ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-26 മെഹ്മദ് ചെലേബിയുടെ ഗ്രീന്‍ടോംബിലൂടെ...
ഇന്നത്തെ എന്റെ ലക്ഷ്യം ബുർസയിലെ ഉലു ജാമിഅയാണ്. അസർ നിസ്‍കാരത്തിന് സമയമായിരിക്കുന്നു. ജമാഅത്ത് ഏറ്റവും കൂടുതൽ ശ്രേഷ്ഠതയുള്ള ഫർള് നിസ്കാരമാണ് അസർ. എല്ലാ ജനങ്ങളും പൊതുവെ തിരക്കിലാവുന്ന സമയമാണ് അത്. പക്ഷേ, ഉലു പള്ളിയിലെ അസർ നിസ്കാരത്തിന് ജുമുഅ നിസ്കാരത്തിന്റെ പ്രതീതിയുണ്ടായിരുന്നു. തുർക്കി നൽകുന്ന ഇസ്‍ലാമിക സൗന്ദര്യം ഞാൻ ഇവിടെയും ആസ്വദിച്ചു.
ഉസ്മാൻ ബെ കിടന്നുറങ്ങുന്നത് ഈ പള്ളിയുടെ അരികത്താണ്. നിങ്ങൾ ദാവൂദ് അൽ കൈസരിയെ കേട്ടിട്ടുണ്ടോ, അദ്ദേഹം ഈ പള്ളിയെ ചുറ്റിപറ്റിയാണ് ജീവിച്ചത്. അദ്ദേഹത്തെ കുറിച്ച് ഈ പള്ളിയുടെ ചുമരിൽ ഒരു എഴുത്തു കണ്ടു. ഓട്ടോമൻ മദ്‍റസകളുടെ പിതാവെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അവർ ഓർഹാന്റെ സൂഹൃത്തായിരുന്നു. ഇസ്നിക്കിലെ മദ്‍റസയിൽ പഠിപ്പിക്കുമ്പോൾ അദ്ദേഹത്തിന് മുപ്പത് സ്വർണ നാണയങ്ങളാണ് ഉസ്മാനികൾ ശമ്പളമായി നൽകിയിരുന്നത്. അദ്ദേഹം തുടങ്ങിയ മദ്‍റസ സമ്പ്രദായം നൂറ്റാണ്ടുകളോളം തുർക്കിയിൽ തുടർന്നിരുന്നു. ഹനഫി പണ്ഡിതനായ ദാവൂദ് അൽ കൈസരി ഇബ്നു അറബിയുടെ സൂഫി പാരമ്പര്യക്കാരനായിരുന്നു.
ഉലു ജാമി മസ്ജിദ് ബുർസയിലെ ഹാഗിയ സോഫിയ എന്നാണ് അറിയപ്പെടുന്നത്. അലി നജ്ജാറാണ് ഈ പള്ളിയുടെ നിർമാതാവ്. പക്ഷേ, ഈ പള്ളിയുടെ രണ്ടു മിനാരങ്ങളിലൊന്ന് നിർമിച്ചത് സുൽത്താൻ ചെലേബിയാണത്രെ. ആരാണ് ഈ സുൽത്താൻ മുഹമ്മദ് ചെലേബിയെന്ന ചോദ്യം അപ്പോഴാണ് എന്റെയുള്ളിൽ ഉദിച്ചത്. അസർ നിസ്കാരത്തിന് ശേഷവും ആ ചോദ്യം എന്നെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് തുർകിഷ് നിർമാണ വൈവിധ്യത്താൽ നിറഞ്ഞ ഒരു കെട്ടിടം എന്റെ കണ്ണില്‍ പെട്ടത്. എതൊരു സന്ദർശകനെയും ആസ്വദിപ്പിച്ചു നിർത്തുന്ന കെട്ടിട മാതൃക. അത് കോജാ സുൽത്താൻ ചെലേബിയുടെ മഖ്ബറയുള്ള ഗ്രീൻ മോസ്കാണ് എന്ന് വഴിയോര കച്ചവടക്കാരില്‍നിന്ന് ഞാന്‍ മനസ്സിലാക്കി. പിന്നെയൊന്നും നോക്കിയില്ല, നേരെ അങ്ങോട്ട് നടന്നു. മഖ്ബറ ശാന്തമാണ്. ഖബ്റിന്റെ മുകളിൽ സുൽത്താന്റെ വിശേഷണങ്ങൾ കാലിഗ്രഫിയാൽ കൊത്തി വെച്ചിരിക്കുന്നു.
എന്റെ വലതു കൈ അവരുടെ ഖബ്റിന്മേൽ വെച്ച് അല്‍പനേരം ഞാനങ്ങനെ നിര്‍വൃതിയില്‍ നിന്നു. അപ്പോള്‍ എന്റെ മനസ്സ് വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു. വില്ല് എന്നർത്ഥം വരുന്ന കിരിച്ചി എന്നറിയപ്പെടുന്ന സുൽത്താൻ മെഹ്മദ് ചെലേബി ബായസീദിന്റെയും ദൌലത്ത് ഹാത്തൂന്റെയും മകനായി 1389-ലാണ് ജനിച്ചത്. ജലാലുദ്ധീൻ റൂമിയുടെ പേരക്കുട്ടിയായ ദൌലത്ത് ഹാത്തൂൻ അവരെ ചെലേബി എന്നു വിളിച്ചു. ചെലേബി എന്നത് റൂമിയുടെ കുടുംബ പരമ്പരയിൽ വരുന്നവർക്ക് നൽകുന്ന സ്ഥാനപ്പേരാണത്രെ. അങ്ങനെ, ഓട്ടോമൻ സാമ്രാജ്യത്തിന്റെ വംശപരമ്പര ഖലീഫ അബൂബക്കർ(റ) ലേക്കും ഖലീഫ ഉമർ(റ) ലേക്കും പ്രവാചകന്റെ ചെറുമകൻ ഹുസൈനിലൂടെ പ്രവാചകനിലേക്കും ഒടുവിൽ ഖുറൈഷ് ഗോത്രത്തിലേക്കും എത്തിച്ചേർന്നു.
ചുവപ്പ് കലർന്ന വെളുത്ത നിറം, കറുത്ത കണ്ണുകൾ, കറുത്തു വളഞ്ഞ പുരികങ്ങൾ, വളഞ്ഞ മൂക്ക്, കഴുകൻ കണ്ണുള്ള നോട്ടം, കട്ടിയുള്ള താടി, വിശാലമായ നെറ്റി, വിശാലമായ തോളുകൾ, വലിയ നെഞ്ച്, നീണ്ട കൈകൾ ഇതായിരുന്നു ചെലേബിയുടെ ശരീരപ്രകർതി. അദ്ദേഹം സുന്ദരനും എപ്പോഴും നല്ല വസ്ത്രം ധരിച്ചവനുമായിരുന്നു. അവർ നീതിമാനും ധീരനും ദയയുള്ളവനുമായിരുന്നു.
സുൽത്താൻ ബായസീദ് വഫാത്തായ അവസരത്തിൽ മെഹ്മദിന് സഹോദരന്മാർ തമ്മിലുള്ള യുദ്ധത്തിന് സാക്ഷിയാകേണ്ടി വന്നു. അങ്ങനെ അദ്ദേഹം ഇസ്താംബൂളിൽ അഭയം പ്രാപിച്ചു. പക്ഷെ, കാർകശ്യക്കാരനായ മൂസയെ തള്ളി സാമാധാന പ്രിയനായ മെഹ്മദിനെയാണ് തുർക്കിക്കാർ തെരഞ്ഞെടുത്തത്. രാജ്യത്തെ ജനങ്ങളെ ഐക്യപ്പെടുത്താനാണ് സുൽത്താൻ ശ്രമിച്ചത്. ബന്ധം വഷളായിരുന്ന മംലൂക്കുകളുമായി അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചു. ബായസീദിന് നഷ്ടപ്പെട്ട നഗരങ്ങൾ മെഹ്മദ് തിരിച്ചു പിടിക്കാൻ തുടങ്ങി. അദ്ദേഹം കറാമാനികളെ കീഴടക്കി. അദ്ദേഹത്തിന്റെ അമ്മായിയുടെ മകനായ മെഹ്മദായിരുന്നു കറാമാനികളുടെ ഭരണാധികാരി. ഉസ്മാനോഗ്ലുവുമായുള്ള ഞങ്ങളുടെ ശത്രുത തൊട്ടിൽ മുതൽ ശവക്കുഴി വരെ തുടരും എന്നാണ് കരാമാനിദ് മെഹ്മദ് പറഞ്ഞിരുന്നത്.
സുൽത്താൻ മെഹമ്മദ് വല്ലാച്ചിയയിലേക്ക് മുന്നേറി. ഹംഗേറിയൻ-വല്ലാച്ചിയൻ സഖ്യസേന ഉസ്മാനികൾക്കു മുമ്പിൽ പരാജയപ്പെടുകയും വല്ലാച്ചിയയുടെ മേൽ ഓട്ടോമൻ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. ബോസ്നിയയുടെയും അൽബേനിയയുടെയും തെക്കൻ ഭാഗം ഓട്ടോമൻസിന്റെ കൈകളിലായി. ബോസ്നിയക്കാരും അൽബേനിയക്കാരും, ക്രിസ്ത്യാനിറ്റിയുടെ ബോഗോമിൽ വിഭാഗത്തിൽ പെട്ടവരായിരുന്നു. ഹംഗേറിയക്കാരുടെ കത്തോലിക്കാ പ്രചാരണത്തിൽ പ്രയാസപ്പെട്ട അവർ കൂട്ടത്തോടെ ഇസ്‍ലാമിലേക്ക് പരിവർത്തനം ചെയ്യാൻ തുടങ്ങി.
തന്റെ പിതാവ് ഉപേക്ഷിച്ച ഭൂരിഭാഗം ഭൂപ്രദേശങ്ങളും തിരിച്ചുപിടിച്ചുകൊണ്ട് സുൽത്താൻ മെഹമ്മദ് 870,000 ചതുരശ്ര കിലോമീറ്റർ (335,908 ചതുരശ്ര മൈൽ) വിസ്താരമുള്ള ഒരു രാജ്യം തന്റെ പിൻഗാമികൾക്ക് കൈമാറി. 24 യുദ്ധങ്ങളിൽ വ്യക്തിപരമായി പങ്കെടുത്ത അദ്ദേഹം അല്ലാഹുവിന്റെ മാർഗത്തിൽ 40 ഓളം മുറിവുകൾ ഏറ്റുവാങ്ങിയിരുന്നു. എന്റെ കുട്ടിക്കാലം മുതൽ ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ ആരും അനുഭവിച്ചിട്ടില്ല എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.
അമസ്യ ബേ സാഡ്‌ഗെൽഡി അഹമ്മദിന്റെ ചെറുമകൾ കുമ്രു സെഹ്‌സാഡെ ഹാനിം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. ദുൽക്കാദിർ ബെയ്‌ലിക്കിലെ നസ്രെദ്ദീൻ ബേയുടെ മകൾ എമിൻ ഹാനിം രണ്ടാം ഭാര്യയും. അവർക്ക് ഒമ്പത് ആൺമക്കളും ഒമ്പത് പുത്രിമാരും ഉണ്ടായിരുന്നു. മുറാദ് ഒഴികെയുള്ള എല്ലാ മക്കളും അവരുടെ ബാല്യത്തിലോ യൗവനത്തിലോ മരിച്ചുപോയിരുന്നു.
കീഴടക്കലല്ല, സമാധാനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹം ഒരു സാമ്രാജ്യത്തെ സമാധാനത്തോടെ ഭരിച്ചു. എതിരാളികൾ സൃഷ്ടിച്ച ഭീകരാന്തരീക്ഷം ഇല്ലാതാക്കി അദ്ദേഹം എല്ലാവരേയും സ്‌നേഹിച്ചു. മെഹ്മദ് ചെലേബി റൂമിയെ പോലെ കരുണയുള്ള, അങ്ങേയറ്റം സൗമ്യനായ ഒരു ഭരണാധികാരിയായിരുന്നു. അദ്ദേഹം വൈദികരുമായും പണ്ഡിതന്മാരുമായും സൗഹൃദബന്ധം സ്ഥാപിച്ചു. തന്റെ അധ്യാപകനായിരുന്ന ബായസീദ് പാഷയെ, സിംഹാസനത്തിലെത്തിയതോടെ തന്റെ വസീറാക്കി നിയമിച്ചു, മരണം വരെ അദ്ദേഹത്തെ അവർ വിട്ടുപോയില്ല. ഓട്ടോമൻ സാമ്രാജ്യത്തിന്റെ രണ്ട് തലസ്ഥാന നഗരങ്ങളായ ബുർസയിലും എഡ്രിയാനയിലും നിർമ്മിച്ച സ്മാരക സൃഷ്ടികൾ വഴി അദ്ദേഹം തന്റെ പേര് അനശ്വരമാക്കി.
Read More: ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-25 മുല്ലാ ഫനാരിയുടെ അറിവിന്റെ വഴികൾ
പണ്ഡിതന്മാർക്കും വിധവകൾക്കും അനാഥർക്കും അദ്ദേഹം നിരന്തരം ദാനം ചെയ്യുകയും എല്ലാ വെള്ളിയാഴ്ചകളിലും ദരിദ്രർക്ക് ഭക്ഷണം നൽകുകയും ചെയ്തു. ഈ ആചാരങ്ങൾ ഓട്ടോമൻ സാമ്രാജ്യത്തിന്റെ അവസാനം വരെ തുടർന്നു. പണ്ഡിതന്മാർക്കും വിജ്ഞാനാന്വേഷകര്‍ക്കും വേണ്ടതെല്ലാം അദ്ദേഹം ചെയ്ത് കൊടുത്തു. സുൽത്താൻ നൽകിയ സംഭാവനകൾ മാനിച്ച് പണ്ഡിതന്മാർ അദ്ദേഹത്തിന്റെ പേരിൽ ഗ്രന്ഥങ്ങൾ വരെ പ്രസിദ്ധീകരിച്ചു. മെർദാനിയുടെ മുൻതഖബെ ഫിത്തിബ്ബ് ഒരു ഉദാഹരണം മാത്രം.
സുൽത്താൻ മെഹ്മദ് ചെലേബി 1421-ൽ മുപ്പത്തിയഞ്ചാം വയസ്സിൽ ഹൃദയാഘാതം മൂലം വഫാത്തായി. രോഗാവസ്ഥയിൽ അദ്ദേഹം പറഞ്ഞു, 'എന്റെ മകൻ മുറാദിനെ ഉടൻ കൊണ്ടുവരിക, എനിക്ക് ഇനി ഈ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയില്ല, രാജ്യം പ്രക്ഷുബ്ധതയിലേക്ക് വീഴരുത്.' മരിക്കുന്നതിനിടയിലും അദ്ദേഹം തന്റെ രാജ്യത്തെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ഈ വാചകങ്ങൾ സൂചിപ്പിക്കുന്നു.
അദ്ദേഹത്തിന്റെ 17 വയസ്സുള്ള മകൻ, അമസ്യയുടെ ഗവർണറായ സെഹ്‌സാദെ മുറാദ് വന്ന് സിംഹാസനം ഏറ്റെടുക്കുന്നതുവരെ സുൽത്താന്റെ മരണം പൊതുജനങ്ങളിൽ നിന്നും സൈനികരിൽ നിന്നും 41 ദിവസത്തേക്ക് മറച്ച് വെച്ചുവത്രെ. ബുർസയിൽ അദ്ദേഹം തന്നെ നിര്‍ദ്ദേശിച്ച മഖ്ബറയില്‍ അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്തു.
ഇന്ന് ബുർസയുടെ അടയാളങ്ങളിലൊന്നായ ഗ്രീൻ ടോംബ് എന്നറിയപ്പെടുന്ന ഈ കെട്ടിടം ഓട്ടോമൻ കലയുടെ ഏറ്റവും മനോഹരമായ ഉദാഹരണങ്ങളിലൊന്നാണ്. ഗ്രീൻ മോസ്കിനോട് വിടപറയാൻ സമയമായെന്ന് എനിക്ക് തോന്നി. റൂമിയുടെ പേരക്കുട്ടിയോട്, എല്ലാ ആദരവുകളോടെയും സലാം പറഞ്ഞു ഞാന്‍ പടികളിറങ്ങി.
Leave A Comment