ഇസ്ലാമും ഒറിയന്റലിസവും: പട്ടില്‍ പൊതിഞ്ഞ പാഷാണം

ഇസ്‌ലാമിനെപ്പറ്റി പഠിക്കാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഓറിയന്റലിസ്റ്റുകള്‍ സ്ഥാപിച്ച സ്ഥാപനങ്ങളെ അങ്ങനെ വിളിക്കുന്നതാവും ഉചിതം. വെറുതെ പറയുന്നതല്ല, തെളിവിന്റെ വ്യക്തമായ പിന്‍ബലത്തോടെ തന്നെയാണ്. ഡോ. മുസ്തഫ അസ്സിബായുടെ അല്‍ ഇസ്തിശ്‌റാഖു വല്‍ മുസ്തശ്‌രിഖൂന്‍ എന്ന ബൃഹത്തായ കൃതി വായിച്ചാല്‍ ഇക്കാര്യം ശരിക്ക് ബോധ്യപ്പെടും. വിവിധ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളിലെ ഇസ്‌ലാമിക് ചെയറുകളുടെ മേല്‍നോട്ടം വഹിക്കുന്നവരുമായി സംവദിച്ച ഒട്ടേറെ അനുഭവങ്ങള്‍ അദ്ദേഹം ഈ ഗ്രന്ഥത്തില്‍ അനുസ്മരിക്കുന്നുണ്ട്. ഇവിടങ്ങളിലെ ഇസ്‌ലാമിക് ചെയറുകളുടെ മേല്‍നോട്ടം വഹിക്കുന്നത് ജൂതന്മാരും മിഷണറികളുമാണെന്ന് മാത്രമല്ല അവിടങ്ങളില്‍ പി.എച്ച്.സിക്കും മറ്റ് വിദ്യാഭ്യാസ ഡിഗ്രികള്‍ക്കും വേണ്ടി സമര്‍പ്പിക്കപ്പെടുന്ന തിസീസുകള്‍ ഓറിയന്റലിസ്റ്റ് നിലപാടിന് അനുസൃതമായിരിക്കണം എന്നും അവര്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നുണ്ട്. ഡോ. സിബാഇ പറയുന്നു:

ഞാന്‍ ആദ്യമായി ബന്ധപ്പെട്ടത് ലണ്ടന്‍ സര്‍വ്വകലാശാലയിലെ പൗരസ്ത്യ പഠന സ്ഥാപനത്തിലെ ഇസ്‌ലാമിക് ഡിപ്പാര്‍ട്ട്‌മെന്റിലെ വ്യക്തിനിയമവിഭാഗം തലവന്‍ പ്രൊഫ. ആന്‍ഡേഴ്‌സണുമായാണ്. അദ്ദേഹം കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ (തിയോളജി) ബിരുദം നേടിയ വ്യക്തിയാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അദ്ദേഹം ഈജിപ്തിലെ ബ്രിട്ടീഷ് സേനയില്‍ അംഗമായിരുന്നുവെന്ന് എന്നെ അറിയിക്കുകയുണ്ടായി. കൈറോവിലെ അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ അല്‍ അസ്ഹറിലെ പണ്ഡിതന്മാര്‍ ആഴ്ചതോറും സംഘടിപ്പിച്ചിരുന്ന അറബി ഭാഷ പഠന ക്ലാസുകളില്‍ വെച്ചാണ് അദ്ദേഹം അറബി പഠിച്ചത്. ഇസ്‌ലാമിനെതിരെയുള്ള അദ്ദേഹത്തിനുള്ള പക്ഷപാതിത്വത്തിന് ഞാനിവിടെ ഏറെ ഉദാഹരണങ്ങള്‍ എടുത്ത് കാണിക്കുന്നില്ല. മര്‍ഹൂം ഡോ. ഹമൂദ് ഗറാബ എന്നോട് അതേപറ്റി വളരെയേറെ സംസാരിച്ചിട്ടുണ്ട്. പ്രഫസര്‍ ആന്‍ഡേഴ്‌സണ്‍ എന്നോട് നേരില്‍ പറഞ്ഞ ഒരു കാര്യം ഞാനിവിടെ ഉദ്ധരിക്കാം. അല്‍ അസ്ഹറില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി ലണ്ടന്‍ സര്‍വ്വകലാശാലയില്‍ ചേര്‍ന്ന ഒരു വിദ്യാര്‍ത്ഥി ഡോക്ടറേറ്റ് ലഭിക്കാനായി സമര്‍പ്പിച്ച പ്രബന്ധം സ്ത്രീക്ക് ഇസ്‌ലാമിലുള്ള അവകാശങ്ങളെ സംബന്ധിച്ചായിരുന്നു. ഇസ്‌ലാം സ്ത്രീക്ക് സമ്പൂര്‍ണ അവകാശം അനുവദിച്ച് കൊടുത്തിട്ടുണ്ടെന്ന് പ്രമാണങ്ങളുടെ പിന്‍ബലത്തോടെ സമര്‍ത്ഥിക്കുന്ന പ്രബന്ധമായിരുന്നിട്ടും വിഷയം അതായതിനാല്‍ ആ വിദ്യാര്‍ത്ഥിയെ അദ്ദേഹം തോല്പിച്ചുകളഞ്ഞു. ഇതു കേട്ട് ആശ്ചര്യപൂര്‍വ്വം ഞാന്‍ ചോദിച്ചു: ഇക്കാരം കൊണ്ട് താങ്കള്‍ അയാളെ തോല്പിക്കുകയോ? നിങ്ങളുടെ സ്ഥാപനങ്ങൡ ചിന്താസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരല്ലേ നിങ്ങള്‍? ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. കാരണമുണ്ട്, ഇസ്‌ലാം സ്ത്രീക്ക് ഇന്ന പദവി നല്‍കിയിരിക്കുന്നുവെന്ന് ഇസ്‌ലാമിന്റെ പേരില്‍ ആധികാരികമായി പറയാന്‍ അര്‍ഹനാണോ അയാള്‍? അവ്വിധം സംസാരിക്കാന്‍ അയാള്‍ ശാഫിഇയോ അബൂ ഹനീഫയോ മറ്റോ ആണോ? സ്ത്രീക്ക് ഇസ്‌ലാം നല്‍കിയ അവകാശങ്ങളെ പറ്റി അയാള്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍വ്വികരായ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറയാത്തവയാണ്. അബൂ ഹനീഫയേക്കാളും ശാഫിഇയേക്കാളും മനസ്സിലാക്കിയ ആളാണ് താനെന്ന് കരുതി സ്വയം വഞ്ചിതനായിരിക്കുകയാണ് അയാള്‍.
സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക പഠനങ്ങളുടെ നേതൃത്വം വഹിച്ചിരുന്നത് നാഗരിക വേഷധാരിയായ ഒരു പാതിരിയായിരുന്നു. അദ്ദേഹം തന്റെ മതപരമായ സ്ഥാനപ്പേര് വീട്ടിന്റെ വാതിലിന് മുമ്പില്‍ പതിച്ചിരുന്നു. സ്‌കോട്ട് ലാന്റിലെ തന്നെ ഗ്ലാസ്‌കോ യൂണിവേഴ്‌സിറ്റിയില്‍ അറബി പഠനത്തിന് നേതൃത്വം വഹിച്ചിരുന്നത് പാതിരിയായായിരുന്നു. അയാള്‍ ഇരുപത് വര്‍ഷത്തോളം ഖുദ്‌സില്‍ മിഷനറി പ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചയാളാണ്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അറബി-ഇസ്‌ലാമിക പഠനങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് ഒരു ജൂതനായിരുന്നു. വളരെ സാവധാനത്തോടെയും പ്രയാസത്തിലുമാണ് അദ്ദേഹം അറബി സംസാരിച്ചിരുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് അദ്ദേഹം ലിബിയയില്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. അവിടെനിന്നാണ് അറബി പഠിച്ചത്. പിന്നീട് അദ്ദേഹം ഇംഗ്ലണ്ടില്‍ പോയി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രസ്തുത സ്ഥാനം ഏറ്റെടുത്തു. പൗരസ്ത്യ വിജ്ഞാന വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠഭാഗത്തില്‍ ഇമാം സമഖ്ശരിയുടെ തഫ്‌സീറുല്‍ കശ്ശാഫില്‍ നിന്നുള്ള ചില ഖുര്‍ആന്‍ വാക്യങ്ങളുടെ വ്യാഖ്യാനം അദ്ദേഹം ഉള്‍പ്പെടുത്തിയതു കണ്ട് അത്ഭുതപ്പെട്ടു. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് സാധാരണ അറബി പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അനായാസമായ വാചകം പോലും മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നിട്ടും ബുഖാരി, മുസ്‌ലിമിലെ ഹദീസുകളും ഹനഫി, ഹമ്പലി മദ്ഹബുകളിലെ ആധികാരിക ഗ്രന്ഥങ്ങളിലെ കര്‍മ്മശാസ്ത്ര അധ്യായങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍കൊള്ളിച്ചിരുന്നു. അതിനാല്‍ അതെല്ലാം എവിടെനിന്ന് ഉദ്ധരിച്ചതാണെന്ന് ഞാന്‍ ചോദിച്ചു. ഗോള്‍ഡ്‌സി ഹര്‍ മാര്‍ഗോലിയോത്ത്, ശാഖെത് തുടങ്ങിയവരുടെ കൃതികളില്‍ നിന്നാണെന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ എന്തുമാത്രം വിഷലിപ്തമായ കാര്യങ്ങളായിരിക്കും അതിലുള്‍പ്പെട്ടിരിക്കയെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാമല്ലോ.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ റോബ്‌സണ്ടുമായി സന്ധിക്കാന്‍ എനിക്കവസരം ലഭിച്ചു. അദ്ദേഹം സുനനു അബൂ ദാവൂദ് ഒരു കയ്യെഴുത്ത് പ്രതിയുമായി ചേര്‍ത്ത് നോക്കുകയായിരുന്നു. ഹദീസ് ചരിത്രത്തില്‍ അദ്ദേഹത്തിന് രണ്ട് കൃതികളുണ്ട്. കല്പിത കഥകള്‍ മെനഞ്ഞുണ്ടാക്കിയ ഓറിയന്റലിസ്റ്റുകളുടെ അധിക അഭിപ്രായങ്ങളോടും അദ്ദേഹത്തിന് യോജിപ്പാണുള്ളത്.
ഹോളണ്ടില്‍ ലെയ്ഡണ്‍ സര്‍വ്വകലാശാലയില്‍ ജര്‍മ്മന്‍ ഓറിയന്റലിസ്റ്റ് ശാഖെതുമായി സന്ധിക്കാന്‍ എനിക്കവസരം ലഭിച്ചു. ഇസ്‌ലാമിനെതിരെ കുതന്ത്രം പ്രയോഗിക്കുകയും വസ്തുതകള്‍ വളച്ചൊടിക്കുകയും ചെയ്യുന്നതില്‍ ഗോള്‍ഡ്‌സിഹറിന്റെ ദൗത്യം ഇപ്പോള്‍ ഏറ്റെടുത്ത് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് ഇദ്ദേഹമാണ്.
സ്വീഡനിലെ ഉപ്‌സല സര്‍വ്വകലാശാലയിലെ ഹേബ്രിവ്വ് എന്ന ഓറിയന്റലിസ്റ്റുമായി ബന്ധപ്പെടാനും എനിക്കവസരം ലഭിച്ചു. ഇവയല്ലാത്ത പല സര്‍വ്വകലാശാലകളും സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ജര്‍മ്മനി, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, സൈപ്രസ്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, നോര്‍വേ, എന്നിവിടങ്ങളില്‍ പോകുകയും അവിടങ്ങളിലെ ഓറിയന്റലിസ്റ്റുകളോട് കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.
ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ലണ്ടന്‍, എഡിന്‍ബര്‍ഗ്, ഗ്ലാസ്‌കോ തുടങ്ങിയ സര്‍വ്വകലാശാലകളില്‍ ഇന്നും ഓറിയന്റലിസ്റ്റുകള്‍ക്ക് മഹിതമായ സ്ഥാനമുണ്ട്. ജൂതന്മാരും ആംഗ്ലേയന്മാരും മിഷണറികളും സാമ്രാജ്യത്വവാദികളുമാണ് അതിന് മേല്‍നോട്ടം വഹിക്കുന്നത്. പാശ്ചാത്യരായ ഓറിയന്റലിസ്റ്റ് വിദ്യാര്‍ത്ഥികളും അവിടെനിന്ന് ഡോക്ടറേറ്റ് ലഭിക്കാന്‍ ആഗ്രഹിക്കുന്ന അറബ് വിദ്യാര്‍ത്ഥികളും തങ്ങളുടെ പഠനത്തിന് അവലംബമായി ഗോള്‍ഡ് സിഹറിന്റെയും മാര്‍ഗോലി യോത്തിന്റെയും ശാഖെതിന്റെയും കൃതികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ അവര്‍ക്ക് ഏറെ നിര്‍ബന്ധമുണ്ട്. ഇസ്‌ലാമിനോട് നീതിപുലര്‍ത്തുന്നതും ഓറിയന്റലിസ്റ്റുകളുടെ കൃത്രിമങ്ങള്‍ തുറന്ന് കാണിക്കുന്നതുമായ പ്രബന്ധങ്ങള്‍ ഡോക്ടറേറ്റിന് സമര്‍പ്പിക്കുന്നത് സഹിക്കാനവര്‍ക്ക് തീരെ സാധ്യവുമല്ല.
(അല്‍ ഇസ്തിശ്‌റാഖു വല്‍മുസ്തശ്‌രിഖൂന്‍ -ഡോ. മുസ്തഫാ അസ്സിബാതു :  53-60)
പഠനങ്ങളില്‍ വൈകൃതം ചേര്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന ഓറിയന്റലിസ്റ്റ് ശൈലിക്ക് ഒന്നുരണ്ട് ഉദാഹരണങ്ങള്‍ കൂടി ചേര്‍ക്കാം.
എനിക്ക് പറ്റിയ തെറ്റ് ഏറ്റുപറയുന്ന ഡോ. മന്‍സൂര്‍ ഫഹ്മിയുടേതാണ് ഒന്നാമത്തേത്.
''ഫ്രാന്‍സിലേക്ക് അയക്കപ്പെട്ടപ്പോള്‍ ഞാനെന്റെ പഠനം അവിടെ തുടര്‍ന്നു. അങ്ങനെ ഡോക്ടറേറ്റിന് വേണ്ടി ഞാനൊരു പ്രബന്ധം തയ്യാറാക്കി യൂണിവേഴ്‌സിറ്റിക്ക് സമര്‍പ്പിച്ചു. പഠനം ഡോക്ടറേറ്റിന് യോഗ്യമാണെന്ന് അവര്‍ സമ്മതിച്ചു. എങ്കിലും മുഹമ്മദ് നബി(സ)യെ കുറ്റം പറയുന്ന വല്ലതും ചേര്‍ക്കാതെ ആ പ്രബന്ധത്തിന് അംഗീകാരം നല്‍കില്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു.  അവസാനം യുവത്വത്തിന്റെ എടുത്തുചാട്ടത്തിനും ഡോക്ടറേറ്റ് ലഭിക്കാതെ ഈജിപ്തിലേക്ക് മടങ്ങിയാലുണ്ടാവുന്ന അപമാനത്തിനും മുമ്പില്‍ ഞാന്‍ കീഴടങ്ങി. അന്ന് ചെയ്ത ആ തെറ്റിന് ഞാന്‍ ഖേദിക്കുന്നു. അതിന് പ്രായശ്ചിത്തം ചെയ്യാന്‍ അവസരം കാത്തിരിക്കുകയാണ് ഞാന്‍.  ഇങ്ങനെ പെട്ടുപോയ അനേകം ഡോക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ് മന്‍സൂര്‍ ഫഹ്മി.'' (മജല്ലതുശ്ശരീഅ വദ്ദിറാസാതില്‍ ഇസ്‌ലാമിയ്യ, ലക്കം 38, പേജ് 130)
അടുത്തത് നജീബ് അല്‍ അഖീഖിയുടേതാണ്. ഫഹ്മിയുടെ അനുഭവം അദ്ദേഹത്തിനുമുണ്ടായിരുന്നു. എന്നാല്‍, ഓറിയന്റലിസ്റ്റുകളുടെ നിര്‍ബന്ധത്തിന് വഴങ്ങാന്‍ കൂട്ടാക്കാത്ത അദ്ദേഹം ആ ഡോക്ടറേറ്റ് വേണ്ടെന്നുവെച്ചു. കോളേജ് ഡി ഫ്രാന്‍സില്‍ വെച്ച് അനുഭവിക്കേണ്ടിവന്ന ഇത്തരം നിര്‍ബന്ധങ്ങളെ പറ്റി അദ്ദേഹം തന്റെ 'അല്‍ മദ്‌ലഖു ഇലാ ദിറാസാതിത്താരീഖി വല്‍ അദബില്‍ അറബിയ്യീന്‍' എന്ന കൃതിയുടെ ആമുഖത്തില്‍ വിസ്തരിച്ച് പറയുന്നുണ്ട്.
ഫ്രാന്‍സില്‍ വെച്ച് പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രൊഫസര്‍ മാലികുബ്‌നു നബി പറയുന്നു. (ഫ്രാന്‍സില്‍ മുപ്പത് വര്‍ഷത്തോളം കഴിച്ചുകൂട്ടിയ ആളാണ് ഇദ്ദേഹം.) വൈജ്ഞാനിക മേഖലയില്‍ ഓറിയന്റലിസ്റ്റുകള്‍ വരുത്തിവെച്ച നാശനഷ്ടങ്ങള്‍ വിവരിക്കാവുന്നതിലും അപ്പുറമാണ്. ഇത്തരം തെറ്റുകള്‍ വരുത്താന്‍ കൂട്ടാക്കിയതിന് പ്രതിഫലമായി കിട്ടിയ ഡോക്ടറേറ്റുകളുടെ എണ്ണം കാണുമ്പോഴെ ഇതിന്റെ വ്യാപ്തി മനസ്സിലാകൂ. ഉപരിപഠനം തേടി ഫ്രാന്‍സില്‍ പോയ ഒട്ടേറെ ഈജിപ്ഷ്യന്‍, സിറിയന്‍ പണ്ഡിതന്മാര്‍ ഇങ്ങനെ ഓറിയന്റലിസ്റ്റ് ചിന്തകള്‍ക്ക് അടിമപ്പെട്ടിട്ടുണ്ട്. (അല്ലാഹിറതുല്‍ ഖുര്‍ആനിയ്യ -മാലികുബ്‌നു നബി, പേജ് 54, 55)
പാശ്ചാത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇസ്‌ലാമിക പഠനത്തിനായി പ്രത്യേക വിഭാഗം ഒഴിച്ചിട്ടിട്ടുണ്ടെന്ന് അഭിമാനിക്കുന്നവരുടെ ശ്രദ്ധയിലേക്കാണ് ഇത്രയും സൂചിപ്പിച്ചത്.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter