റമദാന് 5 – എല്ലാം മുമ്പിലുണ്ടായിട്ടും ഭക്ഷണം പലര്‍ക്കും ഒരു ദൌര്‍ബല്യമാണ്.

റമദാന് 5 – എല്ലാം മുമ്പിലുണ്ടായിട്ടും
ഭക്ഷണം പലര്‍ക്കും ഒരു ദൌര്‍ബല്യമാണ്. നിയന്ത്രിക്കണമെന്നും തടി കുറക്കണമെന്നും പറയുമ്പോഴും, കാണുന്നതൊക്കെ വാരി വലിച്ച് തിന്നുന്നതാണ് അധികപേരുടെയും ശീലം. കാര്യമുണര്‍ത്തിയാല്‍ മറുപടി ഇങ്ങനെയായിരിക്കും, എന്താ ചെയ്യാ. ഭക്ഷണം കണ്ടാല്‍ പിന്നെ നിയന്ത്രണങ്ങളെല്ലാം വിടുന്നു. എത്ര തന്നെ കരുതിയാലും സ്വയം ആഗ്രഹത്തെ നിയന്ത്രിക്കാനാവുന്നില്ല.
എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മുടെ ഭക്ഷണ ക്രമത്തില്‍ വന്ന മാറ്റങ്ങള്‍ നാം ശ്രദ്ധിച്ചിട്ടുണ്ടോ. ദിവസം 5 നേരം കഴിച്ചിരുന്നതിന് പകരം, മൂന്നോ രണ്ടോ തവണയാക്കി ഭക്ഷണം ചുരുക്കിയത് നാം തന്നെയല്ലേ. നീണ്ട പതിനഞ്ചും പതിനാറും മണിക്കൂര്‍ ഒന്നും കഴിക്കാതെ സ്വയം നിയന്ത്രിച്ചതും നാം തന്നെ. 
കഴിക്കാനില്ലാത്തത് കൊണ്ടോ സാധിക്കാത്തത് കൊണ്ടോ അല്ലല്ലോ ഇത്. എല്ലാം നമ്മുടെ മുമ്പിലുണ്ട്. ആരും അറിയാതെ കഴിക്കാനുള്ള എത്രയോ സാഹചര്യങ്ങള്‍ ലഭ്യമാണ് താനും. വിശിഷ്യാ, നോമ്പിന്റെ അവസാനനിമിഷങ്ങളൊന്ന് നോക്കൂ. എല്ലാം മേശപ്പുറത്ത് തയ്യാറാക്കിവെച്ചിട്ടും കഴിക്കാതെ നാം കാത്തിരിക്കുകയാണ്, ബാങ്ക് വിളിക്കുന്നതും കാതോര്‍ത്ത്. 
ഇതുവരെ സാധിക്കാതെ പോയ ഈ നിയന്ത്രണം നമുക്ക് എങ്ങനെ സാധിച്ചു. റമദാന്‍ ആണെന്നും ഞാന്‍ നോമ്പുകാരനാണെന്നുമുള്ള ബോധം നമുക്ക് സ്വയം ഉണ്ടായി, ആ ബോധം നമ്മുടെ അബോധമനസ്സിലെ പോലും സ്വാധീനിച്ചു. അത് കൊണ്ട് തന്നെ, അറിയാതെ പോലും നമ്മുടെ കൈകള്‍ ഭക്ഷണപദാര്‍ത്ഥങ്ങളിലേക്കോ കുടിവെള്ളത്തിലേക്ക് പോകുമോ നീളുന്നില്ല, മനസ്സില്‍ ഒട്ടുമേ ആഗ്രഹം പോലും വരുന്നുമില്ല.
അതാണ് റമദാന്‍.. നമുക്ക് ഇവിടെയും അത് കാണിച്ചുതരികയാണ്, വേണമെന്ന് വെച്ചാല്‍ സാധിക്കുമെന്ന്, മനുഷ്യമനസ്സ് ഏറെ ശക്തമാണെന്ന്. ഈ ബോധം നമുക്ക് തുടരാനാവട്ടെ. ജീവിതത്തില്‍ ആവശ്യമുള്ളത് മാത്രം എടുത്ത് അനാവശ്യമായതെല്ലാം വേണ്ടെന്ന് വെക്കാന്‍ ഈ മാസം നമുക്ക് ശക്തി പകരട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter