ഇബ്‌റാഹീമീ ധാരയിലെ ചില ഇസ്‌ലാമിക നിയമങ്ങള്‍

മനുഷ്യപ്രകൃതം കാത്തു സൂക്ഷിക്കാന്‍ മുന്‍ കഴിഞ്ഞ പ്രവാചകന്മാരുടെ കാലം മുതല്‍ക്ക് പാലിച്ചുപോന്ന ചില പ്രവൃത്തികള്‍:

1- നഖം മുറിക്കല്‍: നബി സ്വ വ്യാഴാഴ്ച തന്റെ കൈകാലുകളിലെ നഖം മുറിക്കുന്നത് അലി റ കാണുകയുണ്ടായി. അപ്പോള്‍ തിരു ദൂതര്‍ പറഞ്ഞു : അലീ, നഖം മുറി, കക്ഷരോമം നീക്കല്‍, ഗുഹ്യ രോമം വടിക്കല്‍ വ്യാഴാഴ്ച ചെയ്യുക; കുളി, സുഗന്ധം പൂശല്‍, നല്ല വസ്ത്രം അണിയല്‍ വെള്ളിയാഴ്ചയും..'' വെള്ളിയാഴ്ച മുസ്ലിംകള്‍ക്ക് 'മിനി പെരുന്നാളാ'. നഖം വെട്ടിയ ശേഷം വിരല്‍ തുമ്പുകള്‍ കഴുകണം. വെട്ടിയെടുത്ത നഖക്കഷണങ്ങള്‍ നബി സ്വ കുഴിച്ചിടാറുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇബ്‌നു ഉമര്‍ റ അങ്ങനെ ചെയ്യാറുണ്ടെന്ന് ഇമാം അഹ്മദ് റഹി പറയുന്നു. നഖം വല്ലാതെ വളര്‍ത്തിയാല്‍ അത് വെട്ടിയൊതുക്കണമെന്ന് കല്‍പിക്കാന്‍ ഭര്‍ത്താവിന് അധികാരമുണ്ട്. തീരെ നഖം വെട്ടാതിരിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു. താഴെ പറയുന്ന മറ്റു കാര്യങ്ങളും.

2- ഗുഹ്യരോമം വടിക്കല്‍: ലിംഗ പരിസരത്ത് വളരുന്ന രോമങ്ങള്‍ (ചില പ്രമുഖരുടെ വീക്ഷണത്തില്‍ പിന്‍ ദ്വാരത്തിന് ചുറ്റുമുള്ളതും) ഏറിയാല്‍ നാല്പത് ദിവസങ്ങള്‍ക്കപ്പുറം വളരാന്‍ വിടരുത്. അനസ് റ വില്‍ നിന്നും മുസ്ലിം ഉദ്ധരിക്കുന്ന ഹദീസില്‍ പറയുന്നു: ''മീശ വെട്ടല്‍, നഖം മുറിക്കല്‍, കക്ഷരോമം നീക്കല്‍, ഗുഹി രോമം വടിക്കല്‍ എന്നിവയ്ക്ക് നാല്പതിലേറെ ദിവസങ്ങളുടെ ഇടവേള അരുതെന്ന് ഞങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചു തന്നിരുന്നു''. സംഗസുഖം തടയുന്ന വിധം ഗുഹ്യ രോമം വളര്‍ന്നാല്‍ അത് ഒഴിവാക്കാന്‍ ഇണകള്‍ക്ക് പരസ്പരം കല്പിക്കാവുന്നതാണ്. മലാവശിഷ്ടങ്ങള്‍ അവശേഷിക്കാന്‍ ഇടവരരുതെന്ന് കരുതിയാണ് മലദ്വാര പരിസരവും വടിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

3- കക്ഷരോമം ഒഴിവാക്കല്‍: പ്രയാസമില്ലെങ്കില്‍ രോമങ്ങള്‍ പറിച്ചു കളയുകയും പിന്നീട് അഴുക്കുകള്‍ വടിച്ചു നീക്കുകയുമാണ് നല്ല രൂപം. ഇളം പ്രായത്തിലേ അത് ശീളിക്കാത്തവര്‍ക്ക് അങ്ങനെ ചെയ്യുന്നത് പ്രയാസകരമായിരിക്കാം. എല്ലാ വ്യാഴാഴ്ചയും സുന്നത്താണ്; പരമാവധി നാല്പത് ദിവസം.

4- മീശ വെട്ടി ചെറുതാക്കുക: ചുണ്ടിന്റെ മുകള്‍ അതിര്‍ത്തി കാണുന്ന വിധം വെട്ടിചെറുതാക്കുക . എന്നാല്‍, തൊലിയോളം ചെറുതാക്കുന്നതിന് (വടിക്കാതെ) കുഴപ്പമില്ലെന്ന പക്ഷവുമുണ്ട്. ''മീശ ചുരുക്കാതെ വളരാന്‍ വിടുന്നവന്‍ നമ്മില്‍ പെട്ടവനല്ല'' എന്നൊരു തിരു പ്രസ്താവനയുണ്ട്.

5- താടി വെട്ടിയൊതുക്കി നീട്ടി വളര്‍ത്തുക: താടിയുടെ നീളവും വീതിയും മീശ വെട്ടുന്നപോലെ വെട്ടിക്കുറക്കാതെ, എന്നാല്‍ ചപ്രയാക്കി വിടാതെ വളര്‍ത്തണം. മീശ വളര്‍ത്തുകയും താടി വെട്ടുകയും ചെയ്യുന്നത് കിസ്രാ സമ്പ്രദായം ആണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇബ്‌നു ഉമര്‍ റ വും കുറെ താബി ഉകളും ചെയ്തിരുന്നതും, ശഅബി , ഇബ്‌നു സീരീന്‍ തുടങ്ങിയ പ്രമുഖര്‍ 'നല്ലരൂപം' എന്ന് പ്രസ്ഥാവിച്ചതുമായ രീതി : ഓരോരുത്തരുടെ കൈപിടിയില്‍ ഒതുങ്ങുന്ന നീളം വളര്‍ത്തുക എന്നതാണ്. അതിനേക്കാള്‍ താഴ്ന്നു വളരുന്നത് വെട്ടി മാറ്റും. അല്ലാതെ നീട്ടി വളര്‍ത്തുക എന്നതിന് പരിധി ഇല്ലാതിരിക്കില്ലല്ലോ എന്ന് ഇമാം ഗസാലി റഹി ചോദിച്ചത് പ്രസക്തമാണ്.

6- പരിഛേദന: സ്ത്രീയും പുരുഷനും ഇത് ചെയ്യുന്ന പതിവ് ഇബ്രാഹീം നബിയുടെ കാലം മുതല്ക്കുണ്ട്. ഇസ്ലാം അത് തടഞ്ഞില്ല, പ്രോത്സാഹിപ്പിച്ചു.
ഇത്തരം 'പ്രാകൃത' മായ = മനുഷ്യനെ തനിച്ച വിശുദ്ധപ്രകൃതത്തിലേക്ക് നയിക്കുന്ന വേറെയും നിര്‍ദേശങ്ങള്‍ സ്രഷ്ടാവ്/ ദൂതന്‍ പഠിപ്പിച്ചിട്ടുണ്ട്..
പരലോകം നമ്മെ കാത്തിരിക്കുന്നു, അവിടത്തെ വിചാരണയും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter