മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
ഗാന്ധിയും നെഹ്‌റുവും തള്ളിക്കളഞ്ഞ സയണിസ്റ്റ് രാഷ്ട്രത്തെ മോദി വാരിപ്പുണരുമ്പോള്‍ തകര്‍ന്നുവീഴുന്നത് കാലങ്ങളായി കാത്തുപോരുന്ന ഇന്ത്യയുടെ മഹത്തായൊരു വിദേശ നയമാണ്. ഭീകരതയില്‍നിന്ന് മോചനം തേടി ലോകം കണ്ട ഏറ്റവും വലിയ രണ്ട് ഭീകരവാദികള്‍ കൈകോര്‍ക്കുന്നതിനെ ലോകം ആശങ്കകളോടെയാണ് നോക്കിക്കാണുന്നത്. ഫലസ്തീന്‍ അപ്പുറത്തുള്ളതുകൊണ്ടാവണം മോദിക്ക് ഈ സൗഹൃദത്തില്‍ വലിയ ആവേശം. ഗുജറാത്ത് പരീക്ഷിച്ച മോദിക്ക് ഗാസയില്‍ ആയിരങ്ങളെ കൊന്നൊടുക്കുന്ന നെതന്യാഹുവിനോട് ഇമ്പം തോന്നുക സ്വാഭാവികം. അധിനിവേശരാഷ്ട്രമായതുകൊണ്ടുതന്നെ ഇസ്രയേലുമായി ഊഷ്മളബന്ധം സ്ഥാപിക്കാന്‍ ജനാധിപത്യരാഷ്ട്രങ്ങള്‍ മടിച്ചുനില്‍ക്കുമ്പോഴാണ് മോദി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതെന്നത് ഏറെ സംശയങ്ങള്‍ക്ക് വഴി തുറക്കുന്നു.
ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ലോകനേതാക്കള്‍ നിഷ്പക്ഷത പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പലസ്തീനിലെ റാമല്ലയും സന്ദര്‍ശിക്കാറുണ്ട്. മോദി ആ പതിവും തെറ്റിച്ചിരിക്കയാണ്. തന്റെ മൂന്നു ദിവസത്തെ സന്ദര്‍ശന വേളയില്‍ ഫലസ്തീനിലെ ഏതെങ്കിലും ഒരു പ്രദേശം പോലും മോദി സന്ദര്‍ശിക്കുന്നില്ല. ഇസ്രയേലിനോടുള്ള തന്റെ അമിതമായ കൂറ് വ്യക്തമാക്കുകയാണ് ഇത്.
യുഎന്‍ പ്രമേയങ്ങളെയും അന്താരാഷ്ട്ര ധാരണകളെയും ലംഘിച്ച് പലസ്തീനെ ചോരയില്‍മുക്കുന്ന അധിനിവേശരാഷ്ട്രത്തെ അകറ്റിനിര്‍ത്തുന്നതിനാലാണ് 70 വര്‍ഷമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിപോലും ഇസ്രയേലിന്റെ ആതിഥ്യം സ്വീകരിക്കാതിരുന്നത്.
'പ്രത്യേക പലസ്തീന്‍രാഷ്ട്രം' എന്ന പലസ്തീന്‍കാരുടെ ആവശ്യത്തെ ഇന്ത്യ പിന്തുണച്ചിട്ടുമുണ്ട്. ഈ നിലപാടിനെ എതിര്‍ക്കുകയും സയണിസ്റ്റ് ഹിംസയില്‍ ആവേശംകൊള്ളുകയും ചെയ്യുന്ന ആര്‍എസ്എസിന്റെ വിദേശനയം നടപ്പാക്കുകയുമാണ് സത്യത്തില്‍ ഇന്ന് മോദി ചെയ്യുന്നത്. ഇന്ത്യ ഇന്ധനത്തിനായി ആശ്രയിക്കുന്ന അറബ് രാഷ്ട്രങ്ങളെ മോഡിയുടെ 'ഇസ്രയേലിപ്രേമം' പ്രകോപിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 25-ാം വാര്‍ഷികത്തിലാണ് മോദി തന്റെ ഇസ്രയേലീ സന്ദര്‍ശനം തെരഞ്ഞെടുത്തതെന്നത് മറ്റൊരു കാര്യം. ആയുധ കച്ചവടമാണ് മോദിയുടെ പ്രധാന സന്ദര്‍ശന ലക്ഷ്യം. ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍ ഇസ്രായേലില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്നത്.
ആയുധങ്ങളോടൊപ്പം സൈദ്ധാന്തികമായും മോദിയും നെതന്യാഹുവും പല നിലക്കും യോജിക്കുന്നുണ്ട്. ഇസ്രയേല്‍ ഫലസ്തീനീ നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍ മോദി ഇവിടെ ന്യൂനപക്ഷ സമുദായങ്ങളെയും ദലിതുകളെയും കശ്മീരികളെയും കൊന്നൊടുക്കുകയാണ്. ഇത്തരം നരമേധങ്ങള്‍ക്ക് മോദിസര്‍ക്കാര്‍ പല രീതികളും സ്വീകരിക്കുന്നത് ഇസ്രയേലില്‍ നിന്നാണ്.
ലോകത്ത് വെറുക്കപ്പെടുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണ് ഇസ്രയേലിന്റെ സ്ഥാനം. ഫലസ്തീനിലെ നിരപരാധികള്‍ക്കെതിരെ അവര്‍ അഴിച്ചുവിടുന്ന നരനായാട്ടാണ് ഇതിനു കാരണം. എന്നാല്‍, ഇതെല്ലാം മറന്ന് മോദി ഇസ്രയേലിനെ വാരിപ്പുണരുമ്പോള്‍ വരാനിരിക്കുന്ന വലിയൊരു അജണ്ടയുടെ തുട്ക്കമായി വേണം ഇതിനെ മനസ്സിലാക്കാന്‍.
Leave A Comment