സങ്കീര്‍ണതകളുടെ ലോക പരിസരത്തില്‍ നബി ഉത്തരമാകുന്നതെങ്ങനെ?

സാങ്കേതികാന്വേഷണങ്ങളും അറിവുകളും അനേകമടങ്ങ് വര്‍ദ്ധിച്ചു. മാനവവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധ്യമായി. എന്നാല്‍ അന്ധകാരത്തിലേക്കാണ് ലോകത്തിന്റെ കുതിപ്പ്. സാംസ്‌കാരികാസ്തിക്യവും പൈതൃകവും നഷ്ടപ്പെടുന്നതാണ് ലോകസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി. വന്‍സാമ്പത്തിക ശക്തിയായി അതിവേഗം വളര്‍ന്നുവരുന്ന കമ്മ്യൂണിസ്റ്റ് ചൈന പോലും വ്യക്തവും സുദൃഢവും പഴക്കമുള്ളതുമായ ഒരു സാംസ്‌കാരികാടിത്തറ രാഷ്ട്രത്തിനുണ്ടാവണമെന്നും എങ്കിലേ രാഷ്ട്രം ഉലയാതെ നിലനിര്‍ത്താനാവൂ എന്നും സിദ്ധാന്തിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണത്രെ ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ കണ്‍ഫ്യൂഷസിന്റെ പത്തടി ഉയരമുള്ള വെങ്കല പ്രതിമ കഴിഞ്ഞ ദിവസം സ്ഥാപിച്ചത്.

ആഗോളവല്‍ക്കരണത്തിന്റെ പ്രധാന ഇര സംസ്‌കാരങ്ങളാണ്. ആറാം നൂറ്റാണ്ടിലെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന മക്കയിലെ പ്രാദേശിക സമൂഹ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ മാലിന്യങ്ങളും കറകളും ഒരു ജനപഥമെന്ന നിലക്ക് അവരുടെ ചരിത്രപരമായ നിലനില്‍പ്പ് പോലും ചോദ്യം ചെയ്തിരുന്നു. പില്‍ക്കാല സമൂഹങ്ങള്‍ക്ക് യാതൊരു ശേഷിപ്പും നല്‍കാനില്ലാത്ത വരണ്ട പരിസരങ്ങളാണവരുടെ ഇരുണ്ട ജീവിതങ്ങള്‍ തീര്‍ക്കാന്‍ നിമിത്തമായത്. അവര്‍ ഒരുനിലക്ക് ആത്മീയ മരണം മാത്രമല്ല ഭൗതിക മരണവും വരിച്ചിരുന്നു. എന്തിനാണവര്‍ ജീവിക്കുന്നത് എന്ന ചോദ്യത്തിനു മുമ്പില്‍ പകച്ചു നില്‍ക്കാനേ അവര്‍ക്കാവുമായിരുന്നുള്ളൂ. ലൈംഗികത, ലഹരി, യുദ്ധം എന്നിവയിലായിരുന്നു അറബികളുടെ ജീവിതം. ഇതിന്നിടയില്‍ കവികള്‍ പെണ്ണിനേയും യുദ്ധത്തേയും വര്‍ണ്ണിച്ചു. എന്നാല്‍ കാര്‍ഷിക, വൈജ്ഞാനിക, നിര്‍മ്മാണാത്മക രംഗങ്ങളില്‍ ഒരിടവും അവര്‍ക്കില്ലാതെപോയി. അതിന്നിടയാക്കിയത് അവരില്‍ അധിനിവേശം നടത്തിയ വാണിജ്യവല്‍ക്കരണമായിരുന്നു. മതസ്ഥാപനങ്ങള്‍ പോലും ആസ്വാദനങ്ങള്‍ക്കും പകതീര്‍ക്കലുകള്‍ക്കുമുള്ള ഇടങ്ങളായി രൂപപ്പെട്ടത് അങ്ങനെയാണ്.

വിശ്വാസങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. കുടുംബദൈവങ്ങളും വ്യക്തിദൈവങ്ങളും വിഷയാധിഷ്ടിത ദൈവങ്ങളും വന്നും പോയുമിരുന്നു. വെളിച്ചത്തിന് ആ സമൂഹത്തില്‍ അതികം പ്രസക്തി ഉണ്ടായില്ല. പകലെന്ന പ്രകൃതിവെളിച്ചത്തിനപ്പുറമൊരു അടിസ്ഥാനമുണ്ടെന്നവര്‍ നിരീക്ഷിച്ചുനോക്കിയതുമില്ല. ഈ ആപല്‍ഘട്ടത്തിലാണ് മഹാനായ പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ആഗമനം. ഇരുട്ടില്‍നിന്ന് ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നു അവിടുത്തെ നിയോഗം. അതുകൊണ്ട് തന്നെ സകല വെളിച്ചത്തിനു മുകളിലുമുള്ള സമ്പൂര്‍ണ്ണ പ്രകാശമായി പ്രവാചകന്‍(സ) വിലയിരുത്തപ്പെട്ടു. അന്ധകാരത്തിലകപ്പെട്ട ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നു നബി(സ)യുടെ പ്രവാചകത്വ ലബ്ധിയുടെ ഉദ്ദേശ്യം. ''അല്ലാഹു സത്യവിശ്വാസികളുടെ സംരക്ഷകനാകുന്നു. അവന്‍ അവരെ ഇരുട്ടുകളില്‍നിന്ന് പ്രകാശത്തിലേക്ക് നീക്കിക്കൊണ്ടുവരുന്നു. അവിശ്വസിച്ചവരാകട്ടെ അവരുടെ സംരക്ഷകന്മാര്‍ പിശാചുക്കളാണ്. പിശാചുക്കള്‍ അവിശ്വാസികളെ ഇരുട്ടിലേക്കാണ് നീക്കികൊണ്ടുപോകുന്നത്.'' (വി.ഖു. 2:257) വെളിച്ചം നിഷേധിച്ചാലുള്ള 'ദാഹ'മാണ് ദുസ്സഹം. അതില്ലാതാവുമ്പോഴാണ് അതിന്റെ വിലയറിയുക. നീതിബോധം, സദാചാരനിഷ്ട, ധര്‍മ്മ വിചാരങ്ങള്‍, പരലോക ചിന്തകള്‍, ചുമതലാബോധം, വിജ്ഞാന ത്വര, വിനയം തുടങ്ങിയവയാണ് വെളിച്ചത്തിന്റെ ഉല്‍പ്പന്നങ്ങള്‍. ഇതൊക്കെ ഇല്ലാതാവുന്ന സമൂഹ പരിസരം എത്രമേല്‍ വന്യവല്‍ക്കരിക്കപ്പെടുമെന്ന് പറയേണ്ടതില്ല. തികഞ്ഞ ഇരുട്ടാണ് അത്തരം ഘട്ടത്തിന്റെ അവസ്ഥ. മാനവസമൂഹത്തിന്റെ സാന്നിദ്ധ്യം ഭൂമിയിലുണ്ടായ നാള്‍ മുതല്‍ ഈ പ്രകാശ വല്‍ക്കരണത്തിന് അല്ലാഹു പ്രവാചകന്മാര്‍ മുഖേനെ അവസരങ്ങളൊരുക്കിയിരുന്നു. തദാവശ്യാര്‍ത്ഥം വേദഗ്രന്ഥങ്ങളും ലക്ഷത്തിലധികം പ്രവാചകരും ഇവിടെ വന്നിട്ടുമുണ്ട്. ''ആ നബി(സ)യെ പിന്തുടര്‍ന്ന് കൊണ്ട് മര്‍യമിന്റെ പുത്രന്‍ ഈസാ(അ)യെ നാമയച്ചു. തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവരായിക്കൊണ്ട് അദ്ദേഹത്തിന് നാം ഇഞ്ചീല്‍ നല്‍കുകയും ചെയ്തു. അതില്‍ മാര്‍ഗ്ഗദര്‍ശനവും പ്രകാശവും ഉണ്ട്.'' (വി.ഖു. 5:47)

ലോകക്രമം അടിമുടി മാറിയിരിക്കുന്നു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അടിസ്ഥാനസൗകര്യത്തിനും സാമൂഹ്യക്ഷേമത്തിനും നീക്കിവെക്കാന്‍ ഫണ്ടില്ല. ബജറ്റ് ആഹരിക്കുന്നത് പ്രതിരോധാവശ്യങ്ങള്‍ക്കാണെന്ന് വരുന്നു. ബോംബും ഫൈറ്റര്‍ വിമാനങ്ങളും ഉണ്ടാക്കാനും പ്രതിരോധ ഗവേഷണങ്ങള്‍ക്കും മുഖ്യ ഫണ്ടും മനുഷ്യാധ്വാനവും നീക്കിവെക്കേണ്ടിവരുന്നു. മാനവികതയുടെ ഒന്നാം പാഠം വെളിച്ചമാണെന്നും അകവും പുറവും തെളിയുന്ന വിശുദ്ധിയാണതെന്നും ലോകം വിസ്മരിക്കുന്നു. പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റാത്തവിധം പൊതുവിചാരങ്ങളില്‍ നിന്നകന്നുപോവുകയാണ് വെളിച്ചം. മനുഷ്യരുടെ ഇരുട്ടിനോടുള്ള അന്ധമായ പ്രേമം അവരെ കൂടുതല്‍ അന്ധകാരത്തിലേക്ക് നയിക്കുന്നു. വെളിച്ചം അപരിചിതമാവുന്ന അവസ്ഥയിലേക്കത് കൊണ്ടെത്തിക്കുന്നു. ''മനുഷ്യാ! നിനക്ക് വല്ല നന്മയും ലഭിച്ചാല്‍ അത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഉണ്ടായതാകുന്നു. നിനക്ക് വല്ല തിന്മയും അധികരിച്ചാല്‍ അത് നിന്റെ പ്രവൃത്തികൊണ്ട് തന്നെ ഉണ്ടായതാണ്. നബിയെ, നാം താങ്കളെ എല്ലാ ജനങ്ങള്‍ക്കും റസൂലായി അയച്ചിരിക്കുന്നു. അതിന് സാക്ഷിയായി അല്ലാഹു തന്നെ മതി.'' (വി.ഖു. 5:79) ''നബിയെ, ലോകത്തുള്ളവര്‍ക്കെല്ലാം കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല.'' (വി.ഖു. 21:107) ''അല്ലാഹുവിങ്കലേക്ക് അവരെ കല്‍പ്പനയനുസരിച്ച് ക്ഷണിക്കുന്നയാളും പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയി നാം അയച്ചിരിക്കുന്നു.'' (വി.ഖു. 33:46)

ഇരുട്ടിന്നെതിരാണ് നമ്മുടെ ധര്‍മ്മ സമരം. ലോകത്തിന്നാവശ്യം വെളിച്ചമാണ്. അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നാം ഏറ്റെടുക്കേണ്ടത്. സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന തിന്മകള്‍ ഇല്ലാതാക്കാന്‍ പ്രവാചക ദര്‍ശനമെന്ന വെളിച്ചം പരിചയപ്പെടുത്തുകയാണ് വേണ്ടത്. ''നിശ്ചയമായും അല്ലാഹുവും അവന്റെ മലക്കുകളും നബി(സ)യുടെ മേല്‍ സ്വലാത്ത് നിര്‍വ്വഹിക്കുന്നുണ്ട്. സത്യവിശ്വാസികളേ, നിങ്ങളും സ്വലാത്തും സലാമും ചൊല്ലുക.'' (വി.ഖു. 33:56) പള്ളികളിലും മദ്‌റസകളിലും നബിദിന സമ്മേളനങ്ങളിലും അധികമായി നബി(സ)യുടെ ജീവിത ദര്‍ശനങ്ങളും ചരിത്രങ്ങളും ചര്‍ച്ച ചെയ്യുക. ലോക സമാധാനവും ഐശ്വര്യവും പുലര്‍ന്നു കാണാനാഗ്രഹിക്കുന്നവര്‍ക്ക് പ്രവാചക ദര്‍ശനങ്ങള്‍ കരുത്തുപകരും. സംഘര്‍ഷങ്ങളാലും പരസ്പര വിധ്വേഷങ്ങളാലും ഒന്ന് മറ്റൊന്നിനെ കീഴ്‌പ്പെടുത്താനുള്ള നീക്കങ്ങളാലും ലോകം വീര്‍പ്പുമുട്ടുന്നു. പാരതന്ത്ര്യമാണ് മനുഷ്യരെ വേട്ടയാടുന്നത്. 2010-ല്‍ ജനാധിപത്യം പോലും ലോക നിലവാരത്തില്‍ ദുര്‍ബലപ്പെട്ടു എന്നാണ് പഠനഫലം. വംശീയ, വര്‍ഗ്ഗീയ, മതകീയ കലാപങ്ങള്‍ കാരണം മനസ്സ് മരവിക്കുന്ന വാര്‍ത്തകളാണ് ദൈനം ദിനം നമ്മെ തേടിവരുന്നത്. നന്മയുടെ ഒരു വാക്ക്, ഒരു നറുപുഞ്ചിരി, സഹായ ഹസ്തം, സദ്‌വിചാരം -ഇതൊക്കെ നട്ടുമുളപ്പിച്ചെടുക്കണം. മനുഷ്യ മനസ്സുകളില്‍ സത്യത്തിന്റെ മിനാരങ്ങള്‍ പണിയണം. ഇരുട്ടിന്റെ പ്രതിരൂപമാണ് അസത്യം. സത്യത്തിന്റെ പ്രതിരൂപം പ്രകാശവും. ''തത്രസത്ത്വം നിര്‍മ്മലത്വാത്പ്രകാശകമനാമയം / സുഖ സങ്‌ഗേന ബധ്‌നാതി ജ്ഞാന സങ്‌ഗേന ചാനഘ'' ഹേ, പുണ്യാത്മാവെ മറ്റുള്ളവയെ ഉപേക്ഷിച്ച് വിശുദ്ധാത്മാകയാല്‍ സ്വത്തുഗുണം പ്രകാശമാനവും എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതുമാണ്. ആ ഗുണത്തില്‍ സ്ഥിതിചെയ്യുന്നവര്‍ സുഖത്താലും ജ്ഞാനത്താലും ബന്ധരാക്കപ്പെടും. (ഭഗവത് ഗീത)

സത്യവിശ്വാസികള്‍ക്ക് വിശ്രമിക്കാനാവില്ല. അവര്‍ എന്നും എപ്പോഴും സത്യത്തിനു വേണ്ടി നിലകൊള്ളണം. ലോകത്ത് വിളക്കണക്കാന്‍ അധികപേരുണ്ട്. വെളിച്ചം കൊളുത്താന്‍ അത്രയധികം പേരുണ്ടാവണമെന്നില്ല. പ്രവാചകര്‍ (സ) നല്‍കിയ വെളിച്ചം ലോകത്തിന് കൈമാറുക, മാനവ സമൂഹം പ്രകാശത്തിന്റെ സുഗന്ധവും സൗന്ദര്യവും ആസ്വദിക്കട്ടെ. അതാണ് നമുക്കേറ്റവും ആനന്ദം നല്‍കുന്ന പ്രവൃത്തികള്‍. നബിദിന പരിപാടികള്‍ സമ്മേളനവല്‍ക്കരണങ്ങളാക്കി ചെറുതാവരുത്. സജ്ജന സാന്നിദ്ധ്യങ്ങള്‍ അനിവാര്യമായ ലോകത്തിന് അത് സൃഷ്ടിച്ചെടുക്കാനുള്ള ഉപയോഗപ്പെടുത്തലുകള്‍ കൂടിയാവണം.

Related Posts

Leave A Comment

Voting Poll

Get Newsletter

Success

Your question successfully uploaded!