നല്ല നേതൃത്വമാണ് നല്ല ജനതയുടെ ലക്ഷണം
leaderറസൂല്‍(സ) പറഞ്ഞു: ''എന്റെ സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ നന്നായാല്‍ ജനങ്ങള്‍ മുഴുവന്‍ നന്നായി. അവര്‍ ചീത്തയായാല്‍ ജനങ്ങള്‍ മുഴുവന്‍ ചീത്തയായി. പണ്ഡിതരും നേതാക്കളുമാണവര്‍.'' 'ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴക്കും ശിഷ്യന്' എന്നത് മലയാളികള്‍ കേട്ടു പരിചയിച്ച പതിരില്ലാത്തൊരു പഴമൊഴിയാണ്. ഒരു സമൂഹത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തില്‍ അവരെ ബൗദ്ധികമായും സാമൂഹികമായും നയിക്കുന്ന രണ്ടു കക്ഷികളുണ്ട്.  അറിവും അവബോധവും നല്‍കി സമൂഹത്തെ ധൈഷണികമായി മുമ്പോട്ടു നയിക്കുന്നവരാണ് പണ്ഡിത സമൂഹമെങ്കില്‍, സമൂഹത്തില്‍ സ്വാഭാവികതയെന്നോണം  ഉടലെടുക്കുന്ന  പൊട്ടലുകളും  ചീറ്റലുകളും  പിണക്ക-കലഹങ്ങളും  മറ്റും രമ്യമായി  പരിഹരിച്ച് ഒരൊറ്റ  ശ്രേണിയായി  സമൂഹത്തെ  വഴിനടത്തുന്നവരാണ് ജനനേതാക്കള്‍.  ഇസ്‌ലാമിക ഭരണകൂടങ്ങള്‍  നിലനിന്നിരുന്ന സാഹചര്യങ്ങളില്‍  ഭരണാധികാരികളും  പണ്ഡിതരുമായി  ഈ രണ്ടു നേതൃത്വങ്ങള്‍  അറിയപ്പെട്ടിരുന്നു. പുതിയ സാഹചര്യങ്ങളില്‍  അല്‍പം തിരുത്തലുകളോടെ  അവരെ പണ്ഡിതരും  പ്രാദേശിക-രാഷ്ട്രീയ നേതാക്കളുമെന്നു വിളിക്കാന്‍ സാധിക്കും. ഇസ്‌ലാമിക ചരിത്രത്തിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍  പ്രവാചകവചനം  എന്തുകൊണ്ടും അര്‍ത്ഥവത്താണെന്നു പറയാന്‍ സാധിക്കുന്നു. ഉത്തമ സമുദായത്തിന്റെ ആദ്യകാല വാക്താക്കളായിരുന്ന സ്വഹാബികളുടെ ആത്മീയവും ഭൗതികവുമായ നേതൃത്വം  സാക്ഷാല്‍ പ്രവാചകരില്‍തന്നെ നിക്ഷിപ്തമായിരുന്നതിനാല്‍  അവര്‍ ഉത്തമ നൂറ്റാണ്ടുകാരായി നിസ്തര്‍ക്കം  അറിയപ്പെട്ടു. ഇന്‍സാനുല്‍ കാമിലായ (പരിപൂര്‍ണ്ണനായ  മനുഷ്യന്‍) പ്രവാചകരില്‍  ആത്മീയ നേതൃത്വവും  ഭൗതിക നേതൃത്വവും  സമ്മേളിക്കണമെന്നത് അല്ലാഹുവിന്റെ സുന്നത്താണ്. അതുകൊണ്ടാണ് അവിടുന്ന് ഏറ്റവും വലിയ മതാചാര്യനും ഏറ്റവും വലിയ പരിഷ്‌കര്‍ത്താവും  ഏറ്റവും ഉന്നതനായ രാഷ്ട്ര-സമര തന്ത്രജ്ഞനും ഉത്തമനായ  ഭരണാധികാരിയുമെല്ലാമായത്. ഇത്തരമൊരു നേതൃത്വത്തിന്റെ തണലില്‍ മുന്നോട്ടു നീങ്ങിയ അവിടുത്തെ  അനുചരന്‍മാര്‍ അതുകൊണ്ടു തന്നെ  ലോകത്തെ എക്കാലത്തെയും  അത്യുത്തമരായ  സമൂഹമായി മാറിയെന്നത് നാമംഗീകരിക്കേണ്ടിയിരിക്കുന്നു. അനന്തരം ഖുലഫാഇന്റെ നേതൃത്വത്തിന്‍ കീഴിലേക്ക് ഇസ്‌ലാമും മുസ്‌ലിംകളും നീങ്ങിയപ്പോള്‍തന്നെ അവിടെ ചില്ലറ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത് നേതൃത്വപദവിയിലുണ്ടായ ചില ചലനങ്ങള്‍ നിമിത്തമായിരുന്നു. പ്രവാചകന്റെ ഉന്നതമായ നായകത്വം നഷ്ടപ്പെട്ടപ്പോള്‍ അവിടുത്തോടു കിടപിടിക്കുന്ന തത്തുല്യനായൊരു നേതാവില്ലാത്തതിനാലാണ് കള്ളപ്രവാചകരും സകാത്ത് നിഷേധികളും ആ വിടവ് മുതലെടുക്കാന്‍ വിഫല ശ്രമം നടത്തിയത്. ഖുലഫാഇന്റെ ശേഷം അമവികളുടെ കയ്യിലെത്തുമ്പോഴേക്ക് അവിടെ കിടമല്‍സരങ്ങളും അധികാരത്തിനു വേണ്ടിയുള്ള സംഘട്ടനങ്ങളും ഉടലെടുത്തു തുടങ്ങിയിരുന്നു. ജ്ഞാനത്തിന്റെയും ആത്മീയതയുടെയും ധൈഷണികതയുടെയും ഭാഗത്തും ഇത്തരം പ്രശ്‌നങ്ങള്‍ അന്നുതന്നെ ഉണ്ടായതിന്റെ നിദര്‍ശനങ്ങളാണ് ഖവാരിജുകളും ശിയാക്കളുമെല്ലാം. അമവികള്‍ക്കു ശേഷം അബ്ബാസികളാകുമ്പോഴേക്ക് നേതൃത്വം കൃത്യമായും രണ്ടു വഴികളിലേക്ക് മാറിയെന്നത്  സുവ്യക്തമാണ്. ഭരണാധികാരം കയ്യാളുന്ന രാജാക്കന്‍മാര്‍ മതകാര്യ ഉപദേശങ്ങള്‍ക്കുവേണ്ടി  പ്രത്യേകം കൊട്ടാര പണ്ഡിതന്‍മാരെ നിയമിച്ചു തുടങ്ങിയത് ഇത്തരമൊരു സാഹചര്യത്തിന്റെ ആവിര്‍ഭാവത്തെയാണ് സൂചിപ്പിക്കുന്നത്. തുടര്‍ന്നങ്ങോട്ട് പുതുയുഗം വരേക്കും ഈ വസ്തുത മാറ്റമില്ലാതെ തുടരുന്നു. അധികം ചിന്തിക്കാതെ തന്നെ ഈയവസ്ഥയെ പുതുയുഗത്തിലും നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും. ഇക്കാലത്തും ഒരു രാഷ്ട്രത്തിന്റെ നന്‍മയും തിന്‍മയും പൊതുജനങ്ങള്‍ ഗ്രഹിക്കുന്നത് അവിടുത്തെ മതനേതൃത്വങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും  വെച്ചുനോക്കിക്കൊണ്ടു തന്നെയാണ്. ലളിതമായൊന്നുദാഹരിച്ചാല്‍, അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പത്തെ, നെഹ്‌റുവിന്റെ ഇന്ത്യയും ഇന്നത്തെ സാഹചര്യത്തിലെ ഇന്ത്യയെയും രാഷ്ട്രീയമായും, മുസ്‌ലിം കൈരളിയെയും ഇതര ഇന്ത്യന്‍ മുസ്‌ലിംകളെയും മതകീയമായും  നമുക്ക് മുന്നോട്ടു വെക്കാന്‍ സാധിക്കുന്നു. കേരളീയ മുസ്‌ലിം സമൂഹത്തിനുണ്ടായ സാംസ്‌കാരിക-മത- രാഷ്ട്രീയ ഉന്നമനം ഇതര ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നഷ്ടമായതിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ തന്നെ  ഈ വസ്തുത പ്രകടമാകുന്നു.  നാം മലയാളികളുടെ മത-രാഷ്ട്രീയ നയരേഖകള്‍ നടന്നുപോകുന്നത്  കിടയറ്റ നേതൃത്വത്തിന്റെ കൈകളിലൂടെയാണെങ്കില്‍  അത് ഇതരര്‍ക്ക് ഇല്ലാതെ പോയിടത്താണ് അവരുടെ അധോഗതി തുടങ്ങുന്നത്. അതിനാല്‍ നേതൃത്വമെന്നത് സമൂഹത്തിന്റെ ജയാപചയങ്ങള്‍ നിര്‍ണയിക്കുന്ന ഒരളവുകോല്‍ തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter