ആ പതാക ഒരിക്കലും അംഗീകരിക്കാനാവില്ല
കഴിഞ്ഞ ദിവസങ്ങളിലായി, സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പതാക നിറഞ്ഞ് നിന്നിരുന്നു. പൌരത്വനിയമത്തിനെതിരെയുള്ള പോരാട്ടങ്ങളിലെവിടെയോ കാണപ്പെട്ട ഒരു പതാക. ഇന്ത്യന്‍ പതാകയില്‍നിന്ന് അശോക ചക്രം എടുത്ത് മാറ്റി, പകരം മുഴുനീളത്തില്‍ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹ് എന്ന വചനങ്ങള്‍ എഴുതിയതായിരുന്നു അത്.
ആദ്യമായി ഇന്ത്യന്‍ പതാകയെ ഈ രീതിയില്‍ മാറ്റിപ്രദര്‍ശിപ്പിച്ചതിനോടുള്ള (യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍) ശക്തമായ വിയോജിപ്പ് അറിയിക്കട്ടെ. മതേതര രാജ്യമാണ് നമ്മുടെ ഇന്ത്യ. അതിന് കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ട പതാകയുണ്ട്. ഏതെങ്കിലും മതത്തിന്റെ ചിഹ്നങ്ങള്‍ ചേര്‍ത്ത് അത് മാറ്റം വരുത്തുന്നത്, ആ പതാകയോട് ചെയ്യുന്ന ക്രൂരതയാണെന്ന് പറയാതെ വയ്യ.
കൂടാതെ, ഇത്തരം ഒരു സമരമുഖത്ത് അത്തരം വേണ്ടാത്തരങ്ങള്‍ കാണിക്കുന്നത് ദോഷമേ ചെയ്യൂ എന്നത് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. മതേരത്വത്തില്‍ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരനും അണിനിരക്കേണ്ടതാണ് ഈ സമരം. അത് കൊണ്ട് തന്നെ, ഇതര മതസ്ഥരെ ആശങ്കയിലാഴ്ത്തുന്നതോ അവര്‍ക്ക് പ്രയാസമുണ്ടാക്കുന്നതോ ആയ ഒന്നും തന്നെ അതില്‍ സംഭവിച്ചുകൂടാ. അങ്ങനെയുണ്ടാവുന്ന പക്ഷം, മതേതരത്വവക്താക്കളുടെ ശബ്ദം ഭിന്നിക്കാനേ അത് കാരണമാവൂ.
അതോടൊപ്പം തന്നെ പറയട്ടെ, ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയേ തീരൂ. സമരം പരാജയപ്പെടുത്താന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിക്കാത്തവരാണ് ഫാഷിസ്റ്റുകള്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന അധികാരികളും. അത് കൊണ്ട്തന്നെ, ഇതര മതസ്ഥരെ ഇതില്‍നിന്ന് മാറി ചിന്തിപ്പിക്കാനായി, അവര്‍ തന്നെ മെനഞ്ഞെടുത്തതാണോ ഈ രീതിയുമെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനൊക്കില്ല. കാരണം, സമാനവും പലപ്പോഴും അതിലേറെ ഹീനവുമായ രീതികള്‍ വരെ അവര്‍ ഇതിനകം അവലംബിച്ചത് നേരില്‍ കണ്ടവരാണ് നാം.
അധികാര നേട്ടത്തിനും ലക്ഷ്യപ്രാപ്തിക്കുമായി, സ്വന്തം അണികളെപ്പോലും കുരുതി കൊടുത്തവരാണ് അവര്‍, തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി രാഷ്ട്രത്തിന്റെ കാവല്‍ക്കാരായ സൈനികരുടെ വധം പോലും കരുക്കളാക്കിയവരാണ് അവര്‍.
ഇത്തരം ഹീനശ്രമങ്ങളില്‍ പരാജയപ്പെടാതെ, വഴിമാറിപ്പോവാതെ ഈ സമരം മുന്നോട്ട് പോവേണ്ടിയിരിക്കുന്നു, നമ്മുടെ അഭിമാനകരമായ നിലനില്‍പ്പിനേക്കാളേറെ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ തന്നെ നിലനില്‍പ്പിന് അത് അത്യാവശ്യമാണെന്ന് പറയാതെ വയ്യ.
Leave A Comment