അയ്യപ്പനും വാവരും സൗഹൃദം കാത്ത നല്ല നാളുകള്‍ തിരിച്ചുവരുമോ?
vavariവൃഞ്ചികത്തിലേക്കു കടന്നതോടെ ഹിന്ദുമത വിശ്വാസികള്‍ക്കിനി മണ്ഡലകാലമാണ്. മാലയിട്ടും കറുത്ത തുണി ധരിച്ചും ശരണം വിളികളുമായി അവര്‍ ശബരിമലയിലേക്ക് നീങ്ങുന്നതാണ് ഇനിയുള്ള ഒന്നരമാസം. ശബരിമല യാത്രയില്‍ അയ്യപ്പ ഭക്തന്മാര്‍ ഒരു അനിവാര്യതയെന്നോണം സന്ദര്‍ശിക്കുന്ന ഒരു മുസ്‌ലിം കേന്ദ്രമുണ്ട്. പമ്പയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന എരുമേലിയിലെ വാവര്‍ പള്ളിയാണിത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇവിടെ തീര്‍ത്ഥാടനപ്രധാനമായി ഒന്നുമില്ലെങ്കിലും എരുമേലി പള്ളിയെക്കുറിച്ച് പഠിക്കുകയെന്ന നിലയിലാണ് ഈയിടെ അവിടെ സന്ദര്‍ശിച്ചത്. സുഹൃത്തുക്കളായി പലരും കൂടെ ഉണ്ടായിരുന്നു. രാവിലെ എട്ടു മണിക്ക് പെരിന്തല്‍മണ്ണയില്‍നിന്നു സഞ്ചാരമാരംഭിച്ച ഞങ്ങളുടെ വാഹനം ഏരുമേലിയിലെത്തുമ്പോള്‍ വൈകുന്നേരം നാലു മണിയോടടുത്തിരുന്നു. എരുമേലിയുടെ പ്രധാന ഭാഗമായ കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റാന്നി ജംഗ്ഷനിലെത്തിയാല്‍ ആരെയും ആകര്‍ഷിക്കും വിധം കമനീയമായ വാവര്‍ പള്ളി കാണാം. പട്ടണത്തിന്റെ ഹൃദയഭാഗത്ത് അക്ഷരാര്‍ത്ഥത്തില്‍ കവര്‍ന്നെടുത്താണ് പള്ളി സ്ഥിതിചെയ്യുന്നത്. പള്ളിയുടെ നേരെ എതിര്‍ഭാഗത്ത് ക്ഷേത്രമാണ്. പള്ളിക്കും ക്ഷേത്രത്തിനുമിടയില്‍ ഏകദേശം ഇരുപത്-ഇരുപതഞ്ച് മീറ്ററേ ദൂരം കാണൂ. വാഹന പാര്‍ക്കിംഗിന് പള്ളിയോടനുബന്ധിച്ച് വിശാലമായ സൗകര്യമുണ്ട്. പാര്‍ക്കിംഗ് ഏരിയ കണ്ടെത്തി വാഹനം അവിടെ നിറുത്തിയതിനു ശേഷം നേരെ പള്ളിയിലെത്തി. മണ്ഡലകാലത്തിന്റെ മുന്നോടിയായതിനാല്‍ പെയിന്റിംഗ് നടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മഹല്ല് ജമാഅത്ത് ഭാരവാഹികളെ അവിടെവച്ച് കാണാനായി. പക്ഷേ, ചരിത്രപരമായ കാര്യങ്ങളില്‍ വേണ്ടത്ര വ്യുല്‍പ്പത്തി ഇല്ലാത്തതിനാല്‍ പള്ളിയിലെ ഇമാമുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ കാര്യങ്ങളറിയാം എന്നുപറഞ്ഞ് അവരതിനു സൗകര്യം ചെയ്യുകയായിരുന്നു. ജമാഅത്തുകള്‍ക്ക് മാത്രമേ പള്ളി തുറക്കുകയുള്ളൂ. ഇമാം വരുന്നതും ഈ നിശ്ചിത സമയത്തു മാത്രമാണ്. ഹനഫീ മദ്ഹബുകാരായതിനാല്‍ അസ്വര്‍ ബാങ്കിന് ഇനിയും ഏകദേശം മുക്കാല്‍ മണിക്കൂര്‍ ബാക്കിയുണ്ടായിരുന്നു. അതിനിടയില്‍ ഞങ്ങള്‍ ജംഉം ഖസ്വറുമാക്കി ളുഹ്ര്‍-അസ്വര്‍ നിസ്‌കരിച്ചു. അധികം കഴിയുമ്പോഴേക്ക് ഇമാമുമെത്തി. നിസ്‌കാര ശേഷം സംസാരിക്കാമെന്ന ധാരണയായിരുന്നതിനാല്‍ പള്ളിപ്പരിസരവും ചുറ്റിക്കണ്ടു. മേത്തരം മാര്‍ബിള്‍ പതിച്ച് പ്രവിശാലവും കമനീയവുമാക്കിയ ബഹുനില പള്ളിയുടെ ചുറ്റുഭാഗവും തറ ഉയര്‍ത്തി നല്ലയിനം മണ്‍ടൈലുകള്‍ പതിച്ചിരിക്കുകയാണ്. ആരാധനാപൂര്‍വം ഇവിടെയെത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക് പള്ളിയെ പ്രദക്ഷിണം വയ്ക്കാനാണിത്. പള്ളിക്ക് തൊട്ടുമുന്നിലുള്ള കൊച്ചമ്പലത്തില്‍ കയറുന്ന ഭക്തര്‍ നേരെ വരുന്നത് പള്ളിയിലേക്കാണ്. പള്ളി വലംവച്ച് തൊട്ടപ്പുറത്തുള്ള വലിയമ്പലത്തില്‍ കയറിയതില്‍ പിന്നെയാണ് ശബരിമലയിലേക്ക് പോകുന്നത്. പള്ളിയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് തേങ്ങ എറിഞ്ഞുടക്കാനായി മാത്രം പ്രത്യേകമായ ഒരു സ്ഥലമുണ്ട്. വാവരുമായി ബന്ധപ്പെട്ട ലിഖിത ചരിത്രങ്ങളൊന്നുമില്ലെന്നതാണ് വസ്തുത. അദ്ദേഹത്തിന്റെ മഖാമും ഇവിടെ ഇല്ല. പേരോ എവിടത്തുകാരനെന്നോ ഏതു കാലക്കാരനെന്നോ അതുകൊണ്ട് നിര്‍ണിതമായി പറയാന്‍ ആര്‍ക്കുമാകുന്നില്ല. എഴുപതോളം പ്രായമുള്ള പള്ളി ഇമാം അബ്ദുല്‍ കരീം ബാഖവി തബ്‌ലീഗ് ജമാഅത്തുകാരനാണ്. അമ്പത്താറു വര്‍ഷമായിട്ട് അദ്ദേഹം ഈ പള്ളിയിലാണ്- പാരമ്പര്യസ്ഥാനമാണത്രെ. അദ്ദേഹത്തിന്റെ വിവരണമനുസരിച്ച് വാവരും അയ്യപ്പനും തമ്മിലുള്ള ചരിത്രബന്ധം ഇങ്ങനെയാണ്: ഇവിടെയുള്ള പള്ളിയിലായിരുന്നു വാവര്‍ താമസിച്ചിരുന്നത്. അദ്ദേഹം ഒരു സ്വൂഫിയായിരുന്നു. കൃത്യമായി പറയാനാകില്ലെങ്കിലും കാഞ്ഞിരമുറ്റം ഫരീദ് ഔലിയ അടക്കമുള്ള പലരെ കുറിച്ചും എരുമേലിയുമായി ബന്ധപ്പെട്ട വലിയ്യായി പറയപ്പെടാറുണ്ട്. ഏതായാലും പന്തളം രാജാവിന്റെ പടയാളികളില്‍ വ്യത്യസ്തനായിരുന്ന അയ്യപ്പനോട് മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുത്തതിനാല്‍ രാജാവുമായി അകറ്റാനുള്ള കുതന്ത്രങ്ങള്‍ക്കൊടുവില്‍ രാജ്ഞി ഇല്ലാത്തരോഗം അഭിനയിക്കുകയായിരുന്നു. ചികിത്സിച്ച് മടുത്ത രാജാവിനോട് അതിനിടയില്‍ ഒരു വൈദ്യന്‍ പുലിപ്പാലില്‍ മരുന്നു കഴിച്ചാല്‍ സുഖപ്പെടുമെന്ന് നിര്‍ദേശിച്ചത്രെ! എന്നാല്‍, പുലിപ്പാല്‍ ശേഖരിക്കാനുള്ള ദൗത്യം രാജാവ് അയ്യപ്പനെയാണ് ഏല്‍പ്പിച്ചത്. രാജകല്‍പ്പന പ്രകാരം പുലിപ്പാല്‍ തേടി ഇറങ്ങിയ അയ്യപ്പന്‍ കാട്ടിലൂടെ ചുറ്റിത്തിരിയുന്നതിനിടയിലാണ് എരുമേലിയിലെത്തുന്നതും വാവരുമായി സംഗമിക്കുന്നതും. അയ്യപ്പനില്‍നിന്നു വിവരങ്ങള്‍ മനസ്സിലാക്കിയ വാവര്‍ അദ്ദേഹത്തെ സഹായിക്കാന്‍ തയ്യാറാവുകയും പുലിപ്പാല്‍ മാത്രമല്ല പുലിയെ തന്നെ അധീനപ്പെടുത്തികൊടുക്കുകയും ചെയ്തു. അങ്ങനെ തീര്‍ത്തും അപ്രതീക്ഷിതമായ രീതിയില്‍ പുലിപ്പാല്‍ തേടി ഇറങ്ങിയ അയ്യപ്പന്‍ പുലിപ്പുറത്ത് സവാരി ചെയ്തു കൊട്ടാരത്തിലെത്തിയപ്പോള്‍ രാജാവും കൊട്ടാര വാസികളും അത്ഭുതപരതന്ത്രരായി. അവസാനം വാവരുടെതന്നെ നിര്‍ദേശം സ്വീകരിച്ച അയ്യപ്പന്‍ ഉടനെ കൊട്ടാരം വിട്ട് കാനനവാസം തെരഞ്ഞെടുത്തുവെന്നുമാണ് ബാക്കി. ആകസ്മികമായി തുടങ്ങി അഭേദ്യമായി തുടര്‍ന്ന ഈ ബന്ധത്തിനൊടുവില്‍ താന്‍ ഏറെ കടപ്പെട്ട വാവരോട് ചെയ്ത പ്രതിബദ്ധത തീര്‍ക്കലായിരുന്നുവത്രെ എന്നെ കാണാന്‍ വരുന്നവര്‍ ആദ്യം താങ്കളെ കാണുമെന്ന കരാര്‍. ഈ ഉടമ്പടി പാലിക്കുകയാണ് ഇന്നും അയ്യപ്പഭക്തര്‍ ചെയ്യുന്നത്. മകരജ്യോതിയോടനുബന്ധിച്ച് എരുമേലി പേട്ട തുള്ളല്‍ ഇതിന്റെ പാരമ്യതയാണ്. എത്ര കഠിന മുസ്‌ലിംവിരോധിയാണെങ്കിലും ഈ പള്ളി ചുറ്റാതെ മലവിടാന്‍ ആചാരം അനുവദിക്കില്ല. ഇസ്‌ലാമിനു കടകവിരുദ്ധമായ ആദര്‍ശത്തിന്റെ പേരിലാണെങ്കിലും കോടികളാണ് ഇവിടത്തെ വരവ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തുക വിനിയോഗിക്കാറുണ്ടെന്ന് ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു. ഏതായാലും കാനനഭംഗിക്ക് ശിലച്ഛാരുത പകരുന്ന ഈ പള്ളിയുടെ മുന്‍ഭാഗത്ത് ശഹാദത്ത് കലിമയുടെയും ആയത്തുല്‍ കുര്‍സിയ്യ്, വിശുദ്ധ ഖുര്‍ആന്‍ 49:13 എന്നിവയുടെയും വിവിധ ഭാഷകളിലുള്ള പരിഭാഷ ശ്രദ്ധേയമായ രീതിയില്‍ എഴുതിവച്ചത് ഏറെ ശ്ലാഘനീയമായിത്തോന്നി; മഹല്ല് ജമാഅത്തിന്റെ ആ പ്രവൃത്തിയില്‍ വല്ലാത്ത മതിപ്പും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter