ഈ പെരുന്നാള്‍ കുട്ടികളോടൊപ്പം ആഘോഷിക്കുക
പെരുന്നാളടുക്കും തോറും വീട്ടിലെ കുട്ടിപ്പട്ടാളത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലും ആധികളും ആവലവാതികളും ചേര്‍ന്ന് ആഹ്ലാദം കൂടിക്കൂടി വന്നു. ഉടുപുടവകള്‍, ചെരുപ്പുകള്‍, ട്യൂബ് മൈലാഞ്ചി, വളമാലകള്‍, 'കളിസാമാനാങ്ങള്‍' .... അവരുടെ ലിസ്റ്റ് നീണ്ടു പോവുകയാണ്. മുന്നക്കും ഇബ്‌നുവിനും കുപ്പായവും പാന്റ്‌സും ദിയക്കും മോളുവിനും ഉടുപ്പും വാങ്ങി. ചെരുപ്പും മൈലാഞ്ചിയും വളയും മാലയുമെല്ലാം വാങ്ങി. ഈ പെരുന്നാളിനു രണ്ടു സ്‌പെഷ്യല്‍ സമ്മാനങ്ങള്‍ കൂടി വാങ്ങാനുണ്ടായിരുന്നു; അഞ്ചാം ക്ലാസ് പൊതു പരീക്ഷക്കു മദ്‌റസയില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങിയ പെങ്ങളുടെ മകള്‍ ലിനുവിനും ഇരുപത്തേഴു നോമ്പു നോറ്റ ഒന്നാം ക്ലാസുകാരി ജ്യേഷ്ഠന്റെ മകള്‍ മോളുവിനും രണ്ട് സമ്മാനങ്ങള്‍. കളിസാമാനങ്ങള്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു മടങ്ങും വഴി വാങ്ങാം എന്നു തല്‍ക്കാലം മുന്നയെ സമാധാനിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. സത്യത്തില്‍ ഈ കുട്ടികളുടെ തിമര്‍പ്പും ഉല്‍സാഹവുമാണു നമ്മെ പെരുന്നാളിന്റെ സന്ദര്‍ഭത്തിലേക്കും ആനന്ദമൂര്‍ഛയിലേക്കും ഉണര്‍ത്തെഴുന്നേല്‍പ്പിക്കുന്നത്. അവരുടെ കാത്തിരുപ്പുകളും ഒരുക്കങ്ങളും ആകാംക്ഷകളും നമ്മെ കുട്ടിക്കാലത്തേക്കു കൊണ്ടു പോകുന്നു. ഇവരാണ് എനിക്കു പെരുന്നാളിന്റെ ഒരു... ഒരു... ഇത് തരുന്നത്. ഇവരുടെ കുഞ്ഞുഉല്‍സാഹങ്ങളില്ലെങ്കില്‍ എന്തു പെരുന്നാള്‍. ഇപ്പോള്‍ ഓര്‍മകളുടെ തിരശീലകളില്‍ എന്റെ കുട്ടിക്കാലം, അതിന്റെ തിരമറിച്ചിലുകള്‍, ആമോദങ്ങള്‍....
ഞങ്ങളുടെ കുട്ടിക്കാലത്തെ പെരുന്നാളുകള്‍ എല്ലാവരുടെയും കുട്ടിക്കാലത്തെ പെരുന്നാളുകള്‍ പോലെ അതിരുകളില്ലാത്ത സന്തോഷങ്ങള്‍ നിറഞ്ഞതായിരുന്നു. പുത്തനുടുപ്പുകള്‍, ബലൂണ്‍, പൂത്തിരി, മൈലാഞ്ചി എന്നിവയുടെ നിറപ്പൊലിമകള്‍, നാനാതരം രുചിപ്പെരുക്കങ്ങള്‍, പെരുന്നാളിനും വിശേഷാവസരങ്ങളിലും മാത്രം പുറത്തെടുക്കുന്ന അത്തറുകളുടെ ഗന്ധപ്രവാഹം. പെരുന്നാളോര്‍മകള്‍ പഞ്ചേന്ദ്രിയങ്ങളെ ഒന്നായി വന്നു പൊതിയുകയാണ്.
അവസാനത്തെ പത്തിലേക്കു കടക്കുതോടെ പെരുന്നാളിന്റെ ആരവങ്ങള്‍ അതിന്റെ ഉച്ചാവസ്ഥയിലെത്തിയിട്ടുണ്ടാവും. കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള, വിശാലമായ പാറപ്പുറത്തുള്ള (ആ സ്ഥലത്തിനു പാറപ്പുറം എന്നു തന്നെയായിരുന്നു പേര്) മൈലാഞ്ചിത്തോട്ടത്തിലേക്കു കൂട്ടമായി പോകുന്നതാണു ആദ്യത്തെ പെരുന്നാളോര്‍മ. വെട്ടിക്കൊണ്ടു വരുന്ന മൈലാഞ്ചിക്കൊമ്പുകളില്‍ നിന്ന് ഇലകളൂരി ചാക്കുകളില്‍ ഉണക്കാനിടും. ഉണക്കിപ്പൊടിച്ച മൈലാഞ്ചി കയ്യില്‍ തേക്കുമ്പോള്‍, കൈവെള്ളയില്‍ വെള്ളപ്പുള്ളികള്‍ വരുത്താന്‍ ചക്കയുടെ വെളഞ്ഞീന്റെ (മുളഞ്ഞില്‍ എന്നു ശുദ്ധ മലയാളം) ചെറിയ പുള്ളികള്‍ ഇടും. വെളഞ്ഞീന്‍ ചുറ്റിവെച്ച കൊള്ളി വല്യമ്മ ഇറയത്തു തിരുകി വെച്ചിട്ടുണ്ടാകും.
പെരുന്നാള്‍ തലേന്നു രാത്രി നടത്താറുണ്ടായിരുന്ന തക്ബീര്‍ ജാഥകള്‍ പണ്ടത്തെ അത്ര ജോറായിട്ടില്ലെങ്കിലും ഇപ്പോഴും കുട്ടികള്‍ ഞങ്ങളുടെ ഊടുവഴികളില്‍ നടത്തി വരുന്നു. തക്ബീര്‍ ചൊല്ലി വരിവരിയായി നടവഴികളിലൂടെ മുന്നേറുന്ന ജാഥ എല്ലാ വീട്ടു പടിക്കലുമെത്തി ചെറിയ ധനസഹായങ്ങള്‍ സ്വീകരിക്കുന്നു. അവ പങ്കിട്ടെടുത്തു കളിക്കോപ്പും പടക്കവും മുട്ടായികളും മറ്റും വാങ്ങുകയാണ് ചെയ്യുക. കറുമൂസ (പപ്പായ നല്ല മലയാളം)യുടെ ഇലയുടെ തണ്ടൊടിച്ചു, പകുതി മുറിച്ചു, ഇലയുടെ പാതി ഒഴിവാക്കി, മറ്റേ പാതിയില്‍ മണ്ണെണ്ണ നിറച്ചു അതില്‍ തിരിയിട്ട് ഉണ്ടാക്കുന്ന പന്തമാണ് രാത്രിവഴികളിലെ ഇരുട്ടത്തു, ജാഥയില്‍ ഉപയോഗിച്ചിരുന്നത്. ജാഥയുടെ മുന്നിലും പിന്നിലും ഇടകളിടകളിലും പന്തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടാകും. ആ കുണ്ടനിടവഴികളെല്ലാം ഇപ്പോള്‍ നിരപ്പായി, അവക്കു മുകളില്‍ ടാറു പുരട്ടി പഞ്ചായത്തു റോഡുകളായി, ഓരോ വളവുകളിലും തെരുവുവിളക്കുകളായി.
ഒരു പെരുന്നാളിനാണു ആദ്യമായി പുത്തനുടുപ്പുകളില്‍ ജ്യേഷ്ഠന്റെ കൂടെ പള്ളിയില്‍ പോയത്. പള്ളിയുടെ ഓടിട്ടരണ്ടാം നിലയിലെ പാതി ഇരുട്ട് നിറഞ്ഞ സ്ഥലം അപരിചിതമായിത്തോന്നിയെങ്കിലും സുജൂദിലേക്കു പോയവരുടെ കീശകളില്‍ നിന്നു വീണ തുട്ടുകളെടുക്കാന്‍ ഞാന്‍ സ്വഫിനിടയിലൂടെ ഇറങ്ങി നടന്നു. പള്ളിയുടെ പഴക്കവും പള്ളിക്കാടിന്റെ തഴപ്പും അതുവരെ കേട്ടജിന്നുകളെയും ശൈത്താന്മാരെയും കുറിച്ചുള്ള കഥകള്‍ക്കു പറ്റിയതു തന്നെയെന്നു മനസ്സുറപ്പിച്ചു. പറങ്കിമൂച്ചികളും (കശുമാവ് എന്നും പറയും) കമ്യൂണിസ്റ്റപ്പയും ചന്ദനമരങ്ങളും പുല്ലാണിയും മറ്റും മുറ്റി വളര്‍ന്ന ഈ പള്ളിക്കാട് മദ്‌റസക്കാലത്തു നാനാതരം കഥകള്‍ക്കു പശ്ചാത്തലമായി.
കുട്ടിക്കാലത്തിന്റെ രുചിയില്‍ തങ്ങിനില്‍ക്കുതാണ് പെരുന്നാള്‍ ദിവസത്തിലെ തേങ്ങാച്ചോറും പോത്തിറച്ചിക്കറിയും. ഉമ്മക്ക് വെക്കാനറിയാമായിരുന്ന ഏറ്റവും മുന്തിയ വിഭവം തേങ്ങാച്ചോറായിരുന്നു. തേങ്ങ കഷ്ണിച്ചിട്ട, ഉലുവ കടിക്കുന്ന ചോറ്. (ഈയടുത്ത് അത്തരത്തിലൊരു തേങ്ങാച്ചോറു വെച്ചു, തിരുനെല്‍വേലിയിലെ വീട്ടില് ഞങ്ങളെ സല്‍ക്കരിക്കുകയുണ്ടായി തമിഴിലെ പ്രസിദ്ധ നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍)ബിരിയാണിയും നെയ്‌ച്ചോറും വെക്കാനുള്ള പാചക വിധികള്‍ ഉമ്മയുടെ അറിവിലില്ലായിരിക്കണം. പക്ഷേ, ഉമ്മ വെക്കാറുണ്ടായിരുന്ന പോത്തിറച്ചിക്കറിയുടെ രുചിയോളം പോന്ന ഒന്ന് പിന്നീടൊരിക്കലും കഴിക്കാന്‍ പറ്റിയിട്ടില്ല. നമ്മുടെ അടുക്കളയിലേക്കും തീന്‍മേശകളിലേക്കും മെനുവിലേക്കും ചൈനീസും അറേബ്യനുമായ മറ്റുമായ വിഭവങ്ങളെല്ലാം(കുഴിമന്തിയും കഫ്‌സയും മറ്റും മറ്റും) കടന്നുവന്നുവെങ്കിലും ആ പോത്തിറച്ചിക്കറി വേറിട്ടു തന്നെ നില്‍ക്കുന്നു. നാവില്‍ അതത്രമാത്രം ആഴത്തില്‍ വേരോടിയിരിക്കുന്നു.
പെരുന്നാളിന്റെ യഥാര്‍ഥ സന്തോഷം വിരുന്നു പോക്കുകളായിരുന്നു. ഉമ്മയുടെയും അമ്മായിമാരുടെയും മൂത്താപ്പയുടെയും വീടുകളിലേക്കുള്ള യാത്രകള്‍. ശരിക്കും പെരുന്നാള്‍ വരാന്‍ കാത്തിരുന്നത് ഈ വിരുന്നുകള്‍ക്കു വേണ്ടിയായിരുന്നു. ഉമ്മയുടെ വീട്ടിലേക്കു പോയാല്‍ സ്‌നേഹം കൊണ്ടു വീര്‍പ്പുമുട്ടിക്കും വല്യുമ്മ. അവിടെ പശുക്കളുണ്ട്. പശുവിന്‍ പാലും നാടന്‍ കോഴിമുട്ടകളും കുടിപ്പിച്ചും തീറ്റിച്ചും വല്യുമ്മ സ്‌നേഹപ്പെരുക്കം കാട്ടും. ഈന്തിന്‍പുട്ട്, പന വെരകിയത് (ഞാന്‍ കഴിച്ച ഏറ്റവും രുചികരമായ ഒരു വിഭവം), അണ്ടിപ്പുട്ട് എന്നിങ്ങനെ നാട്ടിന്‍ പുറത്തിന്റെ നാനാതരം രുചികള്‍ അവിടെയുണ്ട്. വല്യുപ്പക്കു പാടത്തു കുറച്ചു കണ്ടം നെല്ലും അങ്ങാടിയില്‍ ചെറിയൊരു പീടികയുമുണ്ട്. (അങ്ങാടിക്കു ചെത്തേയി എന്നാണു അവിടെ പറയുക. ചെത്തുവഴി എന്നതിന്റെ രൂപഭേദമാണത്). മൂത്താപ്പയുടെ വീട്ടില്‍ ടിവിയുണ്ടായിരുന്നു. ചലിക്കുന്ന ചിത്രങ്ങളുടെ കൗതുകം എന്നെ അമ്പരിപ്പിച്ചിരുന്നു. ഇവരെല്ലാം ടിവിക്കകത്ത് എങ്ങനെ കഴിയുന്നു എന്നതായിരുന്നു എന്റെ അമ്പരപ്പ്. ഗൗരവക്കാരനായ മൂത്താപ്പയെ കടുത്ത ഒരു അത്തര്‍ മണത്തിരുന്നു. അമ്മായിയുടെ വീടിനടുത്തൂടെ കടലുണ്ടിപ്പുഴ ഒഴുകിപ്പോകുന്നുണ്ടായിരുന്നു. നിലയറ്റ വെള്ളത്തില്‍ ഒരുപാടു തവണ മുങ്ങിപ്പൊന്തി വെള്ളം കുടിച്ചിട്ടുണ്ട്.
മുകളില്‍ പറഞ്ഞ അനുഭവങ്ങളും സന്ദര്‍ഭങ്ങളും പുതിയ കാലത്തെ കുട്ടികള്‍ക്കില്ല. കിലോമീറ്ററുകള്‍ താണ്ടി മൈലാഞ്ചിക്കൊമ്പൊടിക്കാന്‍ അവരിന്നു പോവില്ല. പത്തു രൂപയുടെ ട്യൂബു മൈലാഞ്ചി മതി അവര്‍ക്ക്. വിരുന്നു പോക്കുകള്‍ ഏതാണ്ട് അസ്തമിച്ചു. തേങ്ങാച്ചോറു വെക്കാന്‍ അറിയുന്നവര്‍ ഇന്നുണ്ടോ എന്ന് അന്വേഷിക്കണം. എങ്കിലും അവര്‍ പെരുന്നാള്‍ ആഘോഷിക്കുന്നു, അവരുടെതായ ആനന്ദങ്ങള്‍ കണ്ടെത്തെുന്നു. അവരുടെ സന്തോഷങ്ങളില്‍ പങ്ക് ചേരുക. നമ്മുടെ കുട്ടികള്‍ക്കു കുട്ടിക്കാലവും കുട്ടിത്തവും ഇല്ലാതാവുന്നതിനെയാണ് പേടിക്കേണ്ടത്. അവരെ വളരെ പെട്ടെന്ന് മുതിരാന്‍ അനുവദിക്കരുത്. കുട്ടിക്കാലത്തിന്റെ കളിമ്പങ്ങള്‍, കുസൃതികള്‍, കൗതുകങ്ങള്‍ എന്നിവയിലൂടെ അവര്‍ വളരട്ടെ. ഈ പെരുന്നാള്‍ കുട്ടികളോടൊപ്പം ആഘോഷിക്കുക.
Leave A Comment