ഖസ്വീദത്തുല്‍ ബുര്‍ദ: സ്‌നേഹോഷ്മളതയുടെ പുതപ്പുഗീതം
മുഹമ്മദ് നബി തിരുമേനി(സ്വ)യുടെ സഹസ്ര സൂര്യശോഭയുള്ള വ്യക്തിത്വത്തെ ഒരുപക്ഷേ, സമഗ്രമായി പ്രകാശിപ്പിക്കുന്നതില്‍ വിജയിച്ച് ആസ്വാദക ചിത്തങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അപദാന ഗീതകമാണ് ഇമാം ബൂസ്വീരി(റ)യുടെ ഖസ്വീദതുല്‍ ബുര്‍ദ അഥവാ പുതപ്പുഗീതകം. അല്‍ കവാകിബുദ്ദുര്‍രിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ (ഉത്തമ പുരുഷനെ സ്തുതിക്കുന്ന പ്രശോഭിത നക്ഷത്രങ്ങള്‍) എന്നായിരുന്നു ഈ കവിതയുടെ ആദ്യ ശീര്‍ഷകം. പിന്നീടാണ് ബുര്‍ദ എന്ന പേരില്‍ വിഖ്യാതമായത്. കവിതയുടെ രചനാ പശ്ചാത്തലമായിത്തീര്‍ന്ന ഒരു സംഭവവുമായി ഈ പേരിന് ബന്ധമുണ്ട്. വാതരോഗം പിടിപെട്ട് ശയ്യാവലംബിയായപ്പോള്‍ കവിത ആലപിച്ച് ഉറങ്ങിപ്പോയ കവി മുഹമ്മദ് നബി(സ്വ)യെ സ്വപ്നം കണ്ടു. ഉറക്കമുണര്‍ന്ന കവിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് തളര്‍ന്ന ശരീര ഭാഗങ്ങള്‍ക്ക് അപ്പോഴേക്കും നവജീവന്‍ കൈവന്നു കഴിഞ്ഞിരുന്നു!
സ്വപ്നത്തില്‍ ബൂസ്വീരി(റ) കണ്ട ‘പുതപ്പ്’ പ്രസ്തുത സ്വപ്ന ദര്‍ശനത്തിന് നിമിത്തമായ കവിതക്ക് ശീര്‍ഷകമായി ഭവിച്ചു. കഅ് ബുബ്‌നു സുഹൈര്‍ എന്ന കവിക്ക് തിരുനബി(സ്വ) പുതപ്പ് സമ്മാനിച്ച സംഭവം പ്രസിദ്ധമാണ്. കഅ്ബിന്റെ കവിതയില്‍ പ്രീതനായ നബി (സ്വ) നല്‍കിയ പുതപ്പ് തന്റെ കവിതയില്‍ സംപ്രീതനായ നബി(സ്വ) തനിക്കും തരുന്നതായാവാം ബൂസ്വീരി(റ) സ്വപ്നം കണ്ടത്. ഏതായാലും ബൂസ്വീരി(റ)യുടെ സ്വപ്നവാര്‍ത്ത എളുപ്പം പ്രചരിക്കുകയും അത് കവിതയുടെ പ്രശസ്തിക്ക് നിമിത്തമായിത്തീരുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് ബുര്‍ദയുടെ കൈയെഴുത്ത് പ്രതികള്‍ മുസ്‌ലിം ലോകത്തെങ്ങും പ്രചരിച്ചു. ബുര്‍ദ പാരായണം ചെയ്തവര്‍ക്ക് അത്ഭുതഫലങ്ങള്‍ ഉണ്ടായതായും വാര്‍ത്തകള്‍ വന്നു. തന്മൂലം ബുര്‍ദക്ക് ‘ഖസ്വീദതു ബുര്‍ഇദ്ദാഅ്’ (രോഗശമന ഗീതകം) എന്നും പേര് വീണു.ബുര്‍ദയെ തലമുറകളിലേക്ക് കൈമാറിയത് ഈ അത്ഭുത കഥകളെക്കാളേറെ അതിലടങ്ങിയ പുഷ്‌കലമായ പ്രവാചക സ്‌നേഹവും ഹൃദയഹാരിയായ കവനവൈശിഷ്ട്യവുമാണ് എന്ന് നിസ്സംശയം പറയാം.
അതിലുപരി, പുതുമ വറ്റാത്തൊരു ആത്മിക കാവ്യം കൂടിയാണിത്. ശൈലിയിലെ ഹൃദയാവര്‍ജകത്വവും പ്രമേയത്തിന്റെ കരുത്തും പ്രതിപാദനത്തിന്റെ സൗകുമാര്യതയും ആത്മികതയുടെ അലൗകിക ശോഭയും ബുര്‍ദക്ക് സഹൃദയ ഹൃദയങ്ങളില്‍ ശാശ്വത സ്ഥാനം നേടിക്കൊടുക്കുകയായിരുന്നു. ബുര്‍ദയുടെ കാവ്യഗുണത്തെപ്പറ്റി സാധാരണയില്‍ കവിഞ്ഞ മതിപ്പൊന്നും പ്രകടിപ്പിക്കാത്ത ആര്‍.എ നിക്കള്‍സണ്‍ പോലും ബുര്‍ദയുടെ ശൈലി സാനന്ദം വായിച്ചുപോകാവുന്നത്ര ഉദാത്തവും മൃദുലവുമാണെന്ന് പറയുന്നുണ്ട്. പ്രവാചകന്‍(സ്വ)യുടെ ദിവ്യാത്ഭുതങ്ങള്‍ ബുര്‍ദയില്‍ മിഴിവോടെ അവതരിപ്പിച്ചതിനോടാണ് നിക്കള്‍സന് വിയോജിപ്പെന്ന് തോന്നുന്നു. ചരിത്ര വ്യക്തിയായ തിരുനബി(സ്വ)യെ തിരിച്ചറിയാനാവാത്തവിധം ബുര്‍ദക്കാരന്‍ മഹത്വവത്കരിക്കുന്നു എന്ന് നിക്കള്‍സണ്‍ തുടര്‍ന്ന് പ്രസ്താവിക്കുന്നതില്‍ നിന്നാണ് ഇങ്ങനെ അനുമാനിക്കുന്നത്. പക്ഷേ, ദിവ്യാത്ഭുത വര്‍ണനകള്‍ കാവ്യഗുണത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്ന് നിക്കള്‍സണ്‍ വ്യക്തമാക്കുന്നില്ല. ഹോമറിന്റെ ഇലിയഡോ ഒഡീസിയോ ഡാന്റെയുടെ ഡിവൈന്‍ കോമഡിയോ മില്‍ട്ടന്റെ പാരഡൈസ് ലോസ്‌റ്റോ ചരിത്രവിഷയങ്ങളല്ല പ്രതിപാദിക്കുന്നത് എന്നത് അവയുടെ കാവ്യഗുണത്തെ സംശയിക്കാന്‍ ഇടയാക്കിയിട്ടില്ലല്ലോ. ബുര്‍ദയില്‍ പരാമര്‍ശിക്കുന്ന അത്ഭുത സംഭവങ്ങളാണെങ്കില്‍ അതിശയോക്തികളല്ലെന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. കവി അവയെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതേ സാഹിത്യ നിരൂപകന്റെ പരിശോധനക്ക് വിഷയീഭവിക്കേണ്ടതുള്ളൂ.
അറബ് സാഹിത്യ ലോകത്തെ പ്രഗത്ഭരെല്ലാം ബുര്‍ദയെ വിശിഷ്ട കാവ്യമായി അംഗീകരിച്ചിട്ടുണ്ട്. കല്‍പനാ വൈഭവം, ശബ്ദമാധുരി, പ്രതിപാദ്യത്തിനൊത്ത പദവിന്യാസം, സമുചിതമായ അലങ്കാര പ്രയോഗങ്ങള്‍, കാവ്യശയ്യക്കിണങ്ങുന്ന ബിംബാവലി, രചനയിലെ ഹൃദയഹാരിത; ഇവ ബൂസ്വീരി(റ)യെ സര്‍വ ഭൗമനാക്കുന്ന ഘടകങ്ങളാണ്. ‘ബസീത്വ്’ വൃത്തത്തില്‍ രചിക്കപ്പെട്ട ബുര്‍ദ ആ വൃത്തത്തില്‍ എഴുതപ്പെട്ട ഒരു അന്യൂന കവിതയാണെന്നതും ഇവിടെ പ്രസ്താവ്യമാണ്.
തിരുനബി(സ്വ)ക്ക് മുമ്പ് രചിക്കപ്പെട്ട അറബിയിലെ അതിപ്രശസ്തങ്ങളായ സപ്തകാവ്യങ്ങളുടെ (സബ്ഉല്‍ മുഅല്ലഖഃ) ചുവട് പിടിച്ച് കാമുകിയെ (ബുര്‍ദയില്‍ ഈ സ്ഥാനത്ത് തിരുനബി(സ്വ)യുടെ നഷ്ടാവശിഷ്ടങ്ങളെ) ഓര്‍ത്തുകൊണ്ടാണ് ബൂസ്വീരി(റ) ബുര്‍ദ ആരംഭിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ അറബ് ഖസ്വീദകളുടെ പൊതുവായ ചട്ടക്കൂട് തന്നെയാണ് ബുര്‍ദയുടേത്. ദീസലമിലെ അയല്‍ക്കാരെ ഓര്‍ത്തുകൊണ്ടാണോ നിന്റെ നയനങ്ങള്‍ കണ്ണീരില്‍ നിണം കലര്‍ന്ന് ഒഴുക്കുന്നത് എന്ന സന്ദേഹോക്തിയോടെ ബുര്‍ദ ആരംഭിക്കുന്നു.
കവിയുടെ ബാഹ്യസ്വത്വവും ആന്തരിക സ്വത്വവും തമ്മിലുള്ള സംഭാഷണമാണ് ആദ്യത്തെ ഏതാനും വരികള്‍. നീ കണ്ണീരൊഴുക്കുന്നതെന്തിന്? നിന്റെ ഹൃദയം പ്രകമ്പനം കൊള്ളുന്നതെന്തിന്? അനുരാഗം ഒളിച്ചുവെക്കുന്നതെങ്ങനെ? എന്നിങ്ങനെയാണ് കവി തന്നെ അപരനായി സങ്കല്‍പിച്ച് സ്വയം ചോദിക്കുന്നത്. ഈ സ്വയം വിചാരണയിലൂടെ കവി തന്റെ അന്തര്‍ഗതങ്ങളും പ്രവാചകാനുരാഗവും അസന്ദിഗ്ധമായി വെളിപ്പെടുത്തുന്നു. ഈ വിസ്താര വേളയില്‍ കവി ഉപയോഗിക്കുന്ന ഉപമകളും പ്രതീകങ്ങളും അപാരമായ ധ്വനന ശേഷിയുള്ളതാണ്. കാറ്റ്, മിന്നല്‍, ഭവനാവശിഷ്ടങ്ങള്‍, ബാന്‍- അനം ചെടികള്‍, അലം പര്‍വതം ഇവയാണ് ആദ്യഭാഗത്ത് കാവ്യ പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യബിംബങ്ങള്‍. കടും വര്‍ണങ്ങള്‍ ഉപയോഗിച്ച് വരച്ച ചിത്രത്തിലേത് പോലെ അനുവാചക ഹൃദയത്തെ ഒരു പ്രത്യേക പശ്ചാത്തലത്തിലേക്ക് ആകര്‍ഷിച്ച് അവിടെ തന്നെ ഉറപ്പിച്ച് നിര്‍ത്തുകയാണ് കവി. കാറ്റും മിന്നലുമാണ് ഇവയില്‍ ഏറ്റവും ശക്തം. കാവ്യ പശ്ചാത്തലത്തിന് ദൃശ്യപരമായ പൊലിമയും വൈകാരികമായ തീവ്രതയും നല്‍കുന്നതിന് പുറമെ ധ്വന്യാത്മകമായ ഗൗരവവും നല്‍കുന്നു. മരുഭൂമിയിലെ മിന്നല്‍പിണര്‍ എന്ന് ചരിത്രകാരനായ കാര്‍ലൈല്‍ നബി(സ്വ)യെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
ആത്മാവിനെ ഗ്രസിച്ച രോഗങ്ങളെക്കുറിച്ചുള്ള പരിവേദനങ്ങളാണ് പിന്നീട് നിരത്തുന്നത്. ക്രമേണ, പ്രവാചക വ്യക്തിത്വത്തിന്റെ വൈശിഷ്ട്യത്തിലേക്കും അവിടത്തെ മഹത്തായ പ്രബോധനത്തിലേക്കുമാണ് കവി പ്രവേശിക്കുന്നത്. തിന്മയുടെ ദുശ്ശക്തികളുമായി തിരുനബി(സ്വ) നടത്തിയ സന്ധിയില്ലാ സമരങ്ങളും വിശുദ്ധ ഖുര്‍ആനിന്റെ മാസ്മരികമായ വശ്യതയും തിരുമേനി(സ്വ)യിലൂടെ വെളിപ്പെട്ട അമാനുഷിക ദൃഷ്ടാന്തങ്ങളുമെല്ലാം സര്‍ഗശക്തിയുടെ തങ്കനൂല്‍ കൊണ്ട് കോര്‍ത്തിണക്കിയിരിക്കുകയാണ് കവി. രചനയുടെ ഓരോ തുടിപ്പിലും കവിയെ മുന്നോട്ട് നയിക്കുന്ന ചാലക ഇന്ധനം അദമ്യമായ പ്രവാചക പ്രേമമാണ്.
ആയിരക്കണക്കിന് പ്രവാചക പ്രേമ കാവ്യങ്ങള്‍ അറബിയില്‍ വിരചിതമായിട്ടുണ്ട്. അവയിലേറ്റവും മികച്ചത് എന്ന ഖ്യാതി ബുര്‍ദക്ക് ലഭിച്ചിരിക്കുന്നു. അല്‍ മുഖ്തസ്വറു ഫീ ശര്‍ഹില്‍ ബുര്‍ദ എന്ന കൃതിയുടെ ആമുഖത്തില്‍ മുഹമ്മദ് ശരീഫ് അദ്‌നാന്‍ അസ്സ്വവാഫ് ഇങ്ങനെ കുറിക്കുന്നു: ‘അല്‍ ബുര്‍ദ എന്ന പേരുള്ള ഖസ്വീദതുല്‍ മീമിയ്യ അതിന് മുമ്പുണ്ടായ എല്ലാ പ്രശംസാ കാവ്യങ്ങളെക്കാളും മികച്ചതത്രെ. ബൂസ്വീരി(റ)യോളം ഭംഗിയായോ സാഹിത്യ സമ്പുഷ്ടമായോ ആരും നബി(സ്വ)യെ പ്രശംസിച്ചിട്ടില്ല എന്നുവരെ അഭിപ്രായമുണ്ട്.’ അമീറുശ്ശുഅറാഅ് എന്ന പേരില്‍ വിശ്രുതനായ അഹ്മദ് ശൗഖിയും ബുര്‍ദക്ക് അദ്വിതീയ സ്ഥാനമാണ് കല്‍പിച്ചത്.
Leave A Comment