മുസ്‌ലിം വിദ്വേഷ പ്രചരണത്തിനെതിരെ അറബ് പ്രതിഷേധം ഫലം കാണുന്നു: വിദ്വേഷ ട്വീറ്റുകൾ നീക്കംചെയ്യാൻ കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടു
ബംഗളുരു: ബി.ജെ.പി എം.പി തേജസ്വി സൂര്യ അടക്കമുള്ള വലതുപക്ഷ പ്രവർത്തകർ നടത്തിയ ഇസ്‌ലാം വിരുദ്ധ വിദ്വേഷ ട്വീറ്റുകള്‍ ഇന്ത്യ-യു.എ.ഇ ബന്ധത്തെ ബാധിക്കുന്ന വിധത്തില്‍ ഉയർന്നതിനെത്തുടർന്ന് ട്വീറ്റുകൾ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാർ ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണം ലക്ഷ്യമാക്കിയുള്ള നൂറിലധികം ട്വീറ്റുകള്‍ നീക്കം ചെയ്യാന്നാണ് കേന്ദ്ര ഇലക്‌ട്രോണിക് ആന്‍ഡ് ഐ.ടി വകുപ്പ് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ശരിയാണ്, തീവ്രവാദത്തിന് മതമില്ല. എന്നാല്‍ തീവ്രവാദിക്ക് തീര്‍ച്ചയായും മതമുണ്ട്. ഭൂരിപക്ഷം കേസുകളിലും അത് ഇസ്‌ലാമാണ് -ഇതായിരുന്നു തേജസ്വി സൂര്യയുടെ വിവാദ ട്വീറ്റ്. 2015ലെ ഈ ട്വീറ്റ് ഉള്‍പ്പെടെ 121 ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും നൂറ്റണ്ടുകള്‍ക്ക് അറബ് സ്ത്രീകൾക്ക് രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തേജസ്വി സൂര്യ ട്വീറ്റ് ചെയ്തതും വന്‍ വിവാദമായിരുന്നു. പിന്നീട് ഡിലീറ്റ് ചെയ്ത ഈ ട്വീറ്റിനെതിരെ അറബ് ലോകത്ത് നിന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

നയതന്ത്ര ബന്ധം തകരാതിരിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ തന്നെ യു.എ.ഇയിലെ ഭരണാധികാരികളെ ഫോണില്‍ വിളിച്ച്‌ വിശദീകരിക്കേണ്ടി വന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് എസ്. ജയ്ശങ്കര്‍ തന്നെ നേരിട്ട് യു.എ.ഇ ഭരണാധികാരികളെ ബന്ധപ്പെട്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter