മാസിമോ കമ്പാനിനി: പ്രബോധന വീഥിയിലെ ഇറ്റാലിയൻ മുഖം
ഇസ്‍ലാം വിരുദ്ധത പലപ്പോഴായി ഉയർന്നു കേൾക്കാറുള്ള ഭൂഭാഗമാണ് യൂറോപ്പ്. ഇസ്‍ലാമോഫോബിയ യൂറോപ്യരുടെ മനസ്സിൽ വേരുറച്ചപ്പോഴുണ്ടായ പ്രത്യാഘാതങ്ങൾ നാം പലപ്പോഴായി കണ്ടറിഞ്ഞവരാണ്.
എന്നാൽ സമീപകാലത്തായി യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വൃത്താന്തങ്ങൾ ഏറെ പ്രതീക്ഷാവഹമാണ്. കുടുംബത്തോടെയും അല്ലാതെയും ഒരുപിടി ആൾക്കാരാണ് ഇസ്‍ലാമിന്റെ പുണ്യ തീരത്തേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്നത്. സ്വതന്ത്രമായ അന്വേഷണങ്ങളിലൂടെ ഇസ്‍ലാമിനെ കണ്ടെത്തിയവരാണ് ഇവരില്‍ അധികപേരും എന്നത് അതിലേറെ പ്രതീക്ഷ നല്‍കുന്നു.
ഇത്തരക്കാരിൽ എടുത്തുദ്ധരിക്കേണ്ട നാമങ്ങളിലൊന്നാണ് ചിന്തകനും ചരിത്രകാരനുമായ മാസിമോ കമ്പാനീനിയുടേത്. ക്രൈസ്തവ ജീവിതാന്തരീക്ഷത്തിൽ വളരുകയും പിന്നീട് യൂറോപ്പിലെയും പ്രത്യേകിച്ച് ഇറ്റലിയിലെയും ഇസ്‍ലാമിക പ്രബോധകരിലെ മുൻനിരക്കാരനായി മാറുകയും ചെയ്ത ചരിത്രമാണ് മാസിമോ കമ്പാനീനിയുടെ ജീവിതം നമ്മെ വിളിച്ചറിയിക്കുന്നത്.
1954ൽ മിലാനിലെ ഒരു ക്രിസ്തീയ കുടുംബത്തിലാണ് മാസിമോ കമ്പാനീനി ജനിക്കുന്നത്.
പഠനത്തിലും ഗവേഷണത്തിലും ചെറുപ്പകാലം തൊട്ടേ സജീവമായിരുന്ന മാസിമോയുടെ ഇഷ്ട വിഷയം ഫിലോസഫിയായിരുന്നു. പഠനകാലത്തുതന്നെ ഇസ്‍ലാമിക ചിന്തകൾ അദ്ദേഹത്തിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. അങ്ങനെ 1977 ൽ ഇറ്റാലിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ബിരുദപഠനം പൂർത്തീകരിച്ചതോടെ മാസിമോ തന്റെ നീണ്ട വൈജ്ഞാനികവീഥിയിൽ സജീവമായി.
നേപ്പിൾ യൂണിവേഴ്സിറ്റി, ടോറിനോ യൂണിവേഴ്സിറ്റി തുടങ്ങിയ അഞ്ചിലധികം യൂണിവേഴ്സിറ്റികളിൽ ഇസ്‍ലാമിക് ഹിസ്റ്ററി, ഫിലോസഫി തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഈ അധ്യാപന കാലത്താണ് ഇസ്‍ലാമിനെ കുറിച്ച് അദ്ദേഹം മനസ്സിലാക്കിത്തുടങ്ങുന്നത്. ഇസ്‍ലാമിലെ പല പാഠങ്ങളും അദ്ദേഹത്തെ ഹഠാദാകർഷിച്ചു. പിന്നീടങ്ങോട്ട് ഇസ്‍ലാമിനെ തേടിയുള്ള നിരന്തര യാത്രകളായിരുന്നു. ഈജിപ്ത്, യമൻ, തുർക്കി, ടുണീഷ്യ തുടങ്ങിയ അറബ് രാജ്യങ്ങൾ സന്ദർശിക്കുക വഴി ഇസ്‍ലാമിനെക്കുറിച്ച് മാസിമോ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി. ഈജിപ്തായിരുന്നു അദ്ദേഹത്തെ ഏറെ ആകർഷിച്ചത്. യഥാർത്ഥത്തിൽ അസ്ഹർ യൂണിവേഴ്സിറ്റിയും മസ്ജിദു ഇബ്നു തുലൂനും അദ്ദേഹത്തെ രണ്ടാംതവണയും ഈജിപ്ത് സന്ദർശിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു എന്ന് വേണം പറയാന്‍.
Also Read:ഞാനിതെല്ലാം അവസാനിപ്പിക്കുകയാണ്, ഇനി അല്ലാഹുവിലേക്ക് മടങ്ങുന്നു
ഒന്നാം തവണ അന്വേഷണ ഉദ്ദേശ്യത്തോടെയായിരുന്നെങ്കിൽ രണ്ടാം തവണ തികച്ചും വ്യത്യസ്തമായിരുന്നു. ഈജിപ്തിലേക്കുള്ള രണ്ടാം യാത്രയിലാണ് മാസിമോ ഇസ്‍ലാം മതം സ്വീകരിക്കുന്നത്. പിന്നീടങ്ങോട്ടുള്ള ജീവിതയാത്ര മുഴുവൻ ഇസ്‍ലാമിക പഠനത്തിനും പ്രബോധനത്തിനുമാണ് മാസിമോ വിനിയോഗിച്ചത്.
ഈജിപ്തിൽ നിന്ന് മടങ്ങിയതിനു ശേഷം മാസിമോ ആദ്യം ചെയ്ത ദൗത്യം ഇറ്റാലിയൻ പരിഭാഷയിലുള്ള ഖുർആൻ സംഘടിപ്പിക്കുക എന്നതായിരുന്നു. പരിശുദ്ധ ഖുർആൻ ലഭ്യമായതോടെ അതിലെ ചിന്തകളിലേക്ക് ആഴ്ന്നിറങ്ങുകയും അറബിഭാഷയുടെ ബാലപാഠങ്ങൾ പഠിക്കുകയും ചെയ്തു. അങ്ങനെ 1980 ൽ ഇറ്റലിയിലെ പ്രസിദ്ധമായ ജോർനാഡോ ബ്രൂണോ യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദവും നേടിയതോടെ അറബി ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടി.
മാസിമോ പറയുന്നു: "ദൈവ സങ്കൽപ്പത്തിൽ എനിക്ക് നിരവധി സംശയങ്ങളു ണ്ടായിരുന്നു, അതിനുള്ള ഉത്തരങ്ങളെല്ലാം ഞാൻ ഖുർആനിൽ നിന്ന് കണ്ടെത്തുകയും ചെയ്തു". സൂറത്തുൽ ഇഖ്ലാസ് മാസിമോയെ ഇരുത്തിചിന്തിപ്പിച്ച സൂറത്തുകളിലൊന്നായിരുന്നു.
ഖുർആൻ പഠനം, ഇസ്‍ലാമിക് ഫിലോസഫി, ഇസ്‍ലാമിക രാഷ്ട്രീയ ചിന്തകൾ, സമകാലിക ചരിത്രം തുടങ്ങിയ നാല് മേഖലകളിലേക്കാണ് ഇസ്‌ലാമാശ്ലേഷണത്തിന്ശേഷം മാസിമോ തിരിഞ്ഞത്. ഖുർആനും അനുബന്ധ പഠനത്തിനുമായിരുന്നു കൂടുതൽ ഊന്നൽ നൽകിയിരുന്നത്. ഫിലോസഫിയുടെ അടിസ്ഥാനത്തിൽ ഖുർആനെ വ്യാഖ്യാനിക്കുന്നതിൽ അദ്ദേഹം അഗ്രഗണ്യനായി മാറി.
മുഖദിമത്തു ഫി ഫൽസഫ ഇസ്‍ലാമിയ, താരീഖു മിസ്റുൽ ഹദീസ് തുടങ്ങിയവ മാസിമോ കമ്പാനിനിയുടെ പ്രധാന കൃതികളാണ്. കൂടാതെ വിശ്വ പണ്ഡിതനായ ഇമാം ഗസ്സാലിയുടെയും ഫാറാബിയുടെയും കൃതികൾ പരിഭാഷപ്പെടുത്തി ഇറ്റലിക്കാർക്ക് അവരെ പരിചയപ്പെടുത്തികൊടുത്തതും അദ്ദേഹമാണ്.
2019 ൽ പ്രസിദ്ധീകരിച്ച ദാന്തേ വൽ ഇസ്‍ലാം എന്ന കൃതിയാണ് അവസാനമായി രചിച്ചത്. ഈ കൃതിയിൽ ഇറ്റാലിയൻ കവിയായ ദാന്തേ അൽഗീറിയുടെ മാസ്റ്റർപീസ് ഗ്രന്ഥമായ ഡിവൈൻ കോമഡിയെ ഇസ്‍ലാമുമായി ബന്ധിപ്പിച്ച് എങ്ങനെ വായിക്കാമെന്ന് അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്.
ഒരു നവകാല പ്രബോധകൻ എന്ന നിലയിൽ സമൂഹത്തിലെ നിഖില മേഖലകളിലും മാസിമോ കമ്പാനിനി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. നിരവധി അന്താരാഷ്ട്ര കോൺഫറൻസുകളിലും ഡിബേറ്റുകളിലും ഇറ്റലിയെ പ്രതിനിധീകരിച്ച് അദ്ദേഹം പങ്കെടുത്തു. ഇസ്‍ലാമോഫോബിയക്കെതിരെയും വർഗീയതക്കെതിരെയും പലപ്പോഴായി മാസിമോ അധികാരികൾക്ക് നേരെ വിരൽ ചൂണ്ടിയിരുന്നു.
ഇത്തരത്തിൽ പ്രബോധന രംഗത്തെ എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തിയ മാസുമി കാമ്പാനിനി 2020 ഒക്ടോബറിലാണ് ഈ ലോകത്തുനിന്നും വിടപറയുന്നത്.
ചുരുങ്ങിയ ജീവിതകാലയളവിനുള്ളിൽ നല്ലൊരളവിൽ തന്നെ ഇറ്റാലിയൻ ജനസമൂഹത്തിന് ഇസ്‍ലാമിന്റെ സന്ദേശം കൈമാറാൻ മാസിമോ കാമ്പാനിനിക്ക് സാധിച്ചു എന്നതിൽ സന്ദേഹമില്ല. നാഥന്‍ അദ്ദേഹത്തിന്റെ കര്‍മ്മങ്ങളെല്ലാം സ്വീകരിക്കുമാറാവട്ടെ.
Leave A Comment