തബൂക് യുദ്ധം

റോമിന്റെ മുസ്‌ലിം വിരുദ്ധത

ഏഴാം നൂറ്റാണ്ടിലെ ലോകത്തെ പ്രബലശക്തികളിലൊന്നായിരുന്നു റോം. നേരത്തെ ചില ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും അവിടെ ഇസ്‌ലാമിന് കൂടുതല്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. അറബ് ലോകത്തെപ്പോലെ റോമിലും ഇസ്‌ലാമിക ശബ്ദം ഉയര്‍ന്നുകേള്‍ക്കാന്‍ പ്രവാചകന്‍ ആഗ്രഹിച്ചു. ഫതഹുമക്കയും ഹുനൈനും കഴിഞ്ഞ് മദീനയിലെത്തിയപ്പോള്‍ റോമക്കാര്‍ ഇസ്‌ലാമിനെതിരെ സൈനിക സമാഹരണം നടത്തുന്നതായി പ്രവാചകന് വിവരം കിട്ടി. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അന്നൊക്കെ റോമിനെതിരെ ഒരു യുദ്ധം നയിക്കുകയെന്നത് ഓര്‍ക്കുന്നതിലുമപ്പുറത്തായിരുന്നു. പക്ഷെ, വളര്‍ന്നുപന്തലിച്ച ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്കെതിരെ യുദ്ധവിളിയുമായി പുറപ്പെട്ടുകഴിഞ്ഞ ശത്രുവിനെതിരെ രംഗത്തിറങ്ങി ശക്തിതെളിയിക്കല്‍ അനിവാര്യമാണ്. പ്രവാചകന്‍ അതിന് പ്രതിജ്ഞയെടുത്തു.

മുസ്‌ലിംകളുടെ തയ്യാറെടുപ്പ്

റോമിനെതിരെ ശക്തമായൊരു സൈനിക മുന്നേറ്റം നടത്താന്‍ പ്രവാചകന്‍ തീരുമാനിച്ചു. അതനുസരിച്ച് നേരത്തെത്തന്നെ അതിനു തയ്യാറാവാന്‍ അനുയായികള്‍ക്ക് വിവരം നല്‍കി. എല്ലാ അര്‍ത്ഥത്തിലും പ്രതികൂലമായ സാഹചര്യമായിരുന്നു അത്. അറേബ്യയിലാകെ ശക്തമായ ചൂടും വരള്‍ച്ചയും നേരിട്ട സമയം. വിദൂര യാത്ര നടത്തി യുദ്ധംചെയ്യല്‍ ഏറെ ദുഷ്‌കരമായിരുന്നു. ശക്തമായ ചൂടായതിനാല്‍ ഈത്തപ്പഴങ്ങളുടെയും മറ്റും വിളവെടുപ്പിന്റെ കാലംകൂടിയായിരുന്നു. ഇതെല്ലാം ഒഴിച്ചുനിര്‍ത്തി വേണ്ടിയിരുന്നു യുദ്ധത്തിനു പോകാന്‍. അതേസമയം, എതിര്‍ പക്ഷം വന്‍ ആയുധശേഷിയുള്ളവരും അറിയപ്പെട്ട ലോകശക്തിയുമാണ്. ഇവര്‍ക്കെതിരെയാണ് ആവശ്യത്തിനുപോലും വാഹനമോ ആയുധമോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത മുസ്‌ലിംകള്‍ യുദ്ധത്തിനിറങ്ങുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം എല്ലാ നിലക്കും ഒരു വെല്ലുവിളിയായിരുന്നു ഇത്. പക്ഷെ, പ്രവാചകരുടെ വിളിയാളം കേട്ടതോടെ എല്ലാം മറന്ന് അവര്‍ അതേറ്റെടുത്തു.
ആവശ്യത്തിന് യുദ്ധസന്നാഹങ്ങളൊരുക്കാന്‍ ആസ്ഥിയില്ലാത്തതിനാല്‍ കഴിവുള്ളവരെല്ലാം യുദ്ധഫണ്ടിലേക്ക് അകമഴിഞ്ഞ് സഹായിക്കണമെന്ന് പ്രവാചകന്‍ ആഹ്വാനം ചെയ്തു. സ്വഹാബികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഒരു മല്‍സരമായി ഇത് മനസ്സിലാക്കി. സിദ്ദീഖ് (റ) തന്റെ മുഴു സമ്പാദ്യവും പ്രവാചകരെ ഏല്‍പ്പിച്ചു. ഉമര്‍ (റ) തന്റെ സമ്പാദ്യത്തിന്റെ പാതി നല്‍കി. അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫും ആസ്വിം ബിന്‍ അദിയ്യും അവരുടെ കഴിവനുസരിച്ച് കൊടുത്തി. ഉസ്മാന്‍ (റ) അനവധി ഒട്ടകങ്ങള്‍ നല്‍കി. എല്ലാംകൂടി സമാഹരിച്ചപ്പോള്‍ മുസ്‌ലിംകള്‍ക്ക് ചെറിയൊരു നില കൈവന്നു. എങ്കിലും ശത്രുക്കളിലേക്കു ചേര്‍ത്തുനോക്കുമ്പോള്‍ അത് നാലയലത്തുപോലും എത്തുമായിരുന്നില്ല.

തബൂകിലേക്ക്

ഒടുവില്‍ മുപ്പതിനായിരത്തോളം വരുന്ന സൈന്യവുമായി പ്രവാചകന്‍ റേമാസൈന്യത്തെ ലക്ഷ്യംവെച്ച് തബൂകിലേക്കു പുറപ്പെട്ടു. ഹിജ്‌റ വര്‍ഷം ഒമ്പത് റജബ് മാസത്തിലായിരുന്നു ഇത്. മുഹമ്മദ് ബിന്‍ മസ്‌ലമയെ മദീനയുടെയും അലി (റ) നെ തന്റെ കുടുംബത്തിന്റെയും ചുമതലയേല്‍പ്പിച്ചായിരുന്നു യാത്ര. യാത്രാമദ്ധ്യേ സംഘം സമൂദ് ഗോത്രം താമസിച്ചിരുന്ന ഹിജ്ര്‍ പ്രദേശത്തെത്തി. ദൈവികശിക്ഷയേല്‍ക്കാതിരിക്കാന്‍ കരഞ്ഞുകൊണ്ട് ആ സ്ഥലം വിട്ടുകടക്കണമെന്നും അവിടത്തെ കിണറുകളില്‍നിന്നും വെള്ളം ശേഖരിക്കരുതെന്നും പ്രവാചകന്‍ നിര്‍ദ്ദേശിച്ചു.
ക്ലേശപൂര്‍ണമായ യാത്രക്കൊടുവില്‍ മുസ്‌ലിം സൈന്യം തബൂക്കിലെത്തി. അവിടെ തമ്പടിക്കുകയും ശത്രുക്കളെ പ്രതീക്ഷിച്ചിരിക്കുകയും ചെയ്തു. അതിനിടെ പ്രവാചകന്‍ ഒരു ഉഗ്രന്‍ പ്രഭാഷണം നടത്തുകയും വിശ്വാസികളെ യുദ്ധത്തിന് സജ്ജരാക്കുകയും ചെയ്തു.

ഉന്നത വിജയം

പക്ഷെ, മുസ്‌ലിംകളുടെ സന്നദ്ധതയും ഒരുക്കവും കണ്ട റോമക്കാര്‍ക്ക് ഭീതികുടുങ്ങി. ഈ സമയം മുസ്‌ലിംകളുമായി ഒരു പോരാട്ടത്തിന് തയ്യാറാവുന്നത് ഒരിക്കലും നല്ലതിനല്ലെന്ന് അവര്‍ക്കനുഭവപ്പെട്ടു. അതനുസരിച്ച് അവര്‍ യുദ്ധത്തില്‍നിന്ന് പിന്‍മാറുകയും രംഗത്തുവരാതെ ഒളിഞ്ഞിരിക്കുകയും ചെയ്തു. അതേസമയം, റോമിലെ അനവധി ഗോത്രങ്ങള്‍ പ്രവാചകസവിധം വന്ന് കീഴടങ്ങുകയും പ്രവാചകരുമായി സന്ധിയിലേര്‍പ്പെടുകയും ചെയ്തു. പലരും മുസ്‌ലിമായി. ഐല, ജര്‍ബാഅ്, അദ്‌റഹ് തുടങ്ങിയ ഗോത്രങ്ങള്‍ ജിസ്‌യ നല്‍കാമെന്നു സമ്മതിച്ചു. ശേഷം, പ്രവാചകന്‍ ഖാലിദ് ബ്‌നുല്‍ വലീദ് (റ) വിനെ നാന്നൂറ്റി ഇരുപത് അശ്വഭടന്മാരോടൊപ്പം ക്രൈസ്തവ നേതാവ് ഉകൈദിര്‍ ബിന്‍ അബ്ദില്‍ മലികിനെ പിടികൂടാന്‍ പറഞ്ഞയച്ചു. ഖാലിദ് ബ്‌നുല്‍ വലീദ് (റ) അദ്ദേഹത്തെ പിടികൂടുകയും പ്രവാചകസവിധം ഹാജറാക്കുകയും ചെയ്തു. ജിസ്‌യ നല്‍കാമെന്ന നിബന്ധനയില്‍ അദ്ദേഹവും പ്രവാചകരുമായി സന്ധിയിലായി.
തബൂകില്‍ മുസ്‌ലിംകള്‍ക്ക് അപ്രതീക്ഷിത വിജയം കൈവന്നു. ഇത് റോമാസാമ്രാജ്യത്തില്‍ ഇസ്‌ലാമിന്റെ ശക്തി തെളിയിക്കുകയും പ്രശസ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പത്തോളം ദിവസം തബൂകില്‍ കഴിഞ്ഞ പ്രവാചകന്‍ ശേഷം വിജയശ്രീലാളിതനായി സൈന്യത്തോടൊപ്പം മദീനയിലേക്കു മടങ്ങി.
മദീനയിലെത്തിയ പ്രവാചകന്‍ കപടവിശ്വാസികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. അവരുടെ കാപട്യം മറനീക്കി പുറത്തുവന്ന യുദ്ധമായിരുന്നു ഇത്. പല കാരണങ്ങളും പറഞ്ഞ് അവര്‍ നേരത്തെത്തന്നെ യുദ്ധത്തില്‍നിന്നും പിന്‍മാറിയിരുന്നു. അവരുടെ ഉള്ളറ രഹസ്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഇതോടെ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചു.
കൂടാതെ, കഅബ് ബിന്‍ മാലിക്, മുറാറത്ത് ബിന്‍ റബീഅ്, ഹിലാല്‍ ബിന്‍ ഉമയ്യ (റ) എന്നിവരും യുദ്ധത്തില്‍നിന്ന് പിന്‍മാറിയിരുന്നു. അവരുടെ കാര്യത്തില്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നും തീരുമാനം വരുന്നതുവരെ പ്രവാചകര്‍ അവരെ മാറ്റി നിര്‍ത്തി. നാല്‍പത് ദിവസത്തിനു ശേഷം അവരുടെ കാര്യത്തില്‍ ഖുര്‍ആന്‍ അവതരിക്കുകയും അവരുടെ തൗബ സ്വീകരിക്കപ്പെടുകയും ചെയ്തു.
ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായകമായൊരു യുദ്ധമായിരുന്നു തബൂക്. പ്രവാചക ജീവിതത്തിലെ അവസാന യുദ്ധംകൂടിയായിരുന്നു ഇത്. ഇസ്‌ലാമിക ചരിത്രത്തില്‍ പുതിയൊരു അധ്യായം തുന്നിച്ചേര്‍ക്കാന്‍ ഇതിനു സാധിച്ചു. ഇതിനു ശേഷം പ്രവാചക ജീവിതത്തില്‍ മറ്റൊരു യുദ്ധം ഉണ്ടായിട്ടില്ല.

ഇസ്‌ലാമിലെ ആദ്യ ഹജ്ജ്


ഹിജ്‌റ വര്‍ഷം ഒമ്പതിന് ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ടു. പ്രവാചകരുടെ നിര്‍ദ്ദേശമനുസരിച്ച് സിദ്ദീഖ് (റ) വിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഹജ്ജിനായി മക്കയിലേക്കു പോയി. അലി (റ) വും കൂട്ടത്തിലുണ്ടായിരുന്നു. പ്രവാചകന്‍ അദ്ദേഹത്തെ വിളിച്ച് ഹജ്ജ് ദിവസം മക്കയില്‍ വെച്ച് ‘സത്യനിഷേധി സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നും ഈ വര്‍ഷത്തിനു ശേഷം ബഹുദൈവവിശ്വാസികള്‍ ഹജ്ജ് ചെയ്യാന്‍ പാടില്ലെന്നും ഇനിമുതല്‍ ആരും നഗ്നരായി കഅബ ഥവാഫ് ചെയ്യരുതെന്നും’ വിളിച്ചു പറയാന്‍ ചുമതലപ്പെടുത്തി. അലി (റ) മക്കയിലെത്തുകയും ഹജ്ജ് ദിവസം അതുപോലെ പ്രഖ്യാപനം നടത്തുകയും ചെയ്തു. അതോടെ, ആദ്യകാല ആചാരങ്ങള്‍ വിരോധിക്കപ്പെടുകയും ഇസ്‌ലാമിന്റെ മൂല്യാധിഷ്ഠിതവും വ്യവസ്ഥാപിതവുമായ ഹജ്ജ് കര്‍മത്തിന് തുടക്കം കുറിക്കപ്പെടുകയുമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter