ഇന്നും മറക്കാത്ത നൂറ് രൂപയും തേന്‍കുപ്പിയും

1970, ഏപ്രില്‍ ആദ്യവാരം...

ഊട്ടിയില്‍നിന്ന് മലപ്പുറം ജില്ലയിലെ പാണക്കാട് ലക്ഷ്യമാക്കി ഒരു കാര്‍ പുറപ്പെട്ടു. കേരളത്തിലെ ഏത് രാഷ്ട്രീയ നേതാക്കളേക്കാളും അധികാരവും അംഗീകാരവുമുള്ള പാണക്കാട് പൂക്കോയ തങ്ങളായിരുന്നു അതിലെ യാത്രക്കാരന്‍. പാണക്കാട്ടേക്കുള്ള വഴിയില്‍നിന്ന് അല്‍പം തെറ്റി, ആ കാര്‍ നേരെ പോയത് നിലമ്പൂരിലെ ഒരു വീട്ടിലേക്കായിരുന്നു. രണ്ട് ദിവസം മുമ്പ് മരണപ്പെട്ട, തന്റെ ആത്മമിത്രം പുളിക്കല്‍ വെട്ടം വീട്ടില്‍ അലവിക്കുട്ടിയുടെ വീടായിരുന്നു അത്. ശേഷം വീട്ടിലുള്ളവരെയും കൂട്ടി ചന്തക്കുന്ന് പള്ളിയിലെ ആ ഖബ്റിനടുത്ത് ചെന്ന് സലാം പറഞ്ഞ്, ഗദ്ഗദ കണ്ഠനായി ദുആ ചെയ്യുകയും കൂടെയുള്ളവരെല്ലാം മനസ്സറിഞ്ഞ് ആമീന്‍ പറയുകയും ചെയ്തു. 

തന്റെ പിതാവിന് ലഭിച്ച വലിയ ആ അംഗീകാരത്തെ, അത് വരച്ചിടുന്ന അവര്‍ തമ്മിലുണ്ടായിരുന്ന ആ ആത്മബന്ധത്തെ, 50 വര്‍ഷങ്ങള്‍ക്കിപ്പുറവും പൂക്കോയ തങ്ങളുടെ ഈ വഫാത് ദിനത്തില്‍ ഓര്‍ത്തുവെക്കുകയും കൂടുതല്‍ ഓര്‍ത്തെടുക്കുകയുമാണ്, രാജ്യസഭാ അംഗവും സാമൂഹ്യ-രാഷ്ട്രീയ നേതാവുമായ മകന്‍ പി.വി അബ്ദുല്‍ വഹാബ് എം.പി

ബാപ്പയുടെ അടുത്ത സുഹൃത്തായിരുന്നു പൂക്കോയ തങ്ങള്‍. പല കമ്മിറ്റികളിലും അവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്‍ലിം ലീഗിന് പുറമെ, മാപ്പിള കലാ സംരക്ഷണ സമിതി പോലോത്ത പല സാമൂഹ്യ-സാംസ്കാരിക കൂട്ടായ്മകളിലും അവര്‍ ഒരുമിച്ചുണ്ടായിരുന്നു. രണ്ട് പേരും ഒപ്പ് വെച്ച പല അപേക്ഷകളുടെയും കത്തുകളുടെയും പകര്‍പ്പുകള്‍ ഇന്നും പലരുടെയും കൈയ്യില്‍ ലഭ്യമാണ്.

ഹൈദരാബാദ് ആക്റ്റ് പ്രകാരം പൂക്കോയ തങ്ങള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍, കൂടെ ബാപ്പാക്കും അറസ്റ്റ് വാറണ്ടുണ്ടായിരുന്നു. ബാപ്പ അന്ന് പോലീസിന് പിടികൊടുക്കാതെ നാട് വിട്ട് ഒളിവില്‍ താമസിക്കുകയാണ് ചെയ്തത്. 

ആ സുഹൃദ് ബന്ധം മരണം വരെ അവര്‍ തുടര്‍ന്നു. ബാപ്പ മരിക്കുന്ന സമയം തങ്ങള്‍ ഊട്ടിയിലായിരുന്നു. ചന്ദ്രികയില്‍ വാര്‍ത്ത വായിച്ചാണ് തങ്ങള്‍ അറിയുന്നത്. അങ്ങനെയാണ് തിരിച്ചുവരുന്ന വഴിയില്‍ നേരെ ബാപ്പയുടെ ഖബ്റിന് സമീപത്തേക്ക് തങ്ങള്‍ വരുന്നത്. അന്നൊക്കെ തങ്ങളെ ഏറെ ആദരവോടെ ദൂരെ നിന്ന് നോക്കിക്കാണുന്ന ഒരു കുട്ടി മാത്രമായിരുന്നു ഞാന്‍.

ബാപ്പയുടെ മരണശേഷം നടന്ന, പെങ്ങളുടെ കല്യാണവുമായി ബന്ധപ്പെട്ടാണ് തങ്ങളുമായി അടുത്ത് പരിചയപ്പെടുന്നത്. മലപ്പുറത്ത് മുസ്‍ലിം ലീഗിന്റെ കൌണ്‍സില്‍ യോഗം നടക്കുന്ന ദിവസമാണ് നികാഹിന് നിശ്ചയിച്ചിരുന്നത്. മഗ്‍രിബിന് മുമ്പ് യോഗം കഴിഞ്ഞ്, നിസ്കാര ശേഷം തൊട്ടടുത്തുള്ള അബ്ദുല്ലക്കുട്ടി കുരിക്കളുടെ വീട്ടില്‍ വെച്ച് നികാഹ് നടത്താമെന്നായിരുന്നു തീരുമാനം. ബാഫഖി തങ്ങളായിരുന്നു നികാഹ് നടത്തേണ്ടിയിരുന്നത്. പക്ഷെ, അടിയന്തിരമായി കോഴിക്കോട് പോവേണ്ടിവന്ന ബാഫഖി തങ്ങള്‍, എന്നോട് പാണക്കാട് പൂക്കോയ തങ്ങളെ പോയി കാണാനും നികാഹ് ചെയ്തു കൊടുക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്ന് അറിയിക്കാനും പറഞ്ഞു. 

ഞങ്ങള്‍ പാണക്കാടെത്തിയപ്പോള്‍ തങ്ങള്‍ മഗ്‍രിബ് നിസ്കാരം കഴിഞ്ഞ് ഇറങ്ങുകയായിരുന്നു. വിവരം പറഞ്ഞ ഉടന്‍, അലവിക്കുട്ടിയുടെ മകളുടെ നികാഹല്ലേ, ഞാന്‍ വരാം എന്ന് സമ്മതിക്കുകയും ഞങ്ങളോടൊപ്പം പുറപ്പെടുകയും ചെയ്തു. 

 

യാത്രക്കിടെ, കാറില്‍ പിന്നിലിരിക്കുകയായിരുന്ന എന്റെ കൈയ്യില്‍ തങ്ങള്‍ 100 രൂപ വെച്ചുതന്നു. ഞാന്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും കൂടെയുണ്ടായിരുന്ന പാണക്കാട് അഹ്മദാജി, തങ്ങള്‍ തരുന്നത് ബര്‍കതാണെന്നും അത് വേണ്ടെന്ന് പറയരുതെന്നും ഉപദേശിച്ചു. യാത്രക്കിടെ തങ്ങള്‍ സരസമായി ഇങ്ങനെ പറഞ്ഞു, അലവിക്കുട്ടി ഉണ്ടെങ്കില്‍ എന്നെ ഈ നികാഹിന് തന്നെ വിളിക്കുമായിരുന്നില്ല. 

പിന്നീടങ്ങോട്ട് തങ്ങളുമായുള്ള ആ ബന്ധം തുടരാന്‍ പരമാവധി ശ്രമിച്ചു. 1974ലാണ് ഞാന്‍ ആദ്യമായി ഗള്‍ഫില്‍ പോവുന്നത്. ഗള്‍ഫ് എന്ന സ്വപ്നം കേരളത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു സ്വപ്നമായി തുടങ്ങുന്ന കാലമായിരുന്നുവല്ലോ അത്. പോകാന്‍ തീരുമാനിച്ച ഞാന്‍ നേരെ പോയത് പൂക്കോയ തങ്ങളുടെ അടുത്തേക്കായിരുന്നു. തങ്ങളോട് കാര്യം പറഞ്ഞ് സമ്മതം വാങ്ങി, തിരിച്ചുപോരുന്ന സമയത്ത് എനിക്ക് ഒരു കുപ്പി തേന്‍ തങ്ങള്‍ നല്‍കുകയും ചെയ്തു. ആ മധുരം നുണഞ്ഞ് കൊണ്ടാണ് ഞാന്‍ ഗള്‍ഫിലേക്ക് പോവുന്നത് എന്ന് പറയാനാണ് എനിക്കിഷ്ടം.

ഞാന്‍ ഗള്‍ഫിലാവുമ്പോഴാണ് തങ്ങള്‍ വഫാതാവുന്നത്. ശേഷവും ആ കുടുംബവുമായുള്ള ബന്ധം തുടരാനായത് വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. 1980 ല്‍ ഇറാഖ്-ഇറാന്‍ യുദ്ധ സമയത്ത് ഗള്‍ഫിലെ കച്ചവടത്തില്‍ പ്രയാസം നേരിട്ടപ്പോള്‍, ഗള്‍ഫ് ജീവിതം നിര്‍ത്താന്‍ ആലോചിച്ചിരുന്നു. തീരുമാനം എടുക്കുന്നതിന് മുമ്പ്, നേരെ പാണക്കാട് വന്ന്, തനിക്ക് ഗള്‍ഫിലേക്ക് പോകാന്‍ സമ്മതം തന്ന പൂക്കോയ തങ്ങളുടെ പിന്‍ഗാമിയോട് തന്നെ കാര്യം പറയാം എന്ന് കരുതി മുഹമ്മദലി ശിഹാബ് തങ്ങളുടെ അടുത്തെത്തി. വിവരം കേട്ടതും, വീണ്ടും പോകാനും ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനുമായിരുന്നു തങ്ങളുടെ ഉപദേശം. അതനുസരിച്ച് ഞാന്‍ തിരിച്ചുപോവുകയും തുടര്‍ന്നങ്ങോട്ട് സാമ്പത്തികമായി വളരെയേറെ മെച്ചപ്പെടുകയും ചെയ്തത് ഇന്നും ഞാന്‍ ഓര്‍ക്കാറുണ്ട്.

എല്ലാവര്‍ക്കും ഒരു പോലെ പ്രകടമായ, പൂക്കോയ തങ്ങളുടെ വലിയൊരു ഭാഗ്യമായി ഞാന്‍ കാണുന്നത്, മക്കളെല്ലാം സമൂഹത്തില്‍ ഒരു പോലെ ആദരിക്കപ്പെടുന്നുവെന്നതാണ്. തങ്ങളുടെ ഒരു മകന്‍ (സിദ്ദീഖലി ശിഹാബ് തങ്ങള്‍) ചെറുപ്പത്തിലേ മരണപ്പെട്ടിട്ടുണ്ട്. ശേഷിച്ച എല്ലാ മക്കളും ഇന്ന് സമൂഹത്തില്‍ ഒരു പോലെ ആദരണീയരും നേതൃപദവികള്‍ അലങ്കരിക്കുന്നവരുമാണ്. ഇന്ന് കേരളത്തിലുള്ള ആരും അംഗീകരിക്കുന്നതാണ് ആ വലിയ സൌഭാഗ്യം. തന്റെ സന്താന പരമ്പരയെ മുഴുവനും നീ സന്മാര്‍ഗ്ഗത്തിലാക്കണേ എന്ന ഇബ്റാഹീം നബിയുടെ പ്രാര്‍ത്ഥനയാണ് പലപ്പോഴും ആ കുടുംബത്തെ കാണുമ്പോള്‍ എനിക്ക് ഓര്‍മ്മവരാറുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter