സൈബര്‍ലോകം: കൗമാരത്തിന്റെ ഈ പോക്ക് അപകടമാണ്
imaഇന്ന് വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഏറ്റവും വലിയ ചര്‍ച്ചാവിഷയം കൗമാരത്തെ കുറിച്ചാണ്. കൗമാരസ്വപ്നങ്ങള്‍ എക്കാലത്തെയും കാല്‍പനികമായ പ്രതികരണത്തെയാണ് അടയാളപ്പെടുത്തുന്നത്. സമൂഹത്തിന്റെ ക്രിയാത്മകമായ വളര്‍ച്ചയില്‍ കൗമാര ചിന്തകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. എന്നാലിന്ന് കൗമാരസ്വപ്നങ്ങളുടെ വര്‍ണപ്പൂക്കള്‍ വിരിയേണ്ട നന്മയുടെ പൂമരച്ചോട്ടില്‍ അശ്ലീലതയുടെ കാട്ടുപൂക്കളാണ് പടര്‍ന്നുപിടിക്കുന്നത്. ഇവിടെ രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്കേണ്ട കൗമാരം അന്ധാളിച്ചുനില്‍ക്കുകയാണ്. കൗമാരത്തിന്റെ കര്‍മോത്സുകതയെയും ആവേശത്തെയും തല്ലിക്കെടുത്തി നിഷ്‌ക്രിയത്വത്തിന്റെയും അശ്ലീല ഇടപെടലുകളുടെയും വഴിയില്‍ കൗമാരസമൂഹത്തെ തളച്ചിടുകയാണ് പുതിയ ലോകം. ലഹരിയുടെ കിന്നരിപ്പൂക്കള്‍ വിരിയുന്നതിപ്പോഴും കൗമാരസ്വപ്നങ്ങളിലാണ്. കഞ്ചാവിന്റെ കറുത്തപുകയില്‍ മനസ്സും ശരീരവും എരിഞ്ഞമരുകയാണ്. സോഷ്യല്‍ ഡ്രിങ്കുകളില്‍ തുടങ്ങി കഫ്‌സിറപ്പുകളില്‍ ഉറക്കുഗുളിക കലര്‍ത്തി പിന്നീട് മുഴുക്കുടിയനായി മാറുന്ന നിസ്സഹായതയില്‍ കുടുങ്ങുന്നവരില്‍ അധികവും കൗമാരത്തിനു സ്വന്തമാണ്. കൗമാരത്തിന്റെ ദിശ മറന്നുകൊണ്ടുള്ള അപഥസഞ്ചാരം സമൂഹത്തിനുമുന്നില്‍ അപകടം പിടിച്ച ചോദ്യചിഹ്നമായി ഉയര്‍ന്നുനില്‍ക്കുന്നു. ജീവിതത്തിന്റെ മത്സരയോട്ടത്തില്‍, ഓടിക്കിതച്ച് പാതിവഴിയില്‍ കടുത്ത നിരാശയുടെ കയങ്ങളിലെറിയപ്പെടുന്നവരിലധികവും കൗമാരം തന്നെ. സാമ്രാജ്യത്വമോഹങ്ങള്‍ക്ക് കടുത്ത വില പറയുന്ന കണ്‍സ്യൂമറിസത്തോടു മത്സരിച്ച് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മനസ്സുതകര്‍ന്ന് അപഥസഞ്ചാരം നടത്തുന്നവരില്‍ നല്ലൊരു ശതമാനവും കൗമാരപ്രായക്കാരാണ്. സുഖാഢംബരങ്ങളുടെ വിസ്മയം നിറഞ്ഞ ലോകത്ത് വിഹരിക്കാന്‍ കഴിയാതെ എല്ലാം തകര്‍ന്ന് ഒരുമുഴം കയറിലും ഒരു കഷ്ണം ബ്ലേഡിലും റെയില്‍ പാളത്തിലെ ഒരടി നീളത്തിലും, വീടിന്റെ മോന്തായങ്ങളിലും ജീവിതംതന്നെ അവസാനിപ്പിക്കേണ്ടിവരുന്നവരിലധികവും ഇളം പ്രായക്കാരാണ്!! കണ്‍സ്യൂമറിസത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ ഇര കൗമാരപ്രായക്കാരാണ്. ഉപഭോഗ സംസ്‌കാരത്തിന്റെ മാറിവരുന്ന ട്രെന്റുകളും അഭിരുചികളുമനുസരിച്ച് കൗമാരസ്വപ്നങ്ങള്‍ക്ക് കാപട്യത്തിന്റെ നിറം പകര്‍ത്തുന്നവര്‍ എത്ര ക്രൂരമായിട്ടാണ് ഇളം മനസ്സിനെ പിടികൂടുന്നത്. ബോളിവുഡിന്റെയും ഹോളിവുഡിന്റെയും നിറപ്പകിട്ടാര്‍ന്ന ആഭാസവസ്ത്രങ്ങള്‍ക്കൊത്ത് 'ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുളാ'യി ചമഞ്ഞിറങ്ങാന്‍ പുതിയ തലമുറ അമിതാവേശം കാണിക്കുമ്പോള്‍ നാം വാരിപ്പുണരുന്നത് കുത്തഴിഞ്ഞ പടിഞ്ഞാറന്‍ സംസ്‌കാരത്തെയാണ്. നമ്മെ ഞെക്കിക്കൊല്ലാന്‍ അവസരം കാത്ത് കഴിയുന്ന സാമ്രാജ്യത്വത്തെയാണ് നാം അനുകരിക്കുന്നത്. കച്ചവടത്തിന്റെയും ലാഭത്തിന്റെയും സമവാക്യങ്ങള്‍ മാത്രം കയറ്റിവെക്കപ്പെടുന്ന സമൂഹത്തില്‍, കൗമാരത്തിന്റെ കാല്‍പനികതപോലും കൈമോശം വന്നുപോയിരിക്കുന്നു. ഇവിടെ, യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്നുപോയ ജീവിത ശൈലിയുടെ സ്വപ്നനൊമ്പരമാവുകയാണ് കൗമാരം. മോശമായ ചുറ്റുപാടുകളും പ്രതികൂല കാലാവസ്ഥയും ഇളം തലമുറയെ വഴിതെറ്റിക്കുന്നുവെന്നതാണ് സത്യം. ഇന്ന് ഏറ്റവും കൂടുതല്‍ പ്രചാരമേറിയ ഇന്റര്‍നെറ്റിന്റെ വികാസവും അതിവ്യാപനവും പുതിയ തലമുറയില്‍ ആഴത്തില്‍ വേരോടിത്തുടങ്ങിയിരിക്കുന്നു. സൈബര്‍ കഫേകളിലെ ക്യാബിനുകള്‍കുള്ളില്‍ കൗമാരത്തിന്റെ സ്വപ്നങ്ങള്‍ കരിഞ്ഞുപോവുകയാണ്. ഇന്റര്‍നെറ്റ് കഫേകളിലെ സ്വകാര്യതയില്‍ പൊട്ടിമുളക്കുന്നത് വൃത്തികേടുകള്‍ നിറഞ്ഞ ജീവിതരീതിയാണ്. സൈബര്‍ ലോകത്തെ ശൃംഗാരകേളികള്‍ ഇളംപ്രായക്കാരെ സ്വാധീനിക്കുന്നുണ്ടെന്നും, രതിസല്ലാപത്തിലൂടെ ആനന്ദംകൊള്ളാന്‍ ഇന്റര്‍നെറ്റ് കഫേകളിലെത്തുന്ന കൗമാരപ്രായക്കാരുടെ എണ്ണം ക്രമാതീതമായിവര്‍ധിക്കുന്നുണ്ടെന്നും ഈയിടെ ബി.ബി.സി. നടത്തിയ സര്‍വേ വെളിപ്പെടുത്തിയിട്ടുണ്ട്. കൗമാരസ്വപ്നങ്ങള്‍ക്ക് ചിറകുമുളക്കേണ്ട കലാലയാന്തരീക്ഷം പോലും തിരിച്ചറിയാനാകാത്തവിധം മാറിപ്പോയിരിക്കുന്നു. ഇരുട്ടിന്റെ ശക്തികളെ തോല്‍പിക്കാന്‍ നന്മയുടെ തീപന്തംതെളിയിക്കേണ്ട കാമ്പസുകളുടെ ചുറ്റുമതിലുകള്‍ക്കുള്ളില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്നത് അശാന്തിയുടെ കറുത്ത വര്‍ത്തമാനങ്ങളാണ്. അശാന്തിയും അരാചകത്വവും നൃത്തം ചവിട്ടുന്ന കൗമാരസമൂഹം വലിയ ഭീഷണികളുയര്‍ത്തുന്നുണ്ട്. അരാചകത്വവാദികള്‍ക്കും വര്‍ഗീയവാദികള്‍ക്കും പാവകളെപ്പോലെ തട്ടിക്കളിക്കാന്‍ പരുവത്തില്‍ പുതിയ തലമുറ മാറിപ്പോയിരിക്കുന്നുവോ എന്ന് സത്യമായിട്ടും ഭയപ്പെടേണ്ടിയിരിക്കുന്നു. സഹജീവിസ്‌നേഹവും സൗഹൃദത്തിന്റെ ഹൃദയഭാഷകളും, കൂട്ടായ്മയുടെ ആഹ്ലാദസ്പര്‍ശങ്ങളും പൂത്തുനിന്നിരുന്ന നമ്മുടെ കാമ്പസുകളില്‍ ഇന്ന് ഉന്മാദത്തിന്റെ രണഭേരികളും ആസക്തിയുടെ മൃതിഗന്ധങ്ങളുമാണ് ഉയരുന്നത്. ഭാവിയുടെ വാഗ്ദാനങ്ങള്‍ പിറവിയെടുക്കുന്ന കലാലയങ്ങളില്‍ റാഗിങിന്റെയും മറ്റുംപേരില്‍ നടക്കുന്ന പുതുപരീക്ഷണങ്ങളുടെയും അനുശീലനങ്ങളുടെയും ത്രസിപ്പിക്കുന്ന കഥകള്‍ സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. നേരിന്റെ വഴിയിലൂടെ പുതിയ തലമുറയെ വഴിനടത്തേണ്ട ബാധ്യത നമുക്കുണ്ട്. തുല്യനീതിയും അവസരസമത്വവും കൗമാരസ്വപ്നങ്ങള്‍ക്ക് നിറം പകരുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. നിര്‍മാണാത്മകമായി പ്രതികരിക്കുവാനും ചിന്തിക്കുവാനും ഇത് അവരെ പ്രേരിപ്പിക്കുന്നു. നിരന്തരം നീതി നിഷേധിക്കപ്പെട്ടപ്പോഴും അവസരങ്ങള്‍ തട്ടിയെടുക്കപ്പെടുമ്പോഴും കൗമാരമനസ്സില്‍ സ്‌ഫോടനാത്മകമായി പ്രതികരിക്കാനും ചിന്തിക്കുവാനും ഇത് അവരെ പ്രേരിപ്പിക്കുന്നു. നിരന്തരം നീതി നിഷേധിക്കപ്പെടുമ്പോഴും അവസരങ്ങള്‍ തട്ടിയെടുക്കപ്പെടുമ്പോഴും കൗമാരമനസ്സില്‍ സ്‌ഫോടനാത്മകമായ പ്രതികരണമുണ്ടാവുന്നു. ഇന്നത്തെ വിദ്യാഭ്യാസ കച്ചവടവല്‍കരണം കൗമാരത്തെ വേട്ടയാടുന്നുണ്ടെന്നത് ഒരു സത്യമാണ്. തന്നേക്കാള്‍ യോഗ്യതയും പഠനനിലവാരവും കുറഞ്ഞ സഹപാഠി അവന്റെ മാതാപിതാക്കള്‍ക്ക് പൂത്ത പണമുണ്ട് എന്ന കാരണത്താല്‍ ഉപരിപഠനത്തിന് യോഗ്യനായി മാറുമ്പോള്‍ അറിവും കഴിവും യോഗ്യതയുമുണ്ടായിട്ടും പണമില്ലാത്തതിന്റെ പേരില്‍മാത്രം ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കൗമാരമനസ്സില്‍ ആഴത്തില്‍ മുറിവേല്‍പിക്കുന്നു. ഇത് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ അവനെ പ്രേരിപ്പിക്കുന്നു. മനസ്സ് മരവിച്ച കൗമാരത്തിന്റെ നൊമ്പരമായി അത് മാറുന്നു. ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും കൃത്യമായി കൗമാരപ്രായക്കാരെ ബോധ്യപ്പെടുത്തേണ്ട ബാധ്യത രക്ഷിതാക്കള്‍ക്കും സമൂഹത്തിനുമുണ്ട്. 'കൗമാരം നന്നായാല്‍ ജീവിതം സാര്‍ത്ഥകമായി' എന്ന ഇംഗ്ലീഷ് ആപ്തവാക്യം നമ്മെ മുന്നോട്ടുനയിക്കട്ടെ...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter