ജീവജാലങ്ങളോടും സ്‌നേഹം കാണിക്കണം

ഈജിപ്തിലെ ഫുസ്താതില്‍ നിന്ന് അലക്‌സാണ്ട്‌റിയയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് മുസ്‌ലിം സൈന്യം. ഫുസ്താതിലെ തങ്ങളുടെ ദൗത്യം  വിജയകരമായി പൂര്‍ത്തീകരിച്ച സന്തോഷത്തിലാണവര്‍. സൈനിക തമ്പുകള്‍ പൊളിച്ചുമാറ്റുന്നതിനിടയില്‍  ഒരു തമ്പിന്റെ മുകളില്‍ ഒരു മാടപ്രാവ് അടയിരിക്കുന്നത് അവരുടെ ശ്രദ്ധിയില്‍പ്പെട്ടു. തമ്പുപൊളിച്ചാല്‍ മുട്ട നിലത്തു വീണു പൊട്ടിപ്പോകും. സംഭവമറിഞ്ഞ് സേനാധിപന്‍ അംറുബ്‌നുല്‍ ആസ്(റ) തമ്പ് ഇപ്പോള്‍ പൊളിച്ചു മാറ്റേണ്ടതില്ലെന്ന് ഉത്തരവിട്ടു. സൈന്യം അലക്‌സാണ്ടറിയയിലേക്ക് തിരിച്ചു.

*   *   *

പ്രമുഖ സഹാബി വര്യനാണ് അബുദ്ദര്‍ദാഅ്(റ). മരണാസന്നവേളയില്‍ സ്വന്തം ഒട്ടകത്തെ അഭിസംബേധനം ചെയ്തു അദ്ദേഹം പറഞ്ഞു: ഒട്ടകമേ, നിന്റെ രക്ഷിതാവിന്റെ സന്നിധിയില്‍ നീ എന്നെ കുറ്റപ്പെടുത്തരുത്. നിന്റെ കഴിവിന്നതീതമായി ഞാന്‍ ഭാരം കയറ്റിയിട്ടില്ല.
*   *   *
അദിയ്യുബ്‌നു ഹാതിം(റ) പ്രസിദ്ധ സഹാബിവര്യനാണ്. പത്തിരി ചെറുകഷ്ണങ്ങളാക്കി നുറുക്കി അദ്ദേഹം ഉറുമ്പുകള്‍ക്ക് നല്‍കാറുണ്ടായിരുന്നു. ഉറുമ്പുകള്‍ നമ്മുടെ അയല്‍വാസികളാണ് അവയോട് നമുക്ക് കടപ്പാടുണ്ട് -ഇതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം.
*   *   *
വിഖ്യാത മഹാപണ്ഡിതന്‍ അബൂ ഇസ്ഹാഖ്ശീറാസി അനുയായികളോടൊപ്പം ഒരു വഴിയിലൂടെ നടന്നുപോവുന്നു. എതിരെ ഒരു നായ വന്നു. അനുയായികളിലൊരാള്‍ നായയെ വിരട്ടിയോടിച്ചു. അദ്ദേഹത്തെ ഗുണദോശിച്ചു. ശൈഖ് പറഞ്ഞു: ''ഇതു നമുക്കും നായക്കും തുല്യാവകാശമുള്ള വഴിയാണെന്ന് നിനക്കറിയില്ലേ?'' ജീവജാലങ്ങളോട് നമ്മുടെ പൂര്‍വികര്‍ കാണിച്ച സ്‌നേഹവായ്പിന്റെ ഏതാനും ചില ഉദാഹരണങ്ങളാണിവ.
''ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ടു ചിറകുകള്‍ കൊണ്ട്പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു'' (ഖു:6;38) എന്ന ഖുര്‍ആന്‍ വാക്യം മനുഷ്യരെപ്പോലെ കാരുണ്യവും സ്‌നേഹവുമര്‍ഹിക്കുന്നവരാണ് ജന്തുലോകമെന്ന് വ്യക്തമാക്കുന്നു. '' ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കൂ, എങ്കില്‍ ആകാശത്തുള്ളവര്‍ നിങ്ങളോടും കരുണ കാണിക്കും. ''(അബൂദാവൂദ്) എന്ന നബിവചനം സുവിദിതമാണല്ലോ.

ജീവ ജാലങ്ങളോടുള്ള കാരുണ്യം സല്‍കര്‍മവും സ്വര്‍ഗ്ഗപ്രവേശത്തിനുള്ള കാരണവുമാണെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു. നബി തിരുമേനി(സ) പറയുന്നു: ഒരാള്‍ക്ക് യാത്രക്കിടയില്‍ കഠിന ദാഹമനുഭവപ്പെട്ടു. ഒരു കിണര്‍ കണ്ടപ്പോള്‍ അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുകടന്നപ്പോഴതാ ദാഹം നിമിത്തം നാവുനീട്ടി നനഞ്ഞ മണ്ണ് നക്കുന്ന ഒരു നായ. തനിക്കുണ്ടായതുപോലുള്ള കഠിനമായ ദാഹം ഇതിനുമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. ഉടന്‍ കിണറ്റലിറങ്ങി കാലുറയില്‍ വെള്ളം നിറച്ചു വായയില്‍ കടിച്ചുപിടിച്ചു. മുകളിലെത്തി നായക്ക് വെള്ളംകൊടുത്തു. അല്ലാഹു ആ വ്യക്തിയെ നന്ദിപൂര്‍വ്വം സ്മരിച്ചു. അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്വഹാബികള്‍ ചോദിച്ചു: തിരുദൂതരേ, മൃഗങ്ങളില്‍ ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ? നബിതിരുമേനി(സ) അരുളി: ജീവനുള്ള എല്ലാറ്റിലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട് (ബുഖാരി)

വളര്‍ത്തുമൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കണമെന്ന് നബിതിരുമേനി(സ) ഊന്നിപ്പറഞ്ഞിട്ടുണ്ട്. വിശന്നു വയറൊട്ടിയ ഒരൊട്ടകത്തെ കാണാനിടയായപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഈ ഊമ ജീവികളുടെ കാര്യത്തില്‍ നിങ്ങള്‍ ആല്ലാഹുവിനെ സൂക്ഷിക്കുക. നല്ല നിലയില്‍ നിങ്ങള്‍ അവയുടെ പുറത്തുകയറുക. നല്ലനിലയില്‍ നിങ്ങള്‍ അവയെ ഭക്ഷിപ്പിക്കുക (അബൂദാവൂദ്).
വളര്‍ത്തു മൃഗങ്ങളെ കൊണ്ട് കഠിനമായി ജോലി ചെയ്യിപ്പിക്കുന്നത് പ്രവാചകര്‍(സ)കര്‍ശനമായി വലക്കിയിട്ടുണ്ട്. പ്രവാചകര്‍(സ) ഒരു അന്‍സാരിയുടെ തോട്ടത്തില്‍ ചെന്നപ്പോള്‍ ഒരു ഒട്ടകത്തെ കണ്ടു. പ്രവാചകരെ കണ്ട ഉടനെ അതു ചെനച്ചു ശബ്ദമുണ്ടാക്കി. പ്രവാചകര്‍(സ) അതിന്റെ അടുത്തുചെന്നപ്പോള്‍ അത് കരയുകയായിരുന്നു. അവിടന്ന് കണ്ണീര്‍ തുടച്ചുകൊടുത്തുകൊണ്ട് ഇതിന്റെ ഉടമ ആരെന്നു അന്വേഷിച്ചു. ഒരാള്‍ 'ഞാന്‍' എന്നു മറുപടിനല്‍കി. പ്രവാചകര്‍(സ) അദ്ദേഹത്തോട് പറഞ്ഞു: '' അല്ലാഹു നിനക്ക് ഉടമപ്പെടുത്തിത്തന്ന ഈ മൃഗത്തിന്റെ കാര്യത്തില്‍ നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? നീ ഇതിനെ പട്ടിണി കിടത്തുന്നുവെന്നും കഠിനമായി ജോലി ചെയ്യിക്കുന്നുവെന്നും ഇത് എന്നോട്  പരാതിപ്പെടുന്നു.'' (അഹ്മദ്, അബൂദാവൂദ്).
എല്ലാവിധ ജീവിപീഡനത്തെയും ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്. ഭക്ഷണാവശ്യത്തിനല്ലാതെ ജീവികളെ കൊല്ലരുതെന്ന് ഇസ്‌ലാം ഉല്‍ബോധിപ്പിച്ചിട്ടുണ്ട്. നബി തിരുമേനി(സ) പറയുന്നു: ആരെങ്കിലും ഒരു കുരുവിയെ അനാവശ്യമായി കൊന്നാല്‍ പരലോകത്ത് അത് അല്ലാഹുവിനോട് അത്യുച്ചത്തില്‍ പരാതി പറയും. എന്റെ രക്ഷിതാവേ, ഇന്നയാള്‍ എന്നെ അനാവശ്യമായി വധിച്ചു. എന്തെങ്കിലും ഉപകാരത്തിനു വേണ്ടിയല്ല എന്നെ അവന്‍ വധിച്ചത് (നസാഈ, ഇബ്‌നുഹിബ്ബാന്‍)
അമ്പെയ്ത്ത് പരിശീലിക്കാന്‍ ജീവികളെ ഉന്നമായി ഉപയോഗിക്കുന്നത് മഹാപാതകമാണ്. പ്രമുഖസ്വഹാബിവര്യന്‍ ഇബ്‌നു ഉമര്‍(റ) ഏതാനും ഖുറൈശി യുവാക്കളുടെ അടുത്തുകൂടെ നടന്നുപോകാനിടയായി. അമ്പെയ്ത്ത് പരിശീലനത്തിന് വേണ്ടി അവര്‍ ഒരു കോഴിയെ പിടിച്ചു കെട്ടിയിട്ടുണ്ട്. ലക്ഷ്യം നേടാത്ത അമ്പുകളെല്ലാം കോഴിയുടെ ഉടമക്കാണ്. ഇബ്‌നു ഉമറിനെ കണ്ടപ്പോള്‍ അവര്‍ ചിതറിയോടി. ഇബ്‌നു ഉമര്‍ പറഞ്ഞു: വല്ലാത്ത കടുംകൈ തന്ന. ഇപ്രകാരം ചെയ്യുന്നവരെ അല്ലാഹു ശപിച്ചിട്ടുണ്ട്.  ജീവനുള്ള വസ്തുക്കളെ അമ്പെയ്ത്ത് പരിശീലിപ്പിക്കാനുള്ള ഉന്നമാക്കുന്നവരെ നബി(സ)യും ശപിച്ചിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം) മൃഗങ്ങളെ പരസ്പരം കുത്തിക്കുന്നതും, കോഴിപ്പോര് നടത്തുന്നതും ഇസ്‌ലാമിക ദൃഷ്ട്യാ പാടില്ല. ഇബ്‌നു അബ്ബാസ് നിവേദനം ചെയ്യുന്നു: മൃഗങ്ങളെ പരസ്പരം തല്ലിക്കുന്നത് നബി(സ) നിരോധിച്ചിട്ടുണ്ട് (തുര്‍മുദി).
അറുക്കുന്ന വേളയില്‍പ്പോലും ജിവികളോട് കരുണ കാണിക്കണമെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. അറവുശാലകളിലേക്ക് അവയെ വലിച്ചിഴച്ചുകൊണ്ട്‌പോകരുത്. ഒരു ആട്ടിനെ കാലുപിടിച്ചു വലിച്ചിഴച്ചു കൊണ്ട് പോകുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഉമര്‍ (റ)പറഞ്ഞു: നിനക്കുനാശം! മരണത്തിലേക്ക് നീ അതിനെ നല്ലനിലയില്‍ തെളിച്ചു കൊണ്ടുപോവുക. (തര്‍ഗീബ്മുന്‍ദിരി 3/205) 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter