സ്വലാത്തുകള്‍: വിശുദ്ധ അപദാനങ്ങളുടെ നിര്‍ദ്ധരികള്‍
തമിഴ്‌നാട്ടിലെ പ്രസിദ്ധ സ്വൂഫിവര്യന്‍ അല്‍ അറൂസ് ഖുത്വ്ബുസ്സമാന്‍ സയ്യിദ് മുഹമ്മദ് ലബ്ബ ആലിം വലിയ്യുല്ലാഹി (ന.മ) തന്റെ ജലാലിയ്യ റാത്തീബില്‍ പറയുന്നത് നോക്കുക:
‘ബില്ലാഹി നര്‍ജൂ അന്‍ തുശഫ്ഫഅ സയ്യിദീ/ ഫീ കുല്ലി മന്‍ സ്വല്ലാ അലൈക്ക വ അത്വ്‌റബാ/ ലാസാല മന്‍ സ്വല്ലാ അലൈക വ സല്ലമാ/ മഹ്ബൂബ മന്‍ ഫറളസ്സ്വലാത്ത വ ഔജബാ’
‘എന്റെ നേതാവായ റസൂല്‍(സ്വ)യെ ശുപാര്‍ശകനാക്കുമെന്ന് അല്ലാഹുവില്‍ നിന്ന് നാം ആശിക്കുന്നു. താങ്കളുടെ മേല്‍ സ്വലാത്തുകള്‍ വര്‍ഷിക്കുന്ന എല്ലാ തുല്യ പ്രഭാവരിലുമുള്ള ആശയും അത് തന്നെ. താങ്കള്‍ക്ക് മേല്‍ സ്വലാത്തും സലാമും എപ്പോഴും വര്‍ഷിക്കട്ടെ. നമസ്‌കാരത്തെ ഞങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയവന്റെ പ്രിയ തോഴരേ…’
അപദാനങ്ങള്‍ ആവിഷ്‌കരിക്കുന്നവര്‍ കരഞ്ഞ് കരയണയുന്ന ആത്മസാഗരമാണ് പ്രവാചക ചക്രവര്‍ത്തി(സ്വ). പ്രപഞ്ചമൊന്നാകെ റസൂലുല്ലാഹിയുടെ വിസ്മയ ബ്രഹ്മത്തില്‍ ഭ്രമിച്ചു നില്‍ക്കാന്‍ മാത്രം റഹ്മതുന്‍ ലില്‍ ആലമീന്‍ എന്ന പ്രഭാതീരം ആശിഖുകള്‍ക്ക് വെളിച്ചം കോരിക്കൊടുത്തിട്ടുണ്ട്. ആ വെളിച്ചം അകത്ത് നിറഞ്ഞുതുടിക്കുന്നവര്‍ സ്വലാത്തുകളെയും മദ്ഹുകളെയും മനാഖിബുകളെയും നഅ് തുകളെയും കവിത ലോലുന്ന അക്ഷരപ്രഭാ പ്രസരണികള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. റസൂല്‍(സ്വ) തങ്ങളെ വാഴ്ത്തിക്കൊണ്ട് സ്വലാത്തുകള്‍ പാടിപ്പറയാന്‍ അകൃത്രിമമായ അപദാന സംവിധാനം അല്ലാഹു സൃഷ്ടികളില്‍ ഇറക്കി വെച്ചിട്ടുണ്ട്.
അതിനാല്‍, ജ്ഞാനത്തിന്റെ അകമിയ നയനങ്ങള്‍ ഉള്ളവര്‍ വിളിച്ചു പറയുന്നു: ‘സ്വലാത്തുകള്‍ ചൊല്ലുന്നതിന് പുണ്യമുണ്ട്. രാഗാത്മകമായി അത് ആലപിക്കുന്നതിന് അതിലേറെ പുണ്യമുണ്ട്. കവിതാഭദ്രമായ അവയുടെ രചനക്ക് അതിലുമധികം പുണ്യമുണ്ട്.’
മഹാനായ ഉമര്‍ ഖാദി(റ) ആലപിച്ച വരികള്‍ റസൂലിനെ അകതാരില്‍ വരവേറ്റ് ഉണ്മയുടെ പ്രതിഭാപദാനങ്ങള്‍ പാടുന്നവരുടെ എക്കാലത്തെയും ഉദാഹരണമാണ്: ‘ത്വാഊസു ഹദ്‌റതി ഖുദ്‌സീ തഖ്ദീമാ’ (എന്റെ സംശുദ്ധമായ മനോവിധാനത്തില്‍ മയിലായി ചാഞ്ചാടുകയാണ് തിരുനബി(സ്വ)).
സ്വലാത്തുകള്‍ രചിക്കുന്നവരുടെ സത്യസന്ധമായ മാനസികാവസ്ഥയാണത്. അവരുടെ ആത്മസായൂജ്യത്തിന്റെ വിഭ്രമ സ്ഥലികളില്‍ ആത്മരാഗം പാടുന്ന കുയിലായും ചാഞ്ചാടുന്ന മയിലായും റസൂല്‍(സ്വ) നിറഞ്ഞിരിപ്പുണ്ട്. ‘മനസ്സില്‍ മയിലാടി അമൈത്ത നബീ…’ എന്ന് മലയാളത്തിലെ തന്നെ മഹാനായൊരു ആത്മോപാസകന്‍ പാടിയിട്ടുണ്ടല്ലോ.
ആധ്യാത്മിക പ്രഭാ മാര്‍ഗങ്ങളിലെ എക്കാലത്തെയും വഴിവിളക്കായി ജ്വലിക്കുന്ന അബുല്‍ ഹസന്‍ ശാദുലി(റ)യുടെ ഗുരുവര്യനും സ്വൂഫികളുടെ പരമ്പരയിലെ അധീശ നായകനുമായ സയ്യിദ് അബ്ദുസ്സലാം ഇബ്‌നു ബശീശ്(റ) നബി തങ്ങളുമായി ആത്മ സംഭാഷണം നടത്തി ഉപാസനയില്‍ ഇരുന്നുകൊണ്ട് ചൊല്ലിയ സ്വലാത്തുകളിലെ എക്കാലത്തെയും മഹത്തായൊരു സ്തുതി തീര്‍ത്ഥം ശ്രദ്ധിക്കുക:
‘അല്ലാഹുമ്മ സ്വല്ലി അലാ മന്‍ മിന്‍ഹു ഇന്‍ശഖ്ഖതില്‍ അസ്‌റാറു വന്‍ഫലഖതില്‍ അന്‍വാറു വ ഫീഹിര്‍തഖതില്‍ ഹഖാഇഖു വ തനസ്സലത് ഉലൂമു ആദമ ഫ അഅ്ജസല്‍ ഖലാഇഖ വ ലഹു തളാഅലതില്‍ ഫുഹൂമു ഫലം യുദ്‌രിക്ഹു മിന്നാ സാബിഖുന്‍ വലാ ലാഹിഖ്.’ (അല്ലാഹുവേ, പൊട്ടിച്ചിതറി വിസ്മയം പ്രകാശിപ്പിക്കുന്ന ഈ പ്രകാശത്തരികളുടെ സാകല്യ സ്‌ഫോടനം ഏതൊരു രഹസ്യ കേന്ദ്രത്തില്‍ നിന്നാണോ ഉത്ഭവം കൊണ്ടത്; ആ പൊരുള്‍ മര്‍മം മുഹമ്മദ് റസൂലുല്ലാഹി (സ്വ) തന്നെയാണ്. അല്ലാഹുവേ, തിരുനബിയുടെ പേരില്‍ സ്വലാത്തും സലാമും വര്‍ഷിക്കട്ടെ. എല്ലാ ജ്ഞാനവും സന്നിവേശിപ്പിക്കപ്പെട്ടവനാണ് ആദം(അ). അദ്ദേഹത്തിന്റെ വിജ്ഞാന ഗരിമയുടെ ബോധ മണ്ഡലങ്ങള്‍ സര്‍വലോക വിഭാഗങ്ങളെക്കാളും മഹിതമത്രേ! എന്നാല്‍, ആദമിന്റെ അറിവുകളും മനുഷ്യരാശിയുടെ മുഴു വിജ്ഞാനവും റസൂലി(സ്വ)ന്റെ ജ്ഞാനാതിരേകത്തിന്റെ മുമ്പില്‍ ശുഷ്‌കിച്ച് ദുര്‍ബലമായിരിക്കുന്നു. തിരുദൂതരെ കുറിച്ചുള്ള അറിവിനെ പരമമായി പ്രാപിക്കാന്‍ സൃഷ്ടിലോകത്ത് ഒന്നിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനിയങ്ങോട്ട് സാധിക്കുകയുമില്ല…)
ആരും റസൂല്‍(സ്വ) തങ്ങളെ പൂര്‍ണമായി ആത്മദര്‍ശനം നടത്തിയിട്ടില്ല. സ്വല്ലല്ലാഹു അലൈക്ക യാ റസൂലല്ലാഹ്! എന്നിങ്ങനെ സുദീര്‍ഘമായ ഗദ്യാപദാനമാണ് ഇബ്‌നു ബശീശ്(റ) സംസ്ഥാപിച്ചത്.
അപദാന ഗീതികകളുടെ താവഴികള്‍ പരിശോധിച്ചാല്‍ അറേബ്യന്‍ സാഹിത്യ നഭോമണ്ഡലത്തിലെ മഹാതിശയ ശാലികളൊക്കെയും തിരുനബി പുകളിനെ ഒന്ന് സ്പര്‍ശിക്കാതിരുന്നിട്ടില്ല. അബ്ബാസിയ്യ കാലഘട്ടത്തിലെ കവിതയുടെയും സാഹിത്യത്തിന്റെയും നീരുറവയായിരുന്ന ഫറസ്ദഖ് പോലും അതിന് തുനിഞ്ഞു. മദ്യ- മദിര- ഭോഗ ക്രീഡകളില്‍ ചിരബന്ധിതനായിരുന്ന ഫറസ്ദഖ് ഒരിക്കല്‍ മക്കയില്‍ ഹറമില്‍ നില്‍ക്കുമ്പോള്‍ അക്കാലത്തെ ചക്രവര്‍ത്തി ഹിശാമുബ്‌നു അബ്ദില്‍ മലിക് അവിടെ എഴുന്നള്ളുകയുണ്ടായി. ജന സംഗമം അദ്ദേഹത്തിന്റെ ചുറ്റുമായിരിക്കവെ, അവിടേക്ക് നബി(സ്വ)യുടെ കുടുംബ ബന്ധത്തിന്റെ ഉത്കര്‍ഷ വിതാനത്തിലേക്കുയര്‍ന്ന അലി(റ)യുടെ പേരക്കിടാവ് അലി സൈനുല്‍ ആബിദീന്(റ) എന്ന ഭാസുര സൗന്ദര്യപ്രതാപി ഹറമില്‍ എത്തിച്ചേര്‍ന്നു. ജന സഞ്ചയം അതോടെ ഹിശാമിനെ വിട്ടുപിരിഞ്ഞ് അദ്ദേഹത്തോടൊപ്പമായി.
ഹിശാമുബ്‌നു അബ്ദില്‍ മലിക് എന്ന സാമ്രാട്ട് അതോടെ അലി സൈനുല്‍ ആബിദീന്(റ) എതിരെ ശാപവാക്യങ്ങള്‍ ഉരുവിടുകയും അധിക്ഷേപങ്ങള്‍ വര്‍ഷിക്കുകയും ചെയ്തു. ഹിശാമിന്റെ ജല്‍പനങ്ങള്‍ കേട്ട് കോപാക്രാന്തനായി മാറിയ ഫറസ്ദഖ് ജ്വലിച്ചുകൊണ്ട് ഹിശാമിന്റെ മുമ്പിലേക്ക് ചെന്നു. തിരുനബി(സ്വ)യുടെ പേരക്കിടാവിനെ ചൂണ്ടി അദ്ദേഹം കവിത ചൊല്ലാന്‍ തുടങ്ങി. ഹിശാമിന്റെ അഹന്തയുടെ നെടുങ്കോട്ട തകര്‍ന്നു. വരികള്‍ക്കിടയില്‍ പ്രേമപ്രവാചകന്റെ സ്മരണകള്‍ തളിരിട്ട മാനസം തെമ്മാടിയായ ഫറസ്ദഖിന്റെ വരികളെ പ്രദീപ്തമാക്കി. കരഞ്ഞുകൊണ്ട് അദ്ദേഹം മാനിത നബിയുടെ മഹിതാപദാനങ്ങള്‍ ആലപിച്ചു. ഫറസ്ദഖ് സ്വര്‍ഗീയമായ ഔന്നത്യത്തിന്റെ വിജയങ്ങള്‍ ആസ്വദിക്കാന്‍ ആ സ്വലാത്തും സലാമും മാത്രം മതിയായിരുന്നെന്ന് ലോകൈക സ്വൂഫി ഗുരു ഹസന്‍ ബസ്വ്‌രി(റ) പ്രഖ്യാപിച്ചു. ശുപാര്‍ശകളുടെ സ്വര്‍ഗീയാധികാരിയായി വാഴുന്ന ശഫീഉല്‍ ഹബീബായ മഹിത ഭൂതരുടെ തിരുപുകളുകള്‍ പിന്നെങ്ങനെ ആശിഖുകള്‍ സംരചിക്കാതിരിക്കും?
ആത്മജ്ഞാനത്തിന്റെ അകസാരങ്ങള്‍ കണ്ടവര്‍ സ്വലാത്തുകള്‍ രചിക്കുന്നതിന്റെ കാരണം അതാണ്. അറബി കാവ്യലോകത്തെ കാമ്പുള്ളവരെല്ലാം തിരുനബിയെ സ്തുതിച്ച് പാടിയിട്ടുണ്ട്. ജരീറും അഖ്തലും അബീറബീഅയും ഇമാം ബൂസ്വീരിയും ആധുനിക ലോകത്തെ അഹ്മദ് ശൗഖിയും ത്വാഹാ ഹുസൈനും സഅ്ദുബ്‌നു ഉര്‍യാനും റാഫിഈയും എന്തിന്, മുഹമ്മദ് അസദ് പോലും നബി തങ്ങളെ സ്തുതിച്ച് പാടിയിട്ടുണ്ട്.
സ്വല്ലല്ലാഹു അലൈക്ക യാ ഹബീബല്ലാഹ്!
Leave A Comment