ആദ്യകാല ജീവിതം
അല്‍ അമീന്‍
കൊച്ചുകാലം മുതല്‍ തന്നെ വിശ്വസ്തകൊണ്ട് പ്രസിദ്ധനായിരുന്നു മുഹമ്മദ്. സത്യസന്ധത, സല്‍സ്വഭാവം, നല്ലപെരുമാറ്റം തുടങ്ങിയ സകല സല്‍ഗുണങ്ങളും അവരില്‍ ഒത്തിണങ്ങിയിരുന്നു. ജാഹിലിയ്യാ കാലത്തിന്റെ സ്വഭാവ ദൂഷ്യങ്ങളോ മോഷപ്പെട്ട പെരുമാറ്റങ്ങളോ ആ മഹല്‍വ്യക്തിത്വത്തെ സ്പര്‍ശിക്കുകപോലും ചെയ്തിരുന്നില്ല. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു മുഹമ്മദിന്റെത്. വളരെ സൗമ്യവും സരളവുമായാണ് ആരുമായും വര്‍ത്തിച്ചിരുന്നത്. ഒരാളുമായും പിണങ്ങുകയോ ശണ്ഠ കൂടുകയോ പ്രശ്‌നങ്ങളുണ്ടാക്കുകയോ ചെയ്തിരുന്നില്ല. ഒരൊറ്റ സംസാരംകൊണ്ടുമാത്രം ആരും ആ സ്വഭാവശുദ്ധിയില്‍ ആകൃഷ്ടരാവുമായിരുന്നു.
ബാല്യം കഴിഞ്ഞ് ടീന്‍ ഏജ് പ്രായത്തിലും യൗവനത്തിലും മുഹമ്മദ് ഈ ജീവിത ശുദ്ധി നിലനിര്‍ത്തി. അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും ഏറ്റവും പ്രിയപ്പെട്ടവനായി മാറി. സത്യസന്ധതയും വിശ്വസ്തതയും കണ്ട് ജനങ്ങള്‍ക്ക് അവരില്‍ മതിപ്പ് വര്‍ദ്ധിച്ചു. അതുകൊണ്ടുതന്നെ, നാട്ടുകാരെല്ലാം വിശ്വസ്തന്‍ എന്ന അര്‍ത്ഥത്തില്‍ അല്‍ അമീന്‍ എന്നാണ് ചെറുപ്പകാലം മുതല്‍തന്നെ അവരെ വിളിച്ചിരുന്നത്. തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ അവര്‍ മുഹമ്മദിനെ ഏല്‍പ്പിച്ചു. അവരുടെ സ്വഭാവശുദ്ധിയില്‍ ഒരാള്‍ക്കും തരിമ്പും സംശയമുണ്ടായിരുന്നില്ല. പ്രവാചകന്‍ മദീനയിലേക്ക് പലായനം ചെയ്യാനൊരുങ്ങിയ വേളയില്‍പോലും അവരുടെ കയ്യില്‍ അനവധി സൂക്ഷിപ്പുമുതലുകളുണ്ടായിരുന്നു. അത് അവയുടെ അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അലി (റ) വിനെ ചുമതലപ്പെടുത്തിയാണ് പ്രവാചകന്‍ മക്ക വിട്ടിരുന്നത്. ഇത്രമാത്രം ജനങ്ങള്‍ അവരെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.
കുടുംബബന്ധം പുലര്‍ത്തുക, പാവപ്പെട്ടവരെ സഹായിക്കുക, വൃദ്ധജനങ്ങളുടെ ആവലാതികള്‍ക്ക് ചെവികൊടുക്കുക, ജനങ്ങളുടെ പ്രശ്‌നങ്ങല്‍ പരിഹരിക്കുക, വ്യസനങ്ങള്‍ ദൂരീകരിക്കുക, അതിഥികളെ സല്‍കരിക്കുക തുടങ്ങിയവയെല്ലാം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. മറ്റുള്ളവരുടെ സന്തോഷത്തിലായിരുന്നു അവരുടെ ജീവിത സന്തോഷം.
ഹര്‍ബുല്‍ ഫിജാര്‍
പ്രവാചകന് പതിനാലോ പതിനഞ്ചോ മാത്രം പ്രായമായ സമയം. അപ്പോഴാണ് ഖൈസ്-ഖുറൈശ് ഗോത്രങ്ങള്‍ക്കിടയില്‍ ഫിജാര്‍ യുദ്ധം നടക്കുന്നത്. കാലങ്ങള്‍ നീണ്ടുനിന്ന ഈ യുദ്ധത്തില്‍ നാട്ടിലെ സര്‍വ്വ പ്രധാനികളും സാവേശം പങ്കെടുത്തു. തങ്ങളുടെ ഗോത്രത്തിന്റെ മേന്മ ഉയര്‍ത്തിക്കാണിക്കുകയെന്നതായിരുന്നു ഓരോരുത്തരുടെയും ലക്ഷ്യം. ചെറുപ്പക്കാരനായ മുഹമ്മദ് നബിക്കും അതില്‍നിന്നും മാറിനില്‍ക്കാനായില്ല. തന്റെ പിതൃസഹോദരങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കി അവരും യുദ്ധത്തിന് സാക്ഷിയായി. തങ്ങളുടെ കളത്തിലേക്ക് ചീറിവരുന്ന അമ്പുകള്‍ പെറുക്കി നല്‍കുകയായിരുന്നു പ്രവാചകന്‍ അന്ന് ചെയ്തിരുന്നത്. തന്റെ ജീവിതസാഹചര്യവും ചുറ്റുപാടും പരിസരവും എല്ലാം യുദ്ധമയമായിരുന്നതിനാല്‍ എല്ലാ യുദ്ധതന്ത്രങ്ങളും പ്രവാചകന് അറിയാമായിരുന്നു. അമ്പെയ്ത്ത്, കുതിരസവാരി തുടങ്ങിയവയിലും അവര്‍ നൈപുണ്യം കൈവരിച്ചിരുന്നു.
കച്ചവടവുമായി ശാമിലേക്ക്
മക്കയിലെ പ്രമുഖ കച്ചവട മേധാവിയായിരുന്നു ഖദീജ. ഓരോ സീസണിലും മഹതിയുടെ ചരക്കുകളുമായി വന്‍ കച്ചവട സംഘങ്ങള്‍ ശാമിലേക്കു പോകുമായിരുന്നു. സംഘമേധാവികളുടെ സത്യസന്ധതയും വിശ്വസ്തതയുമായിരുന്നു അവര്‍ നേരിട്ടിരുന്ന ഏറ്റവും വലിയ പ്രശ്‌നം. ആയിടെ ഖുറൈശികള്‍ക്ക് അഭിമാനമായി വളര്‍ന്നുവരുന്ന മുഹമ്മദ് എന്ന വിശ്വസ്തനായ യുവാവിനെക്കുറിച്ച് അവര്‍ കേട്ടു തുടങ്ങിയിരുന്നു. തന്റെ കച്ചവടസംഘത്തിന്റെ മേധാവിയായി അവരെ ചുമതലപ്പെടുത്തിയാലോ എന്ന് മഹതി ചിന്തിച്ചു. താമസിയാതെ ദൂതനെ വിടുകയും അന്വേഷിക്കുകയും ചെയ്തു. ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ലാത്ത ഉന്നത പ്രതിഫലം നല്‍കാമെന്ന ഉറപ്പും നല്‍കി.
അബൂ ഥാലിബ് ശക്തമായ ദാരിദ്ര്യത്തിന്റെ പിടുത്തത്തിലകപ്പെട്ട സമയമായിരുന്നു അത്. വലിയ സമ്പാദ്യമില്ലാത്ത അദ്ദേഹത്തിന് ചെലവ് നല്‍കല്‍ നിര്‍ബന്ധമായ വലിയൊരു കുടുംബവുമുണ്ടായിരുന്നു. ഇനി ജീവിത ചെലവുകള്‍ സ്വന്തമായിത്തന്നെ കണ്ടെത്തുന്നതിനുള്ള വഴികള്‍ സ്വീകരിക്കുന്നത് അബൂ ഥാലിബിനെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമായിരിക്കുമെന്ന് പ്രവാചകന്‍ മനസ്സിലാക്കി. അങ്ങനെ കച്ചവടത്തില്‍ തല്‍പരനാവുകയും ഖദീജയുടെ കച്ചവടസംഘത്തിന്റെ നേതാവായി ശാമിലേക്ക് പുറപ്പെടുകയും ചെയ്തു. കൂടെ ഖദീജയുടെ അടിമ മൈസറത്തുമുണ്ടായിരുന്നു. അന്ന് പ്രവാചകന് ഇറുപത്തിയഞ്ചു വയസ്സാണ് പ്രായം.
സംഘം യാത്ര ചെയ്തു ബസ്വറയിലെത്തി. അവിടെ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കാനായി ഇറങ്ങി. തൊട്ടടുത്തുതന്നെ ഒരു സന്യാസി മഠമുണ്ടായിരുന്നു. നസ്തൂറ എന്ന പേരില്‍ അറിയപ്പെട്ട ഒരു സന്യാസിയാണ് അതിലുണ്ടായിരുന്നത്. ഈ മരച്ചുവട്ടില്‍ ഇന്നേവരെ ഒരു പ്രവാചകനല്ലാതെ മറ്റാരും ഇറങ്ങിത്താമസിച്ചിട്ടില്ലെന്നും അതിനാല്‍ ഇദ്ദേഹവും ഒരു പ്രവാചകനാണെന്നും പുരോഹിതന്‍ പറഞ്ഞു.
ശേഷം കച്ചവടസംഘം സാമഗ്രികളുമായി അങ്ങാടിയിലേക്കു തിരിച്ചു. അല്‍ഭുതകരമായിരുന്നു അന്നത്തെ കച്ചവടം. എല്ലാം വളരെ വേഗത്തില്‍ വിറ്റഴിഞ്ഞു. അപ്രതീക്ഷിതമായ ലാഭവും ലഭിച്ചു. സംഘം സന്തോഷത്തോടെ മക്കയില്‍ തിരിച്ചെത്തി.
ഖദീജയുമായി വിവാഹം
കച്ചവട യാത്രയില്‍ നടന്ന സംഭവങ്ങളെല്ലാം മൈസറ ഖദീജക്ക് വിവരിച്ചുനല്‍കി. നസ്തൂറയുടെ പ്രവചനങ്ങളും മുമ്പെങ്ങുമില്ലാത്ത വിധം ലാഭം വാരിക്കൂട്ടിയതും വിശദീകരിച്ചുകൊടുത്തു. ഇതുകൂടിയായതോടെ പ്രവാചകരുടെ അസാധാരണ വ്യക്തിത്വത്തില്‍ ഖദീജക്ക് കൂടുതല്‍ താല്‍പര്യമായി. കച്ചവടപ്രവര്‍ത്തനങ്ങളിലെല്ലാം എന്നും ഒരു കൂട്ടാളിയായി അവരുണ്ടായിരുന്നെങ്കിലെന്ന് മഹതി ആഗ്രഹിച്ചു.
മുമ്പ് രണ്ടുപേരുമായി വിവാഹം കഴിഞ്ഞ് വിധവയായി ഇരിക്കുകയായിരുന്നു ഖദീജ. ഉതയ്യഖും അബൂ ഹാലയുമായിരുന്നു ആദ്യഭര്‍ത്താക്കന്മാര്‍. ഈ കാലയളവില്‍ പല ഖുറൈശി പ്രമുഖരും ഖദീജയുമായി വിവാഹാലോചന നടത്തി. മക്കയിലെ അറിയപ്പെട്ട കച്ചവടക്കാരിയും സമ്പന്നയും തറവാടിത്തമുള്ളവരും സൗന്ദര്യവതിയുമായിരുന്നല്ലോ ഖദീജ. അതിനാല്‍ അവരുടെ ഭര്‍തൃത്വം ആഗ്രഹിക്കുന്നവരായി പലരുമുണ്ടായിരുന്നു. എന്നാല്‍, ഖദീജ ആര്‍ക്കും സമ്മതം മൂളിയിരുന്നില്ല. സത്യസന്ധനും വിശ്വസ്തനുമായ മുഹമ്മദ് എന്ന ചെറുപ്പക്കാരനായിരുന്നു മഹതിയുടെ മനസ്സില്‍ ഉണ്ടായിരുന്നത്. ഒടുവില്‍ അത് തുറന്നുപറയുകയും വിവാഹം തീരുമാനമാവുകയും ചെയ്തു.
അബൂ ഥാലിബ് വിവാഹത്തിന് നേതൃത്വം നല്‍കി. പ്രവാചകരുടെ പിതൃസഹോദരങ്ങളും കുടുംബക്കാരും ചടങ്ങില്‍ പെങ്കെടുത്തു. വിവാഹം കേമമായി നടന്നു. ഈ ദാമ്പത്യകാലത്ത് പ്രവാചകന്‍ മറ്റാരെയും വിവാഹം ചെയ്തിരുന്നില്ല. ഇബ്‌റാഹീം ഒഴികെ തന്റെ സന്താനങ്ങളെല്ലാം ഖദീജയില്‍നിന്നാണ് പ്രവാചകനുണ്ടായത്. വിവാഹ സമയം പ്രവാചകനു ഇരുപത്തിയഞ്ചും ഖദീജക്ക് നാല്‍പതുമായിരുന്നു പ്രായം
കഅ്ബ പുനര്‍നിര്‍മാണം
ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും കഅ്ബ നിര്‍മാണം പൂര്‍ത്തിയാക്കിയതിനു ശേഷം കാലങ്ങളോളം അത് പുതുക്കി പണിതിരുന്നില്ല. പ്രവാചകന് മുപ്പത്തിയഞ്ച് വയസ്സ് പ്രായമുള്ളപ്പോഴാണ് ഖുറൈശികള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നത്. അതിന്റെ പഴകി ദ്രവിച്ച ഭിത്തികള്‍ പുതുക്കി നിര്‍മിക്കാനും മേല്‍ക്കൂര പണിയാനും അവര്‍ തീരുമാനിച്ചു. കഅ്ബാലയം അവര്‍ വല്ലാതെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കേന്ദ്രമായിരുന്നു. അതിനാല്‍തന്നെ, നേരായ മാര്‍ഗത്തില്‍ സമ്പാദിച്ച പണം മാത്രമേ അതിനുവേണ്ടി ഉപയോഗിക്കാവൂ എന്നത് അവരുടെ തീരുമാനത്തിന്റെ ഭാഗമായിരുന്നു. അതുപ്രകാരം, നിഷിദ്ധമായ മാര്‍ഗത്തില്‍ സമ്പാദിച്ച പണം അവര്‍ ഇതിനുവേണ്ടി ഉപയോഗിച്ചില്ല. പരിശുദ്ധവും കുറ്റമറ്റതുമായ പണം മാത്രം അവര്‍ സമാഹരിച്ചു. അതിനനുസരിച്ച് പണി തുടങ്ങുകയും ചെയ്തു. എല്ലാ ഗോത്രങ്ങളും സംഘടിതമായിട്ടായിരുന്നു നിര്‍മാണം. ജോലികള്‍ തകൃതിയായി നടന്നു. ഒടുവില്‍, ഹജറുല്‍ അസ്‌വദ് പുന:സ്ഥാപിക്കുന്നതിനടുത്തെത്തിയപ്പോള്‍ അത് ആര് ചെയ്യണമെന്നതില്‍ തര്‍ക്കമായി. തര്‍ക്കം കുറേ നേരം തുടര്‍ന്നു. ഒടുവില്‍ എല്ലാവരും ഒരു തീരുമാനത്തിലെത്തി: ഇനി ആദ്യമായി ഇങ്ങോട്ട് കടന്നുവരുന്ന വ്യക്തി ഈ വിഷയത്തില്‍ അന്തിമ തീരുമാനം പറയും. എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പ്രവാചകന്‍ തന്നെയാണ് ആ വഴി കടന്നുവന്നത്. എല്ലാവര്‍ക്കും സന്തോഷമായി. അല്‍ അമീന്‍ യുക്തമായ തീരുമാനമെടുക്കുമെന്നതില്‍ അവര്‍ സംതൃപ്തിപൂണ്ടു. പ്രവാചകന്‍ ഒരു തുണിയെടുത്തുവിരിച്ചു. ഹജറുല്‍ അസ്‌വദ് എടുത്ത് അതില്‍ വെച്ചു. ശേഷം, ഓരോ ഗോത്രമേധാവികളോടും അതിന്റെ ഓരോ അറ്റങ്ങള്‍ പിടിച്ച് ഉയര്‍ത്താന്‍ പറഞ്ഞു. അവര്‍ ഉയര്‍ത്തി. ഏകദേശം അത് വെക്കേണ്ട സ്ഥലത്തെത്തിയപ്പോള്‍ പ്രവാചകന്‍ സ്വന്തം കരങ്ങള്‍കൊണ്ട് അതെടുത്ത് അതിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. പ്രവാചകന്‍ സ്വീകരിച്ച ഈ യുക്തി വലിയൊരു പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടാന്‍ കാരണമായി. എല്ലാവരെയും സംതൃപ്തരാക്കുന്ന ഈ രീതി ആളുകള്‍ക്കിടയില്‍ പ്രവാചകരുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഹില്‍ഫുല്‍ ഫുളൂല്‍
തന്റെ ആദ്യകാല ജീവിതത്തില്‍ പ്രവാചകന്‍ സാക്ഷിയായ മറ്റൊരു സംഭവമാണ് ഹില്‍ഫുല്‍ ഫുളൂല്‍. സമൂഹത്തിലെ പ്രധാനികളായ ഒരുപറ്റം ആളുകള്‍ അവിടെ നടന്ന ഒരു അധര്‍മത്തിനെതിരെ ചെയ്ത സത്യമാണിത്. സംഭവം ഇങ്ങനെ സംഗ്രഹിക്കാം:
സുബൈദ് ഗോത്രത്തില്‍പെട്ട ഒരാള്‍ ഒരിക്കല്‍ തന്റെ കച്ചവടച്ചരക്കുകളുമായി മക്കയില്‍ വന്നു. ഖുറൈശി പ്രമുഖനും പ്രമാണിയുമായ ആസ് ബിന്‍ വാഇല്‍ അദ്ദേഹത്തെ സമീപിച്ച് അത് വാങ്ങി. പക്ഷെ, അര്‍ഹിക്കുന്ന തുക നല്‍കാന്‍ തയ്യാറായില്ല. ഇത് ഒരു പ്രശ്‌നത്തിന് തിരി കൊളുത്തി. കച്ചവടക്കാരന്‍ ഖുറൈശി പ്രമുഖരെ സമീപിച്ച് ആസിനെതിരെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും നാട്ടിലെ ഒരു പ്രമാണി എന്ന നലയില്‍ അവരാരും അതിന് തയ്യാറായില്ല. ഇത് അവിടത്തെ ചില മാന്യന്മാര്‍ക്ക് സഹിച്ചില്ല. പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതിന് പ്രമാണിമാര്‍ കൂട്ടുനില്‍ക്കുന്നത് ശരിയല്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് അവര്‍ അബ്ദുല്ലാഹ് ബിന്‍ ജുദ്ആന്‍ എന്ന വ്യക്തിയുടെ വീട്ടില്‍ സംഘടിക്കുകയും അക്രമിക്കപ്പെട്ടവന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കുമെന്ന് സത്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അവര്‍ സംഘമായി ആസ്വിന്റെ വീട്ടില്‍ പോവുകയും കച്ചവടക്കാരന്റെ അവകാശം വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇതാണ് ഹില്‍ഫുല്‍ ഫുളൂല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രവാചകന്‍ ഇതില്‍ ശക്തമായിത്തന്നെ പങ്കെടുത്തു. അക്രമിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുകയെന്നത് ആ ജീവിതത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു. അബ്ദുല്ലാഹ് ബിന്‍ ജ ജുദ്ആന്റെ വീട്ടില്‍ സംബന്ധിച്ചവരില്‍ പ്രവാചകനുമുണ്ടായിരുന്നു. പ്രവാചകന്‍ പില്‍ക്കാലജീവിതത്തില്‍ ചിലപ്പോള്‍ ഈ സത്യത്തെ ഉദ്ധരിക്കുമായിരുന്നു.
മാന്യതയുടെ ജീവിത വഴി
മാന്യരില്‍ മാന്യരായിരുന്നു പ്രവാചകന്‍. സമൂഹത്തില്‍ നടന്നിരുന്ന യാതൊരുവിധ അധര്‍മങ്ങള്‍ക്കും അവര്‍ കൂട്ടുനിന്നിരുന്നില്ല. അനീതിക്കും അരുതായ്മക്കുമെതിരെയുള്ള സമരങ്ങളിലെല്ലാം അവര്‍ മുമ്പിലുണ്ടാകുമായിരുന്നു. അതുകൊണ്ടാണ് ഹില്‍ഫുല്‍ ഫുളൂലില്‍ സാവേശം പങ്കെടുത്തിരുന്നത്. പാവപ്പെട്ടവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുക, വെഷമിക്കുന്നവന്റെ സങ്കടത്തില്‍ പങ്ക് ചേരുക, ക്ലേശമനുഭവിക്കുന്നവന്റെ ക്ലേശങ്ങള്‍ ദൂരീകരിക്കുക തുടങ്ങിയ സര്‍വ്വ സല്‍ഗുണങ്ങളും അവര്‍ നിലനിര്‍ത്തി. ജീവിതത്തിലൊരിക്കലും ബിംബങ്ങളെ ആരാധിച്ചിരുന്നില്ല. ചൂത് കളിക്കുകയോ കള്ള് കുടിക്കുകയോ ലഹരി ഉപയോഗിക്കുകയോ പാട്ട് പാടുകയോ ചെയ്തിരുന്നില്ല. അവയെ മാനസികമായി എതിര്‍ക്കുകയും അവ നടക്കുന്ന വേദികളില്‍നിന്നും അകന്നുനില്‍ക്കുകയും ചെയ്തു. ആ വിശുദ്ധ ജീവിതത്തില്‍ കളങ്കം വീഴുന്ന യാതൊരു സംഭവവും ഉണ്ടായിരുന്നില്ല.
നല്ല ലജ്ജയുള്ള ആളായിരുന്നു പ്രവാചകന്‍. അതിനാല്‍, കൊച്ചുപ്രായംമുതല്‍തന്നെ വസ്ത്രധാരണയില്‍ പൂര്‍ണ ശ്രദ്ധ കാണിച്ചിരുന്നു. കഅ്ബ നിര്‍മാണ വേളയില്‍ വസ്ത്രം ധരിച്ചാണ് പ്രവാചകന്‍ ചുമലില്‍ കല്ലുകള്‍ ചുമന്നിരുന്നത്. പിതൃസഹോദരന്റെ അബ്ബാസ് (റ) വിന്റെ നിര്‍ദ്ദേശപ്രകാരം ജോലിസമയം അതഴിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവാചകന് സാധിച്ചിരുന്നില്ല.
ഇക്കാലത്ത് സ്വന്തമായി അധ്വാനിച്ചുകൊണ്ടാണ് പ്രവാചകന്‍ ജീവിതോപാധി കണ്ടെത്തിയിരുന്നത്. കച്ചവടം, ആടിനെ മേക്കല്‍ തുടങ്ങിയവയാണ് അവര്‍ ചെയ്തിരുന്ന വേലകള്‍. മക്കക്കാരുടെയും അല്ലാത്തവരുടെയും ആടിനെ മേക്കുമായിരുന്നു. അതിന് കൂലിയും ലഭിക്കുമായിരുന്നു. ഈ ജോലി ക്ഷമയും സഹനവും വര്‍ദ്ധിപ്പിക്കാനും നല്ല വ്യക്തിത്വം രൂപീകരിക്കാനും നല്ല ശീലങ്ങള്‍ വളര്‍ത്താനും പ്രവാചകനെ സഹായിച്ചു.
അതോടൊപ്പം അസാധാരണമായ ബുദ്ധിശക്തി, ഗ്രാഹ്യശക്തി, സ്ഫുഡത തുടങ്ങിയവയും പ്രവാചകരുടെ സവിശേഷതയായിരുന്നു. വേണ്ടാവൃത്തികളില്‍ തലയിടുകയോ വൃഥാ സംസാരങ്ങളില്‍ ഇടപെടുകയോ ചെയ്തിരുന്നില്ല. ആവശ്യത്തിനുമാത്രമേ സംസാരിച്ചിരുന്നുള്ളൂ. മറ്റുള്ളവരുടെ സംസാരത്തിലേക്ക് തള്ളിക്കയറുകയോ ശബ്ദം വെക്കുകയോ ചെയ്തില്ല. ധിഷണാപൂര്‍ണമായ മൗനമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. വശ്യവും ആകര്‍ഷകവുമായിരുന്നു ആ സ്വഭാവം. കഠിനഹൃദയത്വമോ ക്രൂരമനസ്ഥിതിയോ തൊട്ടുതീണ്ടിയിരുന്നില്ല. ചോദിച്ചുവരുന്നവരെ വെറുംകയ്യോടെ മടക്കുകയോ അവരെ വേദനിപ്പിക്കുകയോ ചെയ്തില്ല. എല്ലാവരുടെയും ആശാകേന്ദ്രവും ആലംബവുമായി നിലകൊണ്ടു. ദുര്‍ബലരെയും നിരാശ്രിതരെയും സഹായിച്ചു. അത്താണിയില്ലാത്തവരുടെ അത്താണിയായും ദു:ഖമനുഭവിക്കുന്നവരുടെ ആശ്വാസമായും ജീവിച്ചു.
Leave A Comment