക്കപ്പെടുന്നു. മുതവാതിറെന്നാല്‍ നിരവധി റാവിമാര്‍ (ഹദീസ്‌ നിവേദനം ചെയ്യുന്നയാള്‍) റിപ്പോര്‍ട്ട്‌ ചെയ്യുകയും അതേസമയം, നിവേദകര്‍ വ്യാജമായി കെട്ടിച്ചമക്കാനോ കളവ്‌ പറയാനോ യാതൊരു സാധ്യതയും ഇല്ലാതിരിക്കുകയും ചെയ്യുക എന്നതാണ്‌. ആധികാരത ഉണ്ടാവുന്നതോടൊപ്പം മുതവാതിറിന്റെ പൂര്‍ണത കൈവരിക്കാത്ത ഹദീസുകളാണ്‌ ആഹാദ്‌ എന്നറിയപ്പെടുന്നത്‌. എന്നിരുന്നാലും ആഹാദുകളുടെ വിശ്വാസ്യത പരിഗണിച്ച്‌ അവയും സ്വീകാര്യയോഗ്യമാണെന്നതാണ്‌ പണ്ഡിതപക്ഷം. പ്രവാചകരുടെ ദിവ്യാത്ഭുതങ്ങളെല്ലാം തന്നെ മുതവാതിറായി വന്നതാണെന്നതിനാല്‍ അവക്ക് ചരിത്രപരമായ പ്രാമാണികത കൈവരുന്നുണ്ട്. മുതവാതിറിനെ നിഷേധിക്കുന്നയെന്നാല്‍ ലോക മഹായുദ്ധങ്ങള്‍ പോലെ നമ്മള്‍ക്ക്‌ ഉദ്ധരണികള്‍ മുഖാന്തരം ലഭിച്ച വിജ്ഞാനങ്ങളെ കൂടി നിഷേധിക്കുക എന്നത്‌ പോലെയാണ്‌. 

മൂസാ(അ), ഈസാ(അ) തുടങ്ങിയ പ്രവാചകരുടെ മുഅ്‌ജിസത്തുകള്‍ സ്ഥിരപ്പെടുത്തുന്നതിന്‌ മുമ്പ്‌ പ്രാഥമികമായി പ്രവാചകരുടേത്‌ സ്ഥിരപ്പെടുത്തിയാല്‍ മുന്‍കാല പ്രവാചകരുടെ ചരിത്രപരത കൂടി തെളിയിക്കുന്നത്‌ കൂടുതല്‍ സുഗമമാവും. ഇബ്‌നുഖയ്യിമില്‍ ജൗസി തന്റെ ഇഗാസത്തുല്‍ ലഹ്‌ഫാന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത്‌ പ്രകാരം പ്രവാചകരുടെ അമാനുഷിക പ്രവൃത്തികളെല്ലാം മുതവാതിറായി വന്നതാണെന്നും ഏകമാര്‍ഗേണ ലഭിച്ച ഹദീസുകളാണെങ്കിലും (ആഹാദ്‌) അവ സ്വീകാര്യയോഗ്യമാണെന്നും വ്യക്തമാക്കുന്നുണ്ട്.

ചുരുക്കത്തില്‍, വിജ്ഞാനങ്ങളുടെ രീതിശാസ്ത്രത്തില്‍ സര്‍വ്വരും അംഗീകരിക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെ തന്നെ തെളിയുന്നതാണ്, പ്രവാചകരുടെ അമാനുഷിക സംഭവങ്ങളും എന്നര്‍ത്ഥം. അവയെ നിഷേധിക്കുന്നത്, യുക്തി രഹിതമാണെന്ന് പറയാതെ വയ്യ.

മുഹമ്മദ് എല്ഷിനാവെയും ഡോ. നാസിർ ഖാനും ചേർന്നെഴുതി യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച The Physical Miracles of Prophet Muhammad ﷺ: Proofs of Prophethood Series എന്ന ലേഖനത്തിന്റെ ഭാഗിക സംഗ്രഹം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter