ബഗ്ദാദിലെ ഇരുപത്തഞ്ച് ദിവസങ്ങള്‍
 width=

ബഗ്ദാദില്‍‍ കഴിച്ചുകൂട്ടേണ്ടിവന്ന ഇരുപത്തഞ്ച് ദിവസങ്ങളുടെ വെളിച്ചത്തില്‍ കോളമിസ്റ്റ് ജെറേമിയ ഗൂല്‍കാ, അമേരിക്കയുടെ നയവൈകല്യങ്ങളെ തുറന്ന് കാട്ടുന്നു.

        റിപബ്ലികന്‍ ഭരണത്തിലെ ഒരു പൊതുപ്രവര്‍ത്തകനാകണമെന്ന് സ്വപ്നം കണ്ടവനായിരുന്നു ഞാന്‍, എന്നാല്‍ ഇന്ന് ഞാനൊരു റിപബ്ലികനേ അല്ല. യഥാര്‍ത്ഥ ജീവിതവും ലക്ഷ്യവും എന്താണെന്ന് മനസ്സിലാക്കാന്‍ എനിക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു. ന്യൂഓര്‍ലിയാന്‍സിലെ കത്രീനാ കൊടുങ്കാറ്റും ഇറാഖില്‍ അമേരിക്ക വിതച്ച ഭീതിദരംഗങ്ങളുമാണ് എന്റെ കണ്ണ് തുറപ്പിച്ചത് – ഇത് പറയുന്നത് മറ്റാരുമല്ല, അമേരിക്കന്‍ നയങ്ങളെ വളരെക്കാലം ശക്തമായി പിന്തുണച്ചിരുന്ന ജെറെമിയാ ഗൂല്‍ക. ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് കുറ്റം ചെയ്തതിന്റെ ദുഖബോധവും ഏറ്റുപറയുന്നതിലെ സംതൃപ്തിയും ഒരു പോലെ കാണാം. അദ്ദേഹം തന്റെ കഥ തുടരുന്നു. എല്ലാം മനസ്സിലാക്കിയവനെന്നായിരുന്നു എനിക്ക് സ്വയം തോന്നിയിരുന്നത്. എന്നാല്‍ ഞാന്‍ മനസ്സിലാക്കിയ സത്യം എത്രമാത്രം സങ്കുചിതമായിരുന്നെന്ന് തിരിച്ചറിയാന്‍ എനിക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു. ദാരിദ്ര്യം സ്വയം തെരഞ്ഞെടുക്കുന്നതോ സ്വയം അര്‍ഹിക്കുന്നതോ അല്ലെന്നും അത് അനുഭവിക്കുന്ന ജനതക്കിടയില്‍ തന്റെ രാഷ്ട്രം നടത്തുന്ന സൈനിക ഇടപെടല്‍ എത്രമാത്രം യുക്തിരഹിതവും അസഭ്യവുമാണെന്നും തിരിച്ചറിഞ്ഞപ്പോഴാണ്, ഇതുവരെ താന്‍ വെച്ചുപുലര്‍ത്തിയ കാഴ്ചപ്പാട് തന്റെ രാഷ്ട്രാതിര്‍ത്തികള്‍ക്കുള്ളില്‍ പരിമിതമാണെന്നും പുറം ലോകത്തെ മുഴുവനും താന്‍ നോക്കിക്കണ്ടത് രണ്ടാം കിട ഭൂമികയായാണെന്നുമുള്ള തിരിച്ചറിവുണ്ടായത്. അത് അക്ഷരാര്‍ത്ഥത്തില്‍ എനിക്കൊരു ആഘാതമായിരുന്നു. യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചം കൂടുതല്‍ കൂടുതല്‍ തെളിയുംതോറും ഞാന്‍ ഇതരരെ കുറിച്ച് ആലോചിക്കാനും ആശങ്കപ്പെടാനും തുടങ്ങി. എന്റെ പഴയകാലം width= ചികാഗോയിലെ സമ്പന്ന കുടുംബത്തിലായിരുന്നു എന്റെ ജനനം. ബിസിനസ് ആയിരുന്നു ഞങ്ങളുടെ പ്രധാനമേഖല. ലാഭവും നഷ്ടവും മാത്രമായിരുന്നു എന്റെ കണ്‍മുന്നില്‍. തൊഴിലാളികള്‍ പണമുണ്ടാക്കാനുള്ള യന്ത്രങ്ങള്‍ മാത്രം, അത് കൊണ്ട് തന്നെ, ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ സംഘടിക്കുന്നത് പോലും ഞങ്ങള്‍ക്ക് അരോചകമായി തോന്നി. 2001 ജനുവരിയില്‍ ജോര്‍ജ് ബുഷിന്റെ അരങ്ങേറ്റ നിമിഷത്തിന് സാക്ഷ്യം വഹിക്കാനായി മഴ നനഞ്ഞ് കാത്തുനിന്ന ആള്‍ക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു.എട്ട് വര്‍ഷങ്ങള്‍ക്കുശേഷം വൈറ്റ്ഹൌസിന്റെ അധികാരം ഉബാമയുടെ കൈയ്യിലെത്തിയപ്പോഴും ഞാന്‍ സന്തോഷിച്ചു. സെപ്റ്റംബര്‍ 11 ന്റെ ആക്രമണത്തിന് നേരെ ബുഷ് സ്വീകരിച്ച കര്‍ശനനിലപാടിലൂടെ അദ്ദേഹത്തിന് പലരുടെയും പ്രശംസ നേടാനായി. എന്നാല്‍ ഇറാഖില്‍ അദ്ദേഹം കൈകൊണ്ട സമീപനത്തിലൂടെ അദ്ദേഹത്തിന് ഞാനടക്കം വളരെയേറെ പേരെ നഷ്ടമായി എന്ന് ഉറപ്പിച്ച് പറയാന്‍ എനിക്കാവും. അഫ്ഗാനിസ്ഥാനിലും അദ്ദേഹം കാണിച്ച തിടുക്കവും അല്‍പം കൂടിപ്പോയില്ലേ എന്ന് എനിക്ക് അന്നേ തോന്നാതിരുന്നില്ല. ആഗോളഭീകരതക്കെതിരെയുള്ള യുദ്ധം എന്ന് പേരിട്ട് വിളിച്ച ആ പ്രക്രിയയുടെ നിയമപരമായ കാര്യങ്ങള്‍ നോക്കുന്ന ഉദ്യോഗമായിരുന്നു അന്ന് ഞാന്‍ വഹിച്ചിരുന്നത്. ഗ്വാണ്ടനാമോയിലെ തടവുപുള്ളികള്‍ ഫയല്‍ചെയ്യുന്ന ഹാബിയസ് കോര്‍പസ് ഹര്‍ജികളെ എങ്ങനെ നിയമപരമായി നേരിടാമെന്ന് കണ്ടെത്തുകയായിരുന്നു എന്നിലര്‍പ്പിതമായ കര്‍ത്തവ്യം. അന്നുവരെ ഞാന്‍ വിശ്വസിച്ചിരുന്ന മൂല്യങ്ങള്‍ അതോടെ തകര്‍ന്നടിയുന്നതായി എനിക്ക് തോന്നി. ഭീകരതക്കെതിരെയുള്ള യുദ്ധമെന്ന പേരില്‍ തങ്ങള്‍ സ്വയം ഭീകരരുടെ വേഷമണിയുകയല്ലേ ഇതിലൂടെ ചെയ്യുന്നതെന്ന് എന്റെ മനസ്സാക്ഷി ചോദിച്ചുകൊണ്ടേയിരുന്നു. അത് കൊണ്ട് തന്നെ ആ ജോലി ചെയ്യാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. ഇടക്കിടെ വാര്‍ത്താമാധ്യമങ്ങളിലൂടെ പുറത്ത് വന്ന അബൂഗുറൈബ് ചിത്രങ്ങള്‍ ആ ചിന്തക്ക് ആക്കം കൂട്ടി. ഇത്തരം ഒരു സംവിധാനത്തിന് വേണ്ടി നിലകൊള്ളുന്നതോര്‍ത്ത് എനിക്ക് സ്വയം ലജ്ജയും അമര്‍ഷവും അനുഭവപ്പെട്ട ദിനങ്ങളായിരുന്നു അത്. ആയിടക്കാണ് കത്രീനയുടെ രൂപത്തില്‍ പ്രകൃതിയുടെ തനിനിറം അമേരിക്കന്‍ ജനത കണ്ടത്.  width=അമേരിക്കന്‍ ജനതക്ക് അതൊരു ശാപമായിരുന്നെങ്കിലും തന്റെ ചുറ്റുപാടുമുള്ള സമൂഹത്തെക്കുറിച്ചുള്ള തന്റെ ധാരണകളെല്ലാം മിഥ്യയായിരുന്നെന്ന് മനസ്സിലാക്കാന്‍ എന്നെ ഏറെ സഹായിച്ചത് അതായിരുന്നു. ദുരന്തബാധിതരുടെ രക്ഷക്കായി ഒന്നും ചെയ്യാതെ നിന്ന ബുഷ് ഭരണകൂടത്തിന്റെ നിഷ്ക്രിയത്വം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. സ്വന്തമായെങ്കിലും വല്ലതും ചെയ്യണമെന്ന് അതിയായി ആഗ്രഹിച്ചെങ്കിലും എങ്ങനെ എവിടെ തുടങ്ങണമെന്നറിയാതെ അന്തിച്ചുനില്‍ക്കാനേ എനിക്കായുള്ളൂ. അതിനിടെയാണ് ഉദ്യോഗസ്ഥര്‍ കത്രീനാബാധിത പ്രദേശങ്ങളില്‍ സന്നദ്ദ സേവനത്തിനായി ഇറങ്ങണമെന്ന എംപ്ലോയീസ് അസോസിയേഷന്റെ ആഹ്വാനം വരുന്നത്. ഒരു പക്ഷേ, അതില്‍ ഏറ്റവും സന്തോഷിച്ചത് ഞാനായിരിക്കാം. ഒന്നുമാലോചിക്കാതെ ഞാന്‍ അങ്ങോട്ട് പറന്നു. തകര്‍ന്നടിഞ്ഞ ഒരു പ്രദേശത്ത് എല്ലാം പുനര്‍നിര്‍മ്മിക്കുകയെന്ന ദുഷ്കരമായ ദൌത്യമാണ് ഞങ്ങള്‍ക്ക് അവിടെ നിര്‍വ്വഹിക്കാനുണ്ടായിരുന്നത്. അസോസിയേഷന്റെ ആഹ്വാനപ്രകാരം ധാരാളം പേര്‍ സന്നദ്ധസേവനത്തിനായി വന്നത് എനിക്ക് ഏറെ സന്തോഷം നല്‍കി. എന്നാല്‍, ആ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ജാതീയതയുടെ വിദ്വേഷം പേറുന്നവരാണ് ഭൂരിഭാഗം പേരുമെന്നത് എന്നെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. റെസ്റ്റാറന്റ് എന്താണെന്ന് പോലും കണ്ടിട്ടില്ലാത്തവരും ബാങ്ക് അക്കൌണ്ടും ഐ ഡി കാര്‍ഡും എന്താണെന്ന് പോലും അറിഞ്ഞിട്ടില്ലാത്തവരും തന്റെ നാട്ടില്‍ ഇപ്പോഴുമുണ്ടെന്ന് എനിക്ക് മനസ്സിലായത് ആ ദിനങ്ങളിലായിരുന്നു. ആ ന്യൂനപക്ഷ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിക്കാന്‍ ഭൂരിഭാഗം അധികൃതരെയും അവരുടെ ജാതീയചിന്തകള്‍ അനുവദിക്കുന്നില്ലെന്ന് ആ ദിനങ്ങളില്‍ ഞാന്‍ വേദനയോടെ തിരിച്ചറിഞ്ഞു. അമേരിക്കയുടെ അറിയപ്പെടാത്ത മറ്റൊരു ഭീകരമുഖമാണ് അതിലൂടെ എനിക്ക് കാണാനായത്. (ബാക്കി വായിക്കാന്‍ അടുത്ത പേജ് നമ്പറില്‍ ക്ലിക്ക് ചെയ്യുക)  width=കത്രീനാപുനരധിവാസ പ്രക്രിയ അവസാനിച്ചതോടെ, സമൂഹത്തെക്കുറിച്ചും മനുഷ്യരുടെ പ്രശ്നങ്ങളെക്കുറിച്ചും കൂടുതല്‍ പഠിക്കണമെന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. ഒരു സാമൂഹ്യശാസ്ത്രഗവേഷണസ്ഥാപനത്തില്‍ ചേരാന്‍ എന്നെ പ്രേരിപ്പിച്ചത് അതായിരുന്നു. 1776 മുതല്‍ രണ്ടാം ലോക മഹായുദ്ധം വരെയും 1991ലെ ഗള്‍ഫ് യുദ്ധം മുതല്‍ കൊസോവോയിലെയും അഫ്ഗാനിസ്ഥാനിലെയും ഇടപെടലുകള്‍ വരെയും ലോകജനതക്ക് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സ്വഛന്ദ വായു സജ്ജീകരിക്കാന്‍ പാടുപെടുകയാണ് അമേരിക്കന്‍ സൈന്യമെന്നായിരുന്നു എന്റെ അതുവരെയുള്ള ധാരണ. അത് കൊണ്ട് തന്നെ ചെറുപ്പം മുതലേ യുദ്ധം എനിക്ക് ഒരാവേശമായിരുന്നു. സാമൂഹ്യസേവനത്തിന്റെ ഏറ്റവും അന്തസ്സാര്‍ന്ന മാര്‍ഗ്ഗമായാണ് ഞാനതിനെ ചെറുപ്പം മുതലേ മനസ്സിലാക്കിയത്. വലുതാകുംതോറും യുദ്ധങ്ങളുടെ ചരിത്രവും ചിത്രവും വായിച്ചപ്പോഴും അതേ ചിന്ത തന്നെയായിരുന്നു എന്നെ നയിച്ചത്. യുദ്ധം ഒരു നരകമാണെന്ന വില്യം ഷേര്‍മാന്റെ വാക്കുകള്‍ വായിച്ചപ്പോഴും, ആ നരകത്തെയാണ് അമേരിക്കന്‍ സൈന്യം ധര്‍മ്മമയമാക്കിയതെന്നായിരുന്നു എന്റെ വിശ്വാസം. യുദ്ധപ്രദേശത്തേക്ക് പോകാന്‍ എനിക്ക് അവസരം ലഭിക്കുന്നത് പിന്നീടാണ്. ബഗ്ദാദിലേക്കായിരുന്നു എന്റെ ആദ്യനിയമനം. ഇറാഖില്‍ റാന്‍ഡ് കോര്‍പറേഷന്‍ നടത്തുന്ന ഗവേഷണങ്ങളുടെ ഭാഗമായായിരുന്നു അത്.  അമേരിക്കയുടെ ഭീകരപട്ടികയിലുള്ള വിമതരായ ഒരു പറ്റം ഇറാനികളോട് ഒരു തരം സംരക്ഷണസമീപനം സ്വീകരിക്കുന്നത് എന്തിനാണെന്ന് കണ്ടെത്തുകയായിരുന്നു ബഗ്ദാദിലെ എന്റെ കര്‍ത്തവ്യം.  width= ബഗ്ദാദില്‍ വിമാനമിറങ്ങി റൂമിലെത്തിയ ഞാന്‍ ആദ്യഭക്ഷണം കഴിക്കുകയായിരുന്നു. ബോംബ് വര്‍ഷിക്കുന്ന ഭീകര ശബ്ദം ഞാന്‍ ആദ്യമായി കേട്ടത് അന്നായിരുന്നു. തൊട്ടുമുമ്പ് ഞാന്‍ നടന്നുപോന്ന തെരുവില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ഞാന്‍ നിറകണ്ണുകളോടെ നോക്കിനിന്നു. ഇരുപത്തഞ്ച് ദിവസം മാത്രമാണ് ഞാന്‍ ഇറാഖില്‍ തങ്ങിയത്. പക്ഷേ, അതിനകം തന്നെ യുദ്ധത്തിന്റെ ഭീകരത ഞാന്‍ വേണ്ടുവോളം അനുഭവിച്ചറിഞ്ഞു. ബോംബോ മറ്റു ആക്രമണങ്ങളോ എന്റെ സമീപത്തേക്ക് പോലും എത്തിയിരുന്നില്ല, എന്നിട്ട് പോലും അതിന്റെ ശബ്ദവും ജനങ്ങളുടെ ആര്‍ത്തനാദങ്ങളും എന്റെ രാത്രികളെ നിദ്രാവിഹീനമാക്കി. കണ്ണടയുമ്പോഴെല്ലാം ഒരു ഭീകരസ്വപ്നമായി ആ രംഗങ്ങള്‍ കടന്നുവന്നു. ദിനചര്യയെന്നോണം ഇതുതന്നെ അനുഭവിക്കുന്ന ഇറാഖിലെയും മറ്റിടങ്ങളിലെയും ജന സമൂഹങ്ങള്‍ ഇവയെല്ലാം എങ്ങനെ സഹിക്കുന്നുവെന്ന് ഞാന്‍ ഇപ്പോഴും അല്‍ഭുതപ്പെടുകയാണ്. സോക്കര്‍ ഗ്രൌണ്ടുകളെന്നോ വിദ്യാലയങ്ങളെന്നോ വ്യത്യാസമില്ലാതെ രാത്രിയും പകലും ഇടതടവില്ലാതെ വര്‍ഷിച്ചുകൊണ്ടിരുന്ന ബോംബുകള്‍ ബഗ്ദാദ് എന്ന സംസ്കാരസമൃദ്ധമായ ആ പുരാതന നഗരത്തെ ശ്മശാനഭൂമികയാക്കി മാറ്റിയിരിക്കുന്നു എന്ന് വേണം പറയാന്‍. ഇറാഖില്‍നിന്ന് അമേരിക്കന്‍ സൈന്യം പിടിച്ച 26,000 ലേറെ വരുന്ന യുദ്ധത്തടവുകാരില്‍ ഭൂരിഭാഗവും നിരപരാധികളോ ജീവിതസാഹചര്യങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി കുറ്റം ഏല്‍ക്കേണ്ടിവന്നവരോ ആണ്. അവരില്‍ നിരപരാധികളാരെന്നോ അപരാധികള്‍ ആരെല്ലാമാണെന്നോ തിരിച്ചറിയാന്‍ അമേരിക്കന്‍ സൈന്യത്തിന് പോലുമായില്ലെന്നതാണ് വസ്തുത.തനനഗരത്തെ ഇന്ന് ഒരു മരുഭൂമിയാക്കി മാറ്റിയിരിക്കുന്നു എന്ന് വേണം പറയാന്‍. രാഷ്ട്രങ്ങള്‍ക്കും ജനസഞ്ജയങ്ങള്‍ക്കും നേരെ സൈനിക ഇടപെടലുകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു എന്നതായിരുന്നു യുദ്ധകുറ്റങ്ങളില്‍നിന്ന് അതുവരെ ഞാന്‍ മനസ്സിലാക്കിയിരുന്ന പാഠം. എന്നാല്‍, ഇത്തരം ഇടപെടലുകളിലൂടെ അമേരിക്കന്‍ അധികൃതര്‍ ഇറാഖീ ജനതയോടും സ്വന്തം പൌരന്മാരോട് പോലും ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത പാതകമാണെന്ന് ബഗ്ദാദ് സന്ദര്‍ശനം എന്നെ അനുഭവത്തിലൂടെ പഠിപ്പിക്കുകയായിരുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ ഓരോന്നോരോന്നായി മനസ്സിലാക്കുംതോറും മാനസികമായി അത് കൂടുതല്‍ കൂടുതല്‍ എന്നെ തളര്‍ത്തുകയായിരുന്നു. പ്രതികളെന്ന് നാം മുദ്രകുത്തിയവരുടെ അവകാശങ്ങള്‍ക്ക് നേരെ പലപ്പോഴും നാം കണ്ണടക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുകയായിരുന്നു. അധികാരികളുടെ അനുവാദത്തോടെ മാധ്യമങ്ങള്‍ പുറത്ത് വിടുന്ന ചിത്രങ്ങള്‍ മാത്രം കണ്ട് പുറം ലോകത്തെ മനസ്സിലാക്കിയവരെല്ലാം ജീവിതത്തില്‍ ഒരിക്കലെങ്കിലും യുദ്ധപ്രദേശങ്ങള്‍ നേരില്‍ കാണണമെന്നാണ് എനിക്ക് പറയാനുള്ളത്. പത്രത്താളുകളിലും ദൃശ്യമാധ്യമങ്ങളിലും കാണുന്നതിലപ്പുറമാണ് യാഥാര്‍ത്ഥ്യമെന്നും അതിന്റെ മുഖം അതിഭീകരമാംവിധം വികലവും ദയനീവുമാണെന്നും അപ്പോഴെങ്കിലും നമുക്ക് തിരിച്ചറിയാനാവും.  width=എന്റെ കഥ പറഞ്ഞുകേള്‍പ്പിച്ചപ്പോള്‍ പലരുടെയും പ്രതികരണം പല നിലക്കായിരുന്നു. കറുത്ത വര്‍ഗ്ഗക്കാരനായ ഒരു സുഹൃത്തിന്റെ പ്രതികരണം, വെളുത്തവരല്ലാത്തവരോട് അമേരിക്കന്‍ അധികൃതര്‍ കാണിക്കുന്ന ക്രൂരതകളുടെ കഥകള്‍ ഒരു കറുത്തവര്‍ഗ്ഗക്കാരനോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല എന്നായിരുന്നു. പലരുടെയും മുഖത്ത് സഹതാപവും അല്‍ഭുതവുമാണെങ്കില്‍, ചിലരുടെ പ്രതികരണം ഇങ്ങനെയാണ്, നമ്മുടെ രാഷ്ട്രത്തിന്റെ സേവനങ്ങളെ പുറം ലോകം കാണുന്നത്  ആ രീതിയിലാണോ... അതെ,  തീര്‍ച്ചയായും... അവര്‍ക്ക് അങ്ങനെ ചിന്തിക്കാനേ കഴിയൂ... അവരെ നേരില്‍ കണ്ടാല്‍ നമുക്കും അതേ സാധിക്കൂ....  width= അമേരിക്കന്‍ രാഷ്ട്രീയകാര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന കോളമിസ്റ്റാണ് ലേഖകന്‍    അല്‍ജസീറ.കോം - വിവര്‍ത്തനം, മജീദ് ഹുദവി  പുതുപ്പറമ്പ്  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter