മുർതഇശും യുവതിയും
(സൂഫീ കഥ - 14)
മുർതഇശ് (റ) ബഗ്ദാദിലെ ഒരു പ്രദേശത്തുകൂടി സഞ്ചരിക്കുകയായിരുന്നു. ആയിടക്ക് അദ്ദേഹത്തിനു കലശലായ ദാഹമുണ്ടായി. ഒരു വീട്ടു വാതിൽക്കൽ ചെന്ന് വെള്ളം ചോദിച്ചു. ഒരു യുവതി ഒരു കൂജയിൽ വെള്ളവുമായി പുറത്തു വന്നു. വെള്ളം കുടിച്ചു. ദാഹം ശമിച്ചു. പക്ഷേ, ഹൃദയത്തെ ജലദാതാവ് വേട്ടയാടിയിട്ടുണ്ടായിരുന്നു. യുവതിയോടു കമ്പം തോന്നിയ അദ്ദേഹം അവിടെ തന്നെ നിന്നു. അൽപം കഴിഞ്ഞ് വീട്ടുടമസ്ഥൻ വന്നു.
വീട്ടുടമയോട് അദ്ദേഹം പറഞ്ഞു: “എനിക്ക് കലശലായ ദാഹമുണ്ടായി. വെള്ളം കുടിക്കണമെന്ന് മനസ്സ് പറഞ്ഞു. നിങ്ങളുടെ വീട്ടിൽ നിന്നുമവർ എനിക്ക് ദാഹ ജലം നൽകി. പക്ഷേ, കൂടെ അവരെന്‍റെ ഹൃദയം കവർന്നു കളഞ്ഞു.”
വീട്ടുടമ: “ഓഹ്. അതെന്‍റെ മകളായിരുന്നു. അവരെ ഞാൻ നിങ്ങൾക്ക് വിവാഹം ചെയ്തു തന്നേക്കാം.”
ഇതു കേട്ട മുർതഇശ് വീട്ടിലേക്ക് കയറി. വിവാഹ ചടങ്ങുകൾ നടന്നു. ഈ വീട്ടുകാരൻ, സ്ഥലത്തെ പ്രധാന മുതലാളിയായിരുന്നു. അദ്ദേഹം മുർതഇശിനെ കുളിമുറിയിലേക്കയച്ചു. തുന്നിക്കൂട്ടിയ കരിമ്പുടം അഴിച്ചു മാറ്റി, നല്ല മുന്തിയ വസ്ത്രങ്ങൾ ധരിപ്പിച്ചു.
രാത്രിയായി. കുറച്ചു കഴിഞ്ഞപ്പോൾ, മുർതഇശ് നിസ്കരിക്കാനെഴുന്നേറ്റു. നിസ്കാരത്തിനു ശേഷം, പതിവു മന്ത്രങ്ങൾ ഉരുവിട്ടു. പിന്നെ ഏകാന്ത ചിന്തയിലേക്ക് നീങ്ങി. അങ്ങനെയിരിക്കെ മുർതഇശ് അട്ടഹസിച്ചു പറഞ്ഞു: “എന്‍റെ തുന്നിക്കൂട്ടിയ കരിമ്പുടം കൊണ്ടു വരൂ” വീട്ടുകാർ ഓടി വന്നു. അവർ ചോദിച്ചു: “എന്തു പറ്റി നിങ്ങൾക്ക്”
മുർതഇശ് വിശദീകരിച്ചു: “എന്‍റെ ഉള്ളിന്‍റെ ഉള്ളിൽ നിന്നൊരു വിളിയാളമുണ്ടായി. അതിപ്രകാരമായിരുന്നു:
“നമ്മുടെ കൽപന ധിക്കരിച്ച് നീ ഒരു നോട്ടം നോക്കിയപ്പോൾ സാത്വികതയുടെ വസ്ത്രമായ കരിമ്പുടം നിന്‍റെ പുറമേ നിന്ന് നാം ഊരിയെടുത്തു. ഇനിയും മറ്റൊരു നോട്ടം കൂടിയുണ്ടായാൽ, നിന്‍റെ ഹൃദയാന്തരാളങ്ങളിലെ ദിവ്യജ്ഞാനത്തിന്‍റെ വസ്ത്രങ്ങൾ നാം നീക്കിക്കളയുന്നതായിരിക്കും.”
(കശ്ഫ് - 251)