ആനക്കലഹ സംഭവം
അബ്റഹത്ത് എത്യോപ്യയിലെ ക്രിസ്ത്യാനിയായ ചക്രവര്‍ത്തിക്ക് കീഴിലുള്ള ഒരു രാജാവായിരുന്നു. യമനിലെ ഭരണാധികാരിയായിരുന്നു അയാള്‍. തന്‍റെ ചക്രവര്ത്തിയുട പ്രീതി സമ്പാദിക്കുന്നതിന് വേണ്ടി അബ്റഹത്ത് യമനിലെ സന്‍ആയില്‍വലിയ ഒരു ദേവാലയം സ്ഥാപിച്ചു. അതിന്‍റെ പേര് ഖുല്‍ലൈസ് എന്നായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. അക്കാലത്ത് തന്നെ അറബികള്‍ മക്കയിലെ കഅബയിലേക്ക് ഹജ്ജിന് പോകുന്ന പതിവുണ്ടല്ലോ. അതു നിറുത്തിച്ച് ആളുകളെ ഈ ദേവാലയത്തിലേക്ക് തിരിച്ചുവിടാന്‍ അദ്ദേഹം പരിപാടിയിട്ടു. മക്കയിലേക്ക് പോകുന്നതിന് പകരം ഓരോ വര്‍ഷവും ആളുകള്‍ പ്രസ്തുത ദേവാലയത്തിലേക്ക് വരണമെന്നാണ് അയാള്‍ ആഗ്രഹിച്ചത്. അതില്‍ കുപിതനായ ഒര അറബി അബ്റഹത്തിന്‍റെ ദേവാലയത്തില് കയറി മലവിസര്‍ജനം നടത്തിയെന്നാണ് പറയപ്പെടുന്നത്. അത് അറിഞ്ഞ് ക്ഷുഭിതനായ അബ്റഹത്ത് കഅ്ബ പൊളിക്കാന് തന്നെ തീരുമാനിച്ചു. സൈന്യത്തെയും കൂട്ടി അദ്ദേഹം മക്ക ലക്ഷ്യമാക്കി പുറപ്പെട്ടു. ആ സംഘത്തില്‍ ആനയുമുണ്ടായിരുന്നു. അത് കൊണ്ടാണ് ആ സംഭവത്തെ പില്‍ക്കാലം ആനക്കലഹം എന്നു വിളിച്ചത്.
മക്കയിലേക്ക് ഗമിക്കുന്നതിനിടെ നിരവധി അറബുഗോത്രങ്ങള്‍ സൈന്യത്തെ തടയാനുളള ശ്രമം നടത്തുന്നുണ്ട്. പക്ഷെ എല്ലാ പ്രതിരോധശ്രമങ്ങളെയും അബ്റഹത്ത് നിശ്പ്രയാസം പരാജയപ്പെടുത്തി. മക്കയിലേക്കുള്ള വഴിമധ്യേ, യമനിലെ ദൂനഫര്‍ എന്ന പ്രമാണി കുറെ അനുയായികളെയും കൂട്ടി തടയാന്‍ ശ്രമിച്ചിരുന്നു. എന്നല്‍ അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് ഖസ്അമില്‍ വെച്ച് നുഫൈല്‍ എന്ന പ്രമാണിയും അദ്ദേഹത്തിന്‍റെ ഗോത്രവും അബ്റഹത്തുമായി ഏറ്റുമുട്ടുന്നുണ്ട്. അവരും പരാജയപ്പെടുകയായിരുന്നു. ഥാഇഫിലെത്തിയ അബ്റഹത്തുമായി നേരിടാന്‍ കഴിവില്ലെന്നു കണ്ട ഥാഇഫുകാര്‍ തന്ത്രപൂര്‍വം പിന്മാറുകയായിരുന്നുവത്രെ.
എ്ലലാവരെയും പരാജയപ്പെടുത്തിയ അബ്റഹത്തും കൂട്ടരും മക്കക്കടുത്ത് മുഗമ്മസ് എന്ന സ്ഥലത്തെത്തി. അവിടെ അബ്റഹത്ത് മക്കക്കാരുടെ കുറെ ഒട്ടകങ്ങളെ കണ്ടപ്പോള്‍ അവയെ എല്ലാം കൊള്ള ചെയ്യാന് കല്‍പിച്ചു. അക്കൂട്ടത്തില്‍ പുണ്യനബിയുടെ പിതാമഹന് അബ്ദുല്‍ മുഥലിബിന്‍റെ ഇരുനൂറ് ഒട്ടകങ്ങളുമുണ്ടായിരുന്നു. രാജാവും സൈന്യവും അവിടെ തമ്പടിച്ചു. ഹുനാഥതുല് ഹിംയരി എന്നൊരാളെ രാജാവ് മക്കയിലേക്ക് ദൂതനായി അയച്ചു. തനിക്ക് കഅബ പൊളിക്കുക മാത്രമെ ലക്ഷ്യമുള്ളൂവെന്നും അതിന് തടസ്സം നില്‍ക്കരുതെന്നും അതല്ലെങ്കില്‍ കടുത്ത യുദ്ധം നേരിടേണ്ടി വരുമെന്നും ദമക്കയിലെ നേതാക്കളെ വന്നറിയിക്കുകയായിരുന്നു ദൂതനായ ഹുനാഥയുടെ ദൌത്യം. തിരിച്ചു പോകുമ്പോള് മക്കയിലെ അറബിനേതാക്കളെ തന്‍റെ കൂടെ കൂട്ടാനും രാജാവ് ഹുനാഥയോട് ആവശ്യപ്പെട്ടിരുന്നു.
ഹുനാഥ മക്കയിലെത്തി. അബ്ദുല് മുഥലിബായിരുന്നു അക്കാലത്ത് അറബികളുടെ നേതാവ്. സ്വാഭാവികമായും കഅബയുടെ സംരക്ഷണവും അദ്ദേഹത്തിനായിരുന്നു. ഹുനാഥ വിവരമെല്ലാം അബ്ദുല്‍ മുഥലിബിനെ അറിയിച്ചു. അദ്ദേഹത്തെയും കൂട്ടി മുഗമ്മസിലേക്ക്, അബ്റഹത്തിന്റെ അടുത്തേക്ക് തിരിച്ചു. അബ്റഹത്ത് അബ്ദുല്‍ മുഥലിബിനെ ഏറെ ബഹുമാനത്തോടെ സ്വീകരിച്ചതായും അയാളുടെ കൂടെ തന്‍റെ പരവതാനിയില്‍ ഇരുത്തിയതായുമെല്ലാം ചരിത്രത്തില്‍ കാണാം. പരിചയപ്പെടലുകള്‍ക്ക് ശേഷം അവരിരുവരും വിഷയത്തിലേക്ക് കടന്നു. അബ്റഹത്ത് ചോദിച്ചു: നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ അബ്ദുല് മുഥലിബ് പ്രതിവചിച്ചു: ഉണ്ട്, എന്‍റെ 200 ഒട്ടകങ്ങള്‍ നിങ്ങളുടെ സൈന്യം ചേര്‍ന്ന് കൊള്ളയടിച്ചിട്ടുണ്ട്. അതെനിക്ക് തിരിച്ചു തരണം. അബ്റഹത്ത്: നിങ്ങളുടെയും നിങ്ങളുടെ പ്രപിതാക്കളെയും വിശുദ്ധ ഗേഹമായ കഅ്ബ പൊളിക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. അതെ കുറിച്ച് നിങ്ങള്‍ക്കൊന്നും പറയാനില്ലേ. അബ്ദുല്‍ മുഥലിബ്: നിങ്ങള്‍ പിടിച്ചു വെച്ച ഒട്ടകങ്ങളുടെ ഉടമ ഞാനാണ്. അവയുടെ കാര്യം ഞാനാണ് നോക്കേണ്ടത്. എന്നാല്‍ കഅ്ബക്ക് ഒരു രക്ഷിതാവ് ഉണ്ട്. അതിന്‍റെ കാര്യം അവന്‍ നോക്കിക്കൊള്ളും. അബ്റഹത്ത്: എന്നെ തടയാന് ഒരാള്‍ക്കുമാകില്ല. അബ്ദുല്‍ മുഥലിബ്: എന്നാല്‍ അങ്ങനെ ആയിക്കൊള്ളട്ടെ. രാജാവ് ഒട്ടകങ്ങളെ തിരിച്ചു കൊടുക്കാന് ഉത്തരവിട്ടു. അവയുമായി അബ്ദുല് മുഥലിബ് മക്കയിലേക്ക് തിരിച്ചുവന്നു. അദ്ദേഹം കഅബയില്‍ വന്ന് ചില പ്രാര്‍ഥനകളെല്ലാം നടത്തി. അറബികളോട് മക്കയിലെ പര്‍വത ശിഖിരങ്ങളില്‍ കയറി അഭയം പ്രാപിക്കാന്‍ കല്‍പിച്ചു. അതനുസരിച്ച് അവരെല്ലാവരും കഅബയുടെ പരിസരത്ത് നിന്ന് മാറിനിന്നു.
അബ്റഹത്തും സംഘവും കഅബ പൊളിക്കാന്‍ തന്നെ തീരുമാനിച്ചിരുന്നു. അവര്‍ സൈന്യവുമായി മുന്നോട്ട് വരാനാഞ്ഞു. അധികം കഴിയും മുമ്പെ ആന മുട്ടുകുത്തി. എത്ര കിണഞ്ഞ് ശ്രമിച്ചിട്ടും ആന ഒരടി മുമ്പോട്ട് വെക്കുന്നില്ല. മറ്റുള്ള ദിശകളിലേക്ക് ആന നീങ്ങിയിരുന്നതായും മക്കയുടെ ഭാഗത്തേക്ക് തിരിച്ചാല്‍ മാത്രം അനങ്ങാതെ ഇരിക്കുകയായിരുന്നുവെന്നും അതു സംബന്ധമായ ചരിത്രം വിശദീകരിക്കുന്നുണ്ട്. അവരുടെ ശ്രമം തുടരുന്നതിനിടെ കടല്‍ഭാഗത്ത് നിന്ന് ഒരുതരം പക്ഷികള്‍ കൂട്ടം കൂട്ടമായി വന്നു. ഖുര്‍ആന്‍ അബാബീല്‍ എന്ന് പരിചയപ്പെടുത്തുന്നത് ഈ പക്ഷികളെയാണ്. അവരുടെ കൊക്കുകളിലും കാലുകളിലും സിജ്ജീല്‍ കല്ലുകളുണ്ടായിരുന്നു. അവ അബ്റഹത്തിന്‍റെ സൈന്യത്തിന് മേലെ വട്ടമിട്ട് പറക്കുകയും സൈന്യത്തിന് മേലെ നരകാഗ്നിയിലെ ഈ കല്ലുകള്‍ വര്‍ഷിക്കുകയും ചെയ്തു. അബ്റഹത്തിന്‍റെ സൈന്യം ഉരുകിത്തീര്‍ന്നു. കഅബ പൊളിക്കാനുള്ള അബ്റഹത്തിന്‍റെ ശ്രമത്തിനെതിരെ ദൈവികമായ ശിക്ഷയായിരുന്നു അത്.
അബ്റഹത്തും സംഘവും നശിക്കുകുയം അല്ലാഹുവിന്‍റെ കഅബാലയം സുരക്ഷിതമായ സംരക്ഷിക്കപ്പെടുകയും ചെയ്തു. ഈ സംഭവം നടന്നത് ക്രിസ്തബ്ദം 571 എപ്രില്‍ 2ന് ആണെന്ന് ചിലര്‍ ക്ലിപ്തമാക്കി പറഞ്ഞിട്ടുണ്ട്. അക്കൊല്ലമാണ് മക്കയില്‍ പുണ്യനബി ജനിക്കുന്നത്. ഏതായാലും ഈ സംഭവം മക്കയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഭവം തന്നെയായിരുന്നു. അതുമുതല്‍ ഹിജ്റ വരെയുള്ള വര്‍ഷങ്ങളില്‍ ആനക്കലഹ സംഭവം കൊണ്ടായിരുന്നു അറബികള്‍ കൊല്ലം കണക്കാക്കിയിരുന്നതെന്ന് കാണാം. വിശുദ്ധ ഖുര്ആനിലെ സൂറത്തുല്‍ ഫീല് ഈ സംഭവത്തെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. ഇതെ കുറിച്ച് വിവരിക്കവെ ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീസില്‍ നബിതങ്ങള്‍ പറയുന്നതായി കാണാം: അല്ലാഹു മക്കയില് നിന്ന് ആനയെ തടഞ്ഞു നിര്‍ത്തി. അവന്‍റെ റസൂലിനും സത്യവിശ്വാസികള്‍ക്കും അതിന്മേലുള്ള അധികാരം നല്‍കുകയും ചെയ്തു. അബ്റഹത്തിന് നേരെ കല്ലുവര്‍ഷിച്ച അബാബീല്‍ പക്ഷികള്‍ എറാടികളെ പോലോത്തെ ചില പക്ഷികളായിരുന്നുവെന്നും അവയുടെ കാലിലുണ്ടായിരുന്ന പക്ഷികള്‍ പയറുമണിയേക്കാള്‍ ചെറുതായിരുന്നുവെന്നുമെല്ലാം ചില വ്യാഖ്യാതാക്കള്‍ക്ക് പക്ഷമുണ്ട്. അബ്രഹത്തും സംഘവും മക്കയിലെത്തിയിട്ടില്ലെന്ന് തന്നെയാണ് ചരിത്രം.
എന്നാല്‍ പുതിയ കാലത്ത് ഈ ചരിത്രസംഭവത്തെയും തെറ്റായി വിശദീകരിക്കുന്ന രീതി നിലവിലുണ്ട്. മക്കയിലെ ആളുകള്‍ അബ്ദുല്‍ മുഥലിബ് പറഞ്ഞതനുസരിച്ച് ചുറ്റുമുള്ള മലയിലേക്ക് കയറുകയും സംഘം കഅബക്ക് പരിസരത്തെത്തിയപ്പോള്‍ അവര്‍ മലകളില്‍ നിന്ന് കല്ലുകള്‍ ഉരുട്ടിയിട്ട് അവരെ കൊലപ്പെടുത്തുകയായിരുന്നുമെന്നുമാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ദൈവികമായ ഒരു ശിക്ഷയെ അംഗീകരിക്കാനുള്ള മടിയാണ് ഇത്തരമൊരു വിശദീകരണം നല്‍കുന്നതിന് ഇത്തരക്കാരെ പ്രേരിപ്പിക്കുന്നത്.
Leave A Comment