ജനനവും കുട്ടിക്കാലവും
പത്തുമാസത്തെ പ്രതീക്ഷാപൂര്‍ണമായ കാത്തിരുപ്പിനു ശേഷം ആമിന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ക്രി. 571 ഏപ്രില്‍ ഇരുപത്തിയൊന്നാം തിയ്യതി (ഗജവര്‍ഷം: റബീഉല്‍ അവ്വല്‍ പന്ത്രണ്ട്) പ്രഭാതത്തോടടുത്ത സമയം ശഅബു ബനീ ഹാശിമില്‍ അബൂഥാലിബിന്റെ വീട്ടിലായിരുന്നു സംഭവം. അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫിന്റെ മാതാവ് ശഫാഅ് ബീവിയായിരുന്നു സൂതികര്‍മിണി. ഉമ്മുഐമന്‍ പരിചാരികയും. കൈ രണ്ടും നിലത്ത് കുത്തി ആകാശത്തേക്ക് കണ്ണുകള്‍ ഉയര്‍ത്തിയായിരുന്നു കുഞ്ഞ് പുറത്തുവന്നത്. മാതാവിന് യാതൊരുവിധ വേദനയോ പ്രയാസമോ അനുഭവിക്കാത്ത പ്രസവം. അബ്ദുല്‍ മുത്ത്വലിബ് അപ്പോള്‍ കഅബാലയത്തിനടുത്ത് ഥവാഫിലായിരുന്നു. ഉടനെ ആളെവിട്ട് തനിക്കൊരു പേരക്കുട്ടി പിറന്നിട്ടുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടു. സന്തോഷാശ്രു പൊഴിച്ച അദ്ദേഹം വന്ന് കുഞ്ഞിനെ വാരിയെടുക്കുകയും കഅബാലയത്തില്‍ കൊണ്ടുപോവുകയും ചെയ്തു. ശേഷം മുഹമ്മദ് എന്ന് നാമകരണം നടത്തി. ഉമ്മയുടെ കരങ്ങളില്‍തന്നെ തിരികെ കൊണ്ടുവന്ന് നല്‍കി. മുഹമ്മദ് എന്ന നാമം അന്ന് അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് അദ്ദേഹം ചോദിക്കപ്പെട്ടപ്പോള്‍, ഭൂമിയിലുള്ളവരാലും ആകാശത്തുള്ളവരാലും അവന്‍ വാഴ്ത്തപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു പ്രതികരണം. ജനനത്തിന്റെ ഏഴാം ദിവസം അബ്ദുല്‍ മുത്ത്വലിബ് ഒരു ഒട്ടകത്തെ അറുത്ത് ഖുറൈശി പ്രമുഖര്‍ക്ക് സദ്യനല്‍കി തന്റെ സന്തോഷം എല്ലാവരുമായും പങ്കിട്ടു.
അല്‍ഭൂതപൂര്‍ണമായിരുന്നു നബിയുടെ ജനനം. ഗര്‍ഭസ്ഥശിശുവായിരിക്കെത്തന്നെ ഉമ്മ ആമിന ഈ അല്‍ഭുതങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. തനിക്ക് പിറക്കാന്‍ പോകുന്നത് ഒരു അസാധാരണ കുഞ്ഞായിരിക്കുമെന്ന് പലനിലക്ക് അവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ജനനസമയം പരിസരപ്രദേശങ്ങളിലെ ബിംബങ്ങളെല്ലാം തലകുത്തിവീഴുകയും പേര്‍ഷ്യക്കാര്‍ ആരാധിച്ചിരുന്ന അഗ്നികുണ്ഠം അണയുകയും ഫലസ്ഥീനിലെ സാവാ തടാകം വറ്റിവരളുകയും ചെയ്തു. അസാധാരണമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് പൊതുജനം അറിയുംവിധമായിരുന്നു ആ അനുഗ്രഹ ജന്മം സംഭവിച്ചത്.
മുലയൂട്ടല്‍
കുഞ്ഞ് ജനിച്ചാല്‍ മുലയൂട്ടാന്‍ മറ്റു സ്ത്രീകളെ ഏല്‍പിക്കുക മക്കയിലെ കുലീന കുടുംബങ്ങളുടെ രീതിയായിരുന്നു. നബിയുടെ കാര്യത്തിലും ബന്ധപ്പെട്ടവര്‍ ഇത് ആലോചിച്ചു. മുലയൂട്ടാന്‍ വരുന്ന സ്ത്രീകളെയും കാത്ത് അവരിരുന്നു. മാതാവ് ആമിന ബീവിതന്നെയാണ് കുഞ്ഞിന് ആദ്യമായി മുല നല്‍കിയത്. പിന്നീട്, ഈ കാത്തിരിപ്പിനിടയില്‍ സുവൈബത്തുല്‍ അസ്‌ലമിയ്യയും മുലകൊടുത്തു.
നബിയുടെ പിതൃവ്യനും ഇസ്‌ലാമിന്റെ മുഖ്യശത്രുവുമായിരുന്ന അബൂലഹബിന്റെ ദാസിയായിരുന്നു സുവൈബ. മരണപ്പെട്ട തന്റെ സഹോദരന് ഒരു ആണ്‍കുഞ്ഞ് പിറന്നിട്ടുണ്ടെന്ന വാര്‍ത്തയറിഞ്ഞ് അടക്കാനാവാത്ത സന്തോഷത്താല്‍ കുട്ടിക്ക് മുലനല്‍കാനായി അബൂലഹബ് അവളെ അടിമത്തത്തില്‍നിന്നും മോചിപ്പിക്കുകയായിരുന്നു. ഇതുകാരണം ഓരോ തിങ്കളാഴ്ചയും അദ്ദേഹത്തിന് നരകശിക്ഷയില്‍ ഇളവ് നല്‍കപ്പെടുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്.
ഹലീമത്തുസ്സഅദിയ്യയാണ് നബിയെ മൂലയൂട്ടിയ മറ്റൊരു വനിത. മുലയൂട്ടുന്ന സ്ത്രീകളുടെ കാര്യത്തില്‍ പേരുകേട്ട ഗോത്രമായിരുന്നു ബനൂ സഅ്ദ്. ഇടക്കിടെ അവര്‍ മക്കയില്‍വന്ന് കുട്ടികളെ ശേഖരിച്ചു പോകുമായിരുന്നു. അബൂ ദുഐബിന്റെ മകള്‍ ഹലീമയുടെ കൈകളിലാണ് മുഹമ്മദ് എന്ന അനാഥ ശിശു എത്തിപ്പെട്ടത്. പത്തുപേരടങ്ങുന്ന ഒരു സംഘത്തിലായിരുന്നു മഹതി മക്കയിലെത്തിയത്. ഓരോരുത്തരും ഓരോ കുട്ടികളെ സ്വന്തമാക്കുകയും തനിക്ക് ആരെയും ലഭിക്കാത്ത അവസ്ഥ വന്നുപെടുകയും ചെയ്തു. ഒടുവില്‍, ഒരു കുട്ടിയെയും ലഭിക്കാതെ മടങ്ങുന്നത് ശരിയല്ലായെന്ന് മനസ്സിലാക്കിയാണ് മഹതി മുഹമ്മദ് എന്ന അനാഥ ശിശുവിനെ സ്വീകരിക്കാന്‍ തയ്യാറായത്. പക്ഷെ, കുഞ്ഞുമായി നാട്ടിലെത്തിയ മഹതിക്ക് കുഞ്ഞിലെ അസാധാരണത്വം ശരിക്കും ബോധ്യമായി. കുഞ്ഞ് കാരണമായി മഹതിക്ക് പലവിധ ഐശ്വര്യങ്ങള്‍ ലഭിക്കുകയും വീട്ടില്‍ സമൃദ്ധിയും സുഭിക്ഷതയും വന്നുചേരുകയും ചെയ്തു. രണ്ടു വര്‍ഷത്തോളം മുല നല്‍കി ഹലീമ കുഞ്ഞിനെ ഉമ്മായുടെ അടുക്കല്‍ കൊണ്ടുവന്നേല്‍പിച്ചു. അത് മക്കയില്‍ ക്ഷാമയും പ്ലേഗും പടര്‍ന്നുപിടിച്ച സമയമായിരുന്നു. കിഞ്ഞിന് വല്ല ആപത്തും പിടിപെടുമോയെന്ന് ഭയപ്പെട്ട ഉമ്മ കുഞ്ഞിനെ വീണ്ടും ഹലീമയോടൊപ്പം പറഞ്ഞയക്കുകയായിരുന്നു. രണ്ടു വര്‍ഷത്തോളം വീണ്ടും ഹലീമ കുഞ്ഞിനെ പോറ്റി. ഹലീമയുടെ പുത്രി ശൈമാഉം കുഞ്ഞിനെ നല്ലപോലെ പരിപാലിച്ചു. അപ്പോഴേക്കും ചിരിയും കളിയുമായി കുഞ്ഞ് അവിടത്തുകാരുടെയെല്ലാം മനം കവര്‍ന്നുകഴിഞ്ഞിരുന്നു.
നെഞ്ച് പിളര്‍ത്തല്‍ സംഭവം
നബി ഹലീമാ ബിവിയുടെ വീട്ടില്‍ താമസിച്ചുകൊണ്ടിരിക്കുന്ന കാലം ഒരു അല്‍ഭുത സംഭവമുണ്ടായി. ഒരിക്കല്‍ മുലകുടി ബന്ധത്തിലെ സഹോദരന്‍ അബ്ദുല്ലയുമൊത്ത് പ്രവാചകന്‍ വീടിനു പിന്നില്‍ ആടുകളെ മേക്കുകയായിരുന്നു. പെട്ടെന്ന് രണ്ടാളുകള്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ കുഞ്ഞിന്റെ നെഞ്ചു പിളര്‍ത്തുകയും അതില്‍നിന്നും ഒരു സാധനം പുറത്തെടുത്ത് കഴുകി ശുദ്ധിയാക്കി തല്‍സ്ഥാനത്തുതന്നെ നിക്ഷേപിക്കുകയും ചെയ്തു. ശേഷം, അവര്‍ അപ്രത്യക്ഷരായി. ഇതുകണ്ട അബ്ദുല്ല ഓടിച്ചെന്ന് മാതാപിതാക്കളോട് കാര്യം പറഞ്ഞു. അവര്‍ വന്നപ്പോഴേക്കും എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു. അവര്‍ പ്രവാചകരോട് കാര്യം തിരക്കി. പ്രവാചകന്‍ നടന്നതെല്ലാം വിവരിച്ചുകൊടുത്തു. പക്ഷെ, അവര്‍ക്ക് കാര്യം മനസ്സിലായിരുന്നില്ല. വല്ല പൈശാചിക ഇടപെടലുമാണോ എന്നതായിരുന്നു അവര്‍ക്കുള്ളിലെ ഭീതി. താമസിയാതെ അവര്‍ കുഞ്ഞുമായി വീണ്ടും ഉമ്മയുടെ മുമ്പിലെത്തി. നടന്നതെല്ലാം വിവരിച്ചുകൊടുത്തു. ആമിന ഹലീമയെ സമാധാനിപ്പിച്ചു. ഈ കുഞ്ഞിന്റെ കാര്യത്തില്‍ പിശാചിന് യാതൊന്നും ചെയ്യാന്‍ സാദിക്കില്ലെന്നും വന്നത് അല്ലാഹുവിന്റെ മാലാഖമാരായിരിക്കുമെന്നും അവര്‍ അറിയിച്ചു. കൂടാതെ, കഞ്ഞ് ഗര്‍ഭസ്ഥശിശുവായിരിക്കെ തനിക്കുണ്ടായ അല്‍ഭുതകരമായ അനുഭവങ്ങളും അവര്‍ പങ്ക് വെച്ചു.
ഹലീമയുടെ വീട്ടില്‍ നാലു വര്‍ഷം പ്രവാചകന്‍ ചെലവഴിച്ചു. അതിനിടെ രണ്ടു തവണ ഉമ്മയെ കാണാനായി മക്കയില്‍ പോയി. ഓരോ വര്‍ഷവും അബ്ദുല്‍ മുത്ത്വലിബ് കഞ്ഞിനെ കാണാന്‍ ഹലീമയുടെ വീട്ടില്‍ വന്നിരുന്നു. ഈയൊരു അനുഗ്രഹം ഒടുവില്‍ ഹലീമയെയും തുണക്താതിരുന്നില്ല. മഹതിയും ഭര്‍ത്താവും പിന്നീട് ഇസ്‌ലാമാശ്ലേഷിച്ചു.
മാതാവിന്റെ വിയോഗം
ബനൂ സഅ്ദ് ഗോത്രത്തിലെ ജീവിതത്തിനു ശേഷം പ്രവാചകന്‍ സ്വന്തം നാടായ മക്കയില്‍തന്നെ തിരിച്ചെത്തി. മാതാവിനോടൊപ്പം ജീവിതമാരംഭിച്ചു. മാതൃസ്‌നേഹത്തിന്റെയും ലാളനയുടെയും തണലില്‍ പുതിയൊരു ജീവിതാനുഭവമാണ് അന്ന് പ്രവാചകന് ലഭിച്ചത്. ഉമ്മയോടൊത്ത് പല കുടുംബക്കാരെയും സന്ദര്‍ശിക്കാനും അവരുടെയെല്ലാം സ്‌നേഹ ലാളനകള്‍ വാങ്ങാനും പ്രവാചകന് കഴിഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ അങ്ങനെ കഴിഞ്ഞുപോയി. പ്രവാചകന് ആറു വയസ്സായ സന്ദര്‍ഭം. ഉമ്മ ആമിന ബീവി തന്റെ പ്രിയ മകനെയും കൂട്ടി ബനൂന്നജ്ജാര്‍ ഗോത്രത്തിലെ കുടുംബക്കാരെ സന്ദര്‍ശിക്കാന്‍ പോയി. മാസങ്ങള്‍ അവിടെ ചെലവഴിച്ചു. കൂട്ടത്തില്‍ ഭര്‍ത്താവ് അബ്ദുല്ലായുടെ ഖബ്‌റും സന്ദര്‍ശനം നടത്തി.
അതിനിടയില്‍ ഒരു ദിവസം മദീനയിലെ ചില ജൂത പുരോഹിതന്മാര്‍ ഈ കുഞ്ഞിനെ കാണാന്‍ ഇടവന്നു. അവര്‍ക്ക് വിസ്മയമായി. ഇത് ഈ സമൂഹത്തില്‍ വരാനിരിക്കുന്ന പ്രവാചകനാണെന്നും മദീന അദ്ദേഹത്തിന്റെ പലായന കേന്ദ്രമായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഇതു കേട്ട ആമിനക്ക് പേടിയായി. അവര്‍ മകനെയും കൂട്ടി മക്കയിലേക്കുതന്നെ തിരിച്ചു. വഴിയില്‍ അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ രോഗബാധിതയാവുകയും മരണമടയുകയും ചെയ്തു. അന്നവര്‍ക്ക് മുപ്പത് വയസ്സായിരുന്നു. (ഒരഭിപ്രായ പ്രകരാം ഇരുപത് വയസ്സ്). ഉമ്മു ഐമന്‍ എന്ന അടിമസ്ത്രീയും യാത്രാ സംഘത്തിലുണ്ടായിരുന്നു. കുറഞ്ഞ നാളുകള്‍ അവിടെ തങ്ങിയ ശേഷം അവര്‍ കുഞ്ഞുമായി മക്കയില്‍ തിരിച്ചെത്തി.
പിതാമഹന്റെ വിയോഗം
മാതാവും പിതാവും നഷ്ടപ്പെട്ട ബാലന്‍ പിന്നീട് ഉമ്മു ഐമന്റെയും ഉപ്പാപ്പ അബ്ദുല്‍ മുത്ത്വലിബിന്റെയും സംരക്ഷണത്തിലാണ് ജീവിച്ചത്. അന്നവര്‍ക്ക് ആറ് വയ്യായിരുന്നു. അബ്ദുല്‍ മുത്ത്വലിബ് കുഞ്ഞിനെ അളവറ്റ് സ്‌നേഹിച്ചു. വേണ്ട പരിഗണനയും പരിലാളനയും നല്‍കി. നല്ല ഭക്ഷണവും പാര്‍പിടവും കൊടുത്തു. കഅബയുടെ തണലില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തില്‍ ഇരുത്തി ആദരിച്ചു. പക്ഷെ, ഈ സ്‌നേഹ ലാളനകള്‍ കൂടുതല്‍ കാലം നീണ്ടുപോയില്ല. രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അബ്ദുല്‍ മുത്ത്വലിബും ലോകത്തോട് വിട പറഞ്ഞു. അന്ന് പ്രവാചകന് എട്ടു വയസ്സായിരുന്നു.
പിതൃസഹോദരന്റെ കൂടെ
പിതാമഹന്റെ വിയോഗത്തിനു ശേഷം പിതൃസഹോദരന്‍ അബൂ ഥാലിബിന്റെ സംരക്ഷണത്തിലാണ് മുഹമ്മദ് വളര്‍ന്നത്. തനിക്കു ശേഷം ഈ ബാലനെ ഏറ്റെടുത്തു സംരക്ഷിക്കണമെന്ന് നേരത്തെത്തന്നെ അബ്ദുല്‍ മുത്ത്വലിബ് അദ്ദേഹത്തോട് വസ്വിയ്യത്ത് ചെയ്തിരുന്നു. പിതാവിനെപ്പോലെ അബൂ ഥാലിബും ബാലനെ ആദരവോടെ വളര്‍ത്തി. സ്വന്തം സന്താനങ്ങളെക്കാള്‍ പരിഗണനയും ബഹുമാനവും കൊടുത്തു. ഏതു കാര്യത്തിലും അവരെ മുന്തിച്ചു.
അബൂ ഥാലിബ് പൊതുവെ വലിയ ധനികനായിരുന്നില്ല. പലപ്പോഴും ദാരിദ്ര്യം പിടികൂടുമായിരുന്നു. പക്ഷെ, ഈ അല്‍ഭുത ബാലന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഐശ്വര്യം നല്‍കി. സമൃദ്ധിയും ക്ഷേമവും വര്‍ദ്ധിപ്പിച്ചു. ഇക്കാലത്ത് ഖുറൈശികള്‍ ശക്തമായൊരു ക്ഷാമത്തിന്റെ പിടിയിലകപ്പെടുകയുണ്ടായി. ജീവിതം ദുസ്സഹമായപ്പോള്‍ അവര്‍ തങ്ങളുടെ നേതാവ് അബൂ ഥാലിബിനടുത്തുവന്ന് കാര്യം ബോധിപ്പിച്ചു. അദ്ദേഹം തന്റെ വീട്ടിലെ അല്‍ഭുത ബാലനെക്കൊണ്ട് മഴയെ തേടി. താമസിയാതെ ശക്തമായ മഴ വര്‍ഷിക്കുകയും മലഞ്ചരുവുകള്‍ നിറഞ്ഞുകവിയുകയും ചെയ്തു. ഉമ്മു ഐമന്‍ പറയുന്നു: ഇക്കാലത്തെല്ലാം അവര്‍ വളരെ വലിയ അച്ചടക്കത്തോടെയാണ് കഴിഞ്ഞിരുന്നത്. ചെറുപ്പത്തിലോ വലുപ്പത്തിലോ അവര്‍ ഒരിക്കല്‍പോലും ദാഹത്തെയോ വിശപ്പിനെയോ കുറിച്ച് ഒരു ആവലാതിപോലും പറഞ്ഞിരുന്നില്ല.
ശാം യാത്ര
അബൂ ഥാലിബിന്റെ സംരക്ഷണത്തില്‍ മക്കാജീവിതത്തിന്റെ നാലു വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. ഇപ്പോള്‍ മുഹമ്മദ് എന്ന ബാലന് 12 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. ആയിടെ കച്ചവടക്കാരനായിരുന്ന അബൂ ഥാലിബ് ഒരു കച്ചവടസംഘത്തോടൊപ്പം ശാമിലേക്ക് പോകാന്‍ തീരുമാനിച്ചു. ഇത് മുഹമ്മദിനെ വല്ലാതെ ദു:ഖിപ്പിച്ചു. ഒരല്‍പ സമയം പോലും വേറിട്ടു നില്‍ക്കാന്‍ കഴിയാത്ത വിധം സ്‌നേഹ ലാളനയില്‍ ആ ബന്ധം അത്രമാത്രം ശക്തമായിക്കഴിഞ്ഞിരുന്നു. ഒടുവില്‍, അബൂ ഥാലിബിന്റെ മനസ്സലിഞ്ഞു. അദ്ദേഹം ബാലനെയും കൂടെക്കൂട്ടി.
ബുഹൈറ പുരോഹിതനു മുമ്പില്‍
യാത്രാസംഘം സഞ്ചരിച്ച് ബസ്വറയിലെത്തി. ചരക്കുകള്‍ ഇറക്കിവെച്ച് സ്വല്‍പം അവിടെ വിശ്രമിക്കാന്‍ തീരുമാനിച്ചു. അതിനടുത്തുതന്നെ ബുഹൈറ എന്നൊരു പാതിരിയുടെ മഠമുണ്ടായിരുന്നു. മുന്‍കാല വേദങ്ങളില്‍ അഗാധ പണ്ഡിത്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പ്രതീക്ഷിക്കപ്പെടുന്ന പ്രവാചകനെക്കുറിച്ചും അദ്ദേഹത്തിന് ആഴത്തില്‍ ജ്ഞാനമുണ്ടായിരുന്നു. വിദൂര ദിക്കില്‍നിന്നും വന്നിറങ്ങിയ യാത്രാസംഘത്തെ അദ്ദേഹം ആവേശപൂര്‍വം വീക്ഷിച്ചു. അതില്‍ ഏറ്റവും പ്രായം കൂറഞ്ഞ ബാലനെ കണ്ടപ്പോള്‍ അദ്ദേഹത്തിന് വിസ്മയം തോന്നി. ഈ കുഞ്ഞില്‍ എന്തൊക്കെയോ അല്‍ഭുതങ്ങള്‍ വരാനിരിക്കുന്നതായി അദ്ദേഹത്തിന് മനസ്സിലായി. പൂര്‍വ വേദങ്ങളില്‍ വരാനിരിക്കുന്ന പ്രവാചകന്റെതായി പറഞ്ഞ പല വിശേഷണങ്ങളും അവനില്‍ ഒത്തിണങ്ങിയിട്ടുണ്ടായിരുന്നു. താമസിയാതെ അദ്ദേഹം ഒരു സദ്യയൊരുക്കുകയും യാത്രാസംഘത്തെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. സദ്യ വിളമ്പി. എല്ലാവരും ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ അദ്ദേഹം ബാലനടുത്തുവന്ന് ഖുറൈശികളുടെ ദൈവങ്ങളായ ലാത്തയുടെയും ഉസ്സയുടെയും നാമത്തില്‍ സംസാരിച്ചു തുടങ്ങി. ബാലന്‍ പ്രതികരിച്ചില്ല. ശേഷം അദ്ദേഹം അല്ലാഹുവിന്റെ നാമത്തില്‍ സംസാരിച്ചു. പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. അതോടെ ഇത് അന്ത്യപ്രവാചകനാകാന്‍പോകുന്ന വ്യക്തിയാണെന്ന് അദ്ദേഹത്തിന് ശരിക്കും ബോധ്യമായി. കൂടാതെ, ബാലന്റെ ചുമലില്‍ പ്രവാചകത്വപരിസമാപ്തിയുടെ അടയാളം (ഖാത്തമു നുബുവ്വ:) അദ്ദേഹം കാണുകയും ചെയ്തു. ബുഹൈറ പിന്നീട് അബൂ ഥാലിബുമായി സംസാരിച്ചു. ബാലന്റെ മാതാപിതാക്കളെക്കുറിച്ചും നാട്ടിലെ അവസ്ഥകളെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കി. ശേഷം, ഇതൊരു അല്‍ഭുത ബാലനാണെന്നും ഇവന് മഹത്തരമായൊരു ഭാവി വരാനുണ്ടെന്നും അതിനാല്‍ ജൂതന്മാരില്‍നിന്നും ഇവനെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. അബൂ ഥാലിബ് പുരോഹിതന്റെ വാക്കുകള്‍ ശിരസ്സാവഹിച്ചു. ശാമിലെ കച്ചവട പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞപാടെ അദ്ദേഹം ബാലനുമായി മക്കയിലേക്കു മടങ്ങി.
Leave A Comment