അടിമയുടെ പെരുമാറ്റം ശഖീഖുൽ ബലഖിയിൽ വരുത്തിയ മാറ്റം
(സൂഫീ കഥ – 44)
ഒരു വർഷം ബലഖിൽ ക്ഷാമമുണ്ടായി. ജനങ്ങൾ പട്ടിണി കാരണത്താൽ പരസ്പരം ഭക്ഷിക്കുന്ന അവസ്ഥവരെ എത്തി. മുസ്‍ലിംകൾ വലിയ പ്രയാസത്തിലും കഷ്ടപ്പാടിലുമായിരുന്നു.
ഇതിനിടയിലായിരുന്നു ഒരു വേലക്കാരനായ അടിമ അങ്ങാടിയിൽ ചിരിച്ചുല്ലസിക്കുകയും തിമിർത്താടുകയും ചെയ്തു കൊണ്ടിരുന്നത്. ഇതു കണ്ട ജനങ്ങൾ അവനോടു ചോദിച്ചു: “നീയെന്താണിങ്ങനെ ചിരിക്കുന്നത്? ജനങ്ങളെല്ലാം ഇത്രയധികം പ്രയാസപ്പെടുമ്പോൾ നിനക്കിങ്ങനെ സന്തോഷത്തോടെ തിമിർക്കാൻ നാണമല്ലേ?”
അദ്ദേഹം മറുപടി പറഞ്ഞു: “എനിക്കൊരു ആധിയുമില്ല. ഒരു നാടു മുഴുവനും സ്വന്തമായുള്ള ഒരു യജമാനന്‍റെ അടിമയാണ് ഞാൻ. അതു കൊണ്ട് ഒന്നിനെ കുറിച്ചും ചിന്തിച്ച് മനസ്സ് ബുദ്ധിമുട്ടേണ്ട അവസ്ഥ എനിക്കില്ല.”
ഇതു കേട്ട ശഖീഖുൽ ബലഖി പറഞ്ഞു: “പടച്ചവനേ, നീ എത്ര ഉന്നതൻ. ഒരു നാട് സ്വന്തമായുള്ള യജമാനനുണ്ടെന്ന ധൈര്യത്തിൽ ഈ അടിമച്ചെറുക്കൻ ഇതു പോലെ സന്തോഷിക്കുകയും മനസ്സമാധാനത്തോടെയിരിക്കുകയും ചെയ്യുന്നു. നീയാണെങ്കിലോ, സകല രാജാധിപത്യത്തിന്‍റെയും ഉടമസ്ഥാനാണല്ലോ. നീ ഞങ്ങളുടെ ജീവിതത്തിനാവശ്യമായതെല്ലാം ഏറ്റെടുത്തിട്ടുമുണ്ട്. എന്നിട്ടും ഞങ്ങൾ മനസ്സിൽ ഇത്രയേറെ പ്രയാസങ്ങൾ പേറി നടക്കുന്നു."
അങ്ങനെ ശഖീഖ് ഭൌതികത പാടേ ഉപേക്ഷിച്ചു. തസ്വവ്വുഫിന്‍റെ വഴി സ്വീകരിച്ചു. അദ്ദേഹം ചിലപ്പോഴൊക്കെ പറയാറുണ്ട്: “ഞാനൊരു അടിമച്ചെറുക്കന്‍റെ ശിഷ്യനാണ്. അദ്ദേഹം മനസ്സിലാക്കിയത്രയൊന്നും എനിക്ക് മനസ്സിലായിട്ടില്ല.”
Kashf – 323