ഇസ്രയേലിനോടടുക്കാന്‍ ഫലസ്തീനിനെ പിണക്കണോ?

അടിച്ചമര്‍ത്തപ്പെടുന്ന ലോക ജനതക്ക് ഇന്ത്യയിലുള്ള വിശ്വാസം കെടുത്തിയിരിക്കയാണ് നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം. എഴുപത് വര്‍ഷമായി  വിദേശനയത്തില്‍ രാജ്യം കാത്തുപോരുന്ന മഹിതമായ പാരമ്പര്യം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന പട്ടം എടുത്തണിയുക എന്ന അമിതാവേശം കാട്ടി ഇറങ്ങിത്തിരിച്ച മോദി ഫലസ്തീനില്‍ പതിനായിരങ്ങളെ കൊന്നൊടുക്കുന്ന സയണിസ്റ്റ് നിലപാടിനെയാണ് പരോക്ഷമായി പിന്തുണച്ചിരിക്കുന്നത്. ഫലസ്തീന്‍ ജനതക്കെതിരെ തങ്ങള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളോട് കണ്ണടക്കുന്ന ഒരു ഏഷ്യന്‍ രാഷ്ടനേതാവെന്ന നിലയില്‍ മോദിയുടെ സന്ദര്‍ശനം ഇസ്രയേല്‍ എടുത്താഘോഷിക്കുകയുമാണ്. അതുകൊണ്ടാണ് പ്രൊട്ടോകോളുകള്‍ പോലും മാറ്റിവെച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ബെന്‍ ഗുറിയോന്‍ വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിച്ചതും ട്രംപിനെ വരവേല്‍ക്കാനൊരുക്കിയ അതേ സൗകര്യങ്ങള്‍ മോദിക്കായി ഒരുക്കിവെച്ചതും. 

മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരെ നിഗൂഢ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ഫലസ്ഥീനില്‍ അധിനിവേശം നടത്തുകയും ചെയ്യുന്ന ഒരു രാഷ്ട്രമെന്ന നിലക്ക് ഇസ്രയേലുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ജനാധിപത്യ രാജ്യങ്ങള്‍ അറച്ചുനില്‍ക്കുമ്പോള്‍ സൗഹൃദത്തിന്റെ വാതിലുകള്‍ തുറന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി അങ്ങോട്ട് കടന്നുചെല്ലുന്നത് ഏറെ ആശങ്കകളോടെയാണ് ലോകം വീക്ഷിക്കുന്നത്. കഴിഞ്ഞ മെയ് മാസം ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ പിന്തുണക്കുന്നുവെന്ന് അദ്ദേഹത്തെ അറിയിച്ചതിനു പിന്നാലെയാണ് ഇങ്ങനെയൊരു സന്ദര്‍ശനം. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ലോകനേതാക്കള്‍ ഫലസ്തീനെ അസ്വസ്ഥപ്പെടുത്താതിരിക്കാന്‍ അതോടൊപ്പം അവരുടെ ആസ്ഥാനമായ റാമല്ലയും സന്ദര്‍ശിക്കുക പതിവാണ്. എന്നാല്‍, ഈയൊരു പതിവ് തെറ്റിച്ച്, തന്റെ മൂന്നു ദിവസ യാത്രയില്‍ ഒരിക്കല്‍ പോലും ഫലസ്തീന്റെ അതിര്‍ത്ഥി ഭാഗം പോലും സന്ദര്‍ശിക്കാതെയാണ് മോദി മടങ്ങുന്നതെന്നത് അദ്ദേഹം ആരെ പിന്തുണക്കുന്നുവെന്നത് വ്യക്തമാക്കുന്നു. 2015 ല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും അതോടൊപ്പം തന്നെ ഫലസ്തീനും സന്ദര്‍ശിച്ചിരുന്നു.

രാജ്യം നാളിതുവരെ ഫലസ്തീന്‍ ജനതയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കിയാണ് കടന്നുവന്നിട്ടുള്ളത്. കാലങ്ങളായി ഫലസ്തീനുമായി കാത്തുസൂക്ഷിക്കുന്ന സൗഹൃദത്തിന്റെ ഭാഗമായിട്ടാണിത്. ഇന്ദിര ഗാന്ധി മുതല്‍ മുന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് വരെയുള്ളവരെല്ലാം യാസര്‍ അറഫാത്തുമായി മികച്ച സൗഹൃദത്തിലായിരുന്നു. ആരോഗ്യം, ഗതാഗതം തുടങ്ങി പല മേഖലകളിലും രാജ്യം അവരുമായി സഹകരിക്കുകയും ചെയ്തിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ മോദിയുടെ നിലപാട് അറബ് രാഷ്ട്രങ്ങളെ പോലും പ്രകോപിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ഗള്‍ഫ് മേഖലയുമായി പതിറ്റാണ്ടുകളായി ഇന്ത്യ തുടരുന്ന നല്ല ബന്ധത്തെപ്പോലും ഇത് പ്രതികൂലമായി ബാധിച്ചേക്കാവുന്നതാണ്.

യു.എന്‍ പ്രമേയങ്ങളെയും അന്താരാഷ്ട്ര ധാരണകളെയും ലംഘിച്ചുകൊണ്ടാണ് ഇസ്രയേല്‍ ഫലസ്തീനില്‍ രക്തപ്പുഴകള്‍ ഒഴുക്കുന്നത് എന്നതിനാലാണ് എഴുപത് വര്‍ഷമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോലും ഇസ്രയേലിന്റെ മണ്ണില്‍ കാലു കുത്താതിരുന്നത്. ഈയൊരു ധീരമായ നിലപാടാണ് മോദിയുടെ സന്ദര്‍ശനത്തോടെ തകിടംമറിഞ്ഞത്. പ്രത്യേക ഫലസ്തീന്‍ രാഷ്ട്രമെന്ന ഫലസ്തീന്‍ ജനതയുടെ ആവശ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെയുള്ള ഈ നയം മാറ്റം മോദിയുടെ കപട രാഷ്ട്രീയത്തെ പുറത്തുകൊണ്ടുവരുന്നു.

അവസാനിക്കാത്ത നരനായാട്ടുകള്‍ കാരണം ലോകത്ത് വെറുക്കപ്പെടുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണ് എന്നും ഇസ്രയേല്‍. വര്‍ഷംതോറും അസംഖ്യം ഫലസ്തീനികളെയാണ് അത് കൊന്നൊടുക്കുന്നത്. അത്രതന്നെ ആളുകളെ പരിക്കേല്‍പിക്കുകയും അനവധി വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. ഇതെല്ലാം നല്ല പോലെ ബോധമുണ്ടായിട്ടും, ഇസ്രയേലുമായുള്ള മുന്‍കാല നേതാക്കളുടെ നിലപാടുകള്‍ അറിഞ്ഞിട്ടും മോദി സ്വന്തം വഴി സ്വീകരിച്ചത് കേവലം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് മാത്രമല്ല. മറിച്ച്, സയണിസ്റ്റ് ഭീകരതയോട് താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വ ഭീകരതക്കുള്ള സാധര്‍മ്യം തിരിച്ചറിഞ്ഞതുകൊണ്ടുകൂടിയാണ്. 

തീവ്രഹിന്ദുത്വ രാഷ്ട്രീയത്തില്‍ ഊന്നിനിന്ന് മാത്രം രാജ്യത്തിന്റെ വിദേശ നയം പോലും കൈകാര്യം ചെയ്യപ്പെടുന്നിടത്തെത്തിയിരിക്കുന്നു ഇന്ന് കാര്യം. മോദിയുടെ ഇസ്രയേല്‍ ഭ്രമം വ്യക്തമാക്കുന്നത് ഇതാണ്. തീവ്രഹിന്ദുത്വ നയത്തില്‍ അധിഷ്0ിതമായ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സംഘ്പരിവാറും ഇസ്രയേലിലെ ജൂത തീവ്രവാദ ഭരണകൂടവും തമ്മിലുള്ള സഹകരണമാണ് ഇതിലൂടെ പുറത്തു വരുന്നത്. ഇത് രാജ്യത്തിനും പൗരന്മാര്‍ക്കും അപകടകരമാണ്. രാജ്യത്തിന്റെ അന്തര്‍ദേശീയ നിലപാടുകളില്‍ പോലും ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്നത് പൊറുക്കപ്പെടുന്നതല്ല. തികഞ്ഞ രാജ്യദ്രോഹവും രാഷ്ട്ര വഞ്ചനയുമാണത്. മോദി ഇപ്പോള്‍ ചെയ്തിരിക്കുന്നത് അതാണ്. സ്വാതന്ത്ര്യ സമര കാലം മുതല്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം പുലര്‍ത്തി വന്ന നിലപാടുകളില്‍നിന്നുള്ള പൂര്‍ണ വ്യതിചലനമാണ് അത് നടത്തിയിരിക്കുന്നത്. 

തീര്‍ത്തും വിധ്വംസകമായ നയതന്ത്ര സഖ്യത്തിന്റെ പൂര്‍ത്തീകരണമാണ് നെതന്യാഹു-മോദി സന്ദര്‍ശനത്തിലൂടെ ഉണ്ടായിരിക്കുന്നത് എന്നാണ് പല രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍. ഫലസ്തീന്‍ ജനതയുടെ ദേശീയ സത്വത്തെ അംഗീകരിക്കാതെയാണ് സാമ്രാജ്യത്വ ശക്തികള്‍ ജൂത രാഷ്ട്രത്തിന് ജന്മം നല്‍കിയത്. പിറന്ന മണ്ണില്‍നിന്നും ഫലസ്തീനികളെ അടിച്ചിറക്കുന്നതിലായിരുന്നു അതിന്റെ നിലനില്‍പ്പ്. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ അജണ്ട നടപ്പാക്കാനുള്ള ഇടത്താവളമായി ഇസ്രയേല്‍ ഉപയോഗിക്കപ്പെടുകയായിരുന്നു. എന്നാല്‍, ഗാന്ധിയും നെഹ്‌റുവും ഈ സയണിസ്റ്റ് അജണ്ടയെ അംഗീകരിക്കാതെ തള്ളിക്കളയുകയായിരുന്നു. 1936 ല്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി ഇന്ത്യയിലെത്തിയ സയണിസ്റ്റ് ദൂതനോട് നെഹ്‌റു പറഞ്ഞ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്. ഇന്ത്യയിലായാലും ഫലസ്തീനിലായാലും സാമ്രാജ്യത്വത്തെ ഓരിക്കലും അംഗീകരിക്കാനാകില്ല എന്നായിരുന്നു മുഖത്തുനോക്കിയുള്ള അദ്ദേഹത്തിന്റെ മൊഴി. ഇതില്‍നിന്നെല്ലാം ആവേശം കൊണ്ടാണ് ഇസ്രയേലിനോടുള്ള നിലപാട് ഇത്രയും കാലം രാജ്യം നിലനിറുത്തിപ്പോന്നത്.

1992 ല്‍ റാവുവിന്റെ കാലത്താണ് ഇന്ത്യ-ഇസ്രയേല്‍ നയതന്ത്രബന്ധം ആരംഭിക്കുന്നത്. ഒന്നാം എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്ത് ഈ ബന്ധം ശക്തി പ്രാപിച്ചിരുന്നുവെങ്കിലും അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ അത് എത്തിയിരുന്നില്ല. എന്നാല്‍, വി.ഡി. സവര്‍ക്കറില്‍ തുടങ്ങി കാലങ്ങളായി ഹിന്ദുത്വ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുന്ന നരു തലത്തിലേക്കാണ് മോദി ഇന്ന് കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്നത്. ഇസ്രയേലുമായി അടുക്കുന്നതിലൂടെ ഫലസ്തീനുമായി അകലുകയെന്ന സംഘ്പരിവാര്‍ നയം ഇതിനു പിന്നിലുണ്ട്. എല്ലാറ്റിനുമപ്പുറം രണ്ടിന്റെയും തീവ്രവാദ സൈദ്ധാന്തികതക്കിടയിലെ യോജിപ്പും മോദിയെ ഇസ്രയേലിനോടടുപ്പിക്കുന്നു. ഈ വഴിയില്‍ അവിടെ നിരപരാധികളായ ഫലസ്തീനികളാണ് ഇരവല്‍കരിക്കപ്പെടുന്നതെങ്കില്‍ ഇവിടെ ന്യൂനപക്ഷങ്ങളും ദലിതുകളും വിശിഷ്യാ, കശ്മീരികളുമാണ്. ന്യൂനപക്ഷങ്ങളെ തുടച്ചുമാറ്റുന്ന സയണിസ്റ്റ് രീതികളാണ് ഇവിടെ മോദിയും കൂട്ടരും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വവും സയണിസവും പങ്കിടുന്ന മുസ്‌ലിം വിരുദ്ധത ഇവര്‍ക്കിടയിലെ ഒരു കോമണ്‍ ഫാക്ടറായി വര്‍ത്തിക്കുകയും ചെയ്യുന്നു. 

പാകിസ്താനോടൊപ്പമല്ല, ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയോടൊപ്പമാണെന്ന് വ്യക്തമാക്കലിലൂടെ ഇസ്രയേല്‍ തങ്ങളുടെ അജണ്ട തന്നെ മോദിക്കുമുമ്പില്‍ തുറന്ന് വെച്ചിരിക്കുന്നു. ഭീകരവിരുദ്ധത ഉയര്‍ത്തിപ്പിടിച്ചാണ് ഇരു രാജ്യ നേതാക്കളും കൈകോര്‍ത്തത് എന്നതാണ് ഏറെ അല്‍ഭുതകരം. ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ മുസ്‌ലിം ജീവിതം അസ്ഥിരത നേരിട്ടുകൊണ്ടിരിക്കുന്ന രണ്ടു രാജ്യങ്ങളാണ് ഇസ്രയേലും ഇന്ത്യയും എന്നത് സുവിദിതമാണ്. വലതു പക്ഷ ഭീകരതയാണ് ഈ രണ്ടു രാജ്യങ്ങളിലും മുസ്‌ലിംകള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും. ഈയൊരവസ്ഥയില്‍, ലോകത്ത് സമാധാനം പുലരാന്‍ തീവ്രതയെ പ്രതിനിധീകരിക്കുന്ന ഇരു നേതാക്കാളും കൈകോര്‍ത്തത് ഏറെ വിരോധാഭാസം തന്നെ!
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter