സിന്ധിന്റെ നായകന്‍ 1;ഒരു ഇതിഹാസം ജനിക്കുന്നു.
ഒന്ന് ഇരുന്ന് വീണ്ടും എഴുനേറ്റു.പിന്നെയും നടത്തം. എത്ര ഇങ്ങനെ നടന്നു എന്നറിയില്ല. കോലായയിലൂടെ അങ്ങോട്ടുമിങ്ങോട്ടും തല താഴ്ത്തിപ്പിടിച്ച് ഇങ്ങനെ നടത്തം തുടങ്ങിയിട്ട് ഏറെ നേരമായി. മന്ത്രങ്ങളോ പ്രാര്‍ഥനകളോ ഉരുവിട്ടുകൊണ്ടേയിരിക്കുകയാണ് ചുണ്ടുകള്‍. മനസ്സ് ഇടക്കിടെ ചുണ്ടിനൊപ്പം കൂടുന്നുണ്ട് എങ്കിലും പൂര്‍ണ്ണമായും ആ പ്രാര്‍ഥനകളിലും മന്ത്രങ്ങളിലും ലയിക്കുവാന്‍ മനസ്സിനു കഴിയുന്നില്ല. അത്രക്കും അസ്വസ്ഥമാണ് മനസ്സ്. ആ അസ്വസ്ഥത കൊണ്ടാണ് ഇരുക്കുമ്പോഴൊന്നും ഇരിപ്പുറക്കാത്തതും ഇങ്ങനെ അലക്ഷ്യമായി കുറേ നേരമായി നടക്കുന്നതും.
അല്ലെങ്കിലും ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെ ഇരിപ്പുറക്കും?.മനസ്സുനിറയെ ഭീതിയുള്ള ആകാംക്ഷകളാണല്ലോ. തികച്ചും സ്വാഭാവികമായ ഒരു പ്രകൃതി പ്രതിഭാസം തന്നെയാണ് പ്രസവം എന്നത്. ലോകത്ത് ആദിമ മനുഷ്യനും പത്‌നിയുമല്ലാത്ത എല്ലാ മനുഷ്യരും ജന്തുക്കളും ഈ പ്രതിഭാസത്തിനു വിധേയരായവരാണ്. സ്ത്രീകള്‍ക്ക് ഇത് സൃഷ്ടാവിന്റെ വിധിയുമാണ്. അത് അവരുടെ ദൗത്യവുമാണ്. പ്രസവത്തിന്റെ വേദനകളും ആശങ്കകളും പക്ഷെ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നതോടെ തീരും, മറക്കും. അങ്ങനെയൊക്കെതയാണെങ്കിലും സ്വന്തം ഭാര്യ പേററുമുറിയില്‍ നൊമ്പരമേററു പുളയുന്ന ഇത്തരമൊരു സാഹചര്യത്തില്‍ ഒരു ഭര്‍ത്താവിന് എങ്ങനെ, എത്ര സ്വസ്ഥനാകുവാന്‍ കഴിയും?. ഖാസിം ബിന്‍ മുഹമ്മദ് വാതില്‍ക്കലേക്ക് ചെവി വട്ടം പിടിച്ചു.
പിതാവ് വയോധികനായ മുഹമ്മദ് ബിന്‍ ഹകമും അവിടെയുണ്ട്. പേരക്കിടാവിനെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അദ്ദേഹവും. ചിന്തകള്‍ താങ്ങിപ്പിടിച്ച് അങ്ങോട്ടുമുങ്ങോട്ടും നടക്കുവാന്‍ പക്ഷേ അദ്ദേഹത്തിനു കഴിയില്ല. പ്രായം ആ ശരീരത്തെ പിടിച്ചുലച്ചു കഴിഞ്ഞിരിക്കുന്നു. ചുണ്ടില്‍ ദിക്‌റുകളും മനസ്സില്‍ പ്രാര്‍ഥനകളുമായി അദ്ദേഹം ഒരിടത്ത് ഇരിക്കുകയാണ്. ഓരോ നിമിഷങ്ങള്‍ക്കും ഒരു നൂററാണ്ടിന്റെ ദൈര്‍ഘ്യമുണ്ടെന്നാണ് അവര്‍ക്കിപ്പോള്‍ തോന്നുന്നത്. ഇടക്കിടെ വാതിലിലേക്ക് നീളുന്നുണ്ട് രണ്ടു പേരുടേയും കണ്ണുകള്‍.
വാതില്‍ അനങ്ങി. മെല്ലെ തുറന്ന വാതിലിന്റെ ഇടയിലൂടെ ഒരു സ്ത്രീമുഖം പുറത്തേക്ക് തലനീട്ടി. 'പ്രസവിച്ചു, ആണ്‍കുട്ടിയാണ്..'. പിതാവിന്‍േറയും മകന്റെയും മുഖവും മനസ്സും ഒരേ സമയം പ്രകാശിച്ചു. രണ്ടു പേരും കണ്ണുകള്‍ ആകാശത്തേക്കുയര്‍ത്തി അല്ലാഹുവിനെ സ്തുതിച്ചു. അല്‍ ഹംദുലില്ലാഹ്..
ഭാര്യ നാഇലയെയും കണ്‍മണിയേയും കാണാന്‍ ഖാസിം ബിന്‍ മുഹമ്മദിന്റെ മനസ്സു വെമ്പി. അധികം വൈകാതെ അദ്ദേഹം പേററുമുറിയിലെത്തി. പൊന്നുമകനെ കയ്യിലെടുത്ത് നിറഞ്ഞ സംതൃപ്തിയോടെ ആ കുഞ്ഞുമുഖത്തേക്ക് സൂക്ഷിച്ചുനോക്കുമ്പോള്‍ ഒരു വാല്‍സല്യം മനസ്സിനുള്ളില്‍ നിറഞ്ഞു. അപ്പോള്‍ പക്ഷെ, വരാനിരിക്കുന്ന നാളുകളില്‍ ഈ മകന്‍ വിരചിക്കുവാന്‍ പോകുന്ന സംഭവ ബാഹുല്യങ്ങള്‍ ആ പിതാവിന് വായിക്കുവാന്‍ കഴിഞ്ഞില്ല.
അധികം വൈകിയില്ല പിതാമഹന്‍ മുഹമ്മദ് ബിന്‍ ഹകമും അവിടെയെത്തി. കുഞ്ഞിനെ വല്യുപ്പയുടെ കരങ്ങളിലേക്ക് കൈമാറി. പുഞ്ചിരിക്കുന്ന ചുണ്ടുകളില്‍ എല്ലാ സന്തോഷവും വാല്‍സല്യവും ചേര്‍ത്ത് പിതാമഹന്‍ കുഞ്ഞുമുഖത്ത് ഉമ്മവെച്ചു. പിന്നെ കുഞ്ഞിനു പേര് വിളിച്ചു. മുഹമ്മദ്.., മുഹമ്മദ്.. എല്ലാവര്‍ക്കും ഇഷ്ടമായി. തങ്ങളേററവും ഇഷ്ടപ്പെടുന്ന പേര്. പ്രവാചക സുല്‍ത്വാന്റെ പേര്.
ഖാസിം ബിന്‍ മുഹമ്മദിന്റെ ചുമരുകള്‍ക്ക് പുറത്തേക്ക് ആ വിവരം ഒഴുകി. കേട്ടവര്‍ക്കെല്ലാം സന്തോഷമായി. ത്വാഇഫിലെ ഏററവും പ്രശസ്തമായ ബനൂ തഖീഫ് ഗോത്രത്തില്‍ ഒരു പുതിയ അഥിതി കൂടി വന്നുചേര്‍ന്നിരിക്കുന്നു. ഖാസിമിന്റെയും നാഇലയുടേയും മകന്‍ മുഹമ്മദ് ബിന്‍ ഖാസിം. ഏവരുടെയും സന്തോഷത്തിന് നിറങ്ങള്‍ നല്‍കുന്നത് തിളക്കമുള്ള പ്രതീക്ഷകളാണ്. അവര്‍ക്കറിയാം ബനൂ തഖീഫിലെ ഓരോ കുട്ടിയിലും ഉണ്ട് ചില പ്രത്യേകതകള്‍. ചിലരുടെ പ്രത്യേകതകള്‍ നന്‍മയുള്ളതാണ്. മററു ചിലരുടേത് തിന്‍മയുള്ളതും. രണ്ടാണെങ്കിലും ആ പ്രത്യേകതകളാണ് ബനൂ തഖീഫിനെ ത്വാഇഫ് നഗരത്തിന്റെ സാമൂഹ്യതയില്‍ വേറിട്ടടയാളപ്പെടുത്തുന്നത്.
പരിശുദ്ധ മക്കായില്‍ നിന്നും ഏകദേശം തൊണ്ണൂറു കിലോമീററര്‍ കിഴക്ക് സ്ഥതിചെയ്യുന്ന ത്വാഇഫ് നഗരത്തിന് ഒരു പാട് പ്രത്യേകതകളുണ്ട്. മനോഹരങ്ങളായ തോട്ടങ്ങളും നിറഞ്ഞൊഴുകുന്ന ജലാശയങ്ങളും അതിനെല്ലാം കുളിര്‍ ചൊരിയുന്ന കാലാവസ്ഥയും ഈ നഗരത്തെ വ്യതിരിക്തമാക്കുന്നു. ഈ പച്ചപ്പ് അറേബ്യന്‍ മണല്‍മടക്കുകള്‍ക്കിടയില്‍ ഈ നാടിനെ വേറിട്ടടയാളപ്പെടുത്തുന്നു. ഈ രമണീയതയാണ് ത്വാഇഫിലേക്ക് അറബികളെ ഇസ്‌ലാമിനു മുമ്പും പിമ്പും ആകര്‍ഷിച്ചിരുന്നത്. മക്കായിലുള്ള പ്രമുഖര്‍ക്കെല്ലാം സുഖവാസത്തിനു മാത്രമായുള്ള വാസസ്ഥലങ്ങളും തോട്ടങ്ങളും ഇവിടെ ഉണ്ടായിരുന്നു. ത്വാഇഫ് യാത്രയില്‍ നബിതിരുമേനി വിശ്രമിച്ചത് മക്കക്കാരായ ഉത്ബയുടേയും ശൈബയുടേയും തോട്ടത്തിലായിരുന്നുവല്ലോ.
നബി തിരുമേനിയുടെ ചരിത്രത്തില്‍ ത്വാഇഫ് പലപ്പോഴും വരുന്നുണ്ടെങ്കിലും ആദ്യം വരിക ഖേദകരമായ ആ യാത്രയാണ്. പത്‌നി ഖദീജാ ബീവിയും പിതൃവ്യന്‍ അബൂത്വാലിബും മരണപ്പെട്ടതോടെ നിസ്സഹായനായി ഒററപ്പെട്ട നബിതിരുമേനി മക്കായുടെ പുറത്തേക്ക് പ്രബോധനം മാററുവാന്‍ ആദ്യം ശ്രമിച്ചത് ത്വാഇഫിലേക്കായിരുന്നു. ത്വാഇഫിലെ നാട്ടുമൂപ്പന്‍മാരായിരുന്ന അബ്ദു യാലൈല്‍, മസ്ഊദ്, ഹബീബ് എന്നിവരെയായിരുന്നു നബിതിരുമേനി ആദ്യം പോയി കണ്ടത്. ആദര്‍ശത്തെ ത്വാഇഫിലേക്കു പറിച്ചുനടുവാന്‍ അവരുടെ പിന്തുണ വേണമായിരുന്നു.
അവര്‍ മൂന്നുപേരും പക്ഷെ മനസ്സുതുറന്നില്ല. മാത്രമല്ല, അനാഥനായ ഒരു മക്കക്കാരന്‍ വന്ന് തങ്ങളെ ഗുണദോഷിക്കുവാന്‍ ധൈര്യപ്പെട്ടത് അവര്‍ക്ക് ഉള്‍ക്കൊള്ളാനുമായില്ല. അതിനാല്‍ അവര്‍ നബിതിരുമേനിയോട് തട്ടിക്കയറി. പിന്നെ അസഭ്യവും പരിഹാസവും നടത്തി. പോരാഞ്ഞിട്ട് നാട്ടിലെ അടിമകളേയും കുട്ടികളേയും വിട്ട് കല്ലെറിയിക്കുകയും ചെയ്തു. അത് നബി(സ)യുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു. മാനം കെട്ടും ചോരയൊലിച്ചും അവശനായിട്ടായിരുന്നു അന്ന് നബി(സ) കണ്ണീരടക്കിപ്പിടിച്ച് ത്വാഇഫില്‍ നിന്ന് പോന്നത്. അതിന് നേതൃത്വം നല്‍കിയത് ബനൂ തഖീഫായിരുന്നു. മുഹമ്മദ് ബിന്‍ ഖാസിമിന്റെ തറവാട്ടുകാര്‍.
ബനൂ തഖീഫ് കുടുംബം ത്വാഇഫിലെ ഏററവും വലിയ കുടുംബമായി മാറിയതിനു പിന്നില്‍ അവരുടെ വിവിധ വൈഭവങ്ങളുണ്ട്. അവിടെത്തെ കാര്‍ഷിക മേഖല അവരുടെ കയ്യിലെ കുത്തകയായിരുന്നു. അറേബ്യയിലെ ഒന്നാംതരം മൃഗത്തോല്‍ അവരുടെ ഉല്‍പ്പന്നമായിരുന്നു. സാമൂഹ്യരംഗത്താവട്ടെ അവരുടെ പാദങ്ങള്‍ ഉറച്ചതും ചുവടുകള്‍ ചിട്ടയൊത്തതുമായിരുന്നു. ഈ ഘടകങ്ങളെല്ലാം ബനൂ തഖീഫിനെ ത്വാഇഫിലെ അധികാരികളാക്കി വാഴിച്ചു.
ഉര്‍വ്വത്ത് ബിന്‍ മസ്ഊദ് അസ്സഖഫീ അവരിലെ ഒരു രാജാവായിരുന്നുവല്ലോ.ഖുറൈശികള്‍ നബിതിരുമേനിയോട് വെല്ലുവിളിക്കുമ്പോള്‍ ഉയര്‍ത്തിക്കാട്ടാറുള്ള ഉര്‍വ്വത്ത് ബിന്‍ മസ്ഊദ്.പ്രമുഖ തഫ്‌സീറുകളുടെ പക്ഷമനുസരിച്ച് വിശുദ്ധ ഖുര്‍ആനില്‍ അധ്യായം 43 ല്‍ 31 ാം വചനത്തില്‍ പറയുന്ന മഹാനായ മനുഷ്യന്‍. ഖുര്‍ആന്‍ അയാള്‍ക്കെന്താ അവതരിപ്പിക്കപ്പെട്ടുകൂടായിരുന്നുവോ എന്നു ചോദിക്കുവാന്‍ വരെ സാധിക്കുന്ന പ്രതിഭ.
മുഅത്തിബ് ബിന്‍ മാലിക് അസ്സഖഫീ അതുപോലെ ബനൂ തഖീഫിന്റെ മറെറാരു സംഭാവനയാണ്. ത്വാഇഫിലെ ജനങ്ങള്‍ക്ക് ഇസ്‌ലാമിന്റെ സുവിശേഷം എത്തിക്കുവാന്‍ നബി നിയോഗിച്ച ദൂതനായിരുന്നു അദ്ദേഹം. നബിയുടെ നിയോഗം പിഴച്ചില്ല. ത്വാഇഫിലെ ഒരുപാട് ഇരുട്ടുപിടിച്ച മനസ്സുകളില്‍ ഇസ്‌ലാമിന്റെ വെളിച്ചം കത്തിച്ചുവെക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ബനൂ തഖീഫില്‍ ഇപ്പോള്‍ ജനിച്ച മുഹമ്മദ് ബിന്‍ ഖാസിമിന്റെ പിതാവ് ഖാസിം ബിന്‍ മുഹമ്മദ് ബനൂ തഖീഫിന്റെ ഒരു പ്രൗഢ സംഭാവനയാണ്. അമവികളുടെ കരങ്ങളില്‍ അറബികളുടെ രാഷ്ട്രീയം കുഴഞ്ഞുമറിഞ്ഞപ്പോള്‍ പ്രശ്‌നങ്ങളുടെയെല്ലാം ഒരു പ്രഭവ കേന്ദ്രമായിരുന്ന ബസ്വറയിലെ ഗവര്‍ണറായിരുന്നു ഖാസിം. ഒരു പേരു ദോഷവും വരാതെ, വരുത്താതെ അദ്ദേഹം തന്റെ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു.
ബനൂ തഖീഫിന്റെ പേരും പോരിശയും ഗ്രഹിക്കാന്‍ ഹജ്ജാജ് ബിന്‍ യൂസുഫ് എന്ന വ്യക്ത്വമുണ്ടാകുമ്പോള്‍ മറെറാരു പേര് പറയേണ്ടിവരില്ല. ഹജ്ജാജിന്റെ കുടുംബം ബനൂ തഖീഫാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ തികച്ചും വ്യത്യസ്ഥനായ ഒരു അധ്യായമാണ് ഹജ്ജാജ്. ത്വാഇഫിലെ ഒരു ഖുര്‍ആന്‍ അധ്യാപകനില്‍ നിന്ന് ഇറാഖിന്‍േറയും ഹിജാസിന്റെയും ഗവര്‍ണ്ണര്‍ പതവിയിലേക്കുവരെ വളര്‍ന്ന വിത്യസ്ഥന്‍. ഒരു ഖുര്‍ആന്‍ അധ്യാപകന്റെ മനസ്സ് എടുത്തുമാററി ചിലപ്പോള്‍ ക്രൂരനായ ഒരു രക്തദാഹിയുടേയും കാര്‍കശ്യക്കാരനായ ഒരു ഭരണാധികാരിയുടെയും വിട്ടുവീഴ്ചയില്ലാത്ത ഒരു നയതന്ത്രജ്ഞന്‍േറയും റോളുകള്‍ മാറി മാറി അഭിനയിച്ച വ്യക്തി. ചോര കൊണ്ട് കൈ കഴുകിയ ഹജ്ജാജ് അമവികള്‍ക്ക് അധികാരം നിലനിറുത്തിക്കൊണ്ടുപോകുവാനുള്ള ഒരു അവശ്യമാര്‍ഗമായിരുന്നു.
അങ്ങനെ പേരും പെരുമയുമുള്ള ത്വാഇഫിലെ ബനൂ തഖീഫ് ഗോത്രത്തില്‍ ഹിജ്‌റ എഴുപത്തിരണ്ടില്‍ മുഹമ്മദ് ബിന്‍ ഖാസിം എന്ന ഇതിഹാസം പിറന്നു.ബനൂ തഖീഫിന്റെ പ്രൗഢമായ പെരുമകളിലേക്ക് ആ കുഞ്ഞ് വളര്‍ന്നുവലുതാവുകയാണ്.(തുടരും)
പ്രധാന അവലംബം:
ബത്വലുസ്സിന്ധ്.മുഹമ്മദ് അബ്ദുല്‍ ഗനീ ഹസന്‍ (ദാറുല്‍ മആരിഫ്, കൈറോ, ഈജിപ്ത്.)
Leave A Comment