അല്ലഫൽ ആസ്വിഃ അനുഗരാഗത്തിന്റെ കാവ്യസുധ
തിരുഹബീബിനോടുള്ള അനിർവചനീയമായ പ്രണയസാന്ദ്രതയിൽ ഒരനനുരാഗി തീർത്ത കീർത്തനതീർത്ഥമാണ് അല്ലഫൽ ആസ്വി. മനസ്സും ശരീരവും മദീനയോട് ചേർത്ത് വെച്ച്, അകം നൊന്ത് വേപഥുകൊള്ളുന്ന പ്രേമാതുരന്റെ അക്ഷരസാക്ഷ്യമാണത്.
ഹിജ്റ 12-ാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ച് വിട പറഞ്ഞ വിശ്വവിഖ്യാത പണ്ഡിതൻ വെളിയംകോട് ഉമർഖാളി (റ) രചിച്ചതാണ് അല്ലഫൽ ആസ്വി. അദ്ദേഹം രചന നിർവഹിച്ച നിരവധി കാവ്യകൃതികൾക്ക് മലയാളക്കരയിൽ ജനപ്രീതി ലഭിച്ചിട്ടുണ്ട്. എന്നാൽ അധികമൊന്നും കേൾക്കാത്ത ഒരു തിരുപ്രണയകാവ്യമാണ് അല്ലഫൽ ആസ്വി.
1177 ൽ മലബാറിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ പരിസരപ്രദേശമായ വെളിയങ്കോടാണ് ഉമർ ഖാളിയുടെ ജനനം. താനൂർ, പൊന്നാനി, മമ്പുറം എന്നീ പ്രദേശങ്ങൾ അവരുടെ ജ്ഞാനത്തെ പുഷ്ടിപ്പെടുത്തി. ഖാദിരി സരണി പിന്തുടർന്ന ഖാളി കവിയും ദാർശനികനും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. 'അല്ലാഹുവിന്റെ ഭൂമിക്ക് ഞങ്ങൾ നികുതി തരില്ല എന്ന പ്രഖ്യാപനത്തിലൂടെയാണ് സ്വാതന്ത്ര്യ ചരിത്രത്തിൽ ഉമർഖാളിയുടെ സ്ഥാനം പ്രസിദ്ധമായത്.
പ്രവാചക പ്രകീർത്തന കാവ്യമായയ അല്ലഫൽ ആസ്വിക്ക് ഉമറുൽ ഖാഹിരി രചിച്ച അല്ലഫൽ അലിഫുമായി സമാനതകളുണ്ടെന്നാണ് പഠനങ്ങള് പറയുന്നത്. തിരുപ്രകീർത്തനം പ്രതിപാദ്യവിഷയവും അറബി അക്ഷരമാലയനുസരിച്ചുള്ള ഓരോ വരികളുടെയും കോർവയും ഏറെ സവിശേഷമാണ്. ബാഅ്, ശീന് തുടങ്ങിയ അക്ഷരങ്ങൾ ഉപയോഗിച്ച് രണ്ടുവരികളും ഹംസ, യാഅ് എന്നിവ ഉപയോഗിച്ച് മൂന്ന് വരികളുമുൾപ്പെടെ 34 വരികളാണ് അല്ലഫൽ ആസ്വിയിലുള്ളത്.
ലളിതവും നിഷ്പ്രയാസം ആലപിക്കാനുള്ള വാക്കുകളുടെ അലങ്കാരവും താരതമ്യേന മറ്റു കൃതികളിൽ നിന്ന് അല്ലഫൽ ആസ്വിയെ സവിശേഷമാക്കുന്നുണ്ട്. താളവും ഹൃദയം കവരുന്ന ശൈലിയും എടുത്തു പറയേണ്ട ഒന്നാണ്. ദൈവ സ്തുതി, നബി മാർഗം, സൂഫി മാർഗം, സകല വസ്തുക്കളുടെയും ഉണ്മയുടെ കാരണം, തൗഹീദ്, പ്രാർത്ഥന തുടങ്ങിയ പ്രമേയങ്ങളാണ് പ്രധാനമായും അല്ലഫൽ ആസ്വി കൈകാര്യം ചെയ്യുന്നത്.
അല്ലഫൽ ആസ്വില്ലദി ഫിൽ
ബക്രി വൽ ആസ്വാലി സ്വാൽ
അൻജുമൻ ഫീ മദ്ഹി മൻഹുവ
ഫീ ദുറൽ മആലി ആൽ
ഈ കൃതി വിശദമായ പഠനങ്ങൾക്കോ വ്യാഖ്യാനങ്ങൾക്കോ വിധേയമായിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഒരു മലയാളി സാഹിത്യകാരന്റെ രചന എന്ന നിലയില് ഇത് എന്ത് കൊണ്ടും ലോകപ്രശസ്തമാവാന് പോന്നതാണെന്നതില് സംശയമില്ല.
2 Comments
-
അൽഹംദുലില്ലാഹ്, ആശിഖു റസൂൽ ഉമർ ഖാളി (റ) യുടെ "അല്ലഫൽ ആസ്വീ" എന്നു തുടങ്ങുന്ന ഖസ്വീദക്ക് ബൃഹത്തായ അറബി വ്യാഖ്യാന ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നു. പല അമൂല്യ രചനകളും കൈരളിക്കു സമ്മാനിച്ച വന്ദ്യരായ എന്റെ ഗുരു ഉസ്താദ് അബ്ദു ലത്വീഫ് ഫൈസി മൂടാൽ ആണ് രചയിതാവ്. ഇബാ നത്തുൽ ഖാസി ഫീ ഖസ്വീദതി അല്ലഫൽ ഖാളി ( إبانة القاصي في قصيدة ألف القاضي)എന്നാണ് ഗ്രന്ഥത്തിന്റെ പേര്. വ്യക്തിപരമായി സന്തോഷമുള്ള കാര്യം 2021 ൽ സത്യധാരയിൽ പ്രസിദ്ധീകരിച്ച " അല്ലഫൽ അലിഫും അല്ലഫൽ ആസ്വിയും അനുരാഗത്തിന്റെ അക്ഷയ ഖനികൾ " എന്ന ലേഖനം അവസാനിപ്പിച്ചിരുന്നത് ഈ വരികൾ കൊണ്ടായിരുന്നു. "ഇങ്ങനെയെല്ലാമായിട്ടും അല്ലഫൽ ആസ്വിക്ക് ഒരു വ്യാഖ്യാന ഗ്രന്ഥം പുറത്തുവന്നതായി അറിവില്ല. (കെ.വി.എം പന്താവൂരിൻ്റെ ചെറിയ ഒരു പരിഭാഷ യുണ്ട്) അല്ലഫൽ അലിഫിനെ മുൻനിർത്തിയാകട്ടെ നിരവധി പഠനങ്ങളും വ്യാഖ്യാനങ്ങളും പരിഭാഷകളും മലയാളത്തിലും അറബിയിലും ഇതിനകം പുറത്തുവരി കയുണ്ടായി. കേരളത്തിൻ്റെ പ്രാദേശിക പള്ളി ദർസുക ളിൽ നിന്ന് ഉയർന്നുവന്ന പ്രതിഭയാണ് ഉമർ ഖാളി(റ). അറബിനാടുകളിലെ പഠനാനുഭവങ്ങൾ ഇല്ലാതെ തന്നെ അറബികളെ പോലും വെല്ലുന്ന ദാർശനിക കവിയായി മാറാൻ സാധിച്ചത് മറ്റുള്ളവരിരിൽ നിന്ന് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നു. താരതമ്യേന അല്ലഫൽ അലി ഫിനേക്കാൾ ലളിതമാണെങ്കിലും വരികൾക്കിടയിലെ ആശയ വൈപുല്യവും ദാർശനിക മൂല്യങ്ങളും പുറ ത്തു കൊണ്ടുവരുന്ന ഒരു വ്യാഖ്യാന ഗ്രന്ഥം വെളിച്ചം കാണേണ്ടതുണ്ട്. കഴിവും പ്രാപ്തിയുള്ളവർ അതിനു മുന്നോട്ടുവരുമെന്ന് പ്രത്യാശിക്കുന്നു" അൽഹംദുലില്ലാഹ്, എല്ലാ അർത്ഥത്തിലും അനുയോജ്യമായ കരങ്ങളിലൂടെ ആ കൃതി വെളിച്ചം കണ്ടിരിക്കുന്നു. അള്ളാഹു ഉസ്താദിന്റെ സേവനങ്ങളിൽ ബറക്കത്ത് ചൊരിയട്ടെ, ആമീൻ പ്രസ്തുത ലേഖനത്തിലും മുഹമ്മദ് മുഫീദ് ഇസ്ലാം ഓൺ വെബിൽ എഴുതിയ ഈ ലേഖനത്തിലും ( https://share.google/wJuO8rNPgqcSdpHSH)അല്ലഫൽ ആസ്വിയുടെ വരികളെ കുറിച്ച് ചില സംശയങ്ങൾ നിലനിന്നിരുന്നു. അല്ലഫൽ ആസ്വിയുടെ ലഭ്യമായ കോപ്പി റഫർ ചെയ്തതു കൊണ്ടാണ് അത് സംഭവിച്ചത്. അതിനാൽ ശരിയായ വിവരണം ഇവിടെ കുറിക്കുന്നു. ഖസീദയിൽ ശീൻ (ش) എന്ന അക്ഷരത്തിൽ രണ്ട് വരികളുണ്ടെന്ന പറയാൻ കാരണം, അച്ചടിയിൽ സീൻ (س) എന്ന അക്ഷരം ശീൻ (ش) ആയി തെറ്റായി അച്ചടിക്കപ്പെട്ടതാണ്. അതിനാൽ ശീൻ എന്ന അക്ഷരത്തിൽ രണ്ട് വരികളുണ്ടെന്ന ധാരണ ശരിയല്ല. ഖസീദയുടെ ഘടന പരിശോധിക്കുമ്പോൾ ആകെ 34 വരികളാണുള്ളത്. തുടക്കത്തിൽ അലിഫ് (ألف) എന്ന അക്ഷരത്തിൽ രണ്ട് വരികളും ബാഅ് (باء) എന്ന അക്ഷരത്തിൽ രണ്ട് വരികളും ഉൾപ്പെടുത്തിയിരിക്കുന്നു. തുടർന്ന് അറബി അക്ഷരമാലാക്രമത്തിൽ വരികൾ ക്രമീകരിച്ചിരിക്കുന്നു. ലാം-അലിഫ് (لا) എന്നതിന് ഒരു വരിയും യാ (ياء) എന്ന അക്ഷരത്തിന് മൂന്ന് വരികളും ഉൾപ്പെടുത്തിയിട്ടുണ്ട്. അവസാനം 'ആ' (آ) കൊണ്ടാണ് ഖസീദ അവസാനിക്കുന്നത്. ഇപ്രകാരം അക്ഷരങ്ങളുടെ ക്രമവും ആവർത്തനവും പ്രത്യേകമായി പരിഗണിക്കുമ്പോൾ ഖസീദയുടെ ആകെ വരികളുടെ എണ്ണം 34 ആകുന്നു. ശുഐബ് ഹുദവി പുത്തൂർ
-



Leave A Comment