സ്വവർഗ ലൈംഗികത: നിയമ സാധുതയുടെ രീതി ശാസ്ത്രം (ഭാഗം 1)

സ്വവര്‍ഗ കാമനയല്ല പ്രശ്നം, അതൊരു സ്വത്വമായി ഉയര്‍ത്തുന്നതാണ്  

ലൈംഗിക ന്യൂനപക്ഷങ്ങൾ എന്ന രാഷ്ട്രീയവിവക്ഷക്കകത്ത് നിന്നുകൊണ്ട് സ്വവർഗപ്രേമികളായ പുരുഷൻമാരും  സ്ത്രീകളും കൂടുതൽ ദൃശ്യപ്പെടുന്ന കാലമാണിത്. തങ്ങളുടെ സ്വവർഗ ലൈംഗിക കാമനകളെ പൊതുവിടങ്ങളിൽ  സ്വാഭാവികവത്ക്കരിക്കാനും (Homonormativity) മതം, രാഷ്ട്രം, സമൂഹം എന്നിവക്കകത്ത് തന്നെ പ്രത്യേക ഇടങ്ങൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണവർ. 
സെക്കുലർ, ലിബറൽ ഉത്തരാധുനിക പരിസരങ്ങളിൽ തങ്ങൾ പൊതുവെ സ്വീകരിക്കപ്പെടുന്നുണ്ടെങ്കിലും, മത-സാംസ്കാരിക പാരമ്പര്യങ്ങൾ തങ്ങളുടെ സ്വത്വരൂപീകരണത്തിന് കാര്യമായ തടസ്സം സൃഷ്ടിക്കുന്നുണ്ട് എന്ന് അവർ മനസ്സിലാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ കേവലം മതപാരമ്പര്യങ്ങളെ തള്ളിപ്പറയൽ കൊണ്ട് സാധിക്കുകയില്ലെന്നും പകരം മതത്തിനകത്ത് തന്നെ ദൈവശാസ്ത്രപരമായും നൈതികമായും സ്വവർഗലൈംഗികതക്ക് ഇടം കണ്ടെത്തലാണ് കൂടുതൽ പ്രായോഗികം എന്നും അവർ വിലയിരുത്തിയിട്ടുണ്ട്.  


ഇതിനുവേണ്ടി ഈ നൂറ്റാണ്ടിൻറെ തുടക്കം മുതൽ തന്നെ തിരുത്തൽ വാദികളും (Revisionists) ആക്ടിവിസ്റ്റുകളും ഖുർആൻ ഹദീസ് എന്നിവയിൽ നിന്നും സ്വവർഗലൈംഗിക സ്വത്വത്തെ സ്ഥാപിക്കാൻ വേണ്ടിയുള്ള ജ്ഞാനോദ്പാദന പ്രക്രിയയിൽ ഏർപ്പെടുന്നതായി കാണാം. ഈ സാഹചര്യത്തിൽ സ്വവർഗ ആക്ടിവിസ്റ്റുകളുടെയും ഖുർആനിലെയും ഹദീസിലെയും തിരുത്തൽവാദികളുടെയും  വാദങ്ങളിലെ ആന്തരികവൈരുദ്ധ്യങ്ങളും രീതിശാസ്ത്രപരമായ വൈകല്യങ്ങളും വിശകലനം ചെയ്യുന്നത് പ്രസക്തമായിരിക്കും. എൽ.ജി.ബി.ടി.ക്യൂ (LGBTQ) എന്ന് പൊതുവെ വ്യവഹരിക്കപ്പെടുന്നവരിൽ സ്ത്രീകൾക്കിടയിലെ സ്വവർഗരതിക്കാർ (Lesbians) പുരുഷൻമാർക്കിടയിലെ സ്വവർഗരതിക്കാർ (Gays) അപരലൈംഗികതയും സ്വവർഗലൈംഗികതയും ഒരുപോലെ പുലർത്തുന്നവർ (Bisexuals) എന്നിവരുടെ ലൈംഗികസ്വത്വവും അതിൻറെ മതപരമായ സാധുതയുമാണ് ഈ വിശകലനത്തിൻറെ കേന്ദ്രബിന്ദു.  


ലൈംഗികമായ സ്വത്വരൂപീകരണത്തിൻറെ പ്രശ്നങ്ങൾ

ചരിത്രത്തിൽ എല്ലാ സമൂഹങ്ങളിലും സ്വവർഗമോഹികളായ ആളുകൾ ഉണ്ടായതു പോലെ മുസ്ലിം സമൂഹങ്ങൾക്കിടയിലും ഉണ്ടായിട്ടുണ്ട്. സ്ഥലകാല വ്യത്യാസങ്ങളില്ലാതെ സ്വവർഗലൈംഗികരായ ആളുകൾ ജീവിച്ചിരുന്നതു പോലെ തന്നെ സാഹിത്യങ്ങളിലും ജനകീയസംസ്കാരങ്ങളിലും അവർ സ്വയം അടയാളപ്പെടുത്തിരുന്നു. 

മധ്യകാല മുസ്ലിംകൾക്കിടയിൽ സജീവമായി നിലനിന്ന സ്വവർഗലൈംഗികതയുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായതാണ് ഖാലിദ് അൽ റോഹബ് എഴുതിയ ബിഫോർ ഹോമോസെക്ഷ്വാലിറ്റി ‘ഇൻ ദി അറബ്-ഇസ്ലാമിക് വേൾഡ് എന്ന പഠനം’ . ഇത്തരം പഠനങ്ങൾ മുസ്ലിം സമൂഹങ്ങളിൽ സ്വവർഗരതിക്കാർ ജീവിച്ചിട്ടുണ്ട് എന്നും, അവരുടെ അസ്തിത്വത്തെ ഉൾക്കൊണ്ടു കൊണ്ട് മുസ്ലിംകൾ ജീവിച്ചിട്ടുണ്ടെന്ന് എന്നും തെളിയിക്കുന്നുണ്ട്. സ്വവർഗലൈംഗിക മോഹങ്ങളുടെ പൂർത്തീകരണം എന്നതിനേക്കാൾ രാഷ്ട്രീയാധികാരം സ്ഥാപിക്കാനും, ശത്രുക്കൾക്കെതിരെയുള്ള ഹിംസക്കും പ്രതികാരത്തിനുമുള്ള ഉപാധിയായും സ്വവർഗലൈംഗികത നിലനിന്നതായി ഖാലിദ് റോഹബ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിൻറെ തന്നെ മറ്റൊരു ഗ്രന്ഥമായ ‘ദ് ലൌ ഓഫ് ബോയ്സ് ഇൻ അറബിക് പോയട്രി’ എന്ന പഠനം മധ്യകാല ഒട്ടോമൻ സാമ്രാജ്യത്തിലെ ആൺകുട്ടികളോടുള്ള പ്രണയം പ്രമേയമാക്കിയുള്ള അറബി കവിതകളെ സംബന്ധിച്ചുള്ളതാണ് . 


സ്വവർഗലൈംഗികതയോട് ആഭിമുഖ്യമുള്ള ആളുകൾ തങ്ങൾക്കിടയിൽ ജീവിച്ചിരുന്നു എന്നതിനെ കുറിച്ച് ഇസ്ലാമിക നിയമജ്ഞരും പണ്ഡിതരും ബോധവാന്മാരായിരുന്നു എന്നുമാത്രമല്ല, അവരെ മുസ്ലിംകളായി തന്നെ പരിഗണിക്കുകയും ചെയ്തു പോന്നിട്ടുണ്ട്. വിവിധതരത്തിലുള്ള ലൈംഗികാഭിമുഖ്യങ്ങളിലൊന്നായി സ്വവർഗാഭിമുഖ്യത്തെ അവർ കാണുകയും, മനുഷ്യൻറെ തിന്മചെയ്യാനുള്ള നൈസർഗികമായ മറ്റു തെരഞ്ഞെടുപ്പുകളെപ്പോലെ തന്നെ ഒരു തെരഞ്ഞെടുപ്പായി ഇതിനെ മനസ്സിലാക്കുകയും ചെയ്തു.

ഇങ്ങനെയൊക്കെ ആണെങ്കിലും മുസ്ലിം പണ്ഡിതർ ആരും ഇതിനെ നിയമപരമായി കണ്ടിരുന്നില്ല. മാത്രമല്ല, സാധാരണ ഗതിയിലുള്ള വ്യഭിചാരത്തേക്കാൾ ഗൌരവതരമായ കാര്യമായി സ്വവർഗരതിയെ വിലയിരുത്തുകയാണ് അവർ ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് സ്വവർഗലൈംഗികാഭിമുഖ്യത്തെ ആഘോഷിക്കുകയും രാഷ്ട്രീയവത്ക്കരിക്കുകയും ചെയ്യുന്ന പ്രവണതയെ നാം പരിശോധനാവിധേയമാക്കേണ്ടത്.

സ്വവർഗലൈംഗികത വാദിക്കുന്നവരും അതിനുവേണ്ടി പ്രവർത്തിക്കുന്നവരും ഉളവാക്കുന്ന  ഏറ്റവും വലിയ നൈതികപ്രശ്നം അവർ അവരുടെ ലൈംഗിക കാമനകളെ ലാളിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു എന്നതല്ല. മറിച്ച് അത് അവരുടെ സ്വത്വത്തിൻറെ പ്രധാന ഉള്ളടക്കമായി മനസ്സിലാക്കുന്നു എന്നതാണ്. 

യഥാർഥത്തിൽ, സ്വവർഗത്തോട് ലൈംഗിക തൃഷ്ണ കാണിക്കുന്നവർ (homosexual), എതിർലിംഗത്തോട് ലൈംഗിക തൃഷ്ണ കാണിക്കുന്നവർ (Heterosexual) എന്നീ സംവർഗങ്ങൾ ഇസ്ലാമിൻറെ അവതരണ കാലഘട്ടത്തിലോ പൂർവാധുനിക മുസ്ലിം സമൂഹങ്ങളിലോ ഉണ്ടായിരുന്നില്ല. മറിച്ച് അവ ഒരു ആധുനിക പടിഞ്ഞാറൻ ഉത്പന്നമാണ്. എന്നാൽ ഇതിനർഥം പൂർവാധുനിക സമൂഹങ്ങൾക്ക് ഇത്തരം ലൈംഗിക തൃഷ്ണകൾ ഉണ്ടായിരുന്നില്ല എന്നല്ല. മറിച്ച് അത്തരം തൃഷ്ണകൾ ചേർന്നാണ് അവരുടെ തന്മവും സ്വത്വവും രൂപപ്പെടുന്നത് എന്ന് അവർ അംഗീകരിച്ചിരുന്നില്ല. 


സ്വവർഗത്തോട് ലൈംഗിക കാമനകൾ മനസ്സിൽ സൂക്ഷിക്കുക എന്നതല്ല പ്രശ്നം, മറിച്ച് അവയുപയോഗിച്ച് ഒരു സ്വത്വവാദം രൂപപ്പെടുത്തുന്നതാണ് ഇസ്ലാമിൻറെ നൈതികതയെ സംബന്ധിച്ചിടത്തോളം പ്രശ്നകരമായ കാര്യം. ഇസ്ലാമിൽ ആഗ്രഹങ്ങളും ചോദനകളും ഉണ്ടാകുന്നത് കുറ്റകരമല്ല, അവ മനുഷ്യരിൽ ദൈവം നൈസർഗികമായി നിക്ഷേപിച്ചതാണ്. എന്നാൽ അതിനനുസരിച്ച് ഉണ്ടാവുന്ന പ്രവർത്തനങ്ങളെയാണ് ഇസ്ലാം നിയന്ത്രിക്കാൻ ശ്രമിക്കുന്നത്.

സ്വവർഗാനുരാഗം എന്ന ചോദന മാത്രമല്ല, അതിനേക്കാൾ ഹീനവും വികൃതവുമായ പല ചോദനകളും മനുഷ്യരിൽ ഉണ്ടാവാം. എന്നാൽ അവ ഒരു വിഭാഗം ആളുകളുടെ സ്വത്വത്തെ നിർണയിക്കുന്നതായി മനസ്സിലാക്കപ്പെടുകയും അത് ഒരു സ്വത്വവാദം ആയി മാറുന്നതും ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളാണ് ഉളവാക്കുക.

സ്വത്വരൂപീകരണത്തിനു വേണ്ടി ക്വിയർ (Queer) ആക്ടിവിസ്റ്റുകൾ  ഉന്നയിക്കുന്ന ന്യായം സാധാരണ സ്ത്രീ-പുരുഷൻമാർക്കിടയിൽ കാണപ്പെടുന്നതിൽ നിന്നും വ്യത്യസ്തമാണ് തങ്ങളുടെ ലൈംഗികാഭിമുഖ്യം (Orientation) എന്നും, അത് തങ്ങളിൽ പ്രകൃതിപരമായി തന്നെ ഉള്ളതാണ് എന്നുമാണ്. ലൈംഗികാഭിമുഖ്യത്തിൻറെ കാര്യത്തിൽ ന്യൂനപക്ഷമാണെന്നതിനാൽ തങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ വേണമെന്ന രാഷ്ട്രീയപരമായ ആവശ്യവും അവർ ഉന്നയിക്കുന്നു. 


ഞങ്ങൾ ഒരു യാഥാർഥ്യമാണ്, അതുകൊണ്ട് ഞങ്ങളെ കാണാൻ ശ്രമിക്കൂ എന്നാണവർ പറയുന്നത്. യഥാർഥത്തിൽ ഏത് ലൈംഗികാഭിമുഖ്യമാണ് പ്രകൃതിപരമായി മനുഷ്യനിൽ ഇല്ലാത്തത്? ഏത് ലൈംഗിക ചോദനയാണ് മനുഷ്യൻറെ പ്രകൃതമല്ലാത്തത്? മൃഗത്തോട് ലൈംഗികവൃത്തിയിൽ  (bestiality) ഏർപ്പെടാനുള്ള ചോദന പ്രകൃതിപരമല്ലേ? വിവാഹം  കഴിച്ചവർക്ക് വിവാഹബാഹ്യ ലൈംഗിക മോഹങ്ങൾ തോന്നുന്നത് പ്രകൃതിചോദന അല്ലേ.? മാതാവും പിതാവും അടങ്ങുന്ന ബന്ധുക്കളോട് ചിലർ നടത്തുന്ന ലൈംഗിക വേഴ്ച (incest) അവരുടെ പ്രകൃതി ചോദന അല്ലേ, ശവത്തെ ഭോഗം ചെയ്യാനുള്ള ത്വര (necrophilia) അവനവൻറെ പ്രകൃതി ചോദനക്ക് വഴങ്ങിയല്ലേ.?

വ്യഭിചാരം, മദ്യപാനം  മോഷണത്വര തുടങ്ങിയവയെല്ലാം പ്രകൃതിപരം അല്ലേ? നടേ പറഞ്ഞ ലൈംഗികചോദനകൾ മുഴുവൻ മനുഷ്യരിൽ ഉണ്ടാകാൻ ഇടപെടുന്നതിനേക്കാൾ വ്യത്യസ്തമായ ഇടപെടലാണോ പ്രകൃതി സ്വവർഗപ്രേമികളിൽ നടത്തുന്നത്.? മറ്റുള്ള ലൈംഗിക ആഭിമുഖ്യള്ളവരിൽ ഉള്ളതിനേക്കാൾ സവിശേഷമായ എന്ത് ഇടപെടലാണ് സ്വവർഗപ്രേമികളിൽ അവരുടെ ലൈംഗികാഭിമുഖ്യം സൃഷ്ടിക്കാൻ, പ്രകൃതി നടത്തുന്നത്? മൃഗഭോഗം, ശവഭോഗം പോലെയുള്ള നികൃഷ്ടമായ ആഭിമുഖ്യത്തേക്കാൾ വിശുദ്ധമായ എന്താണ് സ്വവർഗലൈംഗിക ആഭിമുഖ്യത്തിലുള്ളത്? സ്വേഛപരമായ ലൈംഗികാഭിമുഖ്യം എന്ന ഒന്ന് നിലനിൽക്കുന്നുണ്ടോ?   ഇത്തരം രതിവൈകൃതങ്ങളെല്ലാം സ്വേഛപരമാണെന്നും സ്വവർഗാനുരാഗം മാത്രം സ്വേഛപരമല്ലാതെ, ഒഴിച്ചു നിർത്താനാവാത്ത  പ്രകൃതിയുടെ സൃഷ്ടിയാണെന്നും പറയുന്നത് എത്രമാത്രം നിരർഥകമാണ്! 


ബ്രീട്ടിഷ് ശാസ്ത്ര ജേണലിസ്റ്റ് ആയ എഡ് യോങ് ദി അറ്റ്ലാൻറിക് മാസികയിൽ എഴുതിയത് പ്രകാരം, സ്വവർഗപ്രേമികളുടെ ലൈംഗിക ചോദന അവരുടെ ശരീര ഘടനയിൽ ആദ്യമേ നിർണയിക്കപ്പെട്ടതായോ, അല്ലെങ്കിൽ അവരുടെ ലൈംഗികാഭിമുഖ്യം സ്വവർഗത്തോട് മാത്രമായി നിശ്ചയിക്കപ്പെട്ടതായോ അസന്ദിഗ്ധമായി തെളിയിക്കുന്ന യാതൊരു ജനിതകസൂചനയും ലഭ്യമായിട്ടില്ല എന്നാണ്. ഇനി അങ്ങനെ ലഭ്യമായാൽ തന്നെ അതിന് ധാർമികമായ ന്യായീകരണം നൽകാൻ ഇസ്ലാമിക പാരമ്പര്യത്തിൽ തെളിവുകളില്ലതാനും.  സ്വവർഗപ്രേമത്തിന് ഇസ്ലാമിനകത്ത് സാധൂകരണം നൽകാൻ വേണ്ടിയുളള രചനാ പദ്ധതിയിലേർപ്പെട്ടവരിൽ ഏറ്റവും പ്രമുഖനായ സിറാജ് സ്കോട്ട് കൂഗ്ളിൻറെ സിദ്ധാന്തങ്ങളെ രീതിശാസ്ത്രപരമായി തന്നെ ഇഴകീറി പരിശോധിച്ച് ദീർഘമായ പഠനമെഴുതിയ മുബീൻ വയ്ദ് ഇക്കാര്യം വിശദമായി എഴുതിയിട്ടുണ്ട് .  


പ്രകൃതിപരമായ ചോദന മൂലമാണ് സ്വവർഗലൈംഗികയെ ആഗ്രഹിക്കുന്നത് എന്ന വാദത്തിൽ അവ്യക്തതയുണ്ടെന്നാണ് പറഞ്ഞു വരുന്നത്. സ്വവർഗലൈംഗികതക്കു വേണ്ടി സൈദ്ധാന്തിക അടിത്തറ ഒരുക്കാൻ വേണ്ടി കഷ്ടപ്പെടുന്നവർക്കിടയിൽ തന്നെ ഈ അവ്യക്തത നിലനിൽക്കുന്നുണ്ട് എന്നതാണ്  രസകരമായ കാര്യം. സ്വവർഗലൈംഗികാഭിമുഖ്യം ഒരാളുടെ സ്വത്വത്തിൽ സത്താപരമായി (essentialist)  ഉള്ളതാണോ  അതോ സാമൂഹിക നിർമിതിയാണോ (constructionist) എന്ന സജീവ തർക്കം അവർക്കിടയിൽ തന്നെ നിലനിൽക്കുന്നുണ്ട്. ലൈംഗികമായ സത്താവാദം സ്വവർഗപ്രേമികളുടെ അവകാശ സംരക്ഷണത്തിന് പര്യപ്തമല്ല എന്ന് സാമൂഹികനിർമിതി വാദക്കാർ ആരോപിക്കുന്നു.

എന്നാൽ, സ്വവർഗാഭിമുഖ്യം ഒരാളിൽ സത്താപരമായി ഉണ്ടെന്ന് മനസ്സിലാക്കി മുന്നോട്ട് പോയാൽ മാത്രമേ സ്വവർഗാനുരാഗികളുടെ അവകാശങ്ങളെ പൂർണ്ണമായും സംരക്ഷിക്കാൻ കഴിയൂ എന്ന് സത്താവാദികളും പറയുന്നു . സ്വവർഗാനുരാഗികളുടെ ലൈംഗികാഭിമുഖ്യം അവരുടെ സ്വത്വത്തിൽ സത്താപരമായി ആദ്യമേ തീരുമാനിക്കപ്പെടുന്നതും, മാറ്റാൻ കഴിയാത്തതുമാണ് എന്ന വാദമാണ് സ്കോട്ട് കൂഗ്ളിനെ പോലുള്ള ആളുകൾ ഉന്നയിച്ചിക്കുന്നത്. എന്നാൽ, പ്രസിദ്ധ ക്വിയർ ആക്ടിവിസ്റ്റും അമേരിക്കയിലെ വ്യത്യസ്ത സമൂഹങ്ങളുടെ ലൈംഗികചരിത്രത്തിൽ വിദഗ്ധയുമായ ഹാൻ ബ്ളാങ്ക് അടക്കമുള്ള നിരവധി പേർ  ഈ സത്താവാദത്തിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്.


അതായത്, സ്വവർഗാഭിമുഖ്യത്തിൻറെ പ്രകൃതവും സ്വഭാവവും അതിനുവേണ്ടി വാദിക്കുന്നവർക്ക് തന്നെ ഇപ്പോഴും വ്യക്തമായി മനസ്സിലാവാത്ത സാഹചര്യത്തിൽ, അത് സാർവത്രികമായാൽ സമൂഹത്തിലും കുടുംബഘടനയിലും ഉളവാക്കുന്ന പരിക്കും കൃത്യമായി മനസ്സിലാക്കാൻ കഴിയില്ല. അങ്ങനെ വരുമ്പോൾ സ്വവർഗപ്രേമികളുടെ സ്വത്വവാദവും, സ്വവർഗ വിവാഹവും വകവെച്ചു കൊടുക്കാൻ സമൂഹത്തിന് ഉത്തരവാദിത്തം ഉണ്ടെന്ന് തോന്നുന്നില്ല.  


ചില ചോദ്യങ്ങൾ ഇക്കാര്യത്തിൽ ഇനിയും ബാക്കിയാണ്. ഒരാളുടെ സ്വവർഗത്തോട് അയാൾക്ക് താൽക്കാലികം ആയോ, ജന്മപരം ആയോ തോന്നുന്ന തൃഷ്ണയെ മനുഷ്യ മനസ്സിൻറെ സ്വാഭാവിക കാമന ആയി മനസ്സിലാക്കാതെ അതിനെ അയാളുടെ സ്വത്വത്തിന്റെ നിർണായക ഘടകം ആക്കി മാറ്റുന്നത് എന്തിനാണ്?  ലൈംഗികതയെ ഒരാളുടെ സ്വത്വത്തിന്റെ ഭാഗമായി മനസ്സിലാക്കുകയും, ആ സ്വത്വത്തെ രാഷ്ട്രീയമായി ഉന്നയിക്കുകയും ചെയ്യുന്നത് എന്തിനാണ്? അങ്ങനെ മനുഷ്യമനസ്സിൽ പ്രകടമാവുന്ന ഓരോ ലൈംഗിക തൃഷണകളെയും സ്വത്വനിർണയം നടത്തുന്ന ഉപാധി ആയി പരിഗണിക്കുമെങ്കിൽ മൃഗഭോഗം, ശവഭോഗം, തുടങ്ങിയ മറ്റു വികൃതമായ സാധ്യതകളെ കൂടി അവർ ഉൾക്കൊള്ളാൻ തയ്യാറാവുമോ?

അങ്ങനെ വികസിച്ചുവരുന്ന അപാരമായ വൈവിധ്യത്തെ അവർ ഉൾക്കൊള്ളുമോ? ഉൾക്കൊള്ളാൻ തയ്യാറാവുമെങ്കിൽ അവർ മനുഷ്യകുലത്തെ വല്ലാത്ത നികൃഷ്ടമായ അവസ്ഥയിലേക്ക് ആയിരിക്കും തള്ളി വിടുക. ഇനി തയ്യാറാവില്ല എങ്കിൽ അവരുടെ സൈദ്ധാന്തിക ചട്ടക്കൂട് അത്രയും ദുർബലമാണെന്നും, അവരുടെ സിദ്ധാന്തങ്ങൾ സ്വയംതന്നെ അകമേ പരസ്പരവിരുദ്ധമാണെന്നുമല്ലേ അർഥം?  ഇങ്ങനെ ദുർബലമായ ചട്ടക്കൂടിൽ നിന്ന് കൊണ്ട് ഉന്നയിക്കപ്പെടുന്ന സ്വവർഗ വിവാഹം, സ്വവർഗദാമ്പത്യം തുടങ്ങിയ അവകാശങ്ങൾ അവർക്ക് വകവെച്ച് കൊടുക്കാനുള്ള ബാധ്യത സമൂഹത്തിന് ഉണ്ടോ? തീർച്ചയായും ഇല്ല.


സ്വവർഗലൈംഗിക ആഭിമുഖ്യം അടിസ്ഥാനമാക്കി സ്വത്വരൂപീകരണം നടത്തുന്നത് സംബന്ധിച്ച് മറ്റുചില അവ്യക്തതകൾ കൂടി നിലനിൽക്കുന്നുണ്ട്. അതായത്, നമ്മുടെ നാടുകളിൽ മുൻകാലങ്ങളിൽ സ്വലിംഗരമികളായ കൌമാരക്കാരും മധ്യവയസ്കരും ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. അവർ മുസ്ലിംകൾ ആയി നിലനിൽക്കുന്നതോടൊപ്പം തന്നെ തങ്ങളുടെ സ്വലിംഗ കാമനകൾ മനസ്സിൽ സൂക്ഷിക്കുന്നവരാണ്. എന്നാൽ അത്തരക്കാരെ സ്വകാര്യമായി സമീപിക്കുന്നതിൽ കുട്ടികളെ വിലക്കുകയും, കുട്ടികളെ സമീപിക്കുന്നതിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുക എന്നതിനപ്പുറം അവരെ പീഢിപ്പിക്കുകയോ, അവരുടെ മുസ്ലിം എന്ന സ്വത്വത്തെ വകവെച്ചു കൊടുക്കാതിരിക്കുകയോ മുസ്ലിം സമൂഹം ചെയ്തിട്ടില്ല. അവർ സ്വലിംഗരമികൾ ആണെന്ന് എല്ലാവർക്കും അറിയാവുന്നതിനോടൊപ്പം തന്നെ നമുക്കിടയിൽ എല്ലാ പൊതു ഇടങ്ങളിലും അവർ സജീവമാണ്. എന്നാൽ, അവർക്കു പ്രത്യേക പരിവേഷവും സമൂഹം കൊടുത്തിട്ടില്ല.

മുസ്ലിം എന്ന സ്വത്വം അംഗീകരിക്കുന്നതോടൊപ്പം അവർക്ക് പ്രത്യേക ലൈംഗിക സ്വത്വം വകവെച്ച് കൊടുക്കുന്നില്ല. അതായത് താൻ ഒരു മുസ്ലിമാണെന്ന് അവർക്ക് അവകാശപ്പെടാം, എന്നാൽ താനൊരു സ്വവർഗപ്രേമിയായ മുസ്ലിമാണ് എന്ന പ്രത്യേക ലൈംഗിക സ്വത്വം സമൂഹം അവർക്ക് നൽകിയിട്ടില്ല. ലൈംഗികതയെ സംബന്ധിച്ച് മതപരമായി രൂപപ്പെട്ട ധാരണ കൊണ്ട് മാത്രമല്ല സമൂഹം ഇത്തരക്കാരോട് ഈ നിലപാട് എടുത്തത്. മറിച്ച് അത് അവരുടെ താത്ക്കാലിക ലൈംഗികചോദനയാണെന്ന് അറിഞ്ഞത് കൊണ്ടും, അവർ പിന്നീട് എതിർലിംഗത്തെ വിവാഹം കഴിച്ച് വിജയകരമായ കുടുംബജീവിതം നയിക്കുന്നത് നേരിട്ട് കണ്ട അനുഭവജ്ഞാനവും കാരണമാണ്. കൌമാരക്കാരായ ഇത്തരം സ്വവർഗപ്രേമികൾ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുകയും, മറ്റുള്ളവർ സ്വവർഗരതിക്ക് സഹായകമായ ബാലന്മാരെയോ മറ്റോ കിട്ടാതെ വരുമ്പോഴോ അവരെ ലഭ്യമാവുന്ന സാഹചര്യത്തിൽ നിന്ന് മാറുമ്പോഴോ സ്വാഭാവികമായ കുടുംബ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു.

സ്വലിംഗത്തോട് ലൈംഗികകാമന പ്രകടിപ്പിക്കുന്നവരുടെ ജീവിതത്തിൽ നടക്കുന്ന ഈ പ്രക്രിയ കാലാകാലങ്ങളായി എല്ലാ സമൂഹത്തിലും കണ്ടു വരുന്നതാണ്. എന്നാൽ സ്വവർഗാനുരാഗികൾ എന്ന പ്രത്യേക ജൈവികസ്വത്വം അവകാശപ്പെട്ട് രംഗത്തുവരുന്നവർ വാദിക്കുന്നത് ചില ജീവിതഘട്ടങ്ങളിൽ വളരെ താത്ക്കാലികമായി തോന്നുന്ന ഇത്തരം കാമനകൾ അവർക്ക് ഒഴിച്ചു കൂടാനാകാത്തതോ, അവരുടെ അനൈഛികമായ ലൈംഗികാഭിമുഖ്യമോ, ആണെന്നാണ്. എന്നാൽ, സ്വലിംഗത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന എല്ലാവരും ഇവർ വാദിക്കുന്നതു പോലെയല്ല എന്നത് വ്യക്തമാണ്. മറിച്ചാണെങ്കിൽ പിന്നീട് അവർ വിജയകരമായ കുടുംബജീവിതം നയിക്കുന്നത് എങ്ങനെയാണ്?  

ഇനി ചില ആളുകളിൽ മാത്രം ഇത്തരം ആഭിമുഖ്യം ജനിതകമായി/ പ്രകൃതിപരമായി കോഡ് ചെയ്യപ്പെടുന്നു എന്നും, അതിനാൽ അവരുടെ ലൈംഗികസ്വത്വം പ്രത്യേകം പരിഗണിക്കണമെന്നുമാണ് വാദമെങ്കിൽ അവിടെയും ചില അവ്യക്തതകൾ നിലനില്ക്കുന്നുണ്ട്. സ്വവർഗലൈംഗികാഭിമുഖ്യം പ്രകടിപ്പിക്കുന്ന ആളുകളിൽ ചിലർ അതിൽ നിന്ന് പിൻവാങ്ങുന്നവരുണ്ടെങ്കിൽ അവർക്കുണ്ടാവുന്നതും പ്രകൃതിപരമായ ചോദന തന്നെയല്ലേ അല്ലേ? അല്ലെങ്കിൽ ഏതാണ് പ്രകൃതിപരമായി രൂപപ്പെട്ട ആഭിമുഖ്യം എന്ന് നിർണയിക്കേണ്ടതുണ്ട്.

ചിലർ സാഹചര്യങ്ങൾക്കനുസരിച്ച് സ്വലിംഗത്തോടും എതിർലിംഗത്തോടും ഒരുപോലെ ആകൃഷ്ടരാവുമെങ്കിലും ആ രണ്ട് ചോദനകളെയും തരം പോലെ  മറികടക്കാനും സാഹചര്യത്തിനനുസരിച്ച് മുന്നോട്ട് പോകാനും അവർക്ക് കഴിയുന്നു. ഈ പ്രക്രിയയെ എങ്ങനെയാണ് വിശദീകരിക്കേണ്ടത്? ഒഴിച്ചുകൂടാനാകാത്ത വിധം തങ്ങളുടെ സ്വത്വത്തിൽ അലിഞ്ഞു ചേർന്നതാണ് സ്വവർഗലൈംഗിക സ്വത്വമെങ്കിൽ അത് നിർണയിക്കാനുള്ള മാനദണ്ഡങ്ങൾ ഇപ്പോഴും വ്യക്തമല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ ഇത്തരം അവ്യക്തതകൾക്ക് പരിഹാരം കാണാതെ സ്വവർഗപ്രേമികൾക്ക് മാത്രമായി ഒരു പ്രത്യേക സ്വത്വം അനുവദിച്ചു കൊടുക്കുന്നത് യുക്തിസഹമാണെന്ന് തോന്നുന്നില്ല.

രണ്ടു ലോകവീക്ഷണങ്ങൾ

ധാർമികത, ലൈംഗികത എന്നിവ സംബന്ധിച്ച് ലിബറൽ ലോകവീക്ഷണവും ഇസ്ലാമിക ലോകവീക്ഷണവും തമ്മിലുള്ള ശ്രദ്ധേയമായ ചില വ്യത്യാസങ്ങൾ വിലയിരുത്തുന്നത് ഈ പശ്ചാത്തലത്തിൽ വളരെയധികം പ്രസക്തമാണ്. 
മനുഷ്യൻറെ പ്രവർത്തനങ്ങളുടെ ധാർമികത നിശ്ചയിക്കാനുള്ള അവകാശം വ്യക്തിക്ക് വിട്ടുകൊടുക്കുന്നതിലൂടെ ലിബറൽ ലോകവീക്ഷണം മനുഷ്യനെ എടുത്തെറിയുന്നത് അഗാധമായ ദുരന്തത്തിലേക്കാണ്. വ്യക്തിയുടെ ഇഷ്ടങ്ങൾക്ക് സമൂഹത്തിൻറെ കെട്ടുറപ്പിനേക്കാൾ പ്രാധാന്യം നൽകുന്ന ലോകവീക്ഷണമാണ് ലിബറൽ, സെക്കുലർ, നിരീശരവാദ ലോകവീക്ഷണങ്ങൾ പുലർത്തുന്നത്. കുടുംബം, വിവാഹം പോലുള്ള സാമൂഹിക സ്ഥാപനങ്ങളെ അവ പലപ്പോഴും നിരാകരിക്കുന്നു.

ലിബറലിസത്തിന് മേൽക്കൈ ഉള്ള പടിഞ്ഞാറൻ നാഗരികതയിലും ലോകവീക്ഷണത്തിലും ഒരു ബാഹ്യശക്തിക്കും വഴങ്ങാത്ത, പരമാധികാരിയായ ഒന്നാണ് മനുഷ്യൻറെ ആത്മം (Self). അതിനെ പരമാവധി കെട്ടഴിച്ചുവിടണമെന്നും ദൈവം, പാരമ്പര്യം തുടങ്ങിയ നിയന്ത്രണങ്ങളിൽ നിന്നും അതിനെ വിമോചിപ്പിക്കണം എന്നുമാണ് നീഷേയും, സാർത്രും എല്ലാം വികസിപ്പിച്ച പടിഞ്ഞാറൻ ദർശനം നിർദ്ദേശിക്കുന്നത്. അങ്ങനെ കയറൂരി വിടപ്പെട്ട ആത്മത്തിൻറെ പ്രതിഫലനം ആണ് ‘സമ്മതം’ (consent) എന്ന് ടോളിഡോ യൂണിവേഴ്സിറ്റിയിലെ പ്രമുഖ പണ്ഡിതനായ ഒവാമിർ അൻജും തൻറെ “ഇസ്ലാം ആൻറ് ഹോമോസെക്ഷ്വാലിറ്റി”  എന്ന ലേഖനത്തിൽ നിരീക്ഷിക്കുന്നുണ്ട്. സമ്മതമുണ്ടെങ്കിൽ ആരുമായും ഏതുതരം ലൈംഗികതയും ആവാം എന്ന സിദ്ധാന്തം ഉരുത്തിരിയുന്നത് അങ്ങനെയാണ്. ഈ അടിത്തറയിൽ നിന്നുകൊണ്ടാണ് സ്വവർഗലൈംഗികത സ്വാഭാവികവത്ക്കരിക്കപ്പെടുന്നത് (Homonormativity) എന്ന് അദ്ദേഹം വിശദീകരിക്കുന്നു.

സമൂഹത്തിൻറെ പൊതുനന്മക്ക് മുകളിൽ വ്യക്തിയെ പ്രതിഷ്ഠിക്കുന്ന സിദ്ധാന്തമാണ് സമ്മതം-വിസമ്മതം എന്ന ആശയങ്ങൾക്ക് രൂപം നൽകിയത്. അഥവാ, സമ്മതമുണ്ടെങ്കിൽ/ പരസ്പര സമ്മതത്തോടെയാണെങ്കിൽ ആർക്കും എന്തു നെറികേടും ചെയ്യാം എന്നതാണ് പ്രസ്തുത സിദ്ധാന്തത്തിൻറെ ഫലശ്രുതി. മൃഗങ്ങൾ ആസ്വദിക്കുമെങ്കിൽ അവയുമായി ലൈംഗികബന്ധമാവാം എന്നും, മാതാപിതാക്കളുമായി വരെ ലൈംഗികബന്ധമാവാം എന്നും വിലയിരുത്തുന്ന യുക്തിവാദികൾ ലോകത്ത് ജീവിക്കുന്നുണ്ടെന്നത് ലിബറൽ ലോകവീക്ഷണം സാധ്യമാക്കിയ ഞെട്ടിക്കുന്ന ആഘാതങ്ങളിലൊന്നാണ്.

രക്ത ബന്ധുക്കളുമായും കൂടപ്പിറപ്പുകളുമായും തുടങ്ങി മാതാവുമായും പിതാവുമായും വരെ ലൈംഗികബന്ധം ആവാമെന്ന് 2019 ജനുവരി 6ന് പ്രമുഖ യുക്തിവാദി പ്രചാരകൻ സി. രവിചന്ദ്രൻറെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന ലിറ്റ്മസ് 19 അന്താരാഷ്ട്ര സ്വതന്ത്ര സെമിനാറിൽ മനുപ്രസാദ് എന്ന യുക്തിവാദി വിലയിരുത്തിയത് ഇതിൻറെ അലയൊലികൾ കേരളത്തിലും എത്തിയതിൻറെ ഒടുവിലത്തെ ഉദാഹരണമാണ്.  


എന്നാൽ, ഇസ്ലാം വ്യക്തിവാദത്തിനും സമഷ്ടിവാദത്തിനും ഇടയിൽ നിലകൊള്ളുന്ന ഒരു സന്തുലിതമായ ലോകവീക്ഷണമാണ്. വ്യക്തികളുടെ ഇഛക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം സമൂഹത്തിൻറെ കെട്ടുറപ്പുള്ള നിലനില്പിനെ ബാധിക്കാത്ത നിലപാട് സ്വീകരിക്കുന്നത് കൂടി അതിൻറെ ബാധ്യതയാണ്. ഇസ്ലാമിൽ ഒരു പ്രവർത്തി അനുവദനീയമാകുന്നതും അല്ലാതാകുന്നതും കേവലം ആപേക്ഷികമോ വ്യക്തിനിഷ്ഠമോ ആയ ധാർമികത അടിസ്ഥാനപ്പെടുത്തിയല്ല. മറിച്ച്, വസ്തുനിഷ്ഠമായ ധാർമികത പരിഗണിച്ചാണ്. ഒരു വ്യക്തിക്കോ ഒരു ജനാധിപത്യത്തിനോ ഒരു പ്രദേശത്തെ സമൂഹങ്ങൾക്കോ, ഒരു കാലഘട്ടത്തിലെ സമൂഹങ്ങൾക്കോ എപ്പോൾ വേണമെങ്കിലും തങ്ങളുടെ ധാർമികതയെയും ശരിതെറ്റുകളെയും മാറ്റി നിശ്ചയിക്കാവുന്നതാണ്.

പക്ഷെ, ദൈവികമായ ധാർമികത വസ്തുനിഷ്ഠവും (Objective Morality), സാർവലൌകികവും മാറ്റി നിശ്ചയിക്കാൻ കഴിയാത്തതുമാണ്. അതിനാൽ വ്യക്തിക്ക് ഇഷ്ടമാണ് എന്നത് ഒരു പ്രവർത്തി ചെയ്യാനുള്ള ധാർമികമായ ന്യായമല്ല. വ്യക്തിയുടെ ഇഷ്ടങ്ങൾ ആത്മനിഷ്ഠമാണ് എന്നതാണ് കാരണം. മാത്രമല്ല ചിലപ്പോൾ സമൂഹങ്ങളുടെയും, ഭരണഘടനകളുടെ ഇഷ്ടങ്ങൾ പോലും  ആത്മനിഷ്ഠമാണ്. ആത്മനിഷ്ഠമായ മുഴുവൻ കാര്യങ്ങളും ആപേക്ഷികവുമാണ്. ശരിതെറ്റുകൾ ആപേക്ഷികമാവുമ്പോൾ മനുഷ്യൻ ദൈവത്തിൽ നിന്ന് സ്വതന്ത്രനാകുന്നു എന്നത് ലിബറൽ ലോകവീക്ഷണത്തിൻറെ പ്രഭാവം ഉണ്ടാക്കിയ മതിഭ്രമം മാത്രമാണ്.  അതു കൊണ്ടാണ് മാതാവിനെയും പെങ്ങളെയും മൃഗത്തെയും സമ്മതമുണ്ടെങ്കിൽ ഭോഗിക്കാം എന്ന ആത്മനിഷ്ഠമായ യുക്തിയുടെ ഗർത്തങ്ങളിലേക്ക് ഇസ്ലാമിക വിശ്വാസി വീണുപോകാത്തത്.

ഇനി ലൈംഗികത സംബന്ധിച്ച ഇസ്ലാമിൻറെ വീക്ഷണമെടുക്കാം. ഒരു വ്യക്തിയുടെ സർവ ചോദനകളുടെയും ലൈംഗിക കാമനകളുടെയും വിളനിലമായി ഇസ്ലാം വ്യവഹരിക്കുന്നത് നഫ്സ് എന്ന സങ്കേതത്തെയാണ്. നഫ്സിൽ രൂപം കൊള്ളുന്ന ചോദനകളെ മുഴുവൻ ശഹ് വത്ത് എന്ന ഏകസങ്കേതത്തിൽ ഒതുക്കിയിരിക്കുന്നു. അഹങ്കാരം, അസൂയ, വൈരം തുടങ്ങിയ ഹൃദയരോഗങ്ങളും, മോഷണം, ബലാൽസംഗം, കൊലപാതകം തുടങ്ങിയ ഹിംസകളും, വ്യഭിചാരം, ബലാൽസംഗം, സ്വവവർഗഭോഗം തുടങ്ങിയ ലൈംഗികപ്രയോഗങ്ങളും ശഹ് വത്തിൻറെ പ്രതിഫലനം തന്നെയാണ്. ഇവയിൽ, മോഷ്ടാക്കാൾ, കൊലപാതകികൾ എന്നിവർക്ക് അവരുടെ ചോദനകളടിസ്ഥാനപ്പെടുത്തി പ്രത്യേകം സ്വത്വങ്ങൾ അനുവദിക്കാത്തതു പോലെത്തന്നെ സ്വവർഗമോഹികൾക്കും പ്രത്യേക സ്വത്വം അനുവദിക്കുന്നില്ല. 


അത്കൊണ്ടുതന്നെ, സ്വവർഗലൈംഗികാഭിമുഖ്യം പ്രകൃതിപരമല്ലെന്ന് ഇസ്ലാം പറയുന്നില്ല. മറിച്ച് പ്രകൃതിപരമായി മനുഷ്യനിലുള്ള ശഹ് വത്തിൻറെ ബഹിർസ്ഫുരണം തന്നെയാണത്. സ്വവർഗമോഹം മാത്രമല്ല, ലൈംഗികാഭിമുഖ്യത്തിൻറെ എല്ലാതരം വൈവിധ്യങ്ങളെയും ഇസ്ലാം പ്രകൃതിപരമായി തന്നെയാണ് കാണുന്നത്.  മനുഷ്യൻറെ എല്ലാ ഇച്ഛകളും കാമനകളും അവനിൽ പ്രകൃതിപരമായി നിക്ഷേപിക്കപ്പെട്ടതു തന്നെയാണ് എന്നാണ് ഇസ്ലാമിക പരിപ്രേക്ഷ്യം. പ്രകൃതിവിരുദ്ധം എന്ന പ്രയോഗം ഒരു ക്രിസ്ത്യൻ കാത്തലിക് നിർമിതി മാത്രമാണ്. പക്ഷെ, ഇഛകളിൽ ചിലതിനെ മാത്രമേ പ്രയോഗത്തിൽ കൊണ്ടുവരാൻ അവന് അനുമതിയുള്ളൂ എന്ന് മാത്രം. അതിനാൽ, പ്രകൃതിപരമായതും തങ്ങളുടെ തെരഞ്ഞെടുപ്പിന് വഴങ്ങാത്തതുമാണ് സ്വവർഗലൈംഗികത എന്ന ആക്ടിവിസ്റ്റുകളുടെ വാദത്തിന് ഇസ്ലാമിനകത്ത് നൈതികമായും ദൈവശാസ്ത്രപരമായും നിലനിൽപ്പില്ല എന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ട്.

അടുത്ത ഭാഗം  ഹോമോ വേദനയുടെ ദൈവശാസ്ത്രം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter