ഒറിയന്റലിസത്തിന്റെ പ്രചരണ മാര്‍ഗങ്ങള്‍
(1) ഓറിയന്റലിസ്റ്റ് സമ്മേളനങ്ങള്‍:
ലോകത്തെങ്ങുമുള്ള ഓറിയന്റലിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി നിരവധി സമ്മേളനങ്ങളും മറ്റും നടക്കുന്നുണ്ട്. ഈ സമ്മേളനങ്ങളാണ് തുടര്‍ന്നങ്ങോട്ട് നടപ്പാക്കേണ്ട പദ്ധതികള്‍ തയ്യാറാക്കുന്നത്. 1873-ല്‍ പാരീസിലാണ് ആദ്യം സമ്മേളനം നടന്നത്. അതിനുശേഷം 1968 വരെ 30 ഓറിയന്റലിസ്റ്റ് സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്. 1906-ല്‍ അറബി ഭാഷയുടെ വീട്ടില്‍ ചേര്‍ന്ന കയ്‌റോ കോണ്‍ഫ്രന്‍സും 1908-ല്‍ കേപ്പന്‍ വേഗനില്‍ ചേര്‍ന്ന കോണ്‍ഫ്രന്‍സും 1910-ല്‍ നടന്ന എഡിന്‍ബര്‍ഗ് സമ്മേളനവും 1911-ല്‍ നടന്ന ലക്‌നൗ കോണ്‍ഫ്രന്‍സും ഇങ്ങനെ ചേര്‍ന്നവയാണ്. ഈ നാല് യോഗങ്ങളുടെയും മുഖ്യ സൂത്രധാരന്‍ വിഖ്യാത മിഷനറിയും ഓറിയന്റലിസ്റ്റുമായ സാമുവേല്‍ സൈ്വമര്‍ ആയിരുന്നു. ഓക്‌സ്‌ഫോര്‍ഡ് കോണ്‍ഫ്രന്‍സില്‍ 25 രാഷ്ട്രങ്ങളിലെ 85 യൂണിവേഴ്‌സിറ്റികളില്‍ നിന്നും 69 വൈജ്ഞാനിക സംഘടനകളില്‍നിന്നുമായി 900 പണ്ഡിതന്മാരാണ് പങ്കെടുത്തത്. പ്രാദേശിക കൂട്ടായ്മകള്‍ക്ക് പുറമെയാണിത്. (അല്‍ ഇസ്‌ലാമു വല്‍ മുസ്തശ്‌രിഖൂന്‍ - മഹ്മൂദ് ഹംദി സഖ്‌സൂഖ്, പേജ് 83, അബൂഹുറൈറ ; ശൈഖ് മുഹമ്മദ് കാരക്കുന്ന്, പേജ് 33)
2) മാഗസിനുകള്‍:
സമ്മേളനങ്ങള്‍ക്കുപുറമെ ധാരാളം മാഗസിനുകളും ഓറിയന്റലിസ്റ്റുകളുടെ പത്രാധിപത്യത്തില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. പദ്ധതികളെ വിജയികരമായി മുന്നോട്ടുകൊണ്ടുപോകുന്നത് ഇത്തരം മാഗസിനുകളാണ്. 1856-ല്‍ ജോസഫ് ഫോണ്‍ ഹാമര്‍ ബ്രിജശ്റ്റാര്‍ എന്ന ഒരു ജര്‍മന്‍ ഓറിയന്റലിസ്റ്റാണ് ഓറിയന്റലിസത്തിന് പ്രചാരണത്തിന് മാത്രമായി ഒരു മാഗസിന് ആദ്യമായി പുറത്തിറക്കിയത്. യനാബീഉശ്ശര്‍ഖ് എന്നായിരുന്നു അതിന്റെ പേര്. ശേഷം ധാരാളം മാഗസിനുകള്‍ ഈ ഉദ്ദേശ്യപ്രകാരം ഇറങ്ങി. 1910-ല്‍ പുറത്തിറങ്ങിയ Der Islam (ജര്‍മനി), റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നിന്ന് 1912-ല്‍ പുറത്തിറങ്ങിയ Mir Islama, സാമുവേല്‍ സൈ്വമറിന്റെ കീഴില്‍ 1911-ല്‍ പുറത്തിറങ്ങിയ ജേര്‍ണല്‍ ഓഫ് ഇസ്‌ലാമിക് വേള്‍ഡ്, ജേര്‍ണല്‍ ഓഫ് ദ റോയല്‍ ആസ്റ്റിഖ് സൊസൈറ്റി ഫോര്‍ ബ്രിട്ടണ്‍ ആന്റ് അയര്‍ലന്റ്, ജേര്‍ണല്‍ ഓഫ് ആസ്റ്റിഖ് സൊസൈറ്റി (ബംഗാള്‍), ജേര്‍ണല്‍ ഓഫ് ഓറിയന്റല്‍ സൊസൈറ്റി (അമേരിക്ക), ജേര്‍ണല്‍ ഓഫ് ഓറിയന്റല്‍ സൊസൈറ്റി (ജര്‍മനി), ബാര്‍ത്തോള്‍ഡിന്റെ കീഴില്‍ 1930-ല്‍ റഷ്യയില്‍ പുറത്തിറങ്ങിയ ജേര്‍ണല്‍ ഓഫ് ഇസ്‌ലാം, ഇതേ പേരില്‍ ജര്‍മനിയില്‍ 1933-ല്‍ കാള്‍ ഹെന്‍ട്രിച്ച് ബേക്കറുടെ കീഴില്‍ പുറത്തിറങ്ങിയ ജേര്‍ണ്‍ല്‍... ഇവയില്‍ ചിലതാണ്. (സഖ്‌സൂഖ്, IBID 79, ആഫാഖു സ്സഖാഫത്തി വത്തുറാസില്‍ ഇസ്‌ലാമി ലക്കം 49 (2005 ഏപ്രില്‍), പേജ് 103, അല്‍ഇസ്തിശ്‌റാഖു ഫിസ്സീറത്തിന്നബവിയ്യ -മുഹമ്മദ് നഈം, പേജ് 22)
3) സംഘടനകള്‍:
പ്രസ്തുത അജണ്ടകള്‍ നടപ്പാക്കുന്നതിന് വേണ്ടി പാശ്ചാത്യലോകത്തും മറ്റുമായി ധാരാളം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആസ്റ്റിഖ് സൊസൈറ്റി (ബംഗാള്‍), അമേരിക്കന്‍ ഓറിയന്റല്‍ സൊസൈറ്റി (1842), ജെര്‍മന്‍ ഓറിയന്റല്‍ സൊസൈറ്റി (1845), റോയല്‍ ആസ്റ്റിഖ് സൊസൈറ്റി ഫോര്‍ ബ്രിട്ടണ്‍ ആന്റ് അയര്‍ലന്റ്(1822), ദ മിഡില്‍ ഈസ്റ്റ് സ്റ്റഡീസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (1966), ബ്രിട്ടീഷ് സൊസൈറ്റി ഫോര്‍ മിഡ് ഈസ്റ്റേണ്‍ സൊസൈറ്റീസ് (1976) ഇവയില്‍ ചിലതാണ്. (ആഫാഖുത്തുറാസ് -IBID, പേജ് 102, അല്‍ ഇസ്‌ലാമു വല്‍മുസ്തശ്‌രിഖൂന്‍ -അഹ്മദ് ഖലീഖ്, പേജ് 111)
4) സ്ഥാപനങ്ങള്‍:
ഓറിയന്റലിസ്റ്റ് അജണ്ടകള്‍ വളരെ വിശദമായി പ്രാവര്‍ത്തികമാക്കുന്നതും മുസ്‌ലിം സമൂഹത്തെ ഏറ്റവും എളുപ്പത്തില്‍ വഴിതെറ്റിക്കുന്നതും പാട്ടിലാക്കുന്നതും ഇത്തരം സ്ഥാപനങ്ങളാണ്. ഇന്ന് യൂറോപ്പിലെ മിക്ക യൂണിവേഴ്‌സിറ്റികളിലും പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ചെയറുകള്‍ ഇവയുടെ പ്രകടമായ ഉദാഹരണങ്ങളാണ്. ഈ ചെയറുകള്‍ക്കു പുറമെ പാശ്ചാത്യലോകകത്തും മുസ്‌ലിം ലോകത്തുമായി പ്രത്യേകം കോളേജുകളും യൂണിവേഴ്‌സിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്. (ഇവയുടെ പാഠ്യരീതികളെപ്പറ്റി ചെറിയൊരു വിവരണം താഴെ വരുന്നുണ്ട്.)
ഈ സ്ഥാപനങ്ങള്‍ രണ്ടു വിധത്തിലാണ് അറിയപ്പെടുന്നത്.
1- ദേശപരമായുള്ളവ. ഉദാഹരണം: ജര്‍മന്‍ കോളേജ്, അമേരിക്കന്‍ കോളേജ്, ഇറ്റാലിയന്‍ കോളേജ്, ഫ്രഞ്ച് കോളേജ്, ബ്രിട്ടീഷ് കോളേജ്, റഷ്യന്‍ കോളേജ്.
2, മതപരമായുള്ളവ: ഉദാഹരണം ക്രിസ്റ്റ്യന്‍ കോളേജ്, ജെവിഷ് കോളേജ്. എങ്കിലും ഇവയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഏറെയും ഒരേ രൂപത്തിലാണ്. മുസ്‌ലിം രാജ്യങ്ങളിലാണ് ഇത്തരം സ്ഥാപനങ്ങള്‍ ഭൂരിഭാഗവും ഉയര്‍ന്ന് വരുന്നത്. ചില സ്ഥാപനങ്ങളുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു. ബ്രാക്കറ്റില്‍ സ്ഥാപിച്ച രാജ്യങ്ങളാണ്.
ഈജിപ്ത്: ഓറിയന്റല്‍ കോളേജ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി (1919 മഅ്ഹദു മിസ്വര്‍ (ഫ്രാന്‍സ് 1798), അല്‍ മഅ്ഹദുല്‍ ഫ്രാന്‍സിലില്‍ ആസാറിശ്ശര്‍ഖിയ്യ കയ്‌റോ (ഫ്രാന്‍സ് 1880), അല്‍ മഅ്ഹദുശ്ശര്‍ഖി, കുല്ലിയതു സ്സാലം, വിക്‌ടോറിയ കോളേജ്, ഫ്രാന്‍സി സകന്‍സിസ്റ്റര്‍മാരുടെ സ്‌കൂളുകള്‍... ലുബ്‌നാന്‍: ഖിദ്ദീസ് യൂസുഫ് യൂണിവേഴ്‌സിറ്റി, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി, സെന്റ് ജോസഫ് യൂണിവേഴ്‌സിറ്റി.... സിറിയ: അല്‍ മഅ്ഹദുല്‍ ഫറന്‍സി (ഫ്രാന്‍സ് 1922), സിറിയന്‍ യൂണിവേഴ്‌സിറ്റി (1923 ഫ്രാന്‍സ്), മര്‍കസുദ്ദിറാസാതില്‍ ഇസ്‌ലാമിയ്യ (ബ്രിട്ടന്‍), കുല്ലിയതുസ്സലാം, ലായിക്, ഫ്രെയര്‍ സ്‌കൂളുകള്‍... ടുണീഷ്യ: കുല്ലിയതു ബോര്‍ജാദ് 1841 (ഇത് പിന്നീട് മഅ്ഹദ് ലില്‍ ആദാബില്‍ അറബിയ്യയായി) മഅ്ഹദുഖര്‍ത്വാജിന (1895 ഫ്രാന്‍സ്). മൊറോക്ക: മഅ്ഹദുദ്ദിറാസാതില്‍ മഗ്‌രിബിയ്യ അല്‍ ഉല്‍യാ രിബാത്വ് (ഫ്രാന്‍സ് 1921. ഇത് പിന്നീട് ജാമിഅതു മുഹമ്മദ് 5 ആയി മാറി), മഅ്ഹദുദ്ദിറാസാതില്‍ മഗ്‌രിബിയ്യ രുത്വവാന്‍ (സ്‌പെയിന്‍). ഇറാന്‍: അല്‍ മഅ്ഹദുല്‍ ഫറന്‍സി അല്‍ ഈറാനി (1948). ഇന്ത്യ: മുഹമ്മദന്‍ കോളേജ് ദല്‍ഹി (1792 ബ്രിട്ടണ്‍). പാക്കിസ്ഥാന്‍: പഞ്ചാബ് യൂണിഴ്‌സിറ്റി, ലാഹോര്‍ (1882, ബ്രിട്ടണ്‍) ബംഗ്ലാദേശ്: ധാക്ക യൂണിവേഴ്‌സിറ്റി (1921 ബ്രിട്ടണ്‍) (പട്ടിക അപൂര്‍ണമാണ്) തുടങ്ങിയവ ഓറിയന്റലിസ്റ്റുകള്‍ നിര്‍മ്മിച്ചവയാണ്. (മജല്ലതുശ്ശരീഅ വദ്ദിറാസാതില്‍ ഇസ്‌ലാമിയ്യ, ലക്കം 37, പേജ്. 104,105) സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഫ്രാന്‍സുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ഈജിപ്ത് ശ്രമിച്ചപ്പോള്‍ അതിന് ഫ്രാന്‍സ് അവര്‍ക്ക് മുമ്പില്‍ വെച്ച നബിന്ധനതന്നെ മുമ്പ് ഈജിപ്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍സിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നതായിരുന്നു. ഇസ്‌ലാമിന്റെ അടിത്തറ തന്നെ ഇളക്കുന്ന പ്രവര്‍ത്തനങ്ങളാണ് വൈജ്ഞാനിക കേന്ദ്രങ്ങളെന്ന വ്യാജേന മുസ്‌ലിം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ പാശ്ചാത്യന്‍ യൂണിവേഴ്‌സിറ്റികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
സയണിസ്റ്റ് ലോബിയും ഓറിയന്റലിസ്റ്റുകളും ചേര്‍ന്ന് തയ്യാറാക്കുന്ന പദ്ധതികള്‍ നടപ്പില്‍ വരുത്തുകയും അതുവഴി മുസ്‌ലിംകളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തുകയും ചെയ്യുന്നതില്‍ പ്രധാന പങ്ക് ഇന്ന് ഈ സ്ഥാപനങ്ങള്‍ക്കാണ്. ധാരാളം തെളിവുകള്‍ എടുത്ത് കാട്ടാന്‍ കഴിയും. ഉദാഹരണത്തിന് ലബനാനിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനചരിത്രത്തില്‍നിന്ന് ഒരല്‍പം ഇവിടെ കൊടുക്കുന്നു. അലക്‌സാണ്ട്രിയ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായിരുന്ന ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈന്‍ ഹുസ്വൂനുനാ മുഹദ്ദദതുന്‍മിന്‍ ദാഖിലിഹാ എന്ന ഗ്രന്ഥത്തില്‍ അതുസംബന്ധിച്ച് വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. അതിലദ്ദേഹം ഈ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു സെമിനാറിനെക്കുറിച്ച് പറയുന്നുണ്ട്. ഈജിപ്ത് , സിറിയ, ഇറാഖ്, ജോര്‍ദ്ദാന്‍, ലബനാന്‍.. രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയങ്ങളിലെ പ്രമുഖരാണ് ഈ സെമിനാറില്‍ പങ്കെടുത്തിരുന്നത്.
മുസ്‌ലിം രാഷ്ട്രങ്ങളിലെ പ്രമുഖരുടെ പങ്കെടുക്കലും പിന്നീട് ഇവയില്‍ ഉരുത്തിരിഞ്ഞ് വന്ന അഭിപ്രായങ്ങളും കൂട്ടിവായിച്ചാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഈ യൂണിവേഴ്‌സിറ്റി നടത്തുന്ന വേലകളുടെ ഗുരുതര സ്വഭാവം ബോധ്യമാവും. അറേബ്യന്‍ ഗ്രാമീണതയെയും അറബി പാരമ്പര്യത്തെയും അതിന്റെ ഇസ്‌ലാമിക ചട്ടക്കൂട്ടില്‍നിന്ന് പുറത്തുചാടിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഈ സെമിനാറിനുണ്ടായിരുന്നത്. കാരണം, മുസ്‌ലിം ബൗദ്ധികതയുടെ ആണിക്കല്ലിളക്കുകയെന്ന തങ്ങളുടെ പദ്ധതി ഇത്ര കാലമായിട്ടും നഗരങ്ങളുടെ നാലതിര്‍ത്തി വിട്ട് കടക്കുന്നില്ലെന്നവര്‍ക്ക് ബോധ്യപ്പെട്ടു. സിനിമയും പത്രപ്രവര്‍ത്തനവും വിവിധ രൂപങ്ങളിലുള്ള സാംസ്‌കാരിക സംഘടനകളും അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പാശ്ചാത്യവത്കരണം നഗരങ്ങളില്‍ മാത്രമാണ് പ്രതിഫലിച്ചിരുന്നത്.
സാധാരണ ജനവിഭാഗത്തിന് അവ ഒരു പോറലുമേല്‍പ്പിച്ചിരുന്നില്ല. അങ്ങനെയാണ് ചില പദ്ധതികള്‍ തലപുകഞ്ഞാലോചിച്ച ശേഷം ഇവര്‍ പുറത്തു വിട്ടത്. അതിനവര്‍ ഗ്രാമീണ വികസനം, പരിഷ്‌കരണം എന്ന നല്ലൊരു പേരുമിട്ടു. എന്നാല്‍, അവര്‍ ഉദ്ദേശിച്ച പരിഷ്‌കരണം മതകീയ ചട്ടക്കൂടില്‍ നിന്ന് ഗ്രാമീണരെ അടര്‍ത്തിമാറ്റി അമേരിക്കന്‍ പാശ്ചാത്യന്‍ രീതികള്‍ കുത്തിവെച്ച് നിര്‍മത വാദം പ്രചരിപ്പിക്കുക എന്നതായിരുന്നു. ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തനമാണ് അവരിതിനു വേണ്ടി ആവിഷ്‌കരിച്ചത്. ഒന്നാമത്തെ ഘട്ടം ഗ്രാമീണ ജീവിതത്തെ പരിചയപ്പെടുകയെന്നതാണ്. കാരണം, നിര്‍ദ്ദിഷ്ട ഗ്രാമത്തിന്റെ ജീവിതശൈലിയും സ്വഭാവരീതികളും മനസ്സിലാകാതെ അവരില്‍ പരിവര്‍ത്തനം വരുത്താന്‍ കഴിയില്ലല്ലോ. ഈ ഘട്ടത്തിലെ പ്രവര്‍ത്തന ശൈലിയാണ് ഏറെ കൗതുകകരം. വികസന ദൗത്യമേറ്റെടുത്ത സംഘടനയുടെ ഒരു പ്രതിനിധി ഗ്രാമത്തില്‍ ചെല്ലും.
അവരുമായി ബന്ധം സ്ഥാപിക്കും. അവരുടെ കൂടെ ജീവിക്കും. പിന്നെ അവരുടെ മനസ്സ് തന്നിലേക്കടുപ്പിക്കാവുന്ന എന്തു കാര്യവും അദ്ദേഹത്തിനവിടെ ചെയ്യാം. അതിന് സമയം വേണമെങ്കിലും എടുക്കാം. ഗ്രാമീണ ജീവിതത്തിന്റെ മേല്‍നോട്ടംവഹിക്കുന്ന ഗ്രാമപ്രമുഖരുടെ ബന്ധം സ്ഥാപിക്കേണ്ടത് അദ്ദേഹത്തിന്റെ നിര്‍ബന്ധബാധ്യതയാണ്. പ്രബന്ധം പറയുന്നു. അവിടത്തെ സാഹചര്യങ്ങളുമായി ഏറ്റവും അനുയോജ്യമെന്നുതോന്നുന്ന എന്ത് ശൈലിയും അവിടെ സ്വീകരിക്കാം. കൃഷിയിടത്തിലെ കീടങ്ങളെ നശിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുക്കുക, ഗ്രാമത്തില്‍ വെള്ളശേഖരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക.. തുടങ്ങിയവ ഏറ്റവും അനുയോജ്യമായവയാണ്. ഗ്രാമീണരുടെ മനസ്സ് കീഴടക്കുകയെന്നതാണ് പ്രധാനം.
സെമിനാറില്‍ പങ്കെടുത്ത ഐനുശംസ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ഹാമിദ് അമ്മാര്‍ രണ്ടാമത്തെ ഘട്ടത്തെക്കുറിച്ച് വിവരിക്കുന്നതിങ്ങനെ: ആദ്യ ഘട്ടത്തിലെ അനുഭവങ്ങളും അറിവുകളും ശേഖരിക്കുകയും അവ ചേര്‍ത്തുവെച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുക എന്നതാണ് അടുത്ത പടി. അഥവാ ഗ്രാമത്തെ പറ്റി ഉപരിപ്ലവമായ അറിവ് പോരെന്നര്‍ത്ഥം. ഗ്രാമത്തിന്റെ ഹൃദയം ശരിക്കും തൊട്ടറിഞ്ഞ ശേഷം മാത്രമായിരിക്കണം പ്രതിനിധി തിരിച്ചുപോരേണ്ടത്. കാരണം, അതിലൂടെയേ ആ ഗ്രാമത്തിന്റെ സമൂല പരിവര്‍ത്തനത്തിന് വേണ്ട പ്രത്യേക നയങ്ങള്‍ രൂപീകരിക്കാന്‍ കഴിയൂ. അതിന് സഹായകമെന്നോണം ഗ്രാമജീവിതത്തിലെ തന്റെ ഓരോ ദിവസവും കുറിച്ചുവെക്കുന്ന ദിവസ ഡയറി തയ്യാറാക്കുന്നത് നന്നായിരിക്കും.
എന്തുമാത്രം പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും അവയുടെ വേഗതയും പ്രതിഫലനവും എത്രമാത്രമുണ്ടെന്നും മനസ്സിലാക്കാന്‍ അതുപകരിക്കും. എന്തുമാത്രം ആസൂത്രിതമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍! ഇതിലും മികച്ച രീതിയില്‍ ചാരപ്രവര്‍ത്തനം നടത്തുക സാധ്യമല്ല. ഇങ്ങനെയൊരു ശൈലി സ്വീകരിക്കുകവഴി ആര്‍ക്കും സംശയം തോന്നാത്തവിധം പൂര്‍ണ സ്വാതന്ത്ര്യത്തോടെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അവര്‍ക്ക് സാധിക്കും. ഗ്രാമീണര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവരുടെ അടുപ്പവും വിശ്വാസവും നേടിയെടുക്കുകയും ചെയ്യാം. ഗവണ്‍മെന്റ് വക സൗകര്യവും കിട്ടിയെന്ന് വരും. ഒന്നുകില്‍ ഡോക്ടര്‍മാരുടെ രൂപത്തിലായിരിക്കും ചാരന്മാര്‍ അവതരിക്കുക. അങ്ങനെയാവുമ്പോള്‍ രോഗിയുടെ മുഴുവന്‍ രഹസ്യങ്ങളും ചോദിച്ചറിയാം. രോഗകാരണവും മറ്റും പറഞ്ഞ് അവരുടെ വിശ്വാസത്തില്‍ ഇളക്കം തട്ടിക്കാം.
വേണമെങ്കില്‍ അണുക്കളും മറ്റും കടത്തിവിട്ട് അവരുടെ ജീവന്‍ അപകടത്തില്‍ പെടുത്താം. രണ്ടാമത്തെ ലക്ഷ്യം സ്ത്രീകളെ സമുദ്ധരിക്കുകയെന്നതാണ്. നിരക്ഷരരും ലോകവിവരമില്ലാത്തവരുമായ ഗ്രാമീണ സ്ത്രീകള്‍ക്ക് പൊതുവിജ്ഞാനവും അക്ഷരാഭ്യാസവും പകര്‍ന്നുനല്‍കി അവരെ പരിഷ്‌കരിക്കുകയാണ് തങ്ങളുടെ പദ്ധതിയെന്ന് അവര്‍ പറയുമെങ്കിലും സ്ത്രീകളെ സമൂഹമധ്യത്തിലേക്കിറക്കി മുസ്‌ലിം വിശ്വാസത്തെ താറുമാറാക്കുകയാണ് യഥാര്‍ത്ഥ ലക്ഷ്യം. അവരിങ്ങനെയൊരു പദ്ധതി ആവിഷ്‌കരിക്കാന്‍ കാരണം പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള (ഉമ്മമാര്‍) പങ്കാണ്.
കുട്ടികള്‍ക്ക് പ്രാഥമിക അറിവുകളും മതമൂല്യങ്ങളും പഠിപ്പിച്ച് കൊടുക്കന്ന മാതാക്കളുടെ മനസ്സ് മാറ്റിയാല്‍ പുതുതലമുറയില്‍ അത് പ്രതിഫലിക്കുമെന്ന് അവര്‍ കണക്കുകൂട്ടി. ഈയൊരു ലക്ഷ്യം എത്തിപ്പിടിക്കുന്നതിന് വേണ്ടി പാശ്ചാത്യര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍ എടുത്തുകാണിക്കാനുണ്ട്. അതിന് മുമ്പ് മധ്യേഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. ഹാരോള്‍ഡ് അലന്‍ അവതരിപ്പിച്ച ഒരു പ്രബന്ധത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാം. 'ഇസ്‌ലാമിക നാഗരികതയും വര്‍ത്തമാനകാല ജീവിതവും' എന്ന വിഷയത്തില്‍ നടന്ന ഒരു അമേരിക്കന്‍ സെമിനാറില്‍ അലന്‍ അവതരിപ്പിച്ച ഇസ്‌ലാമിക നാഗരികതയില്‍ ഗ്രാമീണര്‍ക്കുള്ള പങ്ക് എന്ന പ്രബന്ധം ഇതുവരെ പറഞ്ഞ കാര്യങ്ങളുടെ പ്രാവര്‍ത്തിക രൂപമാണ്.
ഇസ്‌ലാമിക നാഗരികതയും വര്‍ത്തമാനകാല ജീവിതവും എന്ന പേരില്‍ അമേരിക്കയിലെ ഫ്രാങ്ക്‌ലിന്‍ ഫൗണ്ടേഷന്‍ പുസ്തകമാക്കി പുറത്തിറക്കിയ ഈ സെമിനാറിലെ 261-288 പേജുകള്‍ നിങ്ങള്‍ക്ക് മതിയായ രേഖയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. സാമൂഹിക സേവനം, വൈജ്ഞാനിക സേവനം, സാമ്പത്തിക സേവനം എന്നൊക്കെ ലേബല്‍ വെച്ച് മുസ്‌ലിം നാടുകളിലെ ഗ്രാമങ്ങളിലേക്ക് നുഴഞ്ഞുകയറുന്ന അമേരിക്കന്‍ സംഘടനകള്‍ അവിടെ ചെയ്തുകൂട്ടുന്നതെന്തൊക്കയാണെന്ന് ഈ പേജുകള്‍ ബോധ്യപ്പെടുത്തിത്തരും. ഗ്രാമങ്ങളെ അമേരിക്കന്‍ വത്കരിക്കുകയാണ് (പാശ്ചാത്യവത്കരിക്കുക) അവരുടെ ലക്ഷ്യമെന്നും സ്ത്രീകളാണ് അവരുടെ പ്രധാന അജണ്ടയെന്നും ഈ വരികള്‍ വായിച്ചുനോക്കിയാല്‍ മനസ്സിലാകും.
ഏറെ ദൗര്‍ഭാഗ്യകരമായ മറ്റൊരു സംഗതി ഗ്രാമീണര്‍ക്കിടയിലേക്ക് ഈ സംഘടനകള്‍ പറഞ്ഞുവിടുന്നവര്‍ തദ്ദേശീയരായ മുസ്‌ലിംകള്‍ തന്നെയാണെന്നതാണ്. സിറിയന്‍ ഗ്രാമങ്ങളിലൊന്നായ ഖബ്‌റുസ്സിത്തില്‍ നടന്നതെന്താണെന്ന് അലന്‍ വിവരിക്കുന്നത് കാണുക. അമേരിക്കന്‍ സംഘടനയുടെ പ്രതിനിധിയായ ഫുആദ് ഫറജ് ഖബ്‌റുസ്വിത്തില്‍ താമസിക്കാന്‍ പോയി. ഒരു അറബി യുവാവാണദ്ദേഹം. അവിടത്തെ മഖ്ബറ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് തങ്ങാന്‍ വേണ്ടി പണിത റൂമുകളിലൊന്നില്‍ അവന്‍ താമസമാക്കി. തുടര്‍ന്ന് ഗ്രാമീണരുടെ വിശ്വാസവും സ്‌നേഹവും അര്‍ജിക്കാന്‍ വേണ്ടി ചില പൊടിക്കൈകള്‍ പ്രയോഗിച്ച് തുടങ്ങി.
അതിന്റെ ഭാഗമായി കൃഷിയില്‍ ചില നൂതന മാര്‍ഗങ്ങള്‍ ഉപദേശിച്ചുകൊടുത്തു. ഗ്രാമവാസികളുടെ സഹായത്തോടെ വിവിധ ആരോഗ്യ സംരക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഈച്ചകളെയും മറ്റ് കീടങ്ങളെയും നശിപ്പിക്കാന്‍ പട്ടണമൊന്നാകെ ഡി.ഡി.ടി. തെളിച്ചു. നിരത്തുകളിലെ വെള്ളക്കുഴികള്‍ വറ്റിച്ചു. യുവാക്കള്‍ക്കുവേണ്ടി ഒരു യുവസഭ രൂപീകരിച്ചു. അതുപോലെ തന്നെ പ്രായപൂര്‍ത്തിയെത്തിയ നിരക്ഷരര്‍ക്ക് എഴുത്തും വായനവും പഠിപ്പിക്കുന്നതിന് വേണ്ടി സന്ധ്യാക്ലാസുകള്‍ സംഘടിപ്പിച്ചു. ഒരു സഹായ-സഹകരണ സംഘം രൂപീകരിച്ചു.'' സംഘടനയുടെ മേല്‍നോട്ടത്തില്‍ ഫുആദ് നടപ്പിലാക്കിയ സേവന പ്രവര്‍ത്തനങ്ങള്‍ വിവരിച്ച ശേഷം സംഘടന അതുവരെ കാത്തിരുന്ന യഥാര്‍ത്ഥ ലക്ഷ്യത്തെ കുറിച്ച് അലന്‍ പറയുന്നു:
''അങ്ങനെ ഫുആദിന്റെ സ്വാധീന വലയത്തില്‍ കഴിഞ്ഞിരുന്ന ചെറുപ്പക്കാര്‍ കഴിഞ്ഞ വര്‍ഷം അവരുടെ സ്ത്രീകളുടെ കാര്യം ചിന്തിച്ചുതുടങ്ങി. കാലങ്ങളായി ഫുആദ് കാത്തിരുന്നതും ഈയൊരു സമയത്തിനു വേണ്ടിയായിരുന്നു. തുടര്‍ന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം സംഘടനയിലെ ഗാര്‍ഹിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന് കൈമാറപ്പെട്ടു. അതോടെ സംഘടന തയ്യാറാക്കിയ പ്രത്യേക ഷെഡ്യൂളുകളും പ്രോഗ്രാമുകളും ഗ്രാമത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവതരിപ്പിക്കപ്പെട്ടുതുടങ്ങി.'' ശേഷം അലന്‍ പറയുന്നു: 62 ഗ്രാമങ്ങളെയും 26000 ആളുകളെയും ലക്ഷ്യം വെച്ച് നടത്തുന്ന വന്‍പരിപാടിയുടെ ഒരു ഭാഗം മാത്രമാണ് ഞാനിവിടെ അവതരിപ്പിച്ചത്. ക്രിയാത്മകമായ പരിശ്രമങ്ങളിലൂടെ നമുക്ക് ചെയ്യാവുന്ന പത്തോളം രീതികളില്‍ ഒന്നു മാത്രമാണിത്.
'' ഇവിടെ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. ഖബ്‌റുസ്സിത്തില്‍ പ്രവര്‍ത്തനം നടത്തിയത് ഒരു ശൃംഖലയാണ്. പ്രസ്തുത ഗ്രാമത്തിലേക്ക് കടന്നുവന്നത് അമേരിക്കക്കാരല്ല, മറിച്ച് തദ്ദേശീയനായ ഒരു മുസ്‌ലിമാണ്. പിന്നെ മാസങ്ങള്‍ക്കുശേഷം സ്ത്രീകളുടെ മനം മാറ്റാന്‍ ഇറങ്ങിപ്പുറപ്പെട്ടത് ഈ അമേരിക്കന്‍ ചാരനുമല്ല, ആ ഗ്രാമത്തില്‍ തന്നെയുള്ള പരിഷ്‌കാരികളെന്ന് നടിച്ചിരുന്ന കുറെ ചെറുപ്പക്കാരാണ്. അമേരിക്കയും കൂട്ടരും ചേര്‍ന്ന് നടത്തുന്ന മസ്തിഷ്‌ക പ്രക്ഷാളനത്തിന്റെ വ്യക്തമായ തെളിവായി വേണം ഇതിനെ കാണാന്‍. പ്രസിദ്ധ ഇംഗ്ലീഷ് ചാരനായ ലോറന്‍സിന്റെ (ലോറന്‍സ് ഓഫ് അറേ ബ്യ എന്ന പേരില്‍ പ്രസിദ്ധനായ തോമസ് എഡ്വേര്‍ഡ് ലോറന്‍സ് 1888-1935) ചരിത്രത്തിലും ഇത്തരത്തിലുള്ള മസ്തിഷ്‌ക പ്രക്ഷാളനത്തിന് മതിയായ തെളിവുകളുണ്ട്. ബുദ്ധിയുടെ ഏഴു നെടുംതൂണുകള്‍ എന്ന തന്റെ പുസ്തകത്തില്‍ ലോറന്‍സ് പറയുന്നു: അറബികള്‍ക്കിടയില്‍ അവരില്‍ ഒരാളെന്നപോലെ അദ്ദേഹം ജീവിച്ചു. ആദ്യകാലത്ത് അറബികളെ പൂര്‍ണമായും അനുകരിക്കാനും അവരുടെ ശൈലി പകര്‍ത്താനുമാണ് പ്രത്യേകം ശ്രദ്ധിച്ചത്. പടിപടിയായി അവരില്‍ ഒരുവനാണ് ലോറന്‍സെന്ന് ജനങ്ങള്‍ കരുതിത്തുടങ്ങി.
അതോടെ അദ്ദേഹത്തെ അനുകരിക്കാനും അദ്ദേഹവുമായി സൗഹൃദം പങ്കിടാനും സ്‌നേഹബന്ധം സ്ഥാപിക്കാനും ജനങ്ങള്‍ സ്വയം മുന്നോട്ടുവന്നു. ലോറന്‍സ് പറയുന്നതനുസരിച്ച് ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കാന്‍ അദ്ദേഹം സ്വയം ഒന്നും ചെയ്തിട്ടില്ല. അങ്ങനെ അദ്ദേഹത്തിലേക്ക് ചേര്‍ത്ത് പറയാവുന്ന ഒരു പ്രവര്‍ത്തനവും നമുക്ക് മുമ്പിലില്ലതാനും. അവരുടെ ചിന്തയിലും സ്വഭാവത്തിലും അദ്ദേഹം വരുത്തിയ സ്വാധീനമല്ലാതെ. (Seven Pillars of wisdom, P: 29, ഓക്‌സ്‌ഫോര്‍ഡ് പ്രസ്സ്) എന്തും ഏതും മുമ്പില്‍ നോക്കാതെ അനുകരിക്കുന്ന അറബ് മനസ്സുകളെയാണ് ലോറന്‍സ് വലയില്‍ വീഴ്ത്തിയത്.
Leave A Comment