ഉഹ്ദ് യുദ്ധവും അനന്തര സംഭവങ്ങളും

ബദറിലേറ്റ പരാജയം മക്കാ ഖുറൈശികളെ ഏറെ ദു:ഖിപ്പിച്ചു. തങ്ങളുടെ ഏറ്റവും വേണ്ടപ്പെട്ട പല നേതാക്കന്മാരുടെയും വേര്‍പാട് അവരെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. ഈയൊരു നിര്‍ണായക ഘട്ടത്തില്‍ ജാഹിലിയ്യത്തിന്റെ പ്രതികാരാഗ്നി അവരുടെ ഉള്ളകങ്ങളില്‍ ആളിക്കത്തി. മുഹമ്മദിനും അനുയായികള്‍ക്കുമെതിരെ എത്രയും വേഗം പ്രതികാരം ചെയ്യണമെന്ന് അവര്‍ ഗൗരവമായി ചിന്തിച്ചു.

പ്രതികാരദാഹം

ശാമില്‍നിന്നും വന്ന കച്ചവട സാധനങ്ങളില്‍ ഷയറുണ്ടായിരുന്നവരില്‍ നിന്നു യുദ്ധാവശ്യങ്ങള്‍ക്കായി വലിയൊരു സംഖ്യ ഓഫര്‍ ചെയ്യിച്ചു. ബദ്‌റില്‍ നേരിട്ട പചാജയത്തിന് പ്രതികാരം ചെയ്യാന്‍ എന്തുതന്നെ ചെലവഴിക്കാനും അവര്‍ സന്നദ്ധമായിരുന്നു. ഇതോടെ മക്കയില്‍ പുതിയൊരു യുദ്ധത്തിനുള്ള കാഹളം മുഴങ്ങി. ബദറില്‍ ദുരിതമനുഭവിക്കേണ്ടിവന്ന കുടുംബങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി പ്രതികാര യുദ്ധത്തിനുള്ള സജ്ജീകരണങ്ങള്‍ ആരംഭിച്ചു. ജനങ്ങളെ യുദ്ധോത്സുകരാക്കി മാറ്റാന്‍ ഒരു പിടി കവികളെയും സ്ത്രീകളെയും ഇതിനു പിന്നില്‍ നിര്‍ത്തി.

ഹിജ്‌റ വര്‍ഷം മൂന്ന് ശവ്വാല്‍ പതിനഞ്ചിന് ഒരു വന്‍ സൈന്യത്തിന്റെ അകമ്പടിയോടെ അവര്‍ ഉഹ്ദ് ലക്ഷ്യമാക്കി സഞ്ചരിച്ചു. മുവ്വായിരത്തോളം വരുന്നതായിരുന്നു അവരുടെ സൈന്യം. ആവശ്യത്തിലധികം ഒട്ടകങ്ങളും കുതിരകളും മറ്റു യുദ്ധ സന്നാഹങ്ങളും കൂടെയുണ്ടായിരുന്നു.

മുസ്‌ലിംകളുടെ തീരുമാനം ഖുറൈശികള്‍ പ്രതികാരവാഞ്ഛയോടെ മദീന ലക്ഷ്യമാക്കി പുറപ്പെട്ട വിവരം പ്രവാചകനു ലഭിച്ചു. ഈയൊരു നിര്‍ണായക ഘട്ടത്തില്‍ മദീന വിട്ടു പുറത്തിറങ്ങേണ്ടതില്ലെന്നും അവര്‍ ഉള്ളില്‍ പ്രവേശിക്കുന്ന പക്ഷം അവിടെവെച്ച് അവരുമായി യുദ്ധം ചെയ്യാമെന്നുമായിരുന്നു പ്രവാചകന്‍ വിചാരിച്ചിരുന്നത്. മുനാഫിഖുകളുടെ നേതാവായിരുന്ന അബ്ദുല്ലാഹ് ബിന്‍ ഉബയ്യും ഇത് അംഗീകരിച്ചു. പ്രവാചകന്‍ സ്വഹാബി പ്രമുഖരെ വിളിച്ചുവരുത്തി ഇവ്വിഷയകമായി ചര്‍ച്ച നടത്തി. പലരും പ്രവാചകരുടെ അഭിപ്രായത്തോട് യോജിച്ചു. എന്നാല്‍, ബദറില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാതിരുന്ന ആളുകള്‍ ഇതിനോട് യോജിച്ചില്ല. തങ്ങള്‍ക്ക് യുദ്ധം ചെയ്യാനായി കൈവന്ന അവസരം നഷ്ടപ്പെട്ടുപോവാതിരിക്കാനായി അവര്‍ ശ്രദ്ധിച്ചു. നാം ഭീരുക്കളായി ഇവിടെ നില്‍ക്കേണ്ടതില്ലെന്നും സധീരം മദീനക്കു പുറത്തിറങ്ങി യുദ്ധം ചെയ്യാമെന്നും അവര്‍ പറഞ്ഞു. അവസാനം പ്രവാചകനും അതംഗീകരിച്ചു. ആയിരത്തോളം വരുന്ന ഭടന്മാരുമായി അവരും യുദ്ധത്തിനു പുറപ്പെട്ടു. ഉഹ്ദിനടുത്തെത്തിയപ്പോള്‍ മുനാഫിഖായിരുന്ന അബ്ദുല്ലാഹ് ബിനു ഉബയ്യ് തന്റെ അനുയായികളുമായി യുദ്ധത്തില്‍നിന്നും പിന്‍മാറി. മുന്നൂറോളം ആളുകള്‍ സൈന്യത്തില്‍നിന്നും പിരിഞ്ഞുപോയി.

യുദ്ധമുഖത്ത് പ്രവാചകനും സൈന്യവും ഉഹ്ദിലെത്തി. മദീനയില്‍നിന്നും മൂന്നു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു മലഞ്ചരുവാണ് ഉഹ്ദ്. തന്റെ കല്‍പന വരുന്നതുവരെ ആരും യുദ്ധത്തിനിറങ്ങരുതെന്ന് അവര്‍ പ്രത്യേകം ഓര്‍മിപ്പിച്ചു. ശേഷം, സൈന്യത്തെ സജ്ജീകരിക്കാന്‍ തുടങ്ങി. നിപുണരായ അമ്പത് അമ്പൈത്തുകാരെ മലക്കുമുകളില്‍ നിയമിച്ചു. അബ്ദുല്ലാഹ് ബിന്‍ ജുബൈറിനെ അവരുടെ നേതാവാക്കി. യുദ്ധാവസാനം വരെ മലമുകളില്‍ ഉറച്ചുനില്‍ക്കണമെന്നും മുസ്‌ലിംകള്‍ ഗനീമത്ത് മുതലുകള്‍ ഒരുമിച്ചുകൂട്ടുന്നത് കണ്ടാല്‍പോലും ഇറങ്ങിവരരുതെന്നും അവരോട് പ്രത്യേകം നിര്‍ദ്ദേശിച്ചു. മലക്കു പിന്‍വശത്തുകൂടി ശത്രുക്കള്‍ കടന്നാക്രമിക്കുന്നതിനെ തടയാനാണ് പ്രവാചകന്‍ ഇത്രയും ഊന്നല്‍ നല്‍കി പറഞ്ഞിരുന്നത്. ശേഷം, പടയങ്കി ധരിക്കുകയും എഴുന്നൂറില്‍ താഴെ മാത്രം വരുന്ന സൈന്യവുമായി യുദ്ധത്തിനിറങ്ങുകയും ചെയ്തു. മുസ്അബ് ബിന്‍ ഉമൈറാണ് പതാക വഹിച്ചിരുന്നത്.

അഹങ്കാരത്തിന്റെ വന്‍ മേളകളോടുകൂടിയായിരുന്നു ഖുറൈശികളുടെ യുദ്ധപ്പുറപ്പാട്. കവികളും സ്ത്രീകളും ഭടന്മാരില്‍ യുദ്ധോത്സുകത വര്‍ദ്ധിപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ബദറില്‍ വധിക്കപ്പെട്ട പിതാവ് ഉത്ബയുടെ പ്രതികാരം ചോദിക്കാനായിരുന്നു ഹിന്ദ് എത്തിയിരുന്നത്.

ആരവങ്ങളുടെയും അട്ടഹാസങ്ങളുടെയും ഇടയില്‍ യുദ്ധമാരംഭിച്ചു. സത്യവും അസത്യവും രണഭൂമിയില്‍ അടരാടാന്‍ തുടങ്ങി. പലരും മരിച്ചുവീണു. പലരും ജീവനുംകൊണ്ടോടി. ജുബൈര്‍ ബിന്‍ മുഥ്ഇമിന്റെ അടിമ വഹ്ശി ഹംസ(റ) വിനെ വധിക്കാന്‍ ഉന്നം നോക്കിയിരിക്കുകയാണ്. ഹസ്റത്ത് ഹംസയെ വധിച്ചാല്‍ അദ്ദേഹത്തിന് മോചനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഹിന്ദ് അതിനെ പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ വഹ്ശിയുടെ ചാട്ടുളി ഹസ്റത്ത് ഹംസയുടെ ശരീരത്തില്‍ തുളച്ചുകയറി. അദ്ദേഹം ശഹീദായി.

തുടക്കത്തില്‍ മുസ്‌ലിംകളുടെ ഭാഗത്തായിരുന്നു വിജയ സാധ്യത. അവരുടെ ധീരമായ മുന്നേറ്റത്തിനിടയില്‍ തുടക്കത്തില്‍തന്നെ  എതിര്‍പക്ഷത്തുനിന്നും പതിനൊന്നോളം ആളുകള്‍ വധിക്കപ്പെട്ടു. ഇതു കണ്ട് ഭയവിഹ്വലരായ ശത്രുക്കള്‍ പിന്തിരിഞ്ഞോടാന്‍ തുടങ്ങി. മുസ്‌ലിംകള്‍ സന്തോഷിച്ചു. അവര്‍ വിജയമുറപ്പിക്കുകയും ഗനീമത്ത് മുതലുകള്‍ സമാഹരിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഇതുകണ്ട മലമുകളിലെ അമ്പൈത്തുകാര്‍ താഴെയിറങ്ങി. അബ്ദുല്ലാഹി ബ്‌നു ജുബൈര്‍ അവരെ പ്രവാചകരുടെ നിര്‍ദ്ദേശങ്ങള്‍ ഓര്‍മിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഈയൊരു അവസരം ശത്രുക്കള്‍ മുതലെടുത്തു. എല്ലാവരും താഴെയിറങ്ങിയ തക്കം നോക്കി  ഖാലിദ് ബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ ഒരു കുതിരപ്പട മലക്കു എതിര്‍വശത്തുകൂടി തിരിച്ചുവന്നു. മുസ്‌ലിംകള്‍ക്കെതിരെ അമ്പൈത്തിലൂടെ ശക്തമായി പോരാടി.

ഓര്‍ക്കാപ്പുറത്തുവന്ന ആക്രമണം മുസ്‌ലിംകള്‍ക്ക് പ്രതിരോധിക്കാനായില്ല. അവര്‍ നാലുഭാഗത്തേക്കും ചിതറിയോടി. ഒന്നും തിരിച്ചറിയാനാവാതെ അവര്‍ പരസ്പരം പോരാടി. അതിനിടെ പലരും വധിക്കപ്പെട്ടു. ധ്വജവാഹകനായ മുസ്അബ് ബ്‌നു ഉമൈറും രക്തസാക്ഷിയായി. മുഹമ്മദ് വധിക്കപ്പെട്ടുവെന്ന ഒരാക്രോശം അന്തരീക്ഷത്തില്‍ മുഴങ്ങി. ഇതു കേട്ട മുസ്‌ലിംകള്‍ അമ്പരന്നു. പ്രവാചകന്‍ രണഭൂമിയില്‍ തന്നെ ഉണ്ടായിരുന്നു. സംഘട്ടനത്തില്‍ പ്രവാചകരുടെ പല്ല് പൊട്ടുകയും ചുണ്ടിനും മുഖത്തും മുറിവ് പറ്റുകയും ചെയ്തു. മുസ്‌ലിംകള്‍ യുദ്ധമുഖം വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും അതിനു സാധിച്ചില്ല. പലരും ചിതറിയോടി. ചെറിയൊരു വിഭാഗം മാത്രം പോര്‍ക്കളത്തില്‍ പ്രവാചരോടൊപ്പം ഉറച്ചുനിന്നു. യുദ്ധത്തില്‍ പ്രവാചക കരങ്ങളാല്‍ ഉബയ്യ് ബിന്‍ ഖലഫും വധിക്കപ്പെട്ടു.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വന്‍ പരാജയമായിരുന്നു ഉഹ്ദ്. ആദ്യം വിജയമായിരുന്നുവെങ്കിലും പ്രവാചകരുടെ കല്‍പന മാനിക്കാതെ മലമുകളിലുണ്ടായിരുന്നവര്‍ താഴെ ഇറങ്ങിയത് അവര്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു. മുസ്‌ലിംപക്ഷത്തു നിന്നും എഴുപതോളം ആളുകള്‍ വധിക്കപ്പെട്ടു. നൂറ്റി അമ്പതിലേറെ പേര്‍ക്ക് മുറിവ് പറ്റി. 23 പേര്‍ മാത്രമാണ് ശത്രുപക്ഷത്തു നിന്നും വധിക്കപ്പെട്ടത്. ഹംസ (റ) അടക്കം പല പ്രമുഖരെയും മുസ്‌ലിംകള്‍ക്ക് ഇതില്‍ നഷ്ടപ്പെടുകയായിരുന്നു. യുദ്ധത്തില്‍ വധിക്കപ്പെട്ടവരെ പ്രവാചകരുടെ നേതൃത്വത്തില്‍ ഉഹ്ദില്‍ തന്നെ ഖബറടക്കി. ശേഷം, എല്ലാവരും മദീനയിലേക്കു തിരിച്ചു. ശവ്വാല്‍ ഏഴ് ശനിയാഴ്ച വൈകുന്നേരം അവര്‍ മദീനയിലെത്തി.

ഹംറാഉല്‍ അസദ് യുദ്ധം

യുദ്ധത്തില്‍ വിജയിച്ചെങ്കിലും കൂടുതല്‍ സമ്പാദിക്കാന്‍ സാധിക്കാത്തത് രണ്ടാമതൊരു മദീനാ ആക്രമണത്തിന് ഖുറൈശികളെ പ്രേരിപ്പിക്കുമോ എന്ന് പ്രവാചകന്‍ പേടിച്ചു. അതുകൊണ്ടുതന്നെ, അതിനെതിരെ ഒരു സൈനിക മുന്നേറ്റം നടത്താനും ഉഹ്ദ് യുദ്ധം കഴിഞ്ഞ് തിരിച്ചുപോകുന്ന ശത്രുക്കളെ പിന്തുടരാനും പ്രവാചകന്‍ തീരുമാനിച്ചു. സ്വഹാബികളില്‍ പലരും മുറിവേറ്റവരായിരുന്നു. ഉഹ്ദില്‍ പങ്കെടുത്തവര്‍ മാത്രമേ ഇതിലും വരേണ്ടതുള്ളൂവെന്ന് പ്രവാചകന്‍ പ്രത്യേകം പറഞ്ഞു. എല്ലാ വേദനകളും സഹിച്ച് സ്വഹാബികള്‍ പ്രവാചകനോടൊപ്പം പുറപ്പെട്ടു. ശത്രുക്കള്‍ കടന്നുപോയ വഴിയില്‍ എട്ടു നായിക സഞ്ചരിച്ച് ഹംറാഉല്‍ അസദ് എന്ന സ്ഥലത്തെത്തി. പക്ഷെ, അവരെ കണ്ടെത്താനായില്ല. അതിനിടയിലാണ് ഖുറൈശികള്‍ വഴിയില്‍ ഹൗറാഅ്  എന്ന സ്ഥലത്തിറങ്ങി തമ്പടിച്ച് യുദ്ധകാര്യങ്ങള്‍ വിലയിരുത്തുന്നത്. ഒരിക്കലൂടെ തിരിച്ചുപോയി അവിടെ ബാക്കിയായവരെയും വകവരുത്തണമെന്നായിരുന്നു പലരുടെയും ആവശ്യം. യുദ്ധത്തിലെ പല നിലപാടുകളെയും ചൊല്ലി അവര്‍ക്കിടയില്‍ പലവിധ തര്‍ക്കങ്ങളും നടന്നുകൊണ്ടിരുന്നു. മുഹമ്മദും അനുയായികളും തങ്ങളെ ലക്ഷ്യം വെച്ച് പുറപ്പെട്ടിട്ടുണ്ടെന്ന വിവരം അതിനിടെ അബൂസുഫ്‌യാന് ലഭിച്ചു. കിട്ടിയ വിവരമനുസരിച്ച് അവരുടെ സന്നാഹവും ഒരുക്കവും കണ്ട് പേടിച്ച അവര്‍ ഇനുയും ഒരു ശക്തി പരീക്ഷണത്തിന് വരുന്നത് ശരിയല്ലായെന്ന് മനസ്സിലാക്കി. സൈന്യത്തെയും കൂട്ടി അവര്‍ വേഗം മക്കയിലേക്കു തിരിച്ചു. പ്രവാചകരും അനുയായികളും ഹംറാഉല്‍ അസദില്‍ മൂന്നു ദിവസം താമസിച്ചു. ഇതിനിടെ പലരും പ്രവാചക സവിധത്തില്‍ വന്ന് മുസ്‌ലിമായി. ശേഷം, അവര്‍ മദീനയിലേക്കു തിരിച്ചു. ഹംറാഉല്‍ അസദ്  ഒരു സ്വതന്ത്ര യുദ്ധമല്ലെന്നും ഉഹ്ദ് യുദ്ധത്തിന്റെ പൂരണമാണെന്നുമാണ് പലരുടെയും പക്ഷം.

ഉഹ്ദിന്റെ പ്രതികരണങ്ങള്‍

ഉഹ്ദില്‍ നേരിട്ട പരാജയം മുസ്‌ലിംകള്‍ക്ക് പല നിലക്കും അപമാനം വരുത്തി. ശത്രുക്കളുടെ മനസ്സില്‍ മുസ്‌ലിംകളുടെ ശക്തി ചെറുതാവുകയും അതുവഴി മുസ്‌ലിംകള്‍ക്കെതിരെ നാനാ ഭാഗത്തുനിന്നും അവര്‍ കടന്നു കയറുകയും ചെയ്തു. ചെറിയ വിഭാഗങ്ങള്‍വരെ മുസ്‌ലിംകള്‍ക്കെതിരെ തങ്ങളാലാവുന്നത് ചെയ്യാന്‍ ഒരുമ്പെട്ടു. മദീനക്കു ചുറ്റും മുസ്‌ലിംകളെ ഉന്നംവെച്ച് പലവിധ വലകളും വിരിക്കപ്പെട്ടു. മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യാന്‍തന്നെ പലരും സ്വപ്നംകണ്ട് രംഗത്തെത്തി. മദീനയിലെ ജൂതന്മാരും ഈ അവസരം നല്ലപോലെ ഉപയോഗപ്പെടുത്തി. കഴിയുംവിധത്തിലെല്ലാം അവര്‍ മുസ്‌ലിംകള്‍ക്കെതിരെ അക്രമണങ്ങള്‍ അഴിച്ചുവിടാന്‍ അവസരമുണ്ടാക്കി. വിശ്വാസികളെ ആഹുതി വരുത്താന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എന്നാല്‍, പ്രവാചകന്‍ (സ്വ) ഈ അവസരം ശക്തമായി രംഗത്തിറങ്ങുകയും ബദറിലൂടെ അതിനു ലഭിച്ച പ്രതാപം വീണ്ടെടുക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ദീര്‍ഘദര്‍ശനത്തോടെയുള്ള പ്രവാചകരുടെ പല നിലപാടുകളും ഇതിന് ഏറെ സഹായകമായി. വളരെ വേഗത്തില്‍തന്നെ മുസ്‌ലിംകളോടുണ്ടായിരുന്ന ആ ഭയം ജൂതന്മാരുടെയും മുശ്‌രിക്കുകളുടെയും ഇടയില്‍ തിരിച്ചവന്നു. ഹംറാഉല്‍ അസദ് യുദ്ധം അതിനൊരു ഉദാഹരണമായിരുന്നു. തുടര്‍ന്നുണ്ടായ ചില സരിയ്യത്തുകള്‍ ഉഹ്ദില്‍ മുസ്‌ലിംകള്‍ക്കുണ്ടായ പരാജയത്തില്‍നിന്നും ലഭിച്ച ആത്മധൈര്യം ഉപയോഗിച്ച് ശേഷം അസദ് ബിന്‍ ഖുസൈമ ഗോത്രം ആദ്യമായി മുസ്‌ലിംകള്‍ക്കെതിരെ ആക്രമണങ്ങളുമായി രംഗത്തുവന്നു. വിവരമറിഞ്ഞ പ്രവാചകന്‍ അബൂ സലമയുടെ നേതൃത്വത്തില്‍ 150 പേരടങ്ങുന്ന ഒരു സൈന്യത്തെ അവര്‍ക്കെതിരെ നിയോഗിച്ചു. സൈന്യം കടന്നു ചെല്ലുകയും അവര്‍ പുറപ്പെടുന്നതിനുമുമ്പുതന്നെ പിടികൂടാന്‍ ശ്രമംനടത്തുകയുമുണ്ടായി. വിവരമറിഞ്ഞ അവര്‍ വീട് വിട്ട് ഓടുകയായിരുന്നു. മുസ്‌ലിംകള്‍ക്ക് ആടുകളും ഒട്ടകങ്ങളുമായി ധാരാളം ഗനീമത്ത് സ്വത്തുകള്‍ ലഭിച്ചു. വിജയശ്രീലാളിതരായ അവര്‍ ശേഷം മദീനയില്‍ തിരിച്ചെത്തി. ഹിജ്‌റ വര്‍ഷം നാല് മുഹര്‍റം തുടക്കത്തിലായിരുന്നു ഈ സംഭവം. ഇതേ മാസംതന്നെ ഹുദൈല്‍ ഗോത്രക്കാരനായ ഖാലിദ് ബിന്‍ സുഫ്‌യാനും മുസ്‌ലിംകള്‍ക്കെതിരെ യുദ്ധവിളിയുമായി രംഗത്തുവന്നു. പ്രവാചകന്‍ അബ്ദുല്ലാഹ് ബിന്‍ ഉനൈസിനെ അവര്‍ക്കെതിരെ നിയോഗിക്കുകയും മുളയില്‍തന്നെ അത് അടിച്ചമര്‍ത്തുകയും ചെയ്തു. (ഹംറാഉല്‍ അസദിന് ശേഷം നടന്ന ഈ രണ്ട് സംഭവങ്ങളിലും പരിശുദ്ധ നബി നേരിട്ടു പങ്കെടുത്തിട്ടില്ല. നബിതങ്ങള്‍ നേരിട്ടു പങ്കെടുക്കാത്ത യുദ്ധങ്ങളെ സരിയ്യത്ത് എന്നു വിളിക്കുന്നു.)

റജീഅ് സംഭവം

ഉഹ്ദ് യുദ്ധാനന്തരം പ്രവാചകരെയും അനുയായികളെയും വളരെ വേദനിപ്പിച്ച ഒരു സംഭമായിരുന്നു റജീഅ് സംഭവം. ഹിജ്‌റ വര്‍ഷം നാല്; സ്വഫര്‍ മാസത്തിലായിരുന്നു ഇത്. ഉളല്‍, ഖാറ ഗോത്രങ്ങളില്‍നിന്ന് ഒരു സംഘം പ്രവാചകനു മുമ്പില്‍ വന്നു. ഞങ്ങളുടെ നാട്ടില്‍ മുസ്‌ലിംകളുണ്ടെന്നും അവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ഒരു സംഘത്തെ അയച്ചുതരണമെന്ന് പ്രവാചകനോട് ആവശ്യപ്പെടുകയും ചെയ്തു. പ്രവാചകന്‍ ആറു പേരടങ്ങുന്ന ഒരു സംഘത്തെ അവരോടൊപ്പം അയച്ചുകൊടുത്തു. ആസ്വിം ബിന്‍ സാബിത്ത്, ഖുബൈബ് ബിന്‍ അദിയ്യ്, സൈദ് ബിന്‍ ദസ്‌ന തുടങ്ങി പല പ്രമുഖരും അതിലുണ്ടായിരുന്നു. മക്കയോടടുത്ത റജീഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ കോലം മാറി. വിശ്വസ്തരായ സ്വഹാബികളെ മര്‍ദ്ദിക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങി. സ്വഹാബികള്‍ സഹായമഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ക്ക് ആരുടെയും സഹായം എത്തിയില്ല. ഒടുവില്‍ ശത്രുക്കള്‍ അവര്‍ ഓരോരുത്തരെയും നിഷ്‌കരുണം വഞ്ചിച്ച് കൊല ചെയ്യുകയായിരുന്നു. മുഹമ്മദിനെ തള്ളിപ്പറയുന്ന പക്ഷം നിങ്ങളെ വെറുതെ വിടാമെന്ന് ശത്രുക്കള്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഞങ്ങള്‍ ജീവിച്ചിരിക്കെ പ്രവാചകരുടെ കാലില്‍ ഒരു മുള്ള് തറക്കുന്നതുപോലും ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ലായെന്നായിരുന്നു അവരുടെ പ്രതികരണം.

ബിഅ്‌റ് മഊന സംഭവം

ബനു ആമിര്‍ ഗോത്രിത്തിന്റെ നേതാവായ ആമിര്‍ ബിന്‍ മാലികിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ച് പ്രവാചകന്‍ ഒരു സംഘത്തെ പറഞ്ഞയച്ചു. പക്ഷെ, അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തില്ല. പകരം, തങ്ങളുടെ നാടായ നജ്ദില്‍ ഇസ്‌ലാമിനെ പ്രബോധനം ചെയ്യാന്‍ ഒരു സംഘമാളുകളെ ആവശ്യമുണ്ടെന്ന് പ്രവാചകനോട് ആവശ്യപ്പെട്ടു. അവര്‍ക്ക് താന്‍ അഭയം നല്‍കുമെന്നും വാക്കു നല്‍കി. ഹിജ്‌റ വര്‍ഷം നാല്; സ്വഫര്‍ മാസത്തില്‍തന്നെയായിരുന്നു ഈ സംഭവവും. മുന്‍ദിര്‍ ബിന്‍ അംറ് (റ) വിന്റെ നേതൃത്വത്തില്‍ എഴുപത് അംഗ സംഘത്തെ പ്രവാചകന്‍ അവിടെക്കു പറഞ്ഞയച്ചു. ബിഅ്‌റ് മഊനയിലെത്തിയ സംഘം ഹറാം ബിന്‍ മല്‍ഹാന്‍ (റ) വിന്റെ അടുത്ത് പ്രവാചകരുടെ കത്ത് അവിടത്തെ നേതാവയ ആമിര്‍ ബിന്‍ ഥുഫൈലിന് കൊടുത്തയച്ചു. ആമിര്‍ ബിന്‍ മാലികിന്റെ സഹോദര പുത്രനായിരുന്ന അദ്ദേഹം ഇസ്‌ലാമിന്റെ കൊടി വിരോധിയും ശത്രുവുമായിരുന്നു. അദ്ദേഹം പ്രവാചകരുടെ കത്ത് പരിഗണിച്ചതേയില്ല. പകരം അതുമായി വന്ന ഹറാം (റ) വിനെ വധിച്ചുകളഞ്ഞു. ബാക്കിയുള്ളവരെയും കൊല നടത്താനായി തന്റെ സമൂഹത്തിന്റെ സഹായം തേടി. പക്ഷെ, ആമിര്‍ ബിന്‍ മാലിക് നല്‍കിയ അഭയം തകിടംമറിക്കാന്‍ അവര്‍ തയ്യാറായില്ല. ഇതു കണ്ട ആമിര്‍ ബിന്‍ ഥുഫൈല്‍ സുലൈം ഗോത്രത്തില്‍നിന്നും ആളുകളെ വിളിച്ചുവരുത്തുകയും രണ്ടുപേരൊഴികെ ബാക്കി വരുന്ന എല്ലാ  മുസ്‌ലിംകളെ ഒന്നടങ്കം കൊന്നു കളയുകയും ചെയ്തു. കഅബ് ബിന്‍ സൈദും അംറ് ബിന്‍ ഉമയ്യയും മാത്രം ഒഴിവാക്കപ്പെട്ടു.

റജീഅ് സംഭവത്തിന്റെ വേദനിപ്പിക്കുന്ന വാര്‍ത്തയറിഞ്ഞ അതേ നിമിഷംതന്നെയാണ് അതിദാരുണമായ ബിഅ്‌റ് മഊന സംഭവവും പ്രവാചകരുടെ അടുത്തെത്തുന്നത്. ഇതു കേട്ട പ്രവാചകന്‍ അതിയായി ദു:ഖിച്ചു. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ തന്റെ അനുചരന്മാര്‍ക്കു വന്ന വെഷമത്തില്‍ വല്ലാതെ വേദനിച്ചു. ദു:ഖം സഹിക്കവയ്യാതെ പ്രവാചകന്‍ ഒരു മാസത്തോളം എല്ലാ നിസ്‌കാരങ്ങളിലും ഈ കൊടിയ ശത്രുവിനെതിരെ പ്രാര്‍ത്ഥന നടത്തി. അല്ലാഹു ഈ പ്രാര്‍ത്ഥന സ്വീകരിച്ചു. ഒടുവില്‍, ആമിര്‍ ബിന്‍ ഥുഫൈല്‍ തന്റെ കുടുംബക്കാരാല്‍തന്നെ അതിദയനീയമായി കൊല്ലപ്പെടുകയായിരുന്നു.

ബനൂ നദീര്‍ യുദ്ധം

ജൂതഗോത്രമാണ് ബനൂ നദീര്‍. കാലങ്ങളായി ശത്രുതവെച്ചുപുലര്‍ത്തിയിരുന്ന അവര്‍ പ്രവാചകനും മുസ്‌ലിംകള്‍ക്കുമെതിരെ അവസരം പാര്‍ത്തിരിക്കുകയായിരുന്നു. ഉഹ്ദ് യുദ്ധത്തിനു ശേഷം അവര്‍ മുസ്‌ലിംകള്‍ക്കെതിരെ കൂടുതല്‍ രംഗത്തിറങ്ങി. ബനു നളീര്‍ യുദ്ധത്തിന് ഈയൊരു പശ്ചാത്തലത്തിലാണ് അവസരമൊരുങ്ങുന്നത്.

സംഭവം ഇങ്ങനെ സംഗ്രഹിക്കാം:

ബിഅ്‌റ് മഊന സംഭവത്തില്‍നിന്നും രക്ഷപ്പെട്ട അംറ് ബിന്‍ ഉമയ്യ (റ) മദീനയിലേക്കു മടങ്ങുകയായിരുന്നു. വഴിയില്‍ ബനൂ ആമിര്‍ ഗോത്രത്തിലെ രണ്ടു പേരെ കണ്ടുമുട്ടി. അറുപതിലേറെ മുസ്‌ലിംകളെ നിഷ്‌കരുണം വധിച്ചതിന് പ്രതികാരമെന്നോണം അവരെ അദ്ദേഹം വകവരുത്തി. പ്രവാചക സവിധം വന്ന് കാര്യം പറഞ്ഞു. അവരും പ്രവാചകരും ഉടമ്പടിയിലാണെന്ന കാര്യം അപ്പോഴാണ് അദ്ദേഹം അറിഞ്ഞത്. പ്രവാചകന്‍ ഉടനെ ബനൂ നളീര്‍ ഗോത്രത്തിന്റെ അടുത്തുചെന്നു. കാരണം, ബനൂ നളീറും ബനൂ ആമിറും സഖ്യത്തിലായിരുന്നു. ബനൂ ആമിര്‍ ഗോത്രത്തില്‍നിന്നും വധിക്കപ്പെട്ടവരുടെ ദിയത്ത് നല്‍കുന്ന കാര്യത്തില്‍ സഹായമഭ്യര്‍ത്ഥിച്ചു. അവര്‍ സമ്മതം മൂളി. ഇപ്പോള്‍ വരാമെന്ന ഭാവത്തില്‍ അകത്തുപോയി. പ്രവാചകന്‍ പുറത്ത് ചുമരിനോട് ചാരിയിരിക്കുകയാണ്. ഈ തക്കം നോക്കി പിശാച് അവരെ സമീപിക്കുകയും മുഹമ്മദിനെ വധിക്കാന്‍ ഏറ്റവും പറ്റിയ സമയമാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. അവര്‍ അകത്ത് യോഗം ചേര്‍ന്നു. വലിയ പാറക്കല്ല് ചുമരിനു മുകളിലൂടെ പ്രവാചകരുടെ തലക്കു മുകളിലിട്ട് വധിക്കാന്‍ തീരുമാനമായി. താമസിയാതെ ജൂതന്മാരുടെ ഈ കുതന്ത്രം അല്ലാഹു പ്രവാചകന് അറിയിച്ചുകൊടുത്തു.

വളരെ തന്ത്രപരമായി തന്നെ വധിക്കാന്‍ ശ്രമിച്ച ബനൂ നദീറിനെ പാഠം പഠിപ്പിക്കല്‍ അനിവാര്യമായിരുന്നു. പ്രവാചകന്‍ ഉടനെ എഴുന്നേറ്റ് മദീനയിലേക്കു പുറപ്പെട്ടു. അനുചരന്മാരോട് യുദ്ധത്തിനു തയ്യാറാവന്‍ ആവശ്യപ്പെട്ടു. പത്തു ദിവസത്തിനുള്ളില്‍ നാടു വിട്ട് പോവണമെന്ന സന്ദേശവുമായി മുഹമ്മദ് ബിന്‍ മസ്‌ലമയെ ബനൂ നളീര്‍ ഗോത്രത്തിലേക്ക് പറഞ്ഞയച്ചു. ഇത് അവരെ സംബന്ധിച്ചിടത്തോളം പ്രയാസമായി. ഈ സമയംനോക്കി മുനാഫിഖുകള്‍ അവര്‍ക്ക് സഹായം വാഗ്ദാനം ചെയ്തു. നാട് വിടേണ്ടതില്ലെന്നും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്നും അവര്‍ ഉറപ്പ് കൊടുത്തു. ദിവസങ്ങള്‍ കടന്നുപോയി. മുനാഫിഖുകളുടെ വാഗ്ദാനത്തില്‍ അവര്‍ വഞ്ചിതരായി. അവരെ സഹായിക്കാന്‍ ഒരാളുമെത്തിയില്ല.

അതോടെ പ്രവാചകന്‍ സൈന്യസമേതം ബനൂനദീറിലേക്ക് കടന്നുചെന്നു. അവരുടെ കോട്ടകള്‍ ഉപരോധിച്ചു. ആറു ദിവസത്തോളം ഉപരോധം നീണ്ടു. ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നു കണ്ടപ്പോള്‍ അവര്‍ കീഴടങ്ങി. എത്രയും വേഗം സ്ഥലം വിടാമെന്നു സമ്മതിച്ചു. ആയുധങ്ങളൊഴികെ ഒട്ടകത്തിനു ചുമക്കാന്‍ സാധിക്കുന്നത്ര സാധനങ്ങളുമായി പുറപ്പെട്ടുപോകാമെന്നതായിരുന്നു തീരുമാനം. അതനുസരിച്ച് കിട്ടിയ സാധനങ്ങളുമായി അവര്‍ നാട് വിട്ടു. ചിലര്‍ ഖൈബറിലും ചിലര്‍ ശാമിലും ഇറങ്ങി താമസിച്ചു.

ആയുധങ്ങളും മറ്റുമായി വലിയൊരു അളവോളം ഗനീമത്ത് മുതലുകള്‍ ഉണ്ടായിരുന്നു. പ്രവാചകന്‍ എല്ലാം സമാഹരിക്കുകയും മുഹാജിറുകള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. മുസ്‌ലിംകളുടെ ശക്തി തുറന്നുകാട്ടുകയും പ്രതാപം ഉയര്‍ത്തുകയും ചെയ്ത ഒരു സംഭവമായിരുന്നു ഇത്.

ദാത്തുര്‍രിഖാഅ് യുദ്ധം

ഹിജ്‌റ വര്‍ഷം നാല്; ജമാദുല്‍ ഊലാ മാസം. ഗഥ്ഫാനിലെ ബനൂ സഅലബയും ബനൂ മഹാരിബും ഇസ്‌ലാമിനെതിരെ സംഘടിക്കുകയും ഗൂഢാലോചനകള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്ന വിവരം  പ്രവാചകനു ലഭിച്ചു. ഈ ശ്രമത്തെ മുളയില്‍തന്നെ നുള്ളിക്കളയണമെന്നു മനസ്സിലാക്കിയ പ്രവാചകന്‍  നജ്ദിനു നേരെ പടപ്പുറപ്പാടിനൊരുങ്ങി. നാന്നൂറോളം വരുന്ന സൈന്യവുമായിട്ടായിരുന്നു പുറപ്പാട്. വളരെ ദുര്‍ഘടമായിരുന്നു യാത്ര. പലരുടെയും കാലുകളില്‍ മുറിവ് പറ്റുകയും നഖങ്ങള്‍ പോവുകയും ചെയ്തു. അവര്‍ തുണിക്കഷ്ണങ്ങള്‍കൊണ്ട് കാലുകെട്ടി വീണ്ടും യാത്ര തുടര്‍ന്നു. ഈ കാരണത്താല്‍ യുദ്ധം ദാത്തുര്‍രിഖാഅ് എന്ന പേരില്‍ അറിയപ്പെട്ടു. സൈന്യങ്ങള്‍ പരസ്പരം  ഈ യുദ്ധത്തില്‍ ഏറ്റുമട്ടലുണ്ടായില്ല. പ്രവാചകരുടെ ആഗമനമറിഞ്ഞ ശത്രുവിഭാഗം മലമുകളില്‍പോയി ഒളിക്കുകയായിരുന്നു. അവരെ ഭീതിപ്പെടുത്തിയ മുസ്‌ലിംകള്‍ പിന്നീട് മദീനയിലേക്ക് മടങ്ങുകയാണുണ്ടായത്. ഈ യാത്രയില്‍ പ്രവാചകന്‍ സ്വലാത്തുല്‍ ഖൗഫ് നിര്‍വഹിച്ചിരുന്നു. രണ്ടാം ബദര്‍ യുദ്ധം ഉഹ്ദ് യുദ്ധാനന്തരം പ്രവാചകരും അബൂ സുഫ്‌യാനും തമ്മില്‍ ഒരു രണ്ടാം യുദ്ധത്തിന്റെ വാഗ്ദാനം നടന്നിരുന്നു. പ്രബോധന പ്രവര്‍ത്തനങ്ങളും മറ്റു സമരമുറകളും നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ആ വാഗ്ദത്ത ദിനം വന്നടുത്തു. ഹിജ്‌റ വര്‍ഷം നാല്; ശഅബാന്‍ മാസം. പ്രവാചകന്‍ ആയിരത്തി അഞ്ഞൂറോളം വരുന്ന സൈന്യവുമായി ബദറിലേക്കു പുറപ്പെട്ടു. അലി (റ) വായിരുന്നു പതാക വാഹകന്‍. ഈ സമയം മുസ്‌ലിംകളുമായി ബദറില്‍വെച്ച് ഒരിക്കല്‍കൂടി ഏറ്റുമുട്ടുന്നത് ആരോഗ്യകരമല്ലായെന്ന് അബൂ സുഫ്‌യാന് നല്ല ബോധമുണ്ടായിരുന്നു. എന്നിരുന്നാലും രണ്ടായിരത്തോളം കാലാള്‍പടയും അമ്പതോളം അശ്വഭടന്മാരുമായി അദ്ദേഹവും യുദ്ധത്തിനു പുറപ്പെട്ടു. മിജന്നയിലെത്തിയപ്പോള്‍ അവിടെ ഇറങ്ങുകയും തമ്പടിച്ചു കൂടുകയും ചെയ്തു. ഇനിയും മുന്നോട്ടു പോവാന്‍ അദ്ദേഹത്തിനൊരിക്കലും താല്‍പര്യമുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും സൈന്യവുമായി മക്കയിലേക്കു തന്നെ തിരിച്ചുപോകുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു. ഇത് വരള്‍ച്ചാകാലമാണെന്നും ഇക്കാലത്ത് നമ്മെ സംബന്ധിച്ചിടത്തോളം യുദ്ധം ഏറെ പ്രയാസകരമാണെന്നും അതിനാല്‍ നമുക്ക് തിരിച്ചുപോകാമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീതി അവരെ അതിജയിച്ചതുകൊണ്ടുതന്നെ മറുത്തൊന്നു പറയാന്‍ സൈന്യവും തയ്യാറായില്ല. അവര്‍ മക്കയിലേക്കുതന്നെ തിരിച്ചു. പ്രവാചകനും അനുയായികളും എട്ടു ദിവസത്തോളം അവരെ പ്രതീക്ഷിച്ച് ബദറില്‍ ചെലവഴിച്ചു. അവര്‍ വരില്ലെന്നുറപ്പായപ്പോള്‍ മദീനയിലേക്കുതന്നെ മടങ്ങി. ഇത് ചരിത്രത്തില്‍ രണ്ടാം ബദര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ദൗമത്തുല്‍ ജന്‍ദല്‍ യുദ്ധം മദീനയില്‍നിന്ന് പതിനഞ്ചു ദിവസവും ഡമസ്‌കസില്‍നിന്ന് അഞ്ചു ദിവസവും വഴിദൂരമകലെ ശാമിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ദൗമത്തുല്‍ ജന്‍ദല്‍. അവിടെയുള്ളവര്‍ ആ വഴി യാത്ര പോകുന്നവരെ തടഞ്ഞുവെച്ച് കവര്‍ച്ച ചെയ്യുന്നുണ്ടെന്നും മദീനക്കെതിരെ ഒരു ആക്രമണം നടത്താന്‍ സന്നാഹങ്ങളൊരുക്കുന്നുണ്ടെന്നുമുള്ള വിവരം പ്രവാചകരുടെ ചെവിയിലെത്തി. ഇത് അമ്പേ പരാജയപ്പെടുത്താന്‍തന്നെ പ്രവാചകന്‍ തീരുമാനിച്ചു. ഹിജ്‌റ വര്‍ഷം അഞ്ച്; റബീഉല്‍ അവ്വലില്‍നിന്നും അഞ്ചു ദിവസം മാത്രം ബാക്കി നില്‍ക്കെ ആയിരത്തോളം വരുന്ന സ്വഹാബികളുമായി പ്രവാചകന്‍ അങ്ങോട്ടു പുറപ്പെട്ടു. രാത്രി സമയങ്ങളില്‍ സഞ്ചരിച്ചും പകല്‍ സമയങ്ങളില്‍ ഒളിഞ്ഞിരുന്നുമായിരുന്നു യാത്ര. അടുത്തെത്തിയപ്പോള്‍ പ്രവാചകനും സൈന്യവും വരുന്നുണ്ടെന്ന വിവരം ഗ്രാമവാസികള്‍ അറിഞ്ഞു. ഒരു യുദ്ധത്തെ നേരിടാന്‍മാത്രം സജ്ജരല്ലാതിരുന്ന അവര്‍ ചെറുത്തുനില്‍പിന് മുതിര്‍ന്നില്ല. പകരം, ജീവനുംകൊണ്ടോടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പ്രവാചകന് അവിടെ ഒരാളെയും കണ്ടെത്താന്‍ സാധിച്ചില്ല. പ്രവാചകനും അനുയായികളും അവിടെ കുറച്ചുകാലം താമസിച്ചു. സൈന്യത്തെ വിട്ട് പലയിടങ്ങളിലും അന്വേഷണങ്ങള്‍ നടത്തി. അവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. അവസാനം അവരില്‍നിന്നും ഒരാളെ ലഭിച്ചു. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ശേഷം, പ്രവാചകരും അനുയായികളും വിജയ ശ്രീലാളിതരായി മദീനയിലേക്കു തന്നെ തിരിക്കുകയായിരുന്നു.

ബനുല്‍ മുസ്ഥലിഖ് യുദ്ധം

ബനുല്‍ മുസ്ഥലിഖ് ഗോത്രം മുസ്‌ലിംകള്‍ക്കെതിരെ ക്രൂര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും  മദീനക്കെതിരെ യുദ്ധത്തിനിറങ്ങിയിട്ടുണ്ടെന്നുമുള്ള വിവരം പ്രവാചകനു ലഭിച്ചു. ഹാരിസ് ബിന്‍ അബീ ളിറാറിന്റെ നേതൃത്വത്തിലായിരുന്നു സംഭവം. ഹിജ്‌റ വര്‍ഷം അഞ്ച്; ശഅബാന്‍ മാസത്തില്‍ പ്രവാചകന്‍ എഴുന്നോറോളം വരുന്ന സൈന്യവുമായി അങ്ങോട്ട് പുറപ്പെട്ടു. മദീനയുടെ ചുമതല അബൂദര്‍റുല്‍ ഗിഫാരിയെ ഏല്‍പിച്ചു. ലക്ഷ്യസ്ഥാനത്തെത്തുകയും ശത്രുക്കളുമായി ഘോരമായ യുദ്ധം നടക്കുകയും ചെയ്തു. യുദ്ധത്തില്‍ അനവധി പേര്‍ വധിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളുമായി ധാരാളം പേര്‍ ബന്ധിയായി പിടിക്കപ്പെട്ടു. യുദ്ധത്തില്‍ വന്‍വിജയം കൈവന്ന മുസ്‌ലിംകള്‍ക്ക് ധാരാളം ഗനീമത്ത് സ്വത്തുകള്‍ ലഭിച്ചു. പ്രവാചകന്‍ അത് അനുചരന്മാര്‍ക്കിടയില്‍ വിഹിതിച്ചു നല്‍കി. മദീനയിലേക്കു തിരിച്ചു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter