കമലാ സുരയ്യയില്‍നിന്നും കമല്‍ സി നജ്മലിലേക്കുള്ള ദൂരം
കാലങ്ങളായി രാജ്യം മുസ് ലിംകള്‍ക്കെതിരെ സ്വീകരിക്കുന്ന വിവേചനപരമായ നിലപാടുകളില്‍ പ്രതിഷേധിച്ച് എഴുത്തുകാരന്‍ കമല്‍ സി ചവറ ഇസ് ലാമാശ്ലേഷിച്ചത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നു.
ഏറ്റവും ഒടുവില്‍ തന്റെ സുഹൃത്ത് നജ്മല്‍ ബാബുവിനോട് ബന്ധപ്പെട്ടവര്‍ കാണിച്ച ക്രൂരതയാണ് അദ്ദേഹത്തെ ഇസ് ലാമിലേക്ക് അടുപ്പിച്ചിരിക്കുന്നത്.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലം മുതല്‍ തന്നെ ഇസ്‌ലാം തന്റെ മനസ്സില്‍ ഇടം നേടിയിട്ടുണ്ടെന്ന് കമല്‍ സി പറയുന്നു. എന്തുകൊണ്ട് മുസ്‌ലിംകള്‍ രാജ്യത്ത് വല്ലാതെ പീഡിപ്പിക്കപ്പെടുന്നുവെന്ന ചിന്ത തന്നെ വല്ലാതെ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു. രാജ്യത്ത് അതിനിടെ നടന്ന പല സംഭവങ്ങളും 'എന്തുകൊണ്ട് മുസ്‌ലിം?' എന്നൊരു ചോദ്യം തന്റെ ഉള്ളില്‍ സൃഷ്ടിച്ചു.
അതായിരുന്നു പിന്നീട് കാലങ്ങളോളം മനസ്സിനെ മഥിച്ച പ്രധാനപ്പെട്ടൊരു ചിന്ത. മതേതര രാജ്യത്ത് മുസ്‌ലിമായതുകൊണ്ടു മാത്രം ഒരു ജനവിഭാഗം അകാരണമായി വേട്ടയാടപ്പെടുകയാണെന്ന ബോധ്യം ഇതോടെ അദ്ദേഹത്തിനുണ്ടാകുന്നു.
'ഇതൊരിക്കലും അനുവദിക്കപ്പെട്ടുകൂടാ. അങ്ങനെയെങ്കില്‍ താനും ഇന്നുമുതല്‍ മുസ്‌ലിമാണ്.' ഈ വിവേചന പ്രത്യയ ശാസ്ത്രങ്ങളോടുള്ള തന്റെ പ്രതിഷേധം അദ്ദേഹം മനസ്സില്‍ രേഖപ്പെടുത്തിയത് അങ്ങനെയാണ്.
അങ്ങനെയിരിക്കവെയാണ് കോളിളടക്കം സൃഷിച്ച ഹാദിയ വിഷയം കടന്നുവരുന്നത്. പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി സ്വയം താല്‍പര്യപ്രകാരം ഇസ്‌ലാം സ്വീകരിക്കുകയും ശേഷം തനിക്കിഷ്ടപ്പെട്ട ഒരു മുസ്‌ലിം ചെറുപ്പക്കാരനെ വരനായി തെരഞ്ഞെടുക്കുകയും ചെയ്തപ്പോള്‍ രാജ്യത്തുണ്ടായ കുതൂഹലങ്ങള്‍. ഈ വിവിഹം അസാധുവാക്കി കോടതി വിധി വരെ പുറത്തുവന്നു. പിന്നീട് ഒന്നര വര്‍ഷത്തോളം അതിനോട് പോരാടിയാണ് ഹാദിയ തന്റെ അവകാശം നേടിയെടുത്തത്.
അഖില എന്ന ഹാദിയ മുസ്‌ലിമായതും പിന്നീട് മുസ്‌ലിം ചെറുപ്പക്കാരനുമായി വിവാഹം നിശ്ചയിച്ചതും മാത്രമായിരുന്നു ഇവിടത്തെ പ്രധാന കാരണം.
ചെറിയ കാര്യങ്ങളില്‍ പോലും രാജ്യം മുസ്‌ലിംകളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്ന ഈ പ്രവണത കമല്‍ സിയുടെ ഉള്ളില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു.
അതാണ് ഒടുവില്‍ താനും മുസ്‌ലിമാണെന്ന തുറന്ന പ്രഖ്യാപനത്തിലേക്ക് അദ്ദേഹത്തെ നയിച്ചിരിക്കുന്നത്. അതു തന്നെ തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പടിക്കലില്‍. ഒരു പക്ഷെ, ഇത് കേരള ചരിത്രത്തിലെ തുല്യതയില്ലാത്ത സംഭവമായിരിക്കും.
രാജ്യത്ത് മുസ്‌ലിം സമൂഹം നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ മുസ്‌ലിമായി പ്രതിഷേധിക്കുന്നതിലേക്ക് കാലം എത്തി എന്നതാണ് കമല്‍ സി സംഭവത്തിലൂടെ ഉണ്ടായിരിക്കുന്നത്.
മുമ്പ് ഇസ്‌ലാമിനെ കുറിച്ച് പഠിച്ച് മനസ്സിലാക്കി അതിലേക്കു വന്ന പ്രമുഖ മലയാള സാഹിത്യകാരി മാധവിക്കുട്ടി എന്ന കമല സുരയ്യയെ ഇവിടെ ഓര്‍മ വരുന്നു. രണ്ടു തലങ്ങളില്‍നിന്നുള്ള സംഭവങ്ങളാണെങ്കിലും ഒരേ പ്രതലത്തില്‍നിന്നാണ് ഇവ സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്.
സെക്രട്ടറിയേറ്റ് പടിക്കല്‍ ശഹാദ ചൊല്ലി ഇസ്‌ലാം പ്രഖ്യാപിച്ച കമല്‍ സിയുടെ നിലപാട് ചരിത്രത്തില്‍ എന്നും ഓര്‍ക്കപ്പെടുമെന്നത് തീര്‍ച്ചയാണ്.
Leave A Comment