അഴികള്‍ക്കുള്ളിലെ വിലാപങ്ങള്‍-, ഒരു ഗോണ്ടനാമോ ചിത്രം

ഏഴ് വര്‍ഷം ഗോണ്ടനാമോ തടവറയില്‍ കഴിഞ്ഞ, അല്‍ജസീറ റിപ്പോര്‍ട്ടര്‍ സാമി അല്‍ഹാജ് ഓര്‍മ്മകള്‍ പങ്കുവെക്കുന്നു.

സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്നതിനേക്കാള്‍ കഠിനമായ വേറെ ശിക്ഷകളില്ലെന്ന്  തിരിച്ചറിയാന്‍ ഒരിക്കലെങ്കിലും ജയിലില്‍ കഴിയണം, എന്നാല്‍ കൃത്യമായി ജോലി നിര്‍വ്വഹിച്ചു എന്ന കാരണത്താല്‍ ജയിലിലടക്കപ്പെടുമ്പോള്‍ ആ ശിക്ഷയുടെ ആഴവും ആഘാതവും ശതഗുണീഭവിക്കുമെന്നത് നേരിട്ടനുഭവിച്ചവരാണ് ഞങ്ങള്‍. കുപ്രസിദ്ധമായ ഗോണ്ടനാമോയിലെ അതിഭീകരമായ ഏഴ് വര്‍ഷങ്ങള്‍, ജീവിതത്തിലെ ഓരോ നിമിഷവും ദൈവികനിശ്ചയപ്രകാരമാണ്  നീങ്ങുന്നതെന്ന വിശ്വാസം എന്നില്‍ ഊട്ടിയുറപ്പിക്കുകയായിരുന്നു. ഏറെ പരുഷമായത് പലതും സ്വയം അനുഭവിച്ചപ്പോഴും മറ്റുള്ളവരുടെ ദുരന്ത സ്മരണകള്‍ ശ്രദ്ധിക്കുവാന്‍ കൂടി ഞാന്‍ അവിടെ സമയം കണ്ടെത്തിയിരുന്നു. അവരില്‍ ചിലരൊക്കെ ജയിലില്‍നിന്ന് മോചിതരായെങ്കില്‍ മറ്റു പലരും ജീവിതത്തില്‍നിന്ന്  തന്നെ എന്നെന്നേക്കുമായി മോചനം നേടി നാഥനിലേക്ക് യാത്രയായെന്ന് വേണം പറയാന്‍. എന്നെങ്കിലും ഒരിക്കല്‍ തങ്ങള്‍ക്ക് മുമ്പില്‍ തുറക്കപ്പെടുമെന്ന ശുഭപ്രതീക്ഷയോടെ ജയിലിന്റെ വാതില്‍പാളികളില്‍ കണ്ണുനട്ടിരിക്കുന്നവരും ഏറെയാണ്.

കാതങ്ങള്‍ താണ്ടിയെത്തിയ കുറിപ്പ്

അബൂശൈമ ബോസ്നിയയില്‍നിന്നുള്ള തടവുകാരനാണ്. അന്ന് രാവിലെ തന്നെ കാണാനെത്തിയ അഭിഭാഷകന്  അഭിമുഖമായി അദ്ദേഹം കസേരയിലിരുന്നു. അഭിഭാഷകന്‍ സാധാരണപോലെ വിവരങ്ങളന്വേഷിച്ചു, തടവറയിലെ പീഢനമുറകളെക്കുറിച്ച് അന്നും അബൂശൈമ അഭിഭാഷകനോട് വാചാലനായി. ചോദ്യം ചെയ്യാനായി വലിച്ചിഴച്ചുകൊണ്ടുപോകുന്നതും ഒരിക്കലും ചെയ്യാത്ത തെറ്റുകള്‍ സ്വയം ഏറ്റെടുക്കാനായി തന്നെ നിര്‍ബന്ധിക്കുന്നതും അതിനായി പുറത്തുപറയാന്‍ പോലും വയ്യാത്തവിധം മൂന്നാം മുറകള്‍ പ്രയോഗിക്കുന്നതും അന്നും അദ്ദേഹം തുറന്ന് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ആക്രമണ സമയത്ത് താന്‍, ഉസാമബിന്‍ലാദന്റെ കേന്ദ്രമായ തോറാബോറയിലുണ്ടായിരുന്നുവെന്ന് സമ്മതിക്കുകയാണ് അവരുടെ പ്രധാന ആവശ്യമെന്നും അദ്ദേഹം അഭിഭാഷകനോട് പറഞ്ഞു. അഭിഭാഷകന്‍ അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം എല്ലാ സത്യവും പുറത്തുവരുമെന്നും അന്ന് നിങ്ങളൊക്കെ സ്വതന്ത്രരാകുമെന്നും അദ്ദേഹം അബൂശൈമയെ വീണ്ടും വീണ്ടും സമാശ്വസിപ്പിച്ചു.

ശേഷം, ഭാര്യയുടെ എഴുത്താണെന്ന് പറഞ്ഞ് അഭിഭാഷകന്‍ അയാള്‍ക്ക് നേരെ ഒരു കുറിപ്പ് നീട്ടി, വായിക്കാനായി അത് തുറന്നുകൊടുത്തു. കുടുംബത്തിന്റെ വിവരങ്ങളറിയാന്‍ കൊതിച്ചിരിക്കുന്ന തടവുകാര്‍ക്ക് വീട്ടില്‍നിന്ന് വരുന്ന എഴുത്ത് എത്രമാത്രം പ്രധാനമാണെന്നും ഓരോ എഴുത്തും എത്രായിരം ആവര്‍ത്തി അവര്‍ വായിക്കുമെന്നും അത് അനുഭവിച്ചവര്‍ക്കേ അറിയൂ. പക്ഷേ, ആ കത്തിലെ ഉള്ളടക്കം എന്താണെന്ന് അറിയാമായിരുന്ന അഭിഭാഷകന്‍ ഒരു നിമിഷം കണ്ണുകളടച്ചുപിടിച്ചു. അബൂശൈമ കത്ത് വായിച്ചു. എന്റെ പ്രിയതമാ, അബൂശൈമാ, അസ്സലാമുഅലൈകും. ഇത് കുറിക്കുന്നതിന് മുമ്പ് ഞാന്‍ പലവട്ടം ആലോചിച്ചതാണ്, പലപ്പോഴും എഴുത്ത് തുടങ്ങി പിന്നെ വേണ്ടെന്ന് വെച്ചതുമാണ്, നിങ്ങള്‍ അനുഭവിക്കുന്ന വേദനകളുടെ എരിതീയിലേക്ക് എണ്ണപകരലാവുമിതെന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. ഈ വിവരം കുറിക്കുമ്പോള്‍ എന്റെ പേന വിറക്കുന്നുണ്ട്, കണ്ണീര്‍ തുള്ളികള്‍ ഉറ്റി വീണത് താങ്കള്‍ക്ക് തന്നെ കാണാമല്ലോ.. മനമില്ലാ മനസ്സോടെ ഞാന്‍ അത് പറയട്ടെ, നമ്മുടെ ശൈമ നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു. ഏതാനും ദിവസങ്ങളായി അവള്‍ യാത്രയായിട്ട്. മക്കള്‍ക്ക് മുമ്പായി മാതാപിതാക്കള്‍ മരണപ്പെടലല്ലേ സാധാരണം എന്ന് അന്നവള്‍ ചോദിച്ചപ്പോള്‍, അതെ, അങ്ങനെയാണ് സംഭവിക്കാറെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അവളുടെ പ്രതികരണം ഇതായിരുന്നു, പക്ഷേ, നിങ്ങള്‍ക്ക് മുമ്പെ ഞാന്‍ മരിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു.

എനിക്ക് ചുറ്റും ലോകം ഇരുളുന്നതായി വീണ്ടും അനുഭവപ്പെട്ടത് അപ്പോഴായിരുന്നു. വേണ്ടത്ര സുഖമില്ലാത്തതിനാല്‍ അന്നവള്‍ സ്കൂളില്‍ പോയിരുന്നില്ല. ഞാനവളെ വേഗം തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമാണെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ അവളെ നേരെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. മരണത്തോട് മല്ലടിച്ച് രണ്ട് ദിവസം അവള്‍ ആശുപത്രിയില്‍ കഴിച്ചുകൂട്ടി. എന്റെ ജീവിതത്തിലെ ഏറ്റവും നീളമേറിയ രാത്രികളായിരുന്നു അവ. മൂന്നാം ദിവസം രാവിലെ അവള്‍ യാത്രയായി, പരാതികളോ പരിഭവങ്ങളോ ഇല്ലാത്ത ലോകത്തേക്ക്, അതെ, അല്ലലുകളോ അലട്ടലുകളോ ഇല്ലാത്ത സ്വര്‍ഗ്ഗലോകത്തേക്ക്. നമുക്ക് വേണ്ടി സ്വര്‍ഗ്ഗലോകം സജ്ജീകരിക്കാന്‍ അവള്‍ നേരത്തെ യാത്ര തിരിച്ചതാണെന്ന് നമുക്ക് സമാധാനിക്കാം. ഇന്നാലില്ലാഹി വഇന്നാഇലൈഹി..... കാതങ്ങള്‍ സഞ്ചരിച്ച്, ചുവപ്പുനാടകളുടെ അനേക പ്രതിബന്ധങ്ങള്‍ താണ്ടി അഴികള്‍ക്കുള്ളിലെത്തിയ ആ കടലാസുതുണ്ട്, അബൂശൈമയുടെ കൈകളിലിരുന്ന് വിറച്ചു. കണ്ണീര്‍തുള്ളികള്‍ ധാരധാരയായി ഉറ്റിവീഴുന്നത് നോക്കിനില്‍ക്കാനേ കൂടെയുള്ളവര്‍ക്കായുള്ളൂ. കൈകള്‍ ബന്ധിക്കപ്പെട്ടിരുന്നതിനാല്‍ ആ കണ്ണീര്‍ തുള്ളികള്‍ തുടക്കാന്‍ പോലും അദ്ദേഹത്തിനോ കൂടെയുള്ളവര്‍ക്കോ സാധിക്കുമായിരുന്നില്ല.  വിവരമറിഞ്ഞ സഹതടവുകാര്‍ ആവും വിധം അദ്ദേഹത്തെ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ലോകഭാഷകളിലെ സമാശ്വാസത്തിന്റെ മുഴുവന്‍ പദങ്ങളും ഒന്നിച്ചുപയോഗിച്ചാല്‍ പോലും ആ കണ്ണീര്‍ധാരക്ക് തട കെട്ടാന്‍  പര്യാപ്തമല്ലായിരുന്നു.

അബൂശിഫയുടെ തപ്തസ്മരണകള്‍  

കൂടെയുണ്ടായിരുന്ന മറ്റൊരു തടവുകാരന്‍ അബൂശിഫ ഇത് കേട്ട് പൊട്ടിക്കരഞ്ഞു. സമാനമായ അനുഭവം നേരിട്ടവനായിരുന്നു അദ്ദേഹവും. മറക്കാന്‍ ശ്രമിക്കും തോറും ആ തപ്തസ്മരണകള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരികയാണ് അബൂശിഫായുടെ ഓര്‍മ്മകളില്‍ ഇപ്പോഴും. ഒരു വര്‍ഷം മുമ്പാണ് സുഡാനിലെ തന്റെ കുടുംബത്തില്‍നിന്ന് അദ്ദേഹത്തിനും ഇത്തരം ഒരു കുറിപ്പ് കിട്ടിയത്. തന്റെ പ്രിയ പുത്രി ശിഫാ, ആവശ്യമായ ചികില്‍സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയ ദുരന്തവാര്‍ത്തയായിരുന്നു അതില്‍. ജയിലിലടക്കപ്പെടുമ്പോള്‍ തന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. ഒരു പെണ്‍കുഞ്ഞിന്റെ പിതാവായ വിവരം അറിഞ്ഞതും ജയിലില്‍ വെച്ച് തന്നെ. ഒരിക്കല്‍ പോലും പരസ്പരം കാണാനാവാതെ എന്നെന്നേക്കുമായി പിരിയേണ്ടി വന്ന തന്റെ മകളെ സ്വര്‍ഗ്ഗലോകത്ത് വെച്ചെങ്കിലും  കാണാനാവണേ എന്ന് മാത്രമാണ് അബൂശിഫായുടെ ഇപ്പോഴത്തെ ഏകപ്രാര്‍ത്ഥന. പാകിസ്ഥാനിലെ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള മനുഷ്യാവകാശ പ്രവര്‍ത്തന പദ്ധതികളിലെ അംഗമായിരുന്നു അബൂശിഫ. അനാഥരായ കുട്ടികള്‍ക്ക്  ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്നു അദ്ദേഹത്തിലര്‍പ്പിതമായ കര്‍ത്തവ്യം. എന്നാല്‍, താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ മകള്‍ അനാഥയായി മാറുമെന്നും ആവശ്യമായ ചികില്‍സ ലഭിക്കാതെ ജീവിതത്തോട് വിടപറയുമെന്നും ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലെന്ന് പറയുമ്പോള്‍ ആ വാക്കുകള്‍ മുറിഞ്ഞുപോകുന്നു. അബൂശൈമയുടെയും അബൂശിഫയുടെയും ദുരന്തങ്ങള്‍, ഗോണ്ടനാമോ തടവുകാരുടെ തിക്താനുഭവങ്ങളുടെ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. ദൈവത്തിന്റെ കാരുണ്യത്തിലല്ലാതെ മറ്റൊന്നിലും പ്രതീക്ഷയര്‍പ്പിക്കാനാവില്ലെന്ന് ജീവിതം അവരെ പഠിപ്പിച്ചിരിക്കുന്നു. കുറ്റം ചുമത്തലോ വിചാരണ പോലുമോ ഇല്ലാതെ തകര്‍ക്കപ്പെട്ട ഏഴു വര്‍ഷങ്ങള്‍ക്കൊടുവില്‍ ഒരു സോറി പോലും കേള്‍ക്കാനാവാതെ ഞങ്ങള്‍ മൂന്ന് പേര്‍ പുറത്തിറങ്ങിയപ്പോള്‍ പൂവണിഞ്ഞതും ആ പ്രതീക്ഷ തന്നെയായിരുന്നു.

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ചാനലിന്‍റെ അഫ്ഗാനിസ്ഥാനിലെ റിപ്പോര്‍ട്ടറായിരുന്നു സുഡാന്‍കാരനായ സാമി അല്‍ഹാജ്. 2001ല്‍ തന്‍റെ ജോലിക്കിടെ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ക്യൂബയിലെ ഗോണ്ടനാമോ തടവറയിലടക്കപ്പെടുകയായിരുന്നു. നീണ്ട ഏഴ് വര്‍ഷത്തിന് ശേഷം യാതൊരു കുറ്റവും ചുമത്താതെ 2008 മെയ് 1ലാണ് അദ്ദേഹത്തെ പുറത്തുവിട്ടത്. ഇപ്പോള്‍ അദ്ദേഹം അല്‍ജസീറയുടെ തന്നെ മനുഷ്യാവകാശ വിഭാഗം തലവനായി സേവനമനുഷ്ഠിക്കുന്നു. അല്‍ജസീറ സൈറ്റിന് വേണ്ടി അദ്ദേഹം കുറിച്ചതാണ് മേല്‍അനുഭവങ്ങള്‍. 

വിവര്‍ത്തനം - മജീദ് തറമേല്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter