ധൂര്‍ത്തും ആര്‍ഭാടവും...ആരാണ് ഉത്തരവാദി...
gold1മതസംഘടനകള്‍ രാഷ്ട്രീയ സംഘടനകളേക്കാള്‍ മോശമായി പരസ്യമായി തമ്മിലടിക്കുമ്പോള്‍, രാഷ്ട്രീയ പാര്‍ട്ടി മതാചാരങ്ങളുടെ സമുദ്ധാരണത്തിന് മുന്‍കൈയ്യെടുക്കുന്നു. ഇതും കാലാവസാനത്തിലെ, കാര്യങ്ങളുടെ കീഴ്മേല്‍ മറിയലുകളുടെ ഭാഗമാണോ. വിവാഹ ചടങ്ങുകളില്‍ കടന്നുകൂടിയ ധൂര്‍ത്തിനും ആര്‍ഭാടത്തിനുമെതിരെ ശബ്ദമുയര്‍ത്താനും വിവാഹം ലളിതമാക്കണമെന്ന് സമുദായാംഗങ്ങളെ ഉദ്ബോധിപ്പിക്കാനുമായി മുസ്‍ലിം ലീഗും പോഷക ഘടകങ്ങളും നടത്തിവരുന്ന ശ്രമങ്ങളെക്കുറിച്ച് വാര്ത്താമാധ്യമങ്ങളില്‍ വായിച്ചപ്പോള്‍, ആദ്യമായി മനസ്സിലേക്ക് കടന്നുവന്ന ചിന്ത ഇതായിരുന്നു. ഭവനരഹിതരായ അനേകായിരം കുടുംബങ്ങള്‍ക്ക് വെയിലും മഴയും കൊള്ളാതെ സുരക്ഷിതമായ താവളമൊരുക്കി ബൈതുറഹ്മ പദ്ധതിയിലൂടെ സര്‍വ്വരുടെയും പ്രശംസ പിടിച്ചുപറ്റിയ പ്രസ്ഥാനത്തിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങളിലെ മറ്റൊരു പൊന്‍തൂവലാവും ഈ നീക്കവുമെന്നത് പറയാതെ വയ്യ. ആദ്യമായി, മുസ്‍ലിം ലീഗ് നടത്തുന്ന ഈ പാവനശ്രമങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി വിജയം ആശംസിച്ചുകൊണ്ട് ചില യാഥാര്‍ത്ഥ്യങ്ങള്‍ തുറന്ന് പറയട്ടെ. ധൂര്‍ത്തിനും ആര്‍ഭാടത്തിനും അമിതവും അനാവശ്യവുമായ ചെലവുകള്‍ക്കുമെതിരെ സന്ധിയില്ലാ സമരം നടത്തിയ വിശുദ്ധ ഇസ്‍ലാമിന്‍റെ വക്താക്കള്‍ തന്നെ, അത്തരം ദുഷ്പ്രവണതകളുടെ പടുകുഴിയിലേക്ക് ആപതിക്കുന്നത് നോക്കിനില്‍ക്കാന്‍ സമുദായത്തെ സ്നേഹിക്കുന്ന ആര്‍ക്കുമാവില്ല. സമൂഹത്തെ ബാധിക്കുന്ന ഇത്തരം ച്യുതികളെ മുളയിലേ നുള്ളിക്കളഞ്ഞ് ശരിയായ പാതയിലൂടെ വഴിനടത്തുകയാണ് സമുദായത്തിലെ പണ്ഡിതരുടെ കര്‍ത്തവ്യം. പാവങ്ങളെ അവഗണിക്കുകയും സമ്പന്നരെ ക്ഷണിക്കുകയും ചെയ്യുന്ന വിവാഹസദ്യകളുടെ ഭക്ഷണമാണ് ഏറ്റവും മോശമായ ഭക്ഷണം എന്ന പ്രവാചകവചനത്തിന്റെ സ്വീകാര്യതയില്‍ മുസ്‍ലിം ലോകത്ത് ഭിന്നാഭിപ്രായമില്ല, കാരണം, അത് നമുക്ക് നിവേദനം ചെയ്തുതന്നത് സര്‍വ്വാംഗീകൃതരായ ഹദീസ് പണ്ഡിതരായ ഇമാം ബുഖാരിയും ഇമാം മുസ്‍ലിമുമാണ്. പ്രവാചകപത്നി ആഇശ (റ)യില്‍നിന്ന് ഇമാം ബൈഹഖി നിവേദനം ചെയ്യുന്ന, ഏറ്റവും അനുഗ്രഹം (ബര്‍കത്) ചൊരിയപ്പെടുന്ന വിവാഹം ഏറ്റവും ചെലവ് കുറഞ്ഞതാണെന്ന പ്രവാചകവചനവും പ്രബലം തന്നെ. ധൂര്‍ത്തന്മാരെ പിശാചിന്റെ സഹോദരങ്ങളായി പരിചയപ്പെടുത്തുന്നതടക്കമുള്ള ഖുര്‍ആന്‍ സൂക്തങ്ങളും മേല്‍പറഞ്ഞവിധം പ്രബലമായ പ്രവാചകവചനങ്ങളുമെല്ലാമുണ്ടായിട്ടും ഈ ദുശ്ശീലങ്ങള്‍ നമ്മുടെ സമൂഹത്തെ ഇത്രമേല്‍ പിടികൂടിയതെന്തുകൊണ്ടാണെന്ന് കൂടി ആലോചിക്കേണ്ടതല്ലേ.. ഏറ്റവും നിസ്സാരമെന്ന് കരുതുന്ന രംഗങ്ങളില്‍പോലും പ്രവാചകചര്യയും ഹദീസുകളുടെ ബലക്ഷയങ്ങളും നൂലിഴ കീറി പരിശോധിച്ച് മാത്രം കാര്യങ്ങള്‍ തീരുമാനിക്കുന്ന നമ്മുടെ പണ്ഡിതര്‍ ഈ മൂല്യശോഷണങ്ങള്‍ കാണാതെ പോവുകയായിരുന്നോ... അതോ അവക്കെതിരെ ശബ്ദിക്കേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്ന് അവര്‍ തിരിച്ചറിയാതെ പോയോ... എഴുപതുകളില്‍ കേരളത്തിലെ മഹല്ലുകളില്‍ സാമൂഹ്യപരിവര്‍ത്തനത്തിന്‍റെയും സമുദായസമുദ്ധാരണത്തിന്റെയും വീരഗാഥകള്‍ തീര്‍ത്തത് പണ്ഡിതരായിരുന്നു. സുന്നി മഹല്ല് ഫെഡറേഷനിലൂടെ കേരളത്തിലെ മഹല്ലുകളില്‍ പരിവര്‍ത്തനത്തിന്‍റെ കൊടുങ്കാറ്റുകള്‍ തന്നെയായിരുന്നു അക്കാലത്തെ പണ്ഡിതവരേണ്യര്‍ വിതച്ചത്, അതിലൂടെ സമുദായത്തിന് ലഭ്യമായത് മതകീയോദ്ബോധത്തിന്റെ സമുന്നതവും പ്രശോഭിതവുമായ നാളുകളുടെ തിരിച്ചുവരവായിരുന്നു. വരുന്നവരെ ഉള്‍ക്കൊള്ളാനാവാതെ പല മഹല്ലുകളിലെയും പള്ളികള്‍ വികസിപ്പിച്ച് പുനര്‍നിര്‍മ്മാണം നടത്തപ്പെട്ടതും അടിസ്ഥാന മതപഠനത്തിന്റെ സൌകര്യങ്ങള്‍ ഏറെ വികാസം പ്രാപിച്ചതും അക്കാലത്തായിരുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. ആ നിസ്വാര്‍ത്ഥശ്രമങ്ങള്‍ക്ക് ദൃക്സാക്ഷികളായ പലരും ഇന്നും, ആ മധുരസ്മരണകള്‍ അയവിറക്കി ജീവിച്ചിരിക്കുന്നുമുണ്ട്. എന്നാല്‍ പിന്നീടിങ്ങോട്ട്, വര്‍ഷാവര്‍ഷം വിവിധ സ്ഥാപനങ്ങളില്‍നിന്നായി പുറത്തിറങ്ങുന്ന പണ്ഡിതരുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിക്കുന്നുവെങ്കിലും, സമൂഹത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ പലപ്പോഴും അവരുടെ ഇടപെടലുകള്‍ ഇല്ലാതെ പോകുകയും അവയുടെ പരിഹാരത്തിനായി പണ്ഡിതരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടക്കാതെ പോകുകയും ചെയ്തുവെന്നതല്ലേ വസ്തുത. മതപഠനത്തിനും അതിലൂടെ മതപണ്ഡിതരെ വാര്‍ത്തെടുക്കുന്നതിനും കേരളമുസ്‍ലിംകളോളം സാമ്പത്തികനിക്ഷേപം നടത്തുന്നവര്‍ ലോകത്ത് മറ്റെവിടെയും ഉണ്ടാകുമെന്ന് തോന്നുന്നില്ല, അത്രയേറെ സ്ഥാപനങ്ങളാണ് കേരളത്തില്‍ പ്രവാസികളടങ്ങുന്ന പൊതുജനങ്ങളുടെ സഹായസഹകരണങ്ങളിലൂടെ നടന്നുപോരുന്നത്. കാലോചിതമായ പരിഷ്കാരങ്ങള്‍ പാഠ്യപദ്ധതിയിലും പരിശീലനരീതികളിലും നടപ്പില്‍വരുത്തുകയും ആധുനികയുഗത്തിന്‍റെ പ്രശ്നങ്ങളെയെല്ലാം യഥോചിതം അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നവിധമാണ് മുഴുവന്‍ സ്ഥാപനങ്ങളും ഉല്‍പന്നങ്ങളെ വാര്‍ത്തെടുക്കുന്നത്. (കൂട്ടത്തില്‍ ചില സ്ഥാപനങ്ങളുടെയെങ്കിലും ഇത്തരം ലക്ഷ്യങ്ങള്‍ ബ്രോഷറുകളില്‍ മാത്രമായി ഒതുങ്ങുന്നുവെന്നുവെന്നും ആനുഷങ്കികമായി ഓര്‍മ്മിപ്പിക്കട്ടെ). ഇത്തരത്തില്‍ സേവനഗോദയിലേക്കിറങ്ങുന്ന പണ്ഡിതരില്‍ പത്തിലൊരുഭാഗമെങ്കിലും പേര്‍ അവരുടെ കര്‍ത്തവ്യം യഥാവിധി നിര്‍വ്വഹിച്ചിരുന്നുവെങ്കില്‍, ഇത്തരം മൂല്യച്യുതികള്‍ സമൂഹത്തെ ഇത്രമേല്‍ ബാധിക്കില്ലായിരുന്നു. അഞ്ച് നേരത്തെ നിസ്കാരത്തിന് നേതൃത്വം നല്‍കുകയും മരിച്ച വീടുകളിലെത്തി ദുആ ചെയ്തുകൊടുക്കുകയും ചെയ്യുന്നത് കൊണ്ട് മാത്രം പൂര്‍ത്തിയാകുന്നതല്ല പണ്ഡിതരുടെ ഉത്തരവാദിത്തം. റമദാനിന്റെയും ശവ്വാലിന്റെയും മാസപ്പിറവി ഉറപ്പിക്കുകയും നികാഹിന്റെ സാങ്കേതിക പദങ്ങള്‍ വരന്നും രക്ഷിതാവിന്നും പറഞ്ഞുകൊടുക്കുകയും ചെയ്യുന്നതിലൂടെ മാത്രം കഴിയുന്നതല്ല ഖാളിമാരുടെ കര്‍ത്തവ്യങ്ങള്‍. മറിച്ച് സമൂഹത്തെ ബാധിക്കുന്ന വിവിധ മൂല്യച്യുതികള്‍ക്ക് യഥാസമയം ചികില്‍സ നടത്തേണ്ടവരാണ് അവര്‍. പ്രവാചകന്‍റെ അനന്തരാവകാശികള്‍ എന്ന് അലങ്കാരത്തിന് പറയുന്നതിലപ്പുറം, അനുയായികള്‍ക്കിടയില്‍ അന്യായമായ എന്തെങ്കിലും കാണുമ്പോഴേക്ക് വേണ്ടവിധം അതിനെതിരെ പ്രതികരിക്കുന്ന പ്രവാചകരെ അവര്‍ അനന്തരമെടുക്കേണ്ടിയിരുന്നു. പതിവില്‍ കവിഞ്ഞ സ്വര്‍ണ്ണമടങ്ങിയ കട്ടിയേറിയ വള ധരിച്ച് തന്റെ മുന്നിലെത്തിയ സ്ത്രീയോട്, ഇതിന് പകരമായി നാളെ തീയ്യിനാലുള്ള വള ധരിപ്പിക്കപ്പെടാന്‍ നീ ആഗ്രഹിക്കുന്നുവോ എന്ന് ചോദിക്കുകയും പിന്നിലുള്ളവര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന വിധം നിസ്കാരത്തില്‍ ഇമാം വലിയ സൂറതുകളോതുന്നുവെന്ന് അറിയുമ്പോഴേക്ക് ചുവന്നുതുടുത്ത മുഖവുമായി അതിനെതിരെ ശബ്ദിക്കുകയും ചെയ്യുന്ന, മൂല്യശോഷണങ്ങള്‍ക്കെതിരെ യഥാസമയങ്ങളില്‍ വേണ്ടവിധം പ്രതികരിക്കുന്ന പ്രവാചകരെ നമ്മുടെ പണ്ഡിതര്‍ അനന്തരമെടുത്തിരുന്നുവെങ്കില്‍, സമൂഹത്തിന്റെ ചിത്രം മറ്റൊന്നാകുമായിരുന്നു. എന്നാല്‍ നമ്മുടെ പണ്ഡിതസമൂഹവും മതസംഘടനകളും ഇന്ന് മറ്റു പലതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പണ്ഡിതര്‍ക്കിടയിലെ ചര്‍ച്ചകളില്‍ ഒതുങ്ങി നില്‍ക്കേണ്ട വിഷയങ്ങളാണ്, ഇന്ന് ഭൂരിഭാഗമതസംഘടനകളും തെരുവുകളിലേക്കിറക്കി പരസ്പരം വെല്ലുവിളി നടത്തുന്നതും നടത്തിയ മുഖാമുഖങ്ങളുടെ എണ്ണത്തില്‍ മേനിപറയുന്നതും. അവയില്‍ പലതും കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ചര്‍ച്ച ചെയ്തിട്ടും ഇനിയും തീരുമാനമായിട്ടില്ലെന്നതാണ്അതിലും വലിയ തമാശ. സ്ത്രീധനം പോലോത്ത ചില സാമൂഹികപ്രശ്നങ്ങള്‍ക്കെതിരെ ഒറ്റപ്പെട്ട ശബ്ദമുയര്‍ത്തിയിരുന്ന മതസംഘടന പോലും ഇന്ന് മനുഷ്യപ്രശ്നങ്ങള്‍ വിട്ട് ജിന്നുലോകമാണ് ചര്‍ച്ചക്കെടുക്കുന്നത്, അതും തെരുവുകളിലും തുറന്ന മൈതാനിയിലും തന്നെ. gold2 തങ്ങളെത്തിപ്പെട്ട നിഗനമങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്ന ബോധമുണ്ടെങ്കില്‍ അത് തുറന്ന് പറയേണ്ടത് പണ്ഡിതരുടെ ഉത്തരാവദിത്തം തന്നെയാണ്, എന്നാല്‍ അതേ സമയം, ഇത്തരം അഭിപ്രായാന്തരങ്ങള്‍ പണ്ഡിതചര്‍ച്ചകളില്‍ പരിമിതപ്പെടുത്തി, പരസ്പര സ്നേഹത്തോടെ മുന്നോട്ട് പോയിരുന്ന നമ്മുടെ പൂര്‍വ്വകാലം കേരളീയ സാഹചര്യത്തില്‍ ഇന്ന് നഷ്ടമായിരിക്കുന്നു. വിവാഹത്തില്‍ കടന്നുകൂടിയ സ്ത്രീധനമെന്ന മഹാവിപത്തും സമൂഹത്തില്‍ ഇത്രമേല്‍ അതിന്റെ ദംഷ്ട്രകളാഴ്ത്തിയതും ഈ അപകടകരമായ പ്രവണത കൊണ്ട് തന്നെയാണെന്ന് പറയാതെ വയ്യ. ഇവ്വിഷയകമായി മുമ്പ്, പിടിച്ചതിലും വലുതല്ലേ മാളത്തില്‍ എന്ന പേരില്‍ ഒരു കുറിപ്പ് ഇതേ സൈറ്റില്‍ തന്നെ എഴുതിയിരുന്നു. അതില്‍ പറഞ്ഞ കാര്യം തന്നെ ഇവിടെയും ആവര്‍ത്തിക്കട്ടെ, സംഘടനാവ്യത്യാസങ്ങള്‍ക്കും ഗ്രൂപ്പ് വിഭാഗീയതകള്‍ക്കുമതീതമായി മുഴുവന്‍ മതസംഘടനകളുടെയും നേതാക്കള്‍ ഒന്നിച്ചിരുന്ന് ഇത്തരം സാമൂഹികവിപത്തുകള്‍ക്കെതിരെ ഒന്നിച്ചൊരു പ്രസ്താവന ഇറക്കാന്‍ തയ്യാറായാല്‍ തന്നെ ഇതില്‍ പലതിനെയും നിയന്ത്രിക്കാനാവുമെന്നതില്‍ സംശയമില്ല. ഇന്ന് ചില മഹല്ലുകളെങ്കിലും ഇത്തരം നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നത് സസന്തോഷം ഓര്‍മ്മിക്കട്ടെ. പറഞ്ഞുവരുന്നത്, മതപണ്ഡിതരും മതസംഘടനകളും അവരുടെ കര്‍ത്തവ്യങ്ങള്‍ യഥാവിധി നിറവേറ്റാതെ പോവുമ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവ ഏറ്റെടുക്കേണ്ടിവരുന്നത്. ഇങ്ങനെ ഏറ്റെടുത്ത സാഹചര്യത്തില്‍, പ്രസ്തുത ശ്രമത്തിന് കേരളത്തിലെ മുഴുവന്‍ മതസംഘടനകളും സര്‍വ്വപിന്തുണയുമായി ഒറ്റക്കെട്ടായി രംഗത്ത് വരുമെന്ന് ഈ കുറിപ്പുകാരി ആശിച്ചുപോകുന്നു. ചില സംഘടനകളെല്ലാം ഇതിനകം തന്നെ രംഗത്ത് വന്നുകഴിഞ്ഞു. എന്നാല്‍ പല സംഘടനകളും ഇനിയും ഒരു കോളം പിന്തുണാപ്രസ്താവന പോലും കൊടുത്തതായി കണ്ടില്ലെന്നതും ഏറെ സങ്കടം ജനിപ്പിക്കുന്നു. ഇനിയും സമയം വൈകിയിട്ടില്ലെന്നും വരും ദിവസങ്ങളിലെങ്കിലും ഒറ്റക്കെട്ടായ പിന്തുണാപ്രഖ്യാപനവും സാധ്യമാവുന്ന എല്ലാ ശ്രമങ്ങളും അവരുടെ ഭാഗത്ത്നിന്ന്കൂടി ഉണ്ടാവുമെന്നും പ്രതീക്ഷിക്കാന്‍ തന്നെയാണ് ഇപ്പോഴും എന്റെ മനസ്സ് പറയുന്നത്. ധൂര്‍ത്തും ആര്‍ഭാടവുമില്ലാത്ത, മറ്റുള്ളവര്‍ക്കെല്ലാം മാതൃകയാവുന്ന ഒരു ഉത്തമ സമൂഹത്തിന്‍റെ പുനസൃഷ്ടി മാത്രം ആശിച്ച്...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter