ദൗത്യസംഘങ്ങളും ഇസ്ലാമിന്റെ വ്യാപനവും

ഹിജ്‌റ വര്‍ഷം ഒമ്പത് പിറന്നതോടെ ഇസ്‌ലാം അറേബ്യന്‍ ഉപദ്വീപിലെ ഔദ്യോഗിക ശബ്ദമായി മാറി. എവിടെയും അതിന്റെ മന്ത്രധ്വനികള്‍ ഉയര്‍ന്നുകേള്‍ക്കുകയും അനുഷ്ഠാന തലങ്ങള്‍ പരസ്യമായിത്തന്നെ അനുവര്‍ത്തിക്കപ്പെടുകയും ചെയ്തു. പുറംലോകങ്ങളിലും അതിന്റെ അനുരണനങ്ങള്‍ വ്യാപകമായി പ്രതിഫലിച്ചുതുടങ്ങി. വിശിഷ്യാ, മക്കാവിജയത്തോടെ ഖുറൈശികളും ഹുനൈന്‍ യുദ്ധത്തോടെ  ജൂതന്മാരും തബൂക്‌യുദ്ധത്തോടെ ക്രൈസ്തവരും ഇസ്‌ലാമിന്റെ ധ്വജവാഹകരായിമാറിയതോടെ പ്രകടവും പൊതുവുമായ എതിര്‍പ്പുകള്‍ എവിടെനിന്നുമുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ചില ഭാഗങ്ങളില്‍നിന്നുമുണ്ടായിരുന്നുവെങ്കിലും ക്രമേണ അതും ഇല്ലാതായി. ഹിജ്‌റ ഒമ്പതാം വര്‍ഷമായിരുന്നു ഇതിന് സാക്ഷ്യം വഹിച്ച ഏറ്റവും പ്രധാനപ്പെട്ട കാലം.
ഹിജ്‌റ വര്‍ഷം ഒമ്പതിന് തബൂക് യുദ്ധം അവസാനിച്ചതോടെ അറബ് ലോകം ശാന്തമായി. ഇസ്‌ലാമിക മുന്നേറ്റത്തിന് അതിര്‍വരമ്പ് സൃഷ്ടിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് ശത്രുക്കളൊന്നടങ്കം സമ്മതിച്ചതോടെ അതൊരു അജയ്യ ശക്തിയായി എങ്ങും പടര്‍ന്നുപിടിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നും കൊച്ചു കൊച്ചു സംഘങ്ങളായി ആളുകള്‍ പ്രവാചകരിലേക്കു പ്രവഹിക്കാന്‍ തുടങ്ങി. ഓരോ സംഘവും പ്രവാചക സവിധത്തില്‍ വരികയും ഇസ്‌ലാംമതം സ്വീകരിക്കുകയും പ്രായോഗികമായും വിശ്വാസപരമായും ഇസ്‌ലാമിനെക്കുറിച്ച് പഠിച്ച് സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ശേഷം, തങ്ങളുടെ നാടുകളില്‍ അതിനെ പ്രബോധനം നടത്തി. ജനങ്ങളെയൊന്നടങ്കം ഈ വിശുദ്ധ മതത്തിനുകീഴില്‍ കൊണ്ടുവന്നു. ഹുദൈബിയ്യ സന്ധിമുതല്‍തന്നെ ഈ പ്രവണത ആരംഭിച്ചിരുന്നു. മക്കാവിജയത്തോടെ ഇത് വര്‍ദ്ധിച്ചു.  ഹിജ്‌റ ഒമ്പതാം വര്‍ഷത്തിലാണ് ഈ പ്രവാഹം അതിന്റെ മൂര്‍ദ്ധന്യത പ്രാപിക്കുന്നത്. അറിയപ്പെട്ട ചരിത്രമനുസരിച്ച് നൂറോളം ദൗത്യസംഘങ്ങള്‍ ഇക്കാലത്ത് പ്രവാചക സമക്ഷം കടന്നുവരികയും ഇസ്‌ലാംമതം സ്വീകരിച്ച് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോവുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ വര്‍ഷം ആമുല്‍ വുഫൂദ് അഥവാ ദൗത്യസംഘങ്ങളുടെ വര്‍ഷം എന്നപേരില്‍ അറിയപ്പെടുന്നു.
അബ്ദുല്‍ ഖൈസ്, ഔസ്, സൂദാഅ്, ഉദ്‌റ, ബല്‍ഇയ്യ്, സഖീഫ്, യമന്‍, ഹംദാന്‍, ബനൂ ഫസാറ, നജ്‌റാന്‍, ബനൂ ഹനീഫ, ബനൂ ആമിര്‍ ബിന്‍ സ്വല്‍അ, തുജീബ്, ത്വയ്യ്, തമീം തുടങ്ങിയ വിവിധ സമയങ്ങളില്‍ പ്രവാചക സവിധം വന്ന് ഇസ്‌ലാമാശ്ലേഷിച്ച ദൗത്യസംഘങ്ങളാണ്. വേറെയും അനവധി സംഘങ്ങള്‍ സത്യമതത്തിന്റെ വിപ്ലവസന്ദേശമുള്‍കൊള്ളാനായി കടന്നുവന്നിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലും ഉള്‍നാടുകളിലും ഇസ്‌ലാം ചലനാത്മകമാകുന്നത് പ്രധാനമായും ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനഫലമാണ്. ഇതോടെ ഒരു വന്‍ മാറ്റത്തിനു തന്നെ അറേബ്യന്‍ ഉപദ്വീപ് സാക്ഷ്യം വഹിച്ചു. ഇസ്‌ലാമിനുമാത്രമേ പിന്നീട് അവിടെ ഏതുകാര്യങ്ങളിലും മേല്‍ക്കോഴ്മയുണ്ടായിരുന്നുള്ളൂ.

നിവേദകസംഘങ്ങള്‍

പ്രവാചകരെത്തേടി ദൗത്യ സംഘങ്ങള്‍ എത്തിയതുപോലെ ഈ കാലഘട്ടത്തില്‍ പ്രവാചകന്‍ വിവിധ പ്രദേശങ്ങളിലേക്ക് പ്രത്യേകം നിവേദക സംഘങ്ങളെ പറഞ്ഞയക്കുകയും ചെയ്തിരുന്നു. ഓരോ നാടുകളില്‍പോയി ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും അവരെ അതിലേക്കു ക്ഷണിക്കുകയും ചെയ്യലായിരുന്നു അവരുടെ ഉത്തരവാദിത്തം. യമനാണ് ഇതില്‍ ഏറെ പ്രധാനപ്പെട്ട ഒരു കേന്ദ്രം. അറേബ്യന്‍ ഉപദ്വീപിലെ ഫലഭുഷ്ഠമായ പ്രദേശമായിരുന്നു യമന്‍. അറബികളിലെ ഖഹ്ഥാന്‍ വിഭാഗമാണ് ഇവിടെ താമസിച്ചിരുന്നത്. നേരത്തെത്തന്നെ ഇസ്‌ലാമുമായി വളരെ ബന്ധപ്പെട്ട പ്രദേശമായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഇവിടെനിന്നും അനവധി ഗോത്രങ്ങള്‍ പ്രവാചകനു മുമ്പില്‍ പോയി ഇസ്‌ലാം വിശ്വസിച്ചിട്ടുണ്ട്. അശ്അരിയ്യീന്‍, ഖൗലാന്‍, കിന്ദ, ഹമദാന്‍, ബുജൈല, ഖസ്അം, ഹള്ര്‍ മൗത്ത്, ഹുമൈര്‍, തുടങ്ങിയവ അതില്‍ ചിലതാണ്. ഹിജ്‌റ വര്‍ഷം പത്തിന് പ്രവാചകന്‍ വിവിധ സംഘങ്ങളെ ഈ ഭാഗത്തേക്ക് ഇസ്‌ലാംമത പ്രചരണവുമായി പറഞ്ഞയച്ചു. ആദ്യം നാന്നൂറോളം വിശ്വാസികളോടൊപ്പം ഖാലിദ് ബ്‌നുല്‍ വലീദ് (റ) കടന്നുവന്നു. ശേഷം, യമന്റെ രണ്ടു ഭാഗങ്ങളിലേക്കായി അബൂ മൂസല്‍ അശ്അരി, മുആദ് ബ്‌നുല്‍ ജബല്‍ (റ) തുടങ്ങിയവര്‍ നിയോഗിക്കപ്പെട്ടു. പിന്നീട്, ഹമദാനിലേക്കു മാത്രമായി ഖാലിദ് ബ്‌നുല്‍ വലീദ് (റ) തന്നെ നിയോഗിക്കപ്പെട്ടു. തീര്‍ത്തും അനുകൂലവും എന്നാല്‍ പ്രതീക്ഷാര്‍ഹവുമായ പ്രതികരണങ്ങളാണ് ഇവിടങ്ങളില്‍നിന്നെല്ലാം അവര്‍ അഭിമുഖീകരിച്ചിരുന്നത്. പലരും നേരിട്ടുതന്നെ ഇസ്‌ലാമിലേക്കു കടന്നുവരികയും ചിലര്‍ ചെറിയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ സത്യം ബോധ്യപ്പെട്ട് വിശുദ്ധമതത്തിന്റെ വക്താക്കളായി മാറുകയും ചെയ്തു. ഇങ്ങനെ, വിവിധ ഭാഗങ്ങളിലായി അനവധി സംഘങ്ങള്‍. പോയിടങ്ങളിലെല്ലാം വന്‍ മാറ്റങ്ങളാണ് ഇസ്‌ലാം സാധ്യമാക്കിയിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter