മാധ്യമ സ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിടുമ്പോള്‍
ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മലയാളത്തിലെ മാധ്യമങ്ങളായ മീഡിയ വണ്ണിനും ഏഷ്യാനെറ്റിനും വിലക്കേര്‍പ്പിടുത്തിയത് ഏറെ ഞെട്ടലുളവാക്കുന്നു. വ്യാഴം രാത്രി 7.30 മുതല്‍ വെള്ളി രാത്രി 7.30 വരെയായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. എതിര്‍ ശബ്ദങ്ങളെ വായ്മൂടിക്കെട്ടുന്ന ഫാഷിസ്റ്റ് തന്ത്രം മാത്രമാണിതെന്ന് സാമാന്യബുദ്ധിയുളള ആര്‍ക്കും മനസ്സിലാകുന്നതേയുള്ളൂ. 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു നിരോധനം പ്രഖ്യാപിച്ചിരുന്നത്. പക്ഷേ, പുലര്‍ച്ച 3 മണി ആയപ്പോഴേക്കും ഏഷ്യാനെറ്റിന്റേതും പത്ത് മണിക്ക് ശേഷം മീഡിയ വണ്ണിന്റേതും എടുത്തു മാറ്റി.
റിപ്പോര്‍ട്ടുകളില്‍ സന്തുലിതത്വം പാലിക്കാത്തതിന്റെ പേരിലാണ് ഏഷ്യാനെറ്റിന് വിലക്ക് വീണതെങ്കില്‍ മീഡിയവണ്ണിനെ വിലക്കാന്‍ കാരണം പറഞ്ഞത്, ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതും ആര്‍.എസ്.എസിനെ വിമര്‍ശിച്ചതുമാണ്. ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. പ്രമുഖ എഴുത്തുകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് പറഞ്ഞത് കൊല്ലുന്നതല്ല, കൊല്ലപ്പെടുമ്പോള്‍ നിലവിളിക്കുന്നതാണ് ഇന്ത്യയില്‍ ഇപ്പോള്‍ കുറ്റകൃത്യം എന്നാണ്.
ഏതോ ഒരു ഉദ്യോഗസന്ഥന്‍ രണ്ടു വാര്‍ത്ത ചാനലുകളെ പൂട്ടിച്ചുകളയാം എന്ന് തീരുമാനിച്ചുവെങ്കില്‍ അതുതന്നെ ഭരണകൂടത്തിന്റെ പരാജയമാണെന്ന് കേരളയൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് പ്രസിഡണ്ട് കെ.പി റജിയും വ്യക്തമാക്കി.
നേരത്തെ മോദി സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്‍വാങ്ങുന്നു എന്ന് കേട്ടപ്പോള്‍ പലരും ട്രോളുകളിലൂടെ അതിനെ പരിഹസിച്ചിരുന്നു. എന്നാല്‍ വേണ്ടിവന്നാല്‍ സോഷ്യല്‍മീഡിയ നിരോധിക്കുമെന്നതിന്റെ സൂചനയാണതെന്ന് പലരും നിരീക്ഷിച്ചിരുന്നത് ഏറെ ശ്രദ്ധേയമാണ്.
ഇതിനിടയില്‍ ഏഷ്യാനെറ്റ് മാപ്പ് എഴുതിക്കൊടുത്താണ് നിരോധനം നീക്കിയെടുത്തതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഏഷ്യാനെറ്റ് നിരുപാധികം മാപ്പെഴുതിക്കൊടുത്തത് സവര്‍ക്കര്‍ക്ക് വേണ്ടിയുള്ള പ്രത്യേക വഴിപാടാണെന്ന് ഡോ.തോമസ് ഐസക് ഇതിനോട് പ്രതികരിച്ചതായും കണ്ടു. ബി.ജെ.പിയുടെ രാജ്യസഭ എം.പിയും കേരളത്തിലെ എന്‍.ഡി.എ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറാണെന്ന് ചാനലിന്റെ ഉടമയെന്നത് കൂട്ടിവായിക്കുമ്പോള്‍ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്ന് സംശയിച്ചാല്‍ കുറ്റംപറയാനൊക്കില്ല. ഏതായാലും നേരോടെ നിര്‍ഭയം നിരന്തരം സത്യസന്ധ്യമായ റിപ്പോര്‍ട്ട് ചെയ്ത സുനിലിന് അഭിവാദ്യമര്‍പ്പിക്കാം.
മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസ് വ്യക്തമാക്കിയത് മാപ്പെഴുതിക്കൊടുത്തിട്ടില്ലെന്നും പ്രതിഷേധം കനത്തപ്പോള്‍ കേന്ദ്രം സ്വമേധയാ പിന്മാറിയതില്‍ സന്തോഷമുണ്ടെന്നുമാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം സംഘ്പരിവാര്‍ ഫാസിസ്റ്റ് ബി.ജെ.പി നേതാക്കളെ നാലാള്‍ അറിയുന്നത് അന്തിച്ചര്‍ച്ചയിലൂടെയാണ്, ഭരണപക്ഷമായിട്ടോ പ്രതിപക്ഷമായിട്ടോ സ്വപ്‌നം മാത്രം കണ്ട് നാളെണ്ണിത്തീര്‍ക്കുന്ന ബി.ജെ.പിയെ ബഹിഷ്‌കരിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ തയ്യാറാവാണമെന്നും സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണങ്ങളുയരുന്നുണ്ട്.
പാര്‍ലിമെന്റില്‍ അനീതിക്കെതിരെ ശബ്ദിക്കുന്ന എം.പിമാര്‍ക്ക് സസ്‌പെന്‍ഷനും തെരുവില്‍ ശബ്ദിച്ചാല്‍ വെടിയുണ്ടയും നിതീ വിധിച്ചാല്‍ ജഡ്ജിക്ക് സ്ഥലം മാറ്റവും സത്യസന്ധമായി വാര്‍ത്ത കൊടുത്താല്‍ മാധ്യമ സ്വാതന്ത്ര്യത്തിന് നിരോധനവും ഏര്‍പ്പെടുത്തുന്ന കലികാലത്തില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ നമുക്ക് പ്രതികരിച്ചുകൊണ്ടേയിരിക്കാം.
Leave A Comment