പുണ്യനബി: ഹിറ തരുന്ന ഹൃദ്യ നിനവുകള്‍

ഞാന്‍ 'ജബലുന്നൂറി'ല്‍ കയറി 'ഹിറാ' ഗുഹക്കു മുന്നില്‍ അല്‍പനേരം നിന്നു. ദൈവിക സന്ദേശം കൊണ്ട് മുഹമ്മദ് നബി (സ)യെ അല്ലാഹു ആദരിച്ചത് ഇവിടെവെച്ചാണ്. പ്രവാചകര്‍ക്ക് ആദ്യമായി ദിവ്യവെളിപാടുണ്ടായതും ഇവിടെ നിന്നാണ്. ലോകത്തിന് പുത്തന്‍ പ്രകാശവും പുതുജീവനും പകര്‍ന്ന നവസൂര്യന്റെ ഉദയം ഇവിടെ വെച്ച് തന്നെ. ലോകം നിത്യവും പുതിയ പ്രഭാതത്തെ വരവേല്‍ക്കുന്നു. പ്രതാപമോ ആനന്ദമോ ഇല്ലാത്ത, നന്മയോ വിജയമോ കൈവരിക്കാത്ത എത്ര പ്രഭാതങ്ങളെയാണ് ലോകം സ്വീകരിച്ചത്! മനുഷ്യനുണരുകയും മനുഷ്യത്വമുണരുകയും ചെയ്യാത്ത പ്രഭാതങ്ങളെത്ര കഴിഞ്ഞുപോയി! ജഡങ്ങള്‍ മാത്രമാണതില്‍ ഉണര്‍ന്നത്. മനസ്സിനും ആത്മാവിനും ആ പ്രഭാതങ്ങളില്‍ യാതൊരു ഉല്‍ബുദ്ധതയും വന്നില്ല. തമോമയമായ പകലുകളും വ്യര്‍ത്ഥപ്രഭാതങ്ങളും ലോകത്തു നിന്ന് എത്ര മറഞ്ഞുപോയി. എന്നാല്‍, സര്‍വ്വതിനും പ്രഭ നല്‍കിയ പ്രപഞ്ചമാസകലം ഉല്‍ബുദ്ധതന്തുലമാക്കിയ, ചരിത്ര സഞ്ചാര പഥത്തില്‍ പരിവര്‍ത്തനം സൃഷ്ടിച്ച യഥാര്‍ത്ഥ പ്രഭാതത്തിന്റെ ഉദയം ഇവിടെ വെച്ചാണല്ലോ ഉണ്ടായത്. ജീവിതം മുഴുക്കെ ഭദ്രമായി കൊട്ടിയടക്കപ്പെട്ട കാലം. സര്‍വ്വമേഖലകളിലും താഴിട്ടുപൂട്ടിയ കവാടങ്ങളായിരുന്നു. എങ്ങും അടച്ചുപൂട്ടി ഭദ്രമാക്കിയ മനുഷ്യബുദ്ധി. അതിനെ തുറന്നുവിടുന്നതില്‍ നിസ്സഹായരാകുന്ന തത്വജ്ഞാനികള്‍. എങ്ങും താഴ് വെയ്ക്കപ്പെട്ട മനുഷ്യധിഷണകള്‍! തുറക്കുന്നതില്‍ പരാജിതരാകുന്ന തത്വോപദേശകരും സന്‍മാര്‍ഗദര്‍ശകരും. എവിടെയും കൊട്ടിയടയ്ക്കപ്പെട്ട മാര്‍തൃഹൃദയങ്ങള്‍. ദൃഷ്ടാന്തങ്ങളോ ചിന്തനീയ സംഭവങ്ങളോ അവ തുറയ്ക്കാന്‍ പര്യാപ്തമായിരുന്നില്ല. സമൂഹത്തില്‍ നിലച്ചുപോയ പുണ്യധര്‍മ്മങ്ങള്‍ക്ക് ഒഴുക്ക് പകരുന്നതില്‍ വ്യര്‍ത്ഥമാകുന്ന പഠനക്ലാസുകള്‍, ആവലാതിക്കാര്‍ക്കോ നിയമം തേടുന്നവര്‍ക്കോ തുറക്കാനാവാത്ത വിധം ഭദ്രമാക്കിയ നീതിന്യായശാലകള്‍. പരിഷ്‌കര്‍ത്താക്കളെയും ചിന്തകരെയും നിസ്സഹായരാക്കുംവിധം ശിഥിലമായ കുടുംബ ബന്ധങ്ങള്‍. കഠിനാദ്ധ്വാനിയായ തൊഴിലാളിയെയും കഠിനയത്‌നം നടത്തുന്ന കര്‍ഷകനെയും മര്‍ദ്ദിത വിഭാഗത്തെയും നിരാശരാക്കുന്ന അധികാരക്കൊത്തളങ്ങള്‍. മുലപ്പാല്‍ നുകരുന്ന കൊച്ചുകുഞ്ഞിന്റെ നിലവിളിക്കോ സ്ത്രീ സമൂഹത്തിന്റെ നിരാലംബതയ്‌ക്കോ ദരിദ്രരുടെ വിശപ്പിനോ തുറക്കാന്‍ കഴിയാത്ത രൂപത്തില്‍ ശക്തമായ പൂട്ടുകളിട്ട സമ്പന്ന വര്‍ഗത്തിന്റെ സമൃദ്ധ നിക്ഷേപങ്ങള്‍. പരിശ്രമശാലികളായ ഒരുപാട് പരിഷ്‌കര്‍ത്താക്കളും നിയമനിര്‍മ്മാതാക്കളും ഓരോ പൂട്ടും തുറക്കാന്‍ ശ്രമിച്ചു. പക്ഷേ അവരൊക്കെ പരാജയത്തിന്റെ പരുപരുക്കന്‍ തലങ്ങളില്‍ മലര്‍ന്നടിച്ചു വീണു. കാരണം ഓരോ പൂട്ടും തുറക്കാന്‍ അതാതിന്റെ തന്നെ താക്കോല്‍ വേണം. ഈ താക്കോലാണെങ്കില്‍ നൂറ്റാണ്ടുകളായി കൈമോശം വന്നിരിക്കുകയാണ്. അവര്‍ സ്വന്തമായുണ്ടാക്കിയ പല താക്കോലുകളും പലവട്ടം പരീക്ഷിച്ചു നോക്കി. അപ്പോഴൊന്നും അത് പൂട്ടിന് യോജിക്കുന്നില്ല. യാതൊരു ഉപകാരവും അതുകൊണ്ട് നടക്കുന്നില്ല. മറ്റു ചിലര്‍ പൂട്ടുകള്‍ പൊട്ടിക്കാന്‍ ശ്രമിച്ചു. അവരുടെ കൈകള്‍ക്ക് മുറിവേല്‍ക്കുകയും ആയുധങ്ങള്‍ പൊട്ടുകയുമല്ലാതെ മറ്റു ഫലമൊന്നും അതുകൊണ്ടുണ്ടായില്ല.

നാഗരിക ലോകവുമായി ബന്ധമറ്റ ഈ താഴ്ന്ന പ്രദേശത്ത്, ഫലഭൂയിഷ്ടമോ ഉയര്‍ന്നതോ അല്ലാത്ത ഈ പര്‍വ്വതത്തിന് മുകളില്‍, നമ്മുടെ വലിയ ലോകത്തിന്റെ നഗരകേന്ദ്രങ്ങളില്‍, വന്‍കലാലയങ്ങളില്‍ വിശാലമായ ഗ്രന്ഥശാലകളില്‍ പൂര്‍ണ്ണമാകാത്ത പലതും പൂര്‍ണ്ണമായി. മുഹമ്മദീയ സന്ദേശം കൊണ്ട് ഇവിടെ വെച്ച് അല്ലാഹു ലോകത്തെ അനുഗ്രഹിച്ചു. നൂറ്റാണ്ടുകളായി കൈമോശം വന്ന ഈ താക്കോല്‍ ഇവിടെ വെച്ച് മനുഷ്യത്വത്തിന് തിരിച്ചുകിട്ടി. അതെ, അല്ലാഹുവിലും അവന്റെ പ്രവാചകരിലും അന്ത്യദിനത്തിലുമുള്ള അചഞ്ചല വിശ്വാസമാണ് ആ താക്കോല്‍കൂട്ടം. കുരുക്കിന്റെ സങ്കീര്‍ണ്ണത സൃഷ്ടിച്ച പൂട്ടുകളോരോന്നും അതുപയോഗിച്ച് പ്രവാചകന്‍ തുറന്നു. താഴ് വെയ്ക്കപ്പെട്ട കവാടങ്ങളോരോന്നും അതുകൊണ്ടാണ് തിരുമേനി തുറന്നുകൊടുത്തത്. ആ പ്രവാചകീയ താക്കോല്‍ ആദ്യമായി വെച്ചത് കെട്ടുപിണഞ്ഞ മനുഷ്യബുദ്ധിയിലാണ്. അതിന് മോചനം ലഭിച്ചതോടെ ഉന്മേഷം കൈവന്നു. ചക്രവാളങ്ങളിലും സ്വന്തത്തില്‍ തന്നെയുമുള്ള ദൃഷ്ടാന്തങ്ങള്‍ കൊണ്ടുപകരിക്കാനും പ്രപഞ്ചത്തില്‍ നിന്ന് അതിന്റെ സ്രഷ്ടാവിലേയ്ക്കും ബഹുദൈവങ്ങളില്‍നിന്ന് ഏകദൈവത്തിലേയ്ക്കും ചെന്നെത്താനും അതോടെ അവര്‍ക്ക് സാധിച്ചു. ബഹുദൈവാരാധനയുടെയും ബിംബാരാധനയുടെയും വികല വശങ്ങള്‍ അതോടെ അവന്ന് ബോധ്യപ്പെട്ടു. ഉറങ്ങിക്കിടന്ന മനുഷ്യബുദ്ധിയില്‍ പ്രവാചകന്‍ ഈ താക്കോല്‍ കൊണ്ടുപോയി വെച്ചു. അതോടെ അതിന് ഉണര്‍വ് കിട്ടി. നിര്‍ജ്ജീവമായ അവന്റെ ബോധമണ്ഡലങ്ങളില്‍ അത് വെച്ചപ്പോള്‍ അതിന് നവജീവന്‍ കൈവന്നു. അതുവരെയും തിന്‍മയുടെ മാത്രം ആജ്ഞാനുവര്‍ത്തിയായി കഴിഞ്ഞിരുന്ന ശരീരം കുറ്റങ്ങള്‍ ഏറ്റു പറയാനും തുടങ്ങി. അതിലൂടെ ആത്മപ്രഹര്‍ഷത്തിലേയ്ക്കും സുഭിക്ഷതയിലേക്കും മടങ്ങി. ഇപ്പോള്‍ അതിന്റെ അടുക്കല്‍ 'ബാത്വിലി'ന് യാതൊരു സ്ഥാനവുമില്ല. പാപങ്ങളിന്നതിന് അസഹനീയമാണ്. അതിലൂടെ അവന്‍ കൈവരിച്ച ആത്മബോധം പ്രവാചകന് മുന്നില്‍ കുറ്റങ്ങളേറ്റുപറഞ്ഞ് അര്‍ഹമായ ശിക്ഷ ചോദിച്ചുവാങ്ങുന്ന സാഹചര്യങ്ങളിലേക്ക് മനുഷ്യനെ എത്തിക്കാന്‍ വരെ കളമൊരുക്കുന്നതായി. കുറ്റം ചെയ്ത സ്ത്രീ നിരാശയായി 'ബാദിയത്തി' ലേക്ക് മടങ്ങുകയും കാലങ്ങള്‍ക്ക് ശേഷം മദീനയില്‍ വന്ന് കൊലപാതകത്തേക്കാള്‍ കഠിനമായ ശിക്ഷയ്ക്ക് സ്വന്തം ശരീരത്തെ സൗകര്യപ്പെടുത്തുകയും ചെയ്യുന്നു.

കിസ്‌റയുടെ സ്വര്‍ണ്ണ കിരീടം പാവപ്പെട്ടൊരു പട്ടാളക്കാരന്‍ മറ്റാരും കാണാതെ സ്വന്തം തുണിയില്‍ പൊതിഞ്ഞ് അമീറുല്‍ മുഅ്മിനീന്ന് കൊണ്ടുപോയി കൊടുക്കുന്നു. കാരണം വഞ്ചന കാട്ടാന്‍ പറ്റാത്ത അല്ലാഹുവിന്റെ മുതലാണെന്ന ബോധമാണവനെ അതിന് പ്രേരിപ്പിച്ചത്. അശരണരോടും അഗതികളോടും അലിവ് തോന്നാത്ത മരവിച്ച മനസ്സുകള്‍ ദൃഷ്ടാന്തങ്ങള്‍ കൊണ്ട് ഉപകരിക്കുന്നതും മര്‍ദ്ദിത മനസ്സിനോട് മമത പുലര്‍ത്തുന്നതും ദുര്‍ബ്ബലനോട് അനുകമ്പ ഉണ്ടാക്കുന്നതുമായി തീര്‍ന്നു. കാലം ഞെരിച്ചമര്‍ത്തിയ ശക്തികളിലും നഷ്ടപ്രതാപങ്ങളിലും പ്രതിഭകളിലും നബി തിരുമേനി ഈ താക്കോല്‍ കൊണ്ടുപോയി പ്രയോഗിച്ചു. അതോടെ അത് തീക്കനല്‍ ജ്വാലകളുതിര്‍ക്കാനും മലവെള്ളപ്പാച്ചില്‍ പോലെ കൂലംകുത്തിയൊഴുകാനും തുടങ്ങി. ശരിയായ ദിശയിലേക്കത് ലക്ഷ്യം വെച്ചു. അതോടെ അക്കാലമത്രയും ഒട്ടകം മേച്ചു നടന്നവര്‍ വലിയൊരു സമൂഹത്തിന്റെ നേതാക്കളായി. ലോകം അടക്കി ഭരിക്കുന്ന ഭരണാധികാരികളായിത്തീര്‍ന്നു. കൊച്ചു ഗോത്രങ്ങളെയും ചെറിയ ഭൂപ്രദേശങ്ങളെയും ജയിച്ചടക്കിയവര്‍, വന്‍ രാഷ്ട്രങ്ങളേയും ശക്തിയിലും കോയ്മയിലും ഔന്നത്യം നേടിയ വന്‍സമൂഹങ്ങളെത്തന്നെയും കീഴ്‌മേല്‍ മറിക്കുന്നവരായിത്തീര്‍ന്നു. അധ്യാപകരും വിദ്യാര്‍ത്ഥികളും കയ്യൊഴിച്ച, പഠന നിലവാരം തീരെ താഴ്ന്ന, പൂട്ട് വെച്ച മദ്രസകളില്‍ പ്രവാചകന്‍ തന്റെ താക്കോല്‍ കൊണ്ടുപോയിവെച്ചു. വിജ്ഞാനത്തിന്റെ ഔന്നത്യവും അദ്ധ്യാപകന്റെയും പണ്ഡിതന്റെയും വിദ്യാത്ഥിയുടെയും ശ്രേഷ്ഠതയും വിവരിച്ചുകൊടുത്തു. മതത്തെ വിജ്ഞാനവുമായി സമഞ്ജസപ്പെടുത്തി സമൂഹത്തില്‍ സ്വാധീനവും വ്യാപ്തിയുമുള്ള വിജ്ഞാന സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തുകയും അവഗണിക്കപ്പെട്ട് കിടന്നിരുന്ന വൈജ്ഞാനിക മേഖലയെ മൂല്യവത്താക്കുകയും ചെയ്തു. അതോടെ ഓരോ മുസ്‌ലിം പള്ളിയും മുസ്‌ലിം ഭവനവും വിജ്ഞാനം വിതറുന്ന കേന്ദ്രങ്ങളായി മാറി. ഓരോ മുസ്‌ലിമും സ്വയം പഠിക്കുന്നവനും മറ്റുള്ളവരെ പഠിപ്പിക്കുന്നവനുമായി. നീതിയുടെ കവാടങ്ങള്‍ കൊട്ടിയടയ്ക്കപ്പെട്ട കോടതി താഴുകളില്‍ നബി(സ) തന്റെ താക്കോല്‍ ഉപയോഗിച്ചു. ഏത് പണ്ഡിതനും നീതിമാനായ ജഡ്ജിയും നിഷ്പക്ഷമതിയായ ഭരണാധികാരിയുമായി മാറി. അങ്ങനെ വിശുദ്ധ ഖുര്‍ആനിന്റെ പ്രഖ്യാപനങ്ങളുടെ സാക്ഷാല്‍ക്കാരമായി മുസ്‌ലിംകളെല്ലാം ഭൂമിയില്‍ നീതി നിലനിര്‍ത്തുന്ന അല്ലാഹുവിന്റെ സച്ചരിത സാക്ഷികളായി രൂപാന്തരപ്പെട്ടു. നീതി നിറയുകയും കുതര്‍ക്കങ്ങള്‍ കുറയുകയുമായിരുന്നു ഇതിന്റെ ഫലം. ഇതോടെ കള്ളസാക്ഷി പറയലും വിധി പ്രസ്താവങ്ങളില്‍ അതിക്രമം നടത്തലും തീരെ ഇല്ലാതായി. പിതാവിനും മകന്നുമിടയില്‍, സഹോദരീ സഹോദരന്‍മാര്‍ക്കിടയില്‍, ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ വളര്‍ന്ന് വികസിച്ച് കുടുംബത്തില്‍ നിന്ന് സമൂഹത്തില്‍ വ്യാപിച്ച്, അടിമയ്ക്കും യജമാനന്നുമിടയില്‍, നേതാവിനും അണികള്‍ക്കുമിടയില്‍, വലിയവനും ചെറിയവന്നുമിടയിലൂടെ നിലനിന്ന് കൊടികുത്തിവാണ അസമത്വത്തിനുമേലും തിരുമേനി തന്റെ താക്കോല്‍ ഉപയോഗപ്പെടുത്തി.

ഇവിടെ എല്ലാവരും സ്വാര്‍ത്ഥതയുടെ ലോകത്തായിരുന്നു. തന്റെ അവകാശം പിടിച്ചുവാങ്ങാന്‍ ഓരോരുത്തരും ബദ്ധശ്രദ്ധരാകുന്നെങ്കിലും ഇതരരുടെ അവകാശങ്ങള്‍ വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. അവരെല്ലാവരും അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്നതില്‍ ഏറ്റക്കുറച്ചില്‍ വരുത്തുന്നവരായിരുന്നു. ഖുര്‍ആനിന്റെ വാചകങ്ങള്‍ കടമെടുത്താല്‍ ''ഇങ്ങോട്ട് അളന്ന് വാങ്ങുമ്പോള്‍ അവര്‍ പൂര്‍ണ്ണമായും വാങ്ങുന്നവരും മറ്റുള്ളവര്‍ക്ക് അളന്നോ തൂക്കിയോ കൊടുക്കുമ്പോള്‍ കുറവ് വരുത്തുന്നവരുമായിരുന്നു.'' അങ്ങനെ കുടുംബത്തിലദ്ദേഹം ഈമാനിന്റെ ചെടി നട്ടുപിടിപ്പിച്ചു. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് ശക്തമായ താക്കീത് നല്‍കിയ പ്രവാചകന്‍ അവന്റെ വചനങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിച്ചു: ''മനുഷ്യരേ! നിങ്ങളെ നാം ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അങ്ങനെ അത് രണ്ടില്‍ നിന്നുമായി പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചുകൊള്ളുക! നിങ്ങള്‍ ഏത് അല്ലാഹുവിനെ മുന്‍നിറുത്തി പരസ്പരം ആവശ്യപ്പെടുന്നുവോ അവനെ സൂക്ഷിക്കുക! അപ്രകാരം നിങ്ങള്‍ അന്യോന്യമുള്ള കുടുംബ ബന്ധത്തെയും സൂക്ഷിക്കുക. അല്ലാഹു നിങ്ങളെ ശരിക്ക് വീക്ഷിക്കുന്നവനാണ്.'' സമൂഹത്തിലും കുടുംബത്തിലും ഉത്തരവാദിത്വം വീതിച്ച് കൊടുത്തുകൊണ്ട് പ്രവാചകന്‍ പറഞ്ഞു: ''നിങ്ങളെല്ലാവരും ഭരണാധികാരികളും ഭരണീയരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ്.'' ഇങ്ങനെ പരസ്പരം സ്‌നേഹിക്കുന്ന, നീതിയിലും ശരിയായും നിലകൊള്ളുന്ന കുടുംബത്തെയും സമൂഹത്തെയും തിരുമേനി സ്വരൂപിച്ചു. പരലോകത്തെക്കുറിച്ച് ശക്തമായ ഭയവും 'അമാനത്തി'നെക്കുറിച്ച് അഗാധബോധവും അംഗങ്ങളില്‍ സന്നിവേശിപ്പിച്ചു. ഇതോടെ അമീര്‍മാരും ഭരണാധികാരികളും സൂക്ഷ്മതയുടെയും ജീവിതപാരുഷ്യത്തിന്റെയും നിറകുടങ്ങളായി -ജനനേതാവ് അവരുടെ സേവകനായി മാറി. സമൂഹ നേതൃത്വം ഏറ്റെടുക്കുന്നവര്‍ അനാഥയുടെ രക്ഷിതാവിനെപ്പോലെയായി. വ്യാപാരികളെയും സമ്പന്നരെയും അദ്ദേഹം അഭിമുഖീകരിച്ചു. ഭൗതിക ലോകത്തോട് വിരക്തിയും പരലോകത്തോട് താല്‍പര്യവും അവരില്‍ വളര്‍ത്തി. സമ്പത്ത് പൂര്‍ണ്ണമായും പ്രവാചകന്‍ അല്ലാഹുവോട് ചേര്‍ത്തു. അദ്ദേഹം (നബി -സ) പറഞ്ഞു: ''നിങ്ങളെ പ്രതിനിധികളാക്കിയ സ്വത്തില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക'' (അല്‍ഹദീസ് 7). അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ സ്വത്തില്‍നിന്ന് നിങ്ങള്‍ അവര്‍ക്ക് നല്‍കുക (അന്നൂര്‍ 32). 'സമ്പത്ത് സൂക്ഷിച്ച് കൂമ്പാരമാക്കുന്നതിനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുന്നതിനും താങ്കള്‍ അവര്‍ക്ക് താക്കീത് നല്‍കുക. സ്വര്‍ണവും വെള്ളിയും സംഭരിച്ച് വെയ്ക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനിപ്പിക്കുന്ന ശിക്ഷയുണ്ടെന്നു താങ്കള്‍ അറിയിക്കുക. (അത്തൗബ 35).... ഇങ്ങനെ പോകുന്നു ആ വാക്കുകള്‍.

അല്ലാഹുവില്‍ അചഞ്ചലമായി വിശ്വസിക്കുന്ന, അവന്റെ ശിക്ഷയെ കഠിനമായി ഭയപ്പെടുന്ന, ഭൗതിക ലോകത്തിന്റെ ആഡംബരങ്ങളെ പുല്ലുപോലെ അവഗണിച്ച് പരലോക ജീവിതം തെരഞ്ഞെടുക്കുന്ന ഉത്തമ വ്യക്തിത്വത്തെയാണ് പ്രവാചകന്‍ തന്റെ സന്ദേശം കൊണ്ടും പ്രബോധനം കൊണ്ടും സമൂഹത്തില്‍ കാഴ്ചവെച്ചത്. സ്വന്തം ആത്മീയ ശക്തികൊണ്ടും ഈമാന്‍ കൊണ്ടും നിസ്സാരമായ ഭൗതികതയെ ജയിച്ചെടുക്കാന്‍ അവര്‍ക്ക് നിഷ്പ്രയാസം സാധിക്കുമായിരുന്നു. ഭൗതിക ലോകം അതിനു വേണ്ടിയും അവന്‍ പരലോകത്തിനു വേണ്ടിയും സൃഷ്ടിക്കപ്പെട്ടതാണെന്ന് അവന്ന് നല്ല ബോധമുണ്ടായിരുന്നു. ഈ വ്യക്തി കച്ചവടക്കാരനായാല്‍ വിശ്വസ്തനും സത്യസന്ധനുമായ കച്ചവടക്കാരനായിരുന്നു. ഇവന്‍ 'ഫഖീറാ'യാല്‍ മാന്യതയുടെ മേലങ്കിയണിഞ്ഞ 'ഫഖീറാ' യിരുന്നു. ഇവന്‍ തൊഴിലാളിയായാല്‍ പരിശ്രമശാലിയും ആഭ്യുദയകാംക്ഷിയുമായ തൊഴിലാളിയാകുമായിരുന്നു. ഇവന്‍ സമ്പന്നനായാല്‍ സമസൃഷ്ടി ബോധവും ഉദാരനുമാകുമായിരുന്നു. ഇവന്‍ ജഡ്ജിയായാല്‍ കാര്യം വേണ്ടപോലെ ഗ്രഹിക്കുന്ന നീതിമാനായ ജഡ്ജിയാകുമായിരുന്നു. ഇവന്‍ ഭരണാധികരിയായാല്‍ വിശ്വസ്തനായ ആത്മാര്‍ത്ഥതയുള്ള ഭരണാധികാരിയാകുമായിരുന്നു. ഇവന്‍ നേതാവായാല്‍ ആര്‍ദ്ര മനസ്‌കനും വിനയാന്വിതനുമായ നേതാവായി മാറുന്നു. പരിചാരകനോ കൂലിക്കാരനോ ആയാല്‍ ഇവന്‍ ശക്തനും വിശ്വസ്തനുമാകുന്നു. പൊതുമുതലിന്റെ മേല്‍നോട്ടം ഇവനെ ഏല്‍പിച്ചാല്‍ ഇവന്‍ സര്‍വ്വത്ര പരിജ്ഞാനിയും സൂക്ഷിപ്പുകാരനുമായ മേല്‍നോട്ടക്കാരനുമായി മാറുന്നു. ഈ സമൂഹത്തിന്റെയും ഗവണ്‍മെന്റിന്റെയും സ്വാധീനം കൊണ്ടാണ് ഈമാനും സുകൃതവും സത്യവും ആത്മാര്‍ത്ഥതയും പരിശ്രമവും കഠിനാധ്വാനവും, ഇടപാടുകളിലും പരസ്പര ബന്ധങ്ങളിലും നീതിയും ഉള്ള കെട്ടുറപ്പിന്റെ ജീവല്‍പ്രതീകമായൊരു വിഭാഗം ഉയിരെടുത്തത്.

വിവ: ഹംസ റഹ്മാനി കൊണ്ടിപറമ്പ്‌

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter